This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവഗ്രഹങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവഗ്രഹങ്ങള്‍

ജ്യോതിഷത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒന്‍പത് ഗ്രഹങ്ങള്‍. സൂര്യന്‍ (രവി), ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ (കുജന്‍), വ്യാഴം (ഗുരു), ശനി (മന്ദന്‍), രാഹു, കേതു എന്നിവ. ആകാശത്തില്‍ നക്ഷത്രങ്ങളെയപേക്ഷിച്ച്, സഞ്ചരിക്കുന്ന ഗോളങ്ങളെയാണ് ജ്യോതിശ്ശാസ്ത്രത്തില്‍ ഗ്രഹങ്ങള്‍ (Planets) എന്നു വിളിക്കുന്നത്. സൂര്യന്‍ കേന്ദ്രമായുള്ള സൗരയൂഥത്തില്‍ എട്ട് ഗ്രഹങ്ങളുണ്ട്-ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്സ്, നെപ്റ്റ്യൂണ്‍. എന്നാല്‍, ഈ ഗ്രഹങ്ങളെയല്ല ജ്യോതിഷത്തില്‍ നവഗ്രഹങ്ങളായി കണക്കിലെടുത്തിട്ടുള്ളത്. ഭൂമിയെ കേന്ദ്രമാക്കിക്കൊണ്ട്, സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങളായ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവയും രാഹു, കേതു എന്ന രണ്ട് സാങ്കല്പിക ബിന്ദുക്കളുമാണ് ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍. എന്നാല്‍ സൂര്യനില്‍ നിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന യുറാനസ്സും നെപ്റ്റ്യൂണും ടെലിസ്കോപ്പില്ലാതെ ദൃശ്യമല്ലാത്തതിനാലായിരിക്കാം അവയെ ജ്യോതിഷത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്.

Image:Nava Grahangal1.png

ചാന്ദ്രപഥവും ക്രാന്തിവൃത്തവും ഖണ്ഡിക്കുന്ന രണ്ട് ബിന്ദുക്കളാണ് രാഹുവും കേതുവും. ഇവ രണ്ടും യഥാക്രമം ശനിയോടും ചൊവ്വയോടും ഉപമിക്കപ്പെടുന്നു (ശനിവദ്രാഹു: കുജവത്കേതു:).

നവഗ്രഹങ്ങളില്‍ ഓരോ ഗ്രഹത്തിന്റെയും സ്ഥാനങ്ങളെ ചിത്രീകരിക്കുന്ന വിവരണമാണ് 'ഗ്രഹനില'. ഒരാളുടെ ജനനസമയത്തെ ഗ്രഹനിലയെ ജാതകം എന്നു പറയുന്നു. ഗ്രഹങ്ങളുടെ ഗതിസ്വഭാവം, ഗ്രഹഭ്രമണപഥം, ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്യുന്ന 27 നക്ഷത്രമേഖലകള്‍ എന്നിവയെ അടിസ്ഥാനമാക്കി ജാതകത്തിലെ വിവരങ്ങള്‍ തയ്യാറാക്കുന്നു. അതായത് ഗ്രഹങ്ങള്‍ പൊതുവേ സ്വതന്ത്രമായി സൂചിപ്പിക്കുന്ന ധര്‍മങ്ങള്‍, ഗ്രഹയോഗം, ഗ്രഹങ്ങളുടെ ദൃഷ്ടി, ഗ്രഹങ്ങളുടെ ഭാവാധിപത്യം, കാരകത്വം ഇവയോടനുബന്ധിച്ചുള്ള ഫലങ്ങള്‍ എന്നിവയെല്ലാം വിശദമായി ഇതില്‍ വിശകലനം ചെയ്യുന്നു.

ഗ്രഹസ്ഥിതി രാശിചക്രത്തില്‍ അടയാളപ്പെടുത്തുന്നു. ഗ്രഹസഞ്ചാരമാര്‍ഗത്തിന്റെയും അതിലുള്‍പ്പെട്ട നക്ഷത്രമേഖലകളുടെയും പ്രതീകാത്മക ചിത്രമായ രാശിചക്രം 12 സമഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാശിചക്രത്തില്‍ ഗ്രഹങ്ങളെ സൂചിപ്പിക്കാന്‍ അവയുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിക്കുന്നു (ര-രവി, ച-ചന്ദ്രന്‍, കു-കുജന്‍ എന്നിങ്ങനെ).

നവഗ്രഹങ്ങള്‍ക്ക് ഒരു രാശിയിലൂടെയുള്ള ശരാശരി സഞ്ചാരകാലം ഓരോ തരത്തിലാണ്. സൂര്യന്‍, ബുധന്‍, ശുക്രന്‍- ഒരു മാസം, ചന്ദ്രന്‍-രണ്ടേകാല്‍ ദിവസം, ചൊവ്വ-49 ദിവസം, വ്യാഴം-361 ദിവസം, ശനി-2 വര്‍ഷവും 5മ്മ മാസവും, രാഹു, കേതു-1മ്മ വര്‍ഷം. ഇതില്‍നിന്നും ഏറ്റവും കുറഞ്ഞ വേഗതയോടുകൂടി ഭ്രമണം ചെയ്യുന്ന ഗ്രഹം ശനിയാണെന്നു വ്യക്തമാകുന്നു.

ഓരോരോ ഗ്രഹത്തെയും ഓരോ രാശിയുടെ അധിപന്മാരായി സങ്കല്പിച്ചിട്ടുണ്ട്. ചിങ്ങം രാശിയുടെ അധിപന്‍-സൂര്യന്‍, കര്‍ക്കടകം രാശി-ചന്ദ്രന്‍, മിഥുന, കന്നി രാശികള്‍-ബുധന്‍, ഇടവതുലാരാശികള്‍-ശുക്രന്‍, മേടവൃശ്ചികരാശികള്‍-ചൊവ്വ, ധനുമീന രാശികള്‍-വ്യാഴം, മകരകുംഭരാശികള്‍-ശനി എന്നീ രീതിയിലാണ് ആധിപത്യം കല്പിച്ചിരിക്കുന്നത്.

Image:Nava Grahangal1-4-svk-15.png

നവഗ്രഹങ്ങളെ പ്രകാശഗ്രഹങ്ങള്‍ (സൂര്യന്‍, ചന്ദ്രന്‍), താരാഗ്രഹങ്ങള്‍ (ചൊവ്വ, ശുക്രന്‍, ബുധന്‍, വ്യാഴം, ശനി), ഛായാഗ്രഹങ്ങള്‍ അഥവാ തമോഗ്രഹങ്ങള്‍ (രാഹു, കേതു) എന്ന് മൂന്നായി തരംതിരിച്ചിട്ടുണ്ട്. കാലചക്രത്തെ ആധാരമാക്കിയാണ് ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നതെന്നാണ് സങ്കല്പം. കാലമൂര്‍ത്തിയുടെ ആത്മാവ് സൂര്യനും മനസ്സ് ചന്ദ്രനും സത്ത ചൊവ്വയും വാക്ക് ബുധനും ജ്ഞാനം വ്യാഴവും സുഖം ശുക്രനും ദു:ഖം ശനിയുമായി കല്പിച്ചിരിക്കുന്നു. ഗ്രഹങ്ങളെ അവയുടെ നൈസര്‍ഗിക സ്വഭാവമനുസരിച്ച് ശുഭന്മാര്‍ (ഗുരു, ശുക്രന്‍, പാപയോഗമില്ലാത്ത ബുധന്‍, പക്ഷബലമുള്ള ചന്ദ്രന്‍) പാപന്മാര്‍ (ഗുളികന്‍, രവി, കുജന്‍, ശനി, രാഹു, കേതു, പാപയോഗമുള്ള ബുധന്‍, പക്ഷബലമില്ലാത്ത ചന്ദ്രന്‍) എന്ന് രണ്ടു വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഗ്രഹങ്ങള്‍ക്കു തമ്മില്‍ ശത്രുത്വവും ബന്ധുത്വവും കല്പിച്ചിട്ടുണ്ട്. സ്വക്ഷേത്രത്തിലും ബന്ധുക്ഷേത്രത്തിലും നില്ക്കുന്ന ഗ്രഹങ്ങള്‍ അനുകൂലഫലങ്ങള്‍ നല്കും. ഗുണങ്ങള്‍ക്കനുസരിച്ച് ഗ്രഹങ്ങളെ സാത്ത്വികഗ്രഹങ്ങള്‍ (സൂര്യന്‍, ചന്ദ്രന്‍, വ്യാഴം), രാജസഗ്രഹങ്ങള്‍ (ബുധന്‍, ശുക്രന്‍), താമസഗ്രഹങ്ങള്‍ (ചൊവ്വ, ശനി, രാഹു, കേതു) എന്ന രീതിയിലും വര്‍ഗീകരണം നടത്തിയിട്ടുണ്ട്. കൂടാതെ, ഓരോ ജാതകത്തെയും അടിസ്ഥാനമാക്കി ഗ്രഹങ്ങളെ ബലവാന്മാര്‍, ദുര്‍ബലന്മാര്‍ എന്നും തിരിച്ചിട്ടുണ്ട്. ഉച്ചക്ഷേത്രം, മൂലത്രികോണം, സ്വക്ഷേത്രം, മിത്രക്ഷേത്രം ഇവയില്‍ നില്ക്കുന്നവ, 3,6,11 ഭാവാധിപന്മാര്‍, അഷ്ടമാധിപതികള്‍, 6, 8, 12 ഭാവങ്ങളുമായി ബന്ധപ്പെടുന്ന ഗ്രഹങ്ങള്‍, കേന്ദ്രാധിപതികളായ ശുഭന്മാര്‍ ഇവരെയും ബലമുള്ള ഗ്രഹങ്ങളായി കണക്കാക്കുന്നു. ജാതകത്തിലെ ബലമുള്ള ഗ്രഹം കൂടുതല്‍ ശുഭഫലത്തെയും, ബലം കുറഞ്ഞ ഗ്രഹം കൂടുതല്‍ ദോഷഫലത്തെയും ചെയ്യും.

നിറങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ഗ്രഹത്തിനും രത്നങ്ങള്‍ വിധിച്ചിട്ടുണ്ട്. സൂര്യന്‍-മാണിക്യം, ചന്ദ്രന്‍-മുത്ത്, കുജന്‍- പവിഴം, ബുധന്‍-മരതകം, വ്യാഴന്‍-പുഷ്യരാഗം, ശുക്രന്‍-വജ്രം, ശനി-ഇന്ദ്രനീലം, രാഹു-ഗോമേദകം, കേതു-വൈഡൂര്യം എന്നീ പ്രകാരത്തിലാണ് വിധിച്ചിട്ടുള്ളത്. ജ്യോതിഷപ്രകാരം ഗ്രഹദോഷ പരിഹാരത്തിന് ഓരോ ഗ്രഹത്തിനുമുള്ള അധിഷ്ഠാനദേവതയെ പൂജിക്കുന്നതു ഫലപ്രദമാണെന്നു കരുതപ്പെടുന്നു. സൂര്യന്‍ (അഗ്നി)-ശിവന്‍ (അഗ്നി), ചന്ദ്രന്‍-ദുര്‍ഗ (ജലം), ബുധന്‍-വിഷ്ണുവും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ മുതലായ അവതാരങ്ങളും. ഗുരു-വിഷ്ണു (ഇന്ദ്രന്‍), ദക്ഷിണാമൂര്‍ത്തി, ശുക്രന്‍-ലക്ഷ്മി (ഇന്ദ്രാഗ്നി), ശനി-ശാസ്താവ്, ഹനുമാന്‍ (ബ്രഹ്മാവ്), ചൊവ്വ-സുബ്രഹ്മണ്യന്‍.

മനുഷ്യന്റെ ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ നിയന്ത്രിക്കുന്നത് ഗ്രഹനിലയാണെന്ന ജ്യോതിഷ വിശ്വാസത്തിന് ശാസ്ത്രീയാടിത്തറയില്ലെന്നു വളരെ പേര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഈ വിശ്വാസങ്ങള്‍ ഇന്നും നിലനില്ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍