This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവചരിത്രവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവചരിത്രവാദം

New historicism

Image:Stephan Greenblatting-svk1-15.png

ഉത്തരാധുനികതയുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഒരു സാഹിത്യവിശകലന പദ്ധതി. 1980-കളില്‍ അമേരിക്കന്‍ വിമര്‍ശകനായ സ്റ്റീഫന്‍ ഗ്രീന്‍ബ്ലാറ്റിലൂടെയാണ് നവചരിത്രവാദം അഥവാ ന്യൂഹിസ്റ്റോറിസിസം തുടങ്ങിയത്. പഴയ ചരിത്രവാദത്തിന്റെ രീതിയില്‍ നിന്നും വ്യത്യസ്തമായി, സാഹിത്യം ചരിത്രപരമാണെന്നും നിരവധി ആശയലോകങ്ങളില്‍ രൂപീകരിക്കപ്പെടുന്ന സാമൂഹികവും സാംസ്കാരികവുമായ ഒരു നിര്‍മിതിയാണെന്നും നവചരിത്രവാദം പറയുന്നു. സാഹിത്യകൃതിയുടെ ഘടനയിലും ഭാഷയിലും മാത്രം ശ്രദ്ധയൂന്നിയ ജര്‍മന്‍-ഫ്രഞ്ച് ചിന്താപദ്ധതികള്‍ ആംഗ്ളോ-അമേരിക്കന്‍ സര്‍വകലാശാലകളില്‍ മേല്‍ക്കോയ്മ നേടിയപ്പോള്‍ അതിനെതിരായിട്ടുകൂടിയാണ് നവചരിത്രവാദം ആവിര്‍ഭവിച്ചത്. സാഹിത്യകൃതികളുടെ പഠനത്തിലും വ്യാഖ്യാനത്തിലും രാഷ്ട്രീയവും സാമൂഹികവുമായ സംജ്ഞകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു ഇതിന്റെ ഫലം. കൃതിയുടെ രൂപത്തില്‍മാത്രം ശ്രദ്ധിച്ച അമേരിക്കന്‍ നവവിമര്‍ശനവും (New Criticism) സാഹിത്യത്തെ ചരിത്രനിരപേക്ഷമായി വിലയിരുത്താനാണ് ശ്രമിച്ചത്. ഈ സമീപനങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് നവചരിത്രവാദികള്‍ തങ്ങളുടെ സാഹിത്യസമീപനം രൂപപ്പെടുത്തിയത്.

Image:Martrin Heidegger-svk-15.png

ഘടനാവാദം, അപനിര്‍മാണം, മാര്‍ക്സിസം തുടങ്ങിയ ആശയപദ്ധതികളെപ്പോലെ തത്ത്വശാസ്ത്രത്തോടും സാമൂഹിക സിദ്ധാന്തങ്ങളോടും ബന്ധപ്പെട്ടല്ല നവചരിത്രവാദം വികസിച്ചത്. അതിന് പ്രത്യേകിച്ചൊരു സൈദ്ധാന്തിക ബന്ധമില്ലെന്നു പറയാം. പുതിയ ചരിത്രവസ്തുതകളും രേഖകളുമാണ് അത് മുഖ്യമായും ആശ്രയിക്കുന്നത്. പൂര്‍വസ്ഥിതമായ പ്രത്യയശാസ്ത്രങ്ങളെയോ ലോകചരിത്രങ്ങളെയോ ആശ്രയിക്കാതെ ചരിത്രസ്രോതസ്സുകളെ നേരിട്ടാശ്രയിക്കുകയെന്നതാണ് നവചരിത്രവാദത്തിന്റെ രീതി. ചരിത്രം സാമ്പത്തികശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നതായി   വീക്ഷിക്കുന്ന മാര്‍ക്സിസ്റ്റ് സമീപനത്തില്‍നിന്നും നവചരിത്രവാദം വ്യത്യസ്തമാണ്. യാഥാര്‍ഥ്യവും സാഹിത്യപാഠവും തമ്മിലും ചരിത്രവും സംസ്കാരവും തമ്മിലും അതിര്‍ത്തികള്‍ സൃഷ്ടിക്കുന്ന സാമൂഹികശക്തികളെ അത് പഠനവിധേയമാക്കുന്നു.

മുഖ്യമായും നാല് വാദങ്ങളാണ് നവചരിത്രവാദം മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, സാമൂഹികവും രാഷ്ട്രീയവുമായ നിര്‍മിതിയായി സാഹിത്യത്തെ മനസ്സിലാക്കാനുള്ള ശരിയായ വഴി അത് നിര്‍മിക്കപ്പെട്ട സമൂഹത്തിലൂടെയും സംസ്കാരത്തിലൂടെയുമാണ്. രണ്ട്, സാഹിത്യം മനുഷ്യന്റെ ക്രിയകളില്‍ വേറിട്ടുകാണേണ്ട ഒരു സംവര്‍ഗമല്ല. ചരിത്രത്തോട് സ്വാംശീകരിക്കപ്പെട്ടതായതുകൊണ്ട് സാഹിത്യത്തിനു സവിശേഷമായ ചരിത്രദര്‍ശനമുണ്ടാവും. മൂന്ന്, സാഹിത്യകൃതികളെപ്പോലെ മനുഷ്യനും ഒരു സാമൂഹിക നിര്‍മിതിയാണ്. നാല്, ഇക്കാരണം കൊണ്ടുതന്നെ ചരിത്രകാരന്‍/വിമര്‍ശകന്‍ തന്റെ ചരിത്രപരതയില്‍നിന്നു മുക്തനല്ല. സ്വന്തം പ്രത്യയശാസ്ത്രശിക്ഷണങ്ങള്‍ക്ക് അതീതനായി നില്ക്കാന്‍ വ്യക്തികള്‍ക്കാവില്ല. പഴയൊരു കൃതിയെ അതിന്റെ സമകാലികര്‍ മനസ്സിലാക്കിയപോലെ ഇന്നത്തെ വായനക്കാര്‍ക്ക് അനുഭവിക്കാനാവില്ല. ഈ യാഥാര്‍ഥ്യം മുന്‍നിര്‍ത്തി നോക്കിയാല്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെ പുനര്‍നിര്‍മിതിക്കുവേണ്ടി കൃതിയെ ഉപയോഗിക്കാനേ കഴിയു. നവചരിത്രവാദം ചെയ്യുന്നതും അതാണ്. ഒരു സവിശേഷ കാലഘട്ടത്തിലെ പ്രത്യയശാസ്ത്രത്തിന്റെ ഒരംശമായി ഇത് കൃതിയെ കാണുന്നു. ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ദേശ്യങ്ങളെ വ്യാഖ്യാനിക്കലല്ല, കൃതി ഉണ്ടായ കാലഘട്ടത്തിന്റെ പ്രത്യയശാസ്ത്രം വ്യാഖ്യാനിക്കലാണ് നവചരിത്രവാദികളുടെ രീതി.

സ്റ്റീഫന്‍ ഗ്രീന്‍ ബ്ലാറ്റാണ് പ്രോദ്ഘാടകനെങ്കിലും നവചരിത്രവാദത്തിന്റെ ആശയങ്ങള്‍ക്ക് വേറെയും സ്രോതസ്സുകളുണ്ട്. ജര്‍മന്‍ തത്ത്വചിന്തകനായ മാര്‍ട്ടിന്‍ ഹൈദഗറിന്റെ ചരിത്രപരതയെക്കുറിച്ചുള്ള പ്രമാണം നവചരിത്രവാദത്തിലേക്കു കടന്നുവന്നത് മറ്റൊരു ജര്‍മന്‍ തത്ത്വചിന്തകനായ ഹാന്‍സ്-ഗയോര്‍ഗ് ഗദാമറിന്റെ രചനകളിലൂടെയാണ്. ഫ്രഞ്ച് ചിന്തകനായ ലൂയി അല്‍ത്തൂസര്‍, മിഷേല്‍ ഫൂക്കോ, ജാക്വിസ് ദെറീദ എന്നിവരുടെ സിദ്ധാന്തീകരണങ്ങളും ചിന്തകളും നവചരിത്രവാദത്തെ സ്വാധീനിച്ചിട്ടുണ്ട്.

നവോത്ഥാനകാല ഇംഗ്ലീഷ് സാഹിത്യമാണ് നവചരിത്രവാദവിമര്‍ശകര്‍ മുഖ്യമായും പഠനയവിധേയമാക്കിയിട്ടുള്ളത്. ഒരു പ്രത്യേക കാലഘട്ടത്തിലെ സാഹിത്യേതരം എന്നു ഗണിക്കപ്പെടുന്ന രചനകളില്‍നിന്ന് സാഹിത്യകൃതികളെ പുനര്‍സ്ഥാനനിര്‍ണയനം ചെയ്യാന്‍ നവചരിത്രവാദം ശ്രമിക്കുന്നു. അക്കാലത്തെ ചരിത്രവസ്തുതകളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ പഠനം നടത്തുന്നത്. ഉദാഹരണത്തിന് 19-ാം നൂറ്റാണ്ടിലെ നോവലിലെ കഥാപാത്രങ്ങളുടെ പ്രതിനിധാനവും അക്കാലത്ത് പാര്‍ലമെന്റിലെ പ്രതിനിധാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും തമ്മില്‍ ബന്ധമുള്ളതായി അവര്‍ തെളിവുസഹിതം വിശദീകരിക്കുന്നു. ഷെയ്ക്സ്പിയറുടെ ഒഥല്ലോയില്‍ ഇയാഗോ ഒഥല്ലോയ്ക്കെതിരെ നടത്തുന്ന ഗൂഢാലോചനയെ ഈ വിമര്‍ശകര്‍ കോളനിവാഴ്ചയുമായി ബന്ധിപ്പിച്ചുകാണുന്നു. കോളനികളിലെ ജനങ്ങളുടെ അസ്തിത്വം നിഷേധിക്കാനുള്ള എലിസബത്തന്‍ കാലഘട്ടത്തിന്റെ ശ്രമങ്ങളാണ് വെള്ളക്കാരനായ ഇയാഗോ കറുത്തവര്‍ഗക്കാരനായ ഒഥല്ലോയ്ക്കെതിരെ നടത്തുന്ന ദുഷ്പ്രവര്‍ത്തിയിലുള്ളത്. സാഹിത്യകൃതിയെ മുന്‍നിര്‍ത്തി ഒരു സവിശേഷകാലഘട്ടത്തിലെ യഥാര്‍ഥ മനുഷ്യബന്ധങ്ങളുടെ പുനഃനിര്‍മാണമാണ് നവചരിത്രവാദികള്‍ ലക്ഷ്യമിടുന്നത്. അല്ലാതെ കൃതിയിലുള്ള ആ കാലഘട്ടത്തിന്റെ പ്രതിനിധാനമല്ല. അതിനുവേണ്ടി പഠനവിധേയമാക്കുന്ന കൃതിയുടെ അതേകാലത്തെ സാഹിത്യേതരമായ രേഖകള്‍ അവര്‍ ആശ്രയിക്കുന്നു. ചരിത്രരേഖകളും സാമൂഹികചരിത്രവസ്തുതകളുമെല്ലാം അവര്‍ ഉപയോഗിക്കുന്നു.

നവചരിത്രവാദവീക്ഷണത്തില്‍ സാഹിത്യകൃതികള്‍ അവ    ആവിര്‍ഭവിച്ച സംസ്കാരത്തിന്റെ 'പ്രതിനിധാനങ്ങള്‍' ആണ്. ആ സംസ്കാരത്തെ വലയം ചെയ്തു നില്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ ഉദ്ഗമനങ്ങളും സജീവത്വരകങ്ങളുമാണ് അവിടെയുണ്ടാകുന്ന സാഹിത്യകൃതികള്‍. അവ സംസ്കാരത്തിന്റെ നിര്‍മിതികളും സംസ്കാരത്തിന്റെ പ്രത്യയശാസ്ത്രത്തെ പുന:നിര്‍മിക്കുന്നവയുമാണ്. സാഹിത്യകൃതി മനുഷ്യക്രിയകളെ അനുകരിക്കുകയല്ല അവയ്ക്ക് ഇടനിലയായി വര്‍ത്തിക്കുകയാണ്. അനുകരണത്തിനു പകരം ഇടനിലയായി നില്ക്കുന്നതിലൂടെ സാഹിത്യകൃതി ഒരു സവിശേഷ കാലഘട്ടത്തിലെ മനുഷ്യാനുഭവത്തെയും ശേഷികളെയും രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത നവചരിത്രവാദത്തില്‍ ചരിത്രം സാഹിത്യകൃതികളുടെ കാരണമോ സ്രോതസ്സോ അല്ല എന്നുള്ളതാണ്. പ്രത്യയശാസ്ത്രത്തിനാണ് അവര്‍ പ്രാധാന്യം നല്കുന്നത്.

സ്റ്റീഫന്‍ ഗ്രീന്‍ബ്ലാറ്റിന്റെ റിനൈസന്‍സ് സെല്‍ഫ്-ഫാഷനിങ്: ഫ്രം മോര്‍ ടു ഷെയ്ക്സ്പിയര്‍ (1980), ഷെയ്ക്സ്പീരിയന്‍ നെഗോഷിയേഷന്‍സ് (1988), മാര്‍വലസ് പൊസഷന്‍സ് (1988), ലേണിങ് ടു കഴ്സ് (1990) അദ്ദേഹം എഡിറ്റുചെയ്ത സമാഹാരമായ റപ്രസന്റിങ് ദ ഇംഗ്ളീഷ് റിനൈസന്‍സ് (1988), ക്ളെയര്‍ കോള്‍ബ്രൂക്കിന്റെ ന്യൂലിറ്റററി ഹിസ്റ്ററീസ്, അരാംഗന്റെ ദ ന്യൂ ഹിസ്റ്റോറിസിസം ആന്‍ഡ് കള്‍ച്ചറല്‍ മെറ്റീരിയലിസം (1988) തുടങ്ങിയവയാണ് നവചരിത്രവാദശാഖയിലെ മുഖ്യകൃതികള്‍. ലൂയിസ് അഡ്രിയാന്‍ മോണ്ട് റോസ്, ജൊനാഥന്‍ ഡോളിമോര്‍, ജയ്ന്‍ ടോംപ്കിന്‍സ്, ഡോണ്‍ ഇ. വെയ്ന്‍, വാള്‍ട്ടര്‍ ബെന്‍ മൈക്കേല്‍സ്, കാതറിന്‍ ഗാലഘര്‍, ആര്‍തര്‍ എഫ് മാറോറ്റി തുടങ്ങിയ നിരവധി വിമര്‍ശകര്‍ ഈ ധാരയില്‍പ്പെടുന്നു. കാലിഫോര്‍ണിയ സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന 'റപ്രസന്റേഷന്‍സ്' എന്ന ജേര്‍ണലാണ് നവചരിത്രവാദികളുടെ മുഖപത്രം.

നവചരിത്രവാദികള്‍ സാഹിത്യത്തെ ചരിത്രത്തിന്റെ അടിക്കുറിപ്പുമാത്രമായി ചുരുക്കിയെന്ന് ആക്ഷേപമുണ്ട്. കൃതിയുടെ അനന്യമായ സാഹിത്യഗുണങ്ങളെ അവഗണിക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. മിക്ക നവചരിത്രവിമര്‍ശനങ്ങള്‍ക്കും ചരിത്രത്തെക്കുറിച്ചുള്ള സിദ്ധാന്തത്തിന്റെ കുറവുണ്ടെന്ന് ഫ്രെഡറിക് ജെയിംസണ്‍ വിമര്‍ശിക്കുന്നു. ഓരോന്നും എന്തുകൊണ്ട് സംഭവിച്ചുവെന്നും അത് ആരെ ബാധിച്ചുവെന്നും നവചരിത്രവാദം വിശദീകരിക്കുന്നില്ല എന്നതാണ് ജെയിംസണിന്റെ വിമര്‍ശനം. എന്തായാലും ഭൂതകാലസാഹിത്യത്തെയും അന്നത്തെ സാമൂഹികാവസ്ഥയെയും വിലയിരുത്താനുള്ള വിമര്‍ശനോപകരണമായി നവചരിത്രവാദം ഇടം നേടിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍