This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നസ്രെത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നസ്രെത്ത്
Nazareth
ഇസ്രയേലിലെ ഒരു പുരാതന പട്ടണവും ചരിത്രപ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രവും. മെഡിറ്ററേനിയന്‍ കടലിനും ഗലീലിയാകടലിനും ഏതാണ്ട് മധ്യേ ഹൈഫയ്ക്ക് 32 കി.മീ. തെ.കി. സമുദ്രനിരപ്പില്‍ നിന്ന് സു. 340 മീ. ഉയരത്തില്‍ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
യേശുക്രിസ്തു ബാല്യം മുതല്‍ യൌവനകാലം വരെ നസ്രെത്തിലാണ് കഴിച്ചുകൂട്ടിയിരുന്നത് എന്നാണ് ക്രിസ്തുമതാനുയായികളുടെ വിശ്വാസം. മുപ്പതാംവയസ്സില്‍ നസ്രെത്തിനോട് വിടപറഞ്ഞ യേശുക്രിസ്തു അദ്ദേഹത്തിന്റെ പ്രബോധനകാലത്ത് നസ്രെത്തില്‍ തിരിച്ചെത്തി, ഇവിടത്തെ ജൂതദേവാലയത്തില്‍ വച്ച് പഴയനിയമം വ്യാഖ്യാനിച്ചു പ്രസംഗിക്കവെ "ശതാബ്ദങ്ങള്‍ക്കു മുമ്പ് പ്രവാചകന്മാര്‍ ദീര്‍ഘദൃഷ്ട്യാ ദര്‍ശിച്ച മിശിഹ ഞാന്‍ തന്നെ എന്നു വെളിപ്പെടുത്തിയതായി ലൂക്കായുടെ (St.Luke) സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (4:14-18). അക്കാലത്ത് നസ്രെത്ത് നഗരം ഇവിടത്തെ കുന്നുകളുടെ നെറുക വരെ വ്യാപിച്ചിരുന്നതായി സുവിശേഷത്തില്‍ നിന്നു മനസ്സിലാക്കാം. പുതിയ നിയമത്തില്‍ നസ്രെത്ത് പട്ടണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടെങ്കിലും പഴയ നിയമത്തില്‍ ഇതില്ല. ബൈബിള്‍ കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന അനേകം ദേവാലയങ്ങള്‍ നസ്രെത്തിലുണ്ട്. മധ്യകാലഘട്ടത്തിലെ മുസ്ലിം ആക്രമണങ്ങളില്‍ ഇവയില്‍ ചിലത് നശിപ്പിക്കപ്പെട്ടെങ്കിലും മിക്കവയും പുതുക്കി പണിതിട്ടുണ്ട്. ബൈബിള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ജൂതദേവാലയം, വിശുദ്ധ മേരിയുടെ നീരുറവ (St.Mary's Well) സ്ഥലത്തുള്ള യേശുക്രിസ്തുവിന്റെ തിരുവത്താഴ മേശ (Mews a Christi) എന്നറിയപ്പെടുന്ന പാറ, ജോസഫിന്റെ ദേവാലയം, (Church of Joseph), അരുളപ്പാടിന്റെ ദേവാലയം (Church of Annunciation) എന്നിവ നസ്രേത്തിലെ മുഖ്യആകര്‍ഷണങ്ങളാണ്.
എ.ഡി. 600-ഓടെയാണ് ഒരു തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ നസ്രെത്ത് ശ്രദ്ധനേടിയത്. 1251-ല്‍ ഫ്രഞ്ചു രാജാവായിരുന്ന സെന്റ് ലൂയിയും പത്നിയും, 1219-ല്‍ അസീസ്സിയിലെ ഫ്രാന്‍സിസ്സും സന്ദര്‍ശിച്ചിട്ടുള്ളതായി ചരിത്രരേഖകളുണ്ട്. ഇസ്രയേലിന്റെ ഉത്തരജില്ലയുടെ തലസ്ഥാനനഗരമാണ് നസ്രെത്ത് ഇപ്പോള്‍. 11-ാം ശ.-ത്തില്‍ നസ്രെത്തിലെത്തിയ കുരിശുയുദ്ധക്കാര്‍ ഇവിടെ അനേകം ക്രിസ്തീയ ദേവാലയങ്ങള്‍ സ്ഥാപിച്ചെങ്കിലും പിന്നീടു നടന്ന മുസ്ലിം ആക്രമണങ്ങളില്‍ ഈ പട്ടണം നാശോന്മുഖമായി. 1948-ലാണ് നസ്രെത്ത് ഇസ്രയേലിന്റെ ഭാഗമായത്. ഇവിടത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്. മുസ്ലീങ്ങള്‍ക്കാണ് രണ്ടാംസ്ഥാനം. ജനങ്ങളില്‍ മൂന്നിലൊന്ന് ഭാഗം യഹൂദരാണ്.