This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഴ്സറിഗാനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നഴ്സറിഗാനങ്ങള്‍

Nursery rhymes

പാട്ട്, താളം എന്നിവയെക്കുറിച്ചുള്ള ബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനായി മുതിര്‍ന്നവര്‍ ചൊല്ലിക്കൊടുക്കുന്ന പരമ്പരാഗത ഗാനങ്ങള്‍. അവ അജ്ഞാതകര്‍ത്തൃകങ്ങളായ നാടോടിഗാനങ്ങളോ വ്യക്തിഗതരചനകളോ ആവാം. നഴ്സറി പഠനകാലത്തിന് അത്യന്താപേക്ഷിതമായ ഗാനങ്ങള്‍ എന്ന നിലയിലാണ് ഇവ നഴ്സറിപ്പാട്ടുകള്‍ അഥവാ നഴ്സിറിഗാനങ്ങള്‍ എന്നറിയപ്പെടുന്നത്. അമേരിക്കയിലെ ജനപ്രിയനാമം 'മദര്‍ഗൂസ് റൈംസ്' എന്നാണ്.

16, 17, 18 ശ.-ങ്ങളിലായാണ് നഴ്സിറിഗാനങ്ങള്‍ വ്യാപകമായിത്തുടങ്ങിയത്. 16-ാം ശ.-ത്തില്‍ത്തന്നെ അവ ആസൂത്രിതമായി സമാഹരിച്ച് തുടങ്ങി. അതുവരെ വാങ്മയരീതിയിലായിരുന്നു അതിന്റെ വ്യാപനം. അറിയപ്പെടുന്ന ആദ്യസമാഹൃതകൃതി ടോമിതമ്പ്സ് സോങ് ബുക്കാണ്. 1744-ല്‍ പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിലാണ് 'സിങ് എ സിങ് ഒഫ് സിക്സ് പെന്‍സ്...', 'ഹു കില്‍ഡ് കോക് റോബിന്‍...', 'ലിറ്റില്‍ ടോം ടക്കര്‍...' എന്നീ പ്രസിദ്ധ ഗാനങ്ങള്‍ ഉള്ളത്. പില്ക്കാല സമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്: ദ് ടോപ് ബുക്ക് ഒഫ് ആള്‍ ഫോര്‍ ലിറ്റില്‍ മാസ്റ്റേഴ്സ് ആന്‍ഡ് ലിറ്റില്‍ മിസ്ട്രസസ്, ഗാമര്‍ ഗാര്‍ട്ടന്‍സ് ഗാര്‍ലന്‍ഡ്, നഴ്സറി റൈംസ് ഒഫ് ഇംഗ്ലണ്ട്, പോപ്പുലര്‍ റൈംസ് ആന്‍ഡ് നഴ്സറി ടെയ്ല്‍സ് ഒഫ് ഇംഗ്ലണ്ട്. എങ്കിലും ഈ രംഗത്തെ ഏറ്റവും ഉത്കൃഷ്ടമായ കൃതി ജെയിംസ് ഓര്‍ക്കാര്‍ഡ് ഹാലിപ്പെല്ലിന്റെ ദി ഓക്സ്ഫഡ് ഡിക്ഷണറി ഒഫ് നഴ്സറി റൈംസ് ആണ്. ജനപ്രിയഗാനങ്ങള്‍കൊണ്ട് സര്‍വസ്വീകാര്യമായത് 1781-ലെ ജോണ്‍ ന്യൂബറിയുടെ മദര്‍ ഗൂസസ് മെലഡിയാണ്. ഇതിലെ പ്രധാന ഗാനങ്ങളാണ് 'ജാക് ആന്‍ഡ് ജില്‍...', 'ഡിങ് ഡോങ് ബെല്‍...', 'ഹഷ് എ ബൈ...' എന്നിവ. 19-ാം ശ.-ത്തില്‍ സര്‍ വാള്‍ട്ടര്‍ സ്കോട്ട് തുടങ്ങി നിരവധി മുന്‍നിര സാഹിത്യകാരന്മാര്‍ നഴ്സറിഗാന സമാഹരണത്തിലേക്ക് തിരിയുകയുണ്ടായി. ക്ലെമന്റ്സ്, ആഷിം വോണ്‍ ആര്‍ നിം എന്നിവരാണ് മറ്റു ചില പ്രമുഖര്‍.

Image:Nursery Pattukal.png

ഇന്ത്യയിലും നാടോടിമട്ടിലാണ് നഴ്സറിഗാനങ്ങള്‍ പ്രചരിച്ചതെങ്കിലും പില്ക്കാലത്ത് അവ സമാഹരിക്കുന്നതിനുള്ള സംരംഭങ്ങള്‍ വ്യാപകമായി. എല്ലാ ഇന്ത്യന്‍ ഭാഷകളിലും അതിനുദാഹരണങ്ങള്‍ കാണാം. ഇന്ത്യന്‍ നഴ്സറിഗാനസമാഹരണരംഗത്ത് മുന്‍നിര സാഹിത്യകാരന്മാരാണ് മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ളത്. 1894-95 കാലത്ത് സാഹിത്യപരിഷത്ത് പത്രികയില്‍ രബീന്ദ്രനാഥ ടാഗൂര്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച 81 ഗാനങ്ങള്‍ ഇതിന്റെ നല്ല നിദര്‍ശനമാണ്. പ്രശസ്ത സാഹിത്യകാരന്മാര്‍ തന്നെ ഉള്‍ക്കാമ്പുള്ള നിരവധി നഴ്സറിഗാനങ്ങള്‍ രചിച്ചിട്ടുമുണ്ട്. പാഠപുസ്തകക്കമ്മറ്റിയുടെ നിര്‍ദേശാനുസരണം പന്തളം കേരളവര്‍മ രചിച്ച നഴ്സറിഗാനങ്ങള്‍ ആണ് മലയാളത്തിലെ ആദ്യമാതൃക. പില്ക്കാലത്ത് ആധുനിക മലയാള കവിത്രയം തുടങ്ങി കുഞ്ഞുണ്ണിമാഷോളം അതിന്റെ സമ്പന്നമായ ചരിത്രം നീളുന്നു. ആംഗലേയഗാനങ്ങളുടെ മികച്ച വിവര്‍ത്തനങ്ങളും മലയാള നഴ്സറിഗാനശാഖയെ വളര്‍ത്തിയിട്ടുണ്ട്. 19-ാം ശ.-ത്തിന്റെ ആദ്യപാദത്തില്‍ സാറാ ജോസഫ് ഹെയ്ല്‍ എഴുതിയ 'മേരി ഹാഡ് എ ലിറ്റില്‍ ലാമ്പ്...' എന്ന ഗാനത്തിന്റെ മലയാള വിവര്‍ത്തനമായ 'മേരിക്കുണ്ടൊരു കുഞ്ഞാട്...' എന്ന ഗാനം മികച്ച ഉദാഹരണം. നഴ്സറിഗാനങ്ങളുടെ ആത്മാവ് താളമാണെന്ന വസ്തുതഉള്‍ക്കൊണ്ട് സമാനതാളത്തില്‍ത്തന്നെയാണ് അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയം.

നഴ്സറിഗാനങ്ങളുടെ വര്‍ഗീകരണത്തിനായുള്ള ശ്രമങ്ങളും 19-ാം ശ.-ത്തോടെ ആരംഭിച്ചു. പ്രഥമ വര്‍ഗീകൃതമാതൃക മുന്നോട്ടുവച്ചത് ജെയിംസ് ഹാലിപെല്‍സ്സാണ്. അദ്ദേഹത്തിന്റെ വര്‍ഗീകരണമനുസരിച്ച് ചരിത്രപരമായവ, പഴഞ്ചൊല്ലുമായി ബന്ധപ്പെട്ടവ, അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവ, ആചാരങ്ങളുമായി ബന്ധപ്പെട്ടവ, താരാട്ടുപാട്ടുകളുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ അഞ്ചുവിധമാണ്. ശാസ്ത്രീയമായ വര്‍ഗീകരണശ്രമങ്ങള്‍ എ ബുക്ക് ഒഫ് നഴ്സറി സോങ്സ് (ബയറിങ് ഗോള്‍ഡ്), ദ് നഴ്സറി റൈം ബുക്ക് (ആന്‍ഡ്രൂ ലാങ്) എന്നിവയില്‍ കാണാം.

അച്ചടിയുടെ പ്രചാരത്തോടെ നഴ്സറിഗാനങ്ങള്‍ ലിഖിതസാഹിത്യമെന്നരൂപത്തിലാണ് കൈമാറ്റം ചെയ്യപ്പെട്ടുപോന്നത്. പില്ക്കാലത്ത് അവയ്ക്ക് ചിത്രീകരണകലയുടെ ശക്തമായ പിന്‍തുണയുമുണ്ടായി. 20 ശ.-ത്തിലെ നഴ്സറിഗാനങ്ങള്‍ ആകര്‍ഷകമായ ചിത്രീകരണങ്ങളോടെയാണ് പ്രചാരം നേടിയത്. 21-ാം ശ.-ത്തില്‍ മള്‍ട്ടീമീഡിയയിലൂടെയാണ് അവ വ്യാപകമായ തോതില്‍ പ്രചരിച്ചുപോരുന്നത്. അനിമേഷന്‍ സാങ്കേതികവിദ്യയിലൂടെ ദൃശ്യവത്കരിക്കപ്പെട്ട നാടോടിഗാനങ്ങള്‍ ഇന്ന് മിക്ക ഭാഷകളിലും വന്‍തോതില്‍ സൃഷ്ടിക്കപ്പെടുകയും കുട്ടികളാല്‍ വ്യാപകമായിത്തന്നെ സ്വീകരിക്കപ്പെടുകയും ചെയ്യുണ്ട്.

കല്പനാഭംഗി, താളം, ലഘുവായ ഘടന, വാങ്മയരീതിയില്‍ പ്രചരിക്കാന്‍പോന്നവിധമുള്ള സരളത, ലാളിത്യം എന്ന് തുടങ്ങി ഹ്രസ്വതവരെ നഴ്സറിപ്പാട്ടുകളുടെ മുഖ്യ ഘടകങ്ങളാകുന്നു. കൊച്ചുകുട്ടികള്‍ക്ക് മാതാപിതാക്കന്മാരോടും തങ്ങളുടെ കൂട്ടുകാരോടുമുള്ള സ്നേഹത്തെ തൊട്ടുണര്‍ത്തുന്നവയായിരിക്കും ഈ പാട്ടുകളില്‍ ഭൂരിപക്ഷവും. കുട്ടികളുടെ മനസ്സില്‍ തങ്ങിനില്ക്കുന്നവയും അവര്‍ക്കു പ്രിയപ്പെട്ടവയും ആയ ജീവിതവ്യാപാരങ്ങള്‍, കളികള്‍ എന്നിവയോട് ഗാഢമായി ബന്ധപ്പെട്ട പാട്ടുകള്‍ പലതുമുണ്ട്. മാതൃവാത്സല്യം, അച്ഛനമ്മമാരോട് കുട്ടികള്‍ക്കുള്ള ഹൃദയബന്ധം എന്നിവ തൊട്ടുണര്‍ത്തുന്ന പാട്ടുകള്‍ ഏറെയാണ്. പ്രകൃതിയുടെ മനോഹരങ്ങളായ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന പാട്ടുകള്‍ അനവധി ഉണ്ട്. കുട്ടിക്കളിയോട് ബന്ധപ്പെട്ടവയും കളിക്കുമ്പോള്‍ പാടാന്‍ പറ്റിയവയുമായ പാട്ടുകളും കുറവല്ല. ശിശുക്കളുടെ രൂപഭാവഭേദങ്ങളെ പ്രതിഫലിപ്പിക്കുന്ന സുന്ദരസങ്കല്പങ്ങള്‍ ചിത്രീകരിക്കുന്നവയാണ് മറ്റു ചിലത്. കൊച്ചുകുട്ടികളുടെ നര്‍മബോധത്തെ തൊട്ടുണര്‍ത്തുന്ന പാട്ടുകളാണ് മറ്റൊരു വിഭാഗം. ഇങ്ങനെ വൈവിധ്യം ഏറെയുള്ള ബാലകവിതകള്‍ കൊച്ചുകുട്ടികളുടെ മനസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാവരൂപങ്ങളോടു കൂടിയവയാണെങ്കിലും ഉത്തമകവിതയുടെ മുഖ്യസവിശേഷതകള്‍ പലതും അവയ്ക്കുണ്ട്.

ബാലമനസ്സുകളില്‍ പ്രകൃതിദൃശ്യങ്ങളോട് ആഭിമുഖ്യം വളര്‍ത്തുന്നവയാണ് നഴ്സറിഗാനങ്ങള്‍. അതിന്റെ മികച്ച ഉദാഹരണമാണ്:

'റ്റ്വിങ്കിള്‍ റ്റ്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍

ഹൗ ഐ വണ്‍ഡര്‍ വാട്ട് യു ആര്‍'

മനുഷ്യേതര ജീവികളോട് ബാലികാബാലകന്മാര്‍ക്ക് ആഭിമുഖ്യം വളര്‍ത്തുന്ന തരത്തിലുള്ള മലയാളത്തിലെ നഴ്സറിഗാനങ്ങളിലൊന്ന് കുട്ടിയും പ്രാവും തമ്മിലുള്ള ഒരു സാങ്കല്പിക സംഭാഷണം ചിത്രീകരിക്കുന്നതാണ്. ഈ സംഭാഷണത്തിലൂടെ കുട്ടിക്ക് പ്രാവിനോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതിനോടൊപ്പം പ്രാവിന് തുറന്ന അന്തരീക്ഷത്തില്‍ സ്വൈരവിഹാരം നടത്താനുള്ള താത്പര്യവും വ്യക്തമാക്കുന്ന ഈ ഗാനം സ്വാതന്ത്യ്രത്തിന്റെ വിലയും കുട്ടികളെ ബോധ്യപ്പെടുത്തുന്നുണ്ട്. ആ പാട്ട് ഇങ്ങനെ:

'പ്രാവേ പ്രാവേ പോകരുതേ

വാവാ കൂട്ടിനകത്താക്കാം

ചോറും കറിയും പോരെങ്കില്‍

പാലും പഴവും ഞാന്‍ നല്കാം

അ(ഇ)ല്ലാ കുഞ്ഞേ ഞാനിപ്പോള്‍

മാനം നോക്കി പോകുന്നു

അയ്യോ പ്രാവേ പോകരുതേ

പയ്യും ദാഹവും ഉണ്ടാമേ

വേനല്ക്കാലത്തുച്ചയ്ക്കോ

മാനം നോക്കി സഞ്ചാരം?

ഇല്ലാ കുഞ്ഞേ പേടി എനി-

ക്കീശന്‍ നല്കിയ ചിറകില്ലേ'

മറ്റൊരു ഗീതത്തില്‍ കുട്ടിയും കാക്കയും തമ്മിലുള്ള ഒരു സംവാദമാണ് വിഭാവനം ചെയ്തിട്ടുള്ളത്. അത് ഇങ്ങനെയാണ് ആരംഭിക്കുന്നത്:

'കാക്കേ കാക്കേ കൂടെവിടെ

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ

കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍

കുഞ്ഞു കിടന്നു കരഞ്ഞീടും'

എന്നാരംഭിക്കുന്ന ആ പാട്ടിലെ നര്‍മബോധം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യമാണ്.

അര്‍ഥത്തിലേറെ താളത്തിനുതന്നെയാണ് പ്രാധാന്യം എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് 'ബാ ബാ ബ്ലാക് ഷീപ്...'.

പല ഗാനങ്ങളിലും പ്രത്യക്ഷമായ ഒരര്‍ഥം കണ്ടെത്താനായില്ലെങ്കിലും പരോക്ഷമായ ഒരര്‍ഥം അവയില്‍ പലതിലും ഉള്ളതായി കാണാം. 'ബാ ബാ ബ്ലാക് ഷീപ്പ്...' എന്ന ഗാനത്തിനുപിന്നില്‍ അടിമക്കച്ചവടവും മധ്യകാലത്ത് കമ്പിളിക്ക് ഏര്‍പ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുമാണ് അനുരണനം ചെയ്യുന്നത്. 'റിങ്ങാ റിങ്ങാ റോസസ്...' എന്ന ഗാനം ഒരഭിനയഗാനം എന്നരീതിയിലാണ് ഇന്നും പ്രചരിച്ച് പോരുന്നത്. അതിലെ വരികള്‍ ഇങ്ങനെയാണ്:

'റിങ്ങാ റിങ്ങാ റോസസ്

(റിങ്സ് ആന്‍ഡ് റിങ്സ് ഒഫ് റോസസ്)

എ പോക്കറ്റ് ഫുള്‍ ഒഫ് പോസിസ്

ആഷൂ... ആഷൂ...

ദെ ആള്‍ ഫോള്‍ ഡൗണ്‍'

ഇത് ഒരു തമാശ എന്ന മട്ടിലവതരിപ്പിക്കുന്ന അഭിനയഗാനമാണ് ഇന്ന്. എന്നാല്‍ ഇതിന്റെ ഉല്പത്തിക്കു പിന്നില്‍ ഒരു ദുരന്തസംഭവമാണുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയില്‍ 1665-ല്‍ പടര്‍ന്നുപിടിച്ച പ്ലേഗ് രോഗമാണ് ഈ ഗാനത്തിന് പശ്ചാത്തലമായത് എന്നാണ് ഫോക്ലോര്‍ പഠിതാക്കളുടെ അഭിപ്രായം. റോസാപ്പൂ നിറത്തില്‍ തൊലിപ്പുറത്ത് വളയങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്ലേഗിന്റെ ആദ്യലക്ഷണം (റിങ്ങാ റിങ്ങാ റോസസ്). പ്രേതബാധകൊണ്ടാണത് സംഭവിക്കുന്നതെന്ന് വിശ്വസിച്ചിരുന്ന അക്കാല ജനത പോസിപ്പൂക്കള്‍ പോക്കറ്റില്‍ തിരുകിവച്ച് ബാധയകറ്റാന്‍ ശ്രമിക്കുമായിരുന്നു (എ പോക്കറ്റ് ഫുള്‍ ഒഫ് പോസിസ്). പക്ഷേ അതെല്ലാം താത്ക്കാലിക സാന്ത്വനം മാത്രമായിരുന്നു. ആ സാംക്രമികരോഗത്തിന് അടിപ്പെട്ട ഒന്നും രണ്ടും പേരെല്ല ഒരു ജനസമൂഹംതന്നെ (ദെ ആള്‍) മണ്ണടിഞ്ഞു. അന്ത്യശ്വാസത്തിന്റെ ശബ്ദസൂചകമത്രെ ആഷൂ ആഷൂ എന്നത്. (ഇതിന് പല പാഠഭേദങ്ങളുമുണ്ട്. പാഠഭേദങ്ങള്‍ നഴ്സറിഗാനങ്ങളുടെ മറ്റൊരു സവിശേഷതയാണ്). പല ഫോക്ലോര്‍ മാതൃകകള്‍ക്കുമെന്നപോലെ സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിമാറ്റിയതോടുകൂടി ഈ നഴ്സറിഗാനത്തിനും അര്‍ഥവ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് കാണാം. ഇവിടെ ഒരു മഹാദുരന്തത്തിന്റെ ഓര്‍മപ്പെടുത്തലിനെ കേവലം ഒരു കുസൃതിയെന്നനിലയില്‍ പുനഃവതരിപ്പിച്ചുപോരുന്നുവെന്ന വൈരുധ്യവുമുണ്ട്.

പാശ്ചാത്യനാടുകളില്‍ ഏറെ പ്രചാരമുള്ള ഗാനമാണ് 'ലണ്ടന്‍ ബ്രിഡ്ജ് ഇസ് ഫോളിങ് ഡൗണ്‍...' നാടോടിമട്ടില്‍ പ്രചരിച്ച ആ പാട്ടിന്റെ ഉറവിടം 1659-ലെ ലണ്ടന്‍ ബ്രിഡ്ജ് നിര്‍മാണവേളയില്‍ പാലത്തിന്റെ ബലത്തിനായി നിരവധി കുട്ടികളെ കുഴിച്ചുമൂടിയ സംഭവമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.

17-ാം ശ.-ത്തില്‍ത്തന്നെ നഴ്സറിഗാനങ്ങളുടെ ശാസ്ത്രീയ പഠനത്തിനും വിശകലനത്തിനും തുടക്കം കുറിച്ചിരുന്നു. നഴ്സറിഗാനങ്ങള്‍ ആംഗ്ലോസാക്സന്‍ രീതിയില്‍ പിറന്നവയാണെന്നും അവയുടെ ആംഗലേയ പുനഃസൃഷ്ടികളാണ് പില്ക്കാലത്ത് പ്രചുരപ്രചാരംനേടിയതെന്നുമുള്ള ബലന്‍ഡകെറുടെ കണ്ടെത്തലായിരുന്നു അതിന് തുടക്കം കുറിച്ചത്. വളരെ ശാസ്ത്രീയമായ വിശകലനങ്ങള്‍, ഒരു സവിശേഷ പഠനശാഖയായി ഫോക്ലോര്‍ മാറിയതിനുശേഷമാണുണ്ടായത്. 1970-ല്‍ കാഥറീന്‍ എല്‍വ്സ് എഴുതിയ ഓറിയന്റല്‍ പെര്‍സോണേഴ്സ് ഒഫ് മദര്‍ ഗൂസ് ആണ് വിശ്വപ്രസിദ്ധമായ നഴ്സറിഗാനനിരൂപണഗ്രന്ഥം.

നഴ്സറിഗാനങ്ങള്‍ പലപ്പോഴും താരാട്ടുപാട്ടുകളുമായും ബാലകവിതകളുമായും നാടോടിഗാനങ്ങളുമായും കൂടിക്കലര്‍ന്ന് വ്യവഹരിക്കപ്പെട്ട് കണ്ടിട്ടുണ്ട്. അത് സ്വാഭാവികമാണ്. എന്നാല്‍ അവ തമ്മില്‍ സാദൃശ്യങ്ങളെക്കാളേറെ വ്യത്യസ്തതകളാണ് ഉള്ളത്. നഴ്സറിഗാനങ്ങളില്‍ ചിലത് താരാട്ടുപാട്ടുകളാകാം. പക്ഷേ, അടിസ്ഥാനപരമായി അവയുടെ താളം വ്യത്യസ്തം തന്നെയാണ്. നഴ്സറിഗാനങ്ങള്‍ ചടുലതാളത്തിലുള്ളവയും താരാട്ടുപാട്ടുകള്‍ പതിഞ്ഞ താളത്തിലുള്ളവയുമാണ്. അവയുടെ ലക്ഷ്യങ്ങളിലുള്ള വ്യത്യാസംതന്നെയാണ് താളപരമായ വ്യത്യാസത്തിനും കാരണം. താരാട്ടുപാട്ടുകള്‍ കുട്ടിയെ ഉറക്കാനുള്ളതാണ്; നഴ്സറിഗാനങ്ങളാകട്ടെ കുട്ടിയെ 'ഉണര്‍ത്താനു'ള്ളതും.

കുട്ടികള്‍ക്കായുള്ള നാടോടിഗാനങ്ങളില്‍നിന്നും നഴ്സറിഗാനങ്ങള്‍ വ്യത്യസ്തമാകുന്നത് അവയുടെ പ്രചാരരീതികൊണ്ടാണ്. കുട്ടികളുടെ ഫോക്ലോര്‍, കുട്ടികളില്‍നിന്നും കുട്ടികളിലേക്ക് കൈമാറ്റം ചെയ്യുന്നവയാണ്; നഴ്സറിഗാനങ്ങളാകട്ടെ പ്രധാനമായും മുതിര്‍ന്നവരില്‍നിന്നും കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയും.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പിറന്ന നഴ്സറിഗാനങ്ങളുടെ ഇതിവൃത്തങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കാനുള്ള ശ്രമങ്ങളും 20-ാം ശ.-ത്തില്‍ നടക്കുകയുണ്ടായി. അതിന് ചില പ്രസാധകരാണ് മുന്‍കൈയെടുത്തത്. പില്ക്കാലത്ത് ബ്രിട്ടീഷ് സൊസൈറ്റി ഒഫ് നഴ്സറി ആ ദൌത്യം ഏറ്റെടുത്തുവെങ്കിലും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ രംഗത്ത് കാര്യമായ പുരോഗതിയുണ്ടായില്ല. കാലികമായ പരിഷ്കരണം പല തലമുറകളും നെഞ്ചേറ്റിയ നഴ്സറിഗാനങ്ങളെ ഉപയോഗശൂന്യമാക്കുമെന്ന് മനഃശാസ്ത്രജ്ഞനായ ബ്രൂണോ ബെറ്റില്‍ ഹീം വാദിച്ചു. പ്രത്യക്ഷാര്‍ഥത്താലല്ല പരോക്ഷമായ അര്‍ഥവിനിമയംകൊണ്ടാണ് നഴ്സറിഗാനങ്ങള്‍ കാലാതിവര്‍ത്തിയാകുന്നത് എന്നായിരുന്നു പരിഷ്ക്കരണങ്ങളെ എതിര്‍ത്തവരുടെവാദം. അവയില്‍ ക്രൂരതകളും അക്രമങ്ങളുമൊക്കെ വ്യാപകമായി കണ്ടേക്കാം. എന്നാല്‍ അവ പഠിക്കുന്നതിലൂടെ അത്തരം ശീലങ്ങളെ മറികടക്കാനുള്ള മാനസികശേഷിയാണ് കുട്ടികളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നഴ്സറിഗാനങ്ങളുടെ പരിഷ്കരണം യഥാര്‍ഥത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നു നിലവില്‍വന്നത്. അതിന് പുരോഗമനപരമായ ചില നേട്ടങ്ങള്‍ കൈവരിക്കാനുമായിട്ടുണ്ട്. നീഗ്രോകളെ മോശമായി ചിത്രീകരിച്ചിരുന്ന ചില ഗാനങ്ങളുടെ പരിഷ്കരണം അതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ പല ഗാനങ്ങളുടെയും ഭാഷ മാറ്റുന്നതിനായുള്ള ചില ശ്രമങ്ങള്‍ വന്‍ വെല്ലുവിളികള്‍ ഉയര്‍ത്തി. ഇതിനിടയിലും കാലത്തോട് സംവദിക്കാനായ ചില പരിഷ്കരണ സംരംഭങ്ങള്‍ നടന്നിട്ടുണ്ട്. ഫെലിക്സ് ഡെന്നിസിന്റെ വെന്‍ ജാക് സ്യൂഡ് ജില്‍ - നഴ്സറി റൈംസ് ഫോര്‍ മോഡേണ്‍ ടൈംസ് ഒരുദാഹരണം.

നഴ്സറിഗാനങ്ങള്‍ കുട്ടികളിലെ 'സ്പേഷ്യല്‍ റീസണിങ് എബിലിറ്റി' വര്‍ധിപ്പിക്കുമെന്നും അത് അവരുടെ ഗണിതശാസ്ത്ര-ശാസ്ത്രപഠനങ്ങള്‍ക്ക് ശക്തമായ അടിത്തറയേകുമെന്നുമാണ് ആധുനിക വിലയിരുത്തല്‍. അതുകൊണ്ടാകാം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലും, മാറാത്ത വരികളും താളവുമായി ബാലമനസ്സുകള്‍ കീഴടക്കി നഴ്സറിഗാനങ്ങള്‍ മുന്നേറുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍