This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നസ്രാണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നസ്രാണി

ക്രിസ്ത്യാനി എന്ന അര്‍ഥത്തില്‍ കേരളത്തിലെ പൂര്‍വിക ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന നാമം. യേശുക്രിസ്തു തന്റെ ചെറുപ്പകാലത്ത് നസ്റെത്തില്‍ താമസിച്ചിരുന്നു എന്നതിനാല്‍ യഹൂദരുടെ ഇടയില്‍ നസറായനായ യേശു എന്നറിയപ്പെട്ടിരുന്നു. യേശുക്രിസ്തുവിനെ തൂക്കിയ കുരിശിന്റെ മുകളില്‍ റോമാ ഗവര്‍ണറായ പൊന്തിയോസ് പീലാത്തോസ് തറച്ച മേലെഴുത്തില്‍ 'നസറായനായ യേശു' എന്നാണ് രേഖപ്പെടുത്തിയിരുന്നത് (യോഹന്നാന്‍ 19:19). യഹൂദന്മാര്‍ യേശുവിനെ ക്രിസ്തു എന്ന് അംഗീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ അനുഗാമികളെ നസറായ മതക്കാര്‍ എന്നു സംബോധന ചെയ്തു (അപ്പോസ്തല പ്രവൃത്തികള്‍ 24:5). തുടര്‍ന്ന് നസറായന്റെ അനുയായികള്‍ എന്ന നിലയില്‍ നസ്രാ എന്ന പദം സെമറ്റിക് ഭാഷകളില്‍ രൂപമെടുത്തു.

അറബിഭാഷകളില്‍ നസ്രാ എന്ന പദത്തിന് ക്രിസ്ത്യാനി എന്നാണര്‍ഥം. വിശുദ്ധ ഖുറാനില്‍ ക്രിസ്ത്യാനി എന്ന അര്‍ഥത്തില്‍ നസ്രാ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കല്‍ ക്രിസ്ത്യന്‍ ആവാസഭൂമിയായിരുന്ന സൗദി അറേബ്യയിലെ നജ്റാന്‍ (നസ്റാന്‍) എന്ന നഗരനാമത്തിന്റെ അര്‍ഥംതന്നെ നസ്രാണികളുടെ നാട് എന്നാണ്.

പൂര്‍വിക കേരള ക്രൈസ്തവരുടെ പേര്‍ഷ്യന്‍ ബന്ധത്തില്‍ക്കൂടിയോ അറബിക്കച്ചവടക്കാര്‍ വഴിയോ ആവാം നസ്രാണി എന്ന നാമം കേരളത്തിലെത്തിയത്. അത് സുറിയാനി ക്രിസ്ത്യാനികളുടെ ജാതിപ്പേരായി അംഗീകരിക്കപ്പെട്ടു. 19-ാം നൂറ്റാണ്ടുവരെയും സുറിയാനി ക്രിസ്ത്യാനികള്‍ സ്വയം സംബോധന ചെയ്തിരുന്നത് നസ്രാണി എന്നായിരുന്നു. റവന്യു ജുഡിഷ്യല്‍ രേഖകളില്‍ ജാതിപ്പേര് നിര്‍ബന്ധമായിരുന്ന കാലഘട്ടത്തില്‍ സുറിയാനി ക്രിസ്ത്യാനികളെ നസ്രാണി എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

1498-ല്‍ ആരംഭിച്ച ഇന്ത്യയിലെ പാശ്ചാത്യ അധിനിവേശം ക്രിസ്ത്യാനി എന്ന പദം കേരളത്തിലെത്തിച്ചെങ്കിലും കേരളത്തിലെ പൂര്‍വിക ക്രൈസ്തവര്‍ നസ്രാണി എന്ന തങ്ങളുടെ മത നാമം ഉപയോഗിക്കുന്നതില്‍ ഉറച്ചുനിന്നു. പാശ്ചാത്യര്‍ വിവിധ ജാതികളില്‍നിന്നും പരിവര്‍ത്തനം ചെയ്ത നവക്രൈസ്തവരില്‍നിന്നും വ്യത്യസ്തമായ വ്യക്തിത്വം തങ്ങള്‍ നിലനിര്‍ത്തുന്നു എന്ന് വ്യക്തമാക്കാനുള്ള ഒരു മാര്‍ഗം കൂടിയായിരുന്നു ഇത്. ആദ്യം അന്ത്യോഖ്യായില്‍ വച്ച് ക്രിസ്ത്യാനി എന്നപേര് ഉണ്ടായി എന്ന ബൈബിള്‍ പരാമര്‍ശം (അപ്പോസ്തല പ്രവൃത്തികള്‍ 11: 26) നസ്രാണി എന്ന് ഭേദപ്പെടുത്തിയാണ് 18-ാം നൂറ്റാണ്ടിലെ നിരണം ഗ്രന്ഥവരിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

നസ്രാണികളുടെ ഈ സ്വത്വബോധം പാശ്ചാത്യര്‍ക്കും അംഗീകരിക്കേണ്ടിവന്നു. അതിനാലാണ് 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനകളിലും 1606-ലെ റോസിന്റെ നിയമാവലിയിലും ക്രിസ്ത്യാനി എന്ന അര്‍ഥത്തില്‍ നസ്രാണി എന്ന് ഉപയോഗിച്ചിരിക്കുന്നത്. 1772-ല്‍ റോമില്‍ അച്ചടിച്ച ഫാദര്‍ ക്ലമന്റ് പിയാനോസിന്റെ മലയാള ഗ്രന്ഥത്തിന്റെ പേരുതന്നെ നസ്രാണികള്‍ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപ വേദാര്‍ഥം എന്നാണ്.

(ഡോ. എം. കുര്യന്‍ തോമസ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍