This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവഭാരതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവഭാരതം

സംസ്കൃത മഹാകാവ്യം. 1978-ല്‍ പ്രസിദ്ധീകൃതമായി. ആലപ്പുഴ ജില്ലയില്‍ മുതുകുളം നിവാസിയായ ശ്രീധര കവിയാണ് രചയിതാവ്.

പതിനെട്ടു സര്‍ഗങ്ങളാണ് നവഭാരതത്തില്‍. ഏതാണ്ട് 1300 ശ്ളോകങ്ങള്‍ വ്യത്യസ്ത വൃത്തങ്ങളില്‍ രചിക്കപ്പെട്ടിരിക്കുന്നു. ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജീവചരിത്രമാണ് കാവ്യത്തിന്റെ മുഖ്യ ഇതിവൃത്തം. ജവാഹര്‍ലാലിന്റെ ജനനം, മാതാപിതാക്കള്‍, കുട്ടിക്കാലം, വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ മുഖ്യസംഭവങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ മഹാകാവ്യം ഇന്ത്യന്‍ ദേശീയ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളെയും മഹാത്മാഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ സ്വാതന്ത്യ്രസമരത്തെ ജനകീയ സമരമാക്കി ഉയര്‍ത്തുവാന്‍ ചെയ്ത സേവനങ്ങളെയും വിശദമായി വരച്ചു കാണിക്കുന്നുണ്ട്. മറ്റു ദേശീയ നേതാക്കളില്‍ നിന്നുള്ള ജവാഹര്‍ലാലിന്റെ വ്യത്യസ്തത വ്യക്തതയോടെ അനാവരണം ചെയ്യുന്നതില്‍ കവി ഏറെ വിജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ സമര പ്രസ്ഥാനത്തെ ഇത്രയും ഫലപ്രദമായി, വിശദമായി പ്രതിപാദിക്കുന്ന സംസ്കൃതകാവ്യങ്ങള്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഹിമാലയ വര്‍ണനയോടെ ആരംഭിക്കുന്ന ഈ മഹാകാവ്യം ജവാഹര്‍ലാലിന്റെ പ്രധാനമന്ത്രിസ്ഥാനാരോഹണത്തോടെ അവസാനിക്കുന്നു.

പരമ്പരാഗതമായ മഹാകാവ്യത്തിന്റെ കെട്ടും മട്ടും സ്വീകരിക്കുന്നുണ്ടെങ്കിലും നവഭാരതത്തില്‍ ഒരിടത്തും കവി ലക്ഷണമൊപ്പിക്കാനുള്ള വ്യഗ്രത കാണിക്കുന്നില്ല. ജവാഹര്‍ലാലിന്റെ സംഭവബഹുലമായ ജീവിതവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളും മഹാകാവ്യത്തിനുതകുന്ന നിരവധി കാവ്യസന്ദര്‍ഭങ്ങള്‍ കവിക്ക് നിര്‍ലോഭം നല്‍കിയിരിക്കുന്നു. അതുകൊണ്ടു തന്നെ അകൃത്രിമമായി ആലേഖനം ചെയ്യുന്ന കാവ്യ സന്ദര്‍ഭങ്ങള്‍ അനുവാചകരെ ഏറെ ആഹ്ലാദിപ്പിക്കുന്നു.

ശ്രീമാന്‍ ഗിരി ശ്രേഷ്ഠയാണ് ഇദ്ദേഹത്തിന്റെ മറ്റൊരു മഹാകാവ്യം.

(ഡോ. ധര്‍മരാജ് അടാട്ട്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B5%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍