This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നല്ലെണ്ണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നല്ലെണ്ണ

എള്ള് ആട്ടിയെടുക്കുന്ന എണ്ണ. നല്ല എണ്ണ എന്ന അര്‍ഥത്തില്‍ത്തന്നെയാണ് ഈ പേര് നല്‍കിയിട്ടുള്ളത്. തിലതൈലം എന്ന് സംസ്കൃതനാമം. ഹൈന്ദവപാരമ്പര്യമനുസരിച്ച് നടത്തുന്ന അനുഷ്ഠാനങ്ങളിലും പ്രാര്‍ഥനകളിലും നെയ്യ് പോലെ പ്രാധാന്യം ഉള്ളതാണ് നല്ലെണ്ണയും. പാചക-ഔഷധാവശ്യങ്ങള്‍ക്കും പ്രാചീനകാലം മുതല്‍ക്കുതന്നെ നല്ലെണ്ണ ഉപയോഗിച്ചുവരുന്നു.

സെസ്സാമം ഇന്‍ഡിക്കം ലിന്‍ (Sesamum indicum Linn) എന്നു ശാസ്ത്രനാമമുള്ള എള്‍ച്ചെടിയുടെ വിത്താണ് എള്ള്. മിക്കവാറും കറുപ്പുനിറമാണ് ഇതിനുണ്ടാവുക. എള്‍ച്ചെടി ചുവടോടെ മുറിച്ച് ഉണക്കിയെടുക്കുന്നു. ഉണങ്ങി വീഴുന്ന കായ്കള്‍ പൊട്ടി പുറത്തുവരുന്ന വിത്ത് നന്നായി ഉണക്കിയെടുത്തതിനുശേഷമാണ് എണ്ണയുണ്ടാക്കാന്‍ എടുക്കാറുള്ളത്. വിത്തില്‍ എണ്ണയുടെ അംശം 37-63 ശ.മാ. വരെ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ചക്കിലിട്ട് ആട്ടിയോ യന്ത്രസഹായത്തോടെയോ വേര്‍തിരിച്ചെടുക്കുന്ന എണ്ണയ്ക്ക് സ്വര്‍ണനിറമായിരിക്കും.

അപൂരിതക്കൊഴുപ്പാണ് നല്ലെണ്ണയിലെ മുഖ്യഘടകം (80%). പൂരിതക്കൊഴുപ്പിന്റെ അളവ് ഏതാണ്ട് 20 ശ.മാ. വരും. ഇതു കൂടാതെ സെസാമിന്‍ (0.5-1.0%), സെസാമോലിന്‍ (0.3-0.5%) തുടങ്ങിയ വിശിഷ്ടവസ്തുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. അപൂരിതക്കൊഴുപ്പാണ് കൂടുതല്‍ അടങ്ങിയിരിക്കുന്നത് എന്നതിനാല്‍ നല്ലെണ്ണയുടെ ഉപയോഗം കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയില്ല എന്നാണ് കരുതപ്പെടുന്നത്. അടുത്തകാലത്ത് നടന്ന ചില ഗവേഷണങ്ങള്‍, നല്ലെണ്ണയുടെ ഉപയോഗം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും എന്ന പ്രാഥമിക സൂചനയും നല്‍കുന്നുണ്ട്.

ആയുര്‍വേദത്തില്‍ മറ്റ് ഔഷധങ്ങള്‍ ചേര്‍ത്ത് സംസ്കരിച്ചും അല്ലാതെയും നല്ലെണ്ണ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിനെക്കുറിച്ച് പ്രാചീന വൈദ്യഗ്രന്ഥമായ അഷ്ടാംഗഹൃദയത്തില്‍ നല്‍കുന്ന സാമാന്യവിവരണം ഇപ്രകാരമാണ് - 'തൈലവര്‍ഗത്തിലെ മുഖ്യദ്രവ്യമായ എള്ളെണ്ണ തീക്ഷണഗുണമുള്ളതും എളുപ്പത്തില്‍ ശരീരത്തില്‍ വ്യാപിക്കുന്നതുമാണ്. സൂക്ഷ്മവും ഉഷ്ണവുമാണ്. കഫത്തെ ഉണ്ടാക്കുന്നതല്ല. തടിച്ചവന്‍ മെലിയുന്നതിനും, മെലിഞ്ഞവന്‍ തടിക്കുന്നതിനും നന്ന്. മലബന്ധത്തെ ഉണ്ടാക്കും. കൃമിനാശകമാണ്. പലവിധ ദ്രവ്യങ്ങള്‍ കൊണ്ട് സംസ്കരിച്ചുപയോഗിക്കുന്നതാകയാല്‍ സര്‍വരോഗങ്ങളെയും നശിപ്പിക്കും' (സൂത്രസ്ഥാനം-അധ്യായം 5).

നല്ലെണ്ണ മുഖ്യ അടിസ്ഥാനഘടകമായി നിര്‍മിക്കുന്ന ഔഷധങ്ങളെ രണ്ടായിത്തിരിക്കാം-പുറമേ തേക്കുന്നതിനുള്ളവയും ഉള്ളില്‍ പ്രയോഗിക്കുന്നതിനുള്ളവയും. അഭൃംഗം, പിഴിച്ചില്‍, ശിരോധാര തുടങ്ങി പുറമേക്കുള്ള ഉപയോഗത്തിനായി നിരവധി മരുന്നുകള്‍ ഉണ്ട്. കൊട്ടംചുക്കാദി തൈലം, സഹചരാദി തൈലം, നാല്പാമരാദി തൈലം, കാര്‍പ്പാസ്സാസ്ഥ്യാദി തൈലം മുതലായവ ഉദാഹരണം. ബലാതൈലം, ക്ഷീരബലാതൈലം-സേവ്യം തുടങ്ങിയവ പ്രധാനമായും ഉള്ളില്‍ക്കൊടുക്കുന്ന മരുന്നുകളാണ്.

(ഡോ. രജനി നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍