This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവപ്ലേറ്റോണിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവപ്ലേറ്റോണിസം

Neo Platonism

പ്ലേറ്റോ (ആ.ഇ. 437347) യുടെ ആശയസംഹിതയെ അടിസ്ഥാനമാക്കി രൂപപ്പെട്ട തത്ത്വചിന്താപദ്ധതി. 3-ാം ശ. മുതല്‍ 5-ാം ശ. വരെയുള്ള കാലഘട്ടത്തിലാണ് ഇത് വികസിച്ചത്. പൈതഗോറിയന്‍ ചിന്തയുടെയും അരിസ്റ്റോട്ടിലീയന്‍ ചിന്താപദ്ധതിയുടെയും സ്റ്റോയിക് തത്ത്വസംഹിതയുടെയും അന്തഃസത്ത ഉള്‍ക്കൊണ്ട് പ്ലോട്ടിനസ് ആണ് നവപ്ലേറ്റോണിസത്തിന് അടിത്തറയിട്ടത്. പ്ലോട്ടിനസിന്റെ അടുത്ത അനുയായികളായിരുന്ന പൊര്‍ഫിറിയും (Porphery), പ്രൊക്ലസും (Proclus) ഇതിന്റെ പിന്‍ഗാമികളായി.

നവപ്ലേറ്റോണിസ്റ്റുകള്‍ അവരുടെ തത്ത്വസംഹിത പ്ലേറ്റോയുടെ തിയറി ഒഫ് ഫോംസില്‍ നിന്നാണ് വികസിപ്പിച്ചെടുത്തത്. ആശയങ്ങളുടെ (forms) യുക്തിഭദ്രമായ വ്യവസ്ഥയായാണ് പ്രപഞ്ചത്തെ (universe) പ്ലേറ്റോ ദര്‍ശിച്ചത്. എല്ലാ വസ്തുക്കളും രൂപങ്ങളില്‍ നിന്ന് അഥവാ ആശയങ്ങളില്‍ നിന്ന് ഉണ്ടാകുന്നതാണെന്നും ഒരു വസ്തുവിന്റെ രൂപഗ്രഹണം മനസ്സിലുണ്ടാകുമ്പോഴാണ് ആ വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം ഉണ്ടാകുന്നത് എന്നുമാണ് പ്ലേറ്റോയുടെ ദര്‍ശനം. രൂപം വസ്തുക്കളുടെ പ്രാഗ്രൂപമാണ്. വസ്തുക്കള്‍ക്കു മുമ്പ് നിലനില്ക്കുന്ന ഒന്നാണ് ആശയം. പ്ലോട്ടിനസാകട്ടെ രൂപം ആശയത്താല്‍ പ്രദീപ്തമാകുന്നതുമൂലമാണ് പദാര്‍ഥത്തെ അറിയാനിടവരുന്നതെന്ന് സിദ്ധാന്തിച്ചു. അസ്തിത്വത്തിന്റെ പ്രതിഭാസങ്ങളെ പ്ലോട്ടിനസ് ദര്‍ശിക്കുന്നത് ആരോഹണക്രമത്തിലാണ്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രകൃതി വസ്തുക്കളുടെ സൗന്ദര്യം ആത്മാവില്‍ നിലനില്ക്കുന്ന ഒരു ആദിരൂപം (archetype) മാത്രമാണ്. പദാര്‍ഥം, ആത്മാവ്, യുക്തി, ദൈവം എന്നിങ്ങനെയുള്ള ആരോഹണക്രമമാണ് ഇദ്ദേഹം ദീക്ഷിച്ചത്. ദൈവം കേവലശുദ്ധമായ അസ്തിത്വം ആണെന്നും പദാര്‍ഥമോ രൂപമോ ദൈവത്തിനില്ലെന്നും ഇദ്ദേഹം വാദിച്ചു. ആത്മാവിന്റെ യോഗഭാവത്തിലേക്കും (Mystical portion) ഉദ്ഗമനത്തിലേക്കും (elevation) സൗന്ദര്യം, കല എന്നിവയെ അലിയിക്കുകയാണ് പ്ലോട്ടിനസ് ചെയ്യുന്നത്. പ്രകൃതിതന്നെ ഉരുത്തിരിഞ്ഞത് ഏതേത് നിമിത്തങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നുമാണോ അവയിലേക്ക് പോവുകയാണ് കലയും (art) ചെയ്യുന്നതെന്നാണ് പ്ലോട്ടിനസ് വിശ്വസിച്ചിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍