This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നര്‍മദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നര്‍മദ

Narmada

1. ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ജില്ല. സംസ്ഥാനത്തിന്റെ തെ.കി. ഭാഗത്തായി സ്ഥിതിചെയ്യുന്ന നര്‍മദാ ജില്ലയ്ക്ക് 2,755.5 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 5,14,083 (2001); ജനസാന്ദ്രത: 187/ച.കി.മീ. (2001); സാക്ഷരതാ നിരക്ക്: 60.37 (2001); ആസ്ഥാനം: രാജ്പിപ്ല; അതിരുകള്‍: വ. വഡോദര ജില്ല; കി. മഹാരാഷ്ട്രയും വഡോദര ജില്ലയും; തെ. സൂറത്ത് ജില്ല; പ. സൂറത്ത്, ബറൂച്, വഡോദര ജില്ലകള്‍.


ഭൂമിശാസ്ത്രപരമായി മലനിരകള്‍ നിറഞ്ഞ പ്രദേശമാണ് നര്‍മദ. ജില്ലയിലെ വരണ്ട ഇലപൊഴിയും കാടുകളില്‍ തേക്ക് സമൃദ്ധമായി വളരുന്നു. പ്രമുഖ നദിയായ നര്‍മദയും മറ്റു ചെറുനദികളുമാണ് ജില്ലയിലെ പ്രധാന ജലസ്രോതസ്സുകള്‍. നര്‍മദ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഭക്ഷ്യേതര വിളകള്‍ക്കാണ് പ്രാമുഖ്യം. മുഖ്യവിളയായ പരുത്തിക്കു പുറമേ ചോളം, നെല്ല്, ഗോതമ്പ് തുടങ്ങിയവയും ഭക്ഷ്യവിളകളായ നിലക്കടല, കരിമ്പ് തുടങ്ങിയവയും ജില്ലയില്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. കന്നുകാലി വളര്‍ത്തലും ഇവിടെ ഏറെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൊതുവേ അവികസിതമാണ് ജില്ലയുടെ വ്യാവസായിക മേഖല.


റെയില്‍ ഗതാഗത മേഖലയെ അപേക്ഷിച്ച് റോഡ് ഗതാഗതത്തിനാണ് ജില്ലയില്‍ കൂടുതല്‍ പ്രാധാന്യം. ഗുജറാത്തിയാണ് മുഖ്യവ്യവഹാരഭാഷ. കോളജുകളും അനവധി സ്കൂളുകളും ഉള്‍പ്പെട്ടതാണ് ജില്ലയിലെ വിദ്യാഭ്യാസ മേഖല. രാജ്പിപ്ല, ജിയോര്‍ (Jior), റാംപുര (Rampure), ഗുരുദേശ്വര്‍ (Gurudeshwar), സര്‍പന്‍ (Surpan), തിലക്വാഡ (Tilakwada), കുക്റെജ് (Kukrej), നവഗാം (Navagam), ദേവ്മോഗ്റ (Devmogra), സഘാറെ (Saghare) എന്നിവയാണ് ജില്ലയിലെ പ്രമുഖ ആകര്‍ഷണ കേന്ദ്രങ്ങള്‍.

2. മധ്യേന്ത്യയിലെ ഒരു പ്രധാന നദി. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നര്‍മദയ്ക്ക് സു. 1312 കി.മീ. നീളമുണ്ട്. ഉത്തരേന്ത്യയെയും ഡക്കാണ്‍ മേഖലയെയും തമ്മില്‍ വേര്‍തിരിക്കുന്ന നൈസര്‍ഗികാതിര്‍ത്തിയായി ഈ നദി വര്‍ത്തിക്കുന്നു. മധ്യപ്രദേശിലെ അമര്‍കാന്തക്കി (Amrkantak) ലെ മായ്കലാ (Maikala) കുന്നുകളിലുള്ള നര്‍മദാകുണ്ഡില്‍ നിന്നാണ് നര്‍മദാനദി ഉദ്ഭവിക്കുന്നത്. ഉദ്ഭവസ്ഥാനത്തുനിന്ന് പൊതുവേ പടിഞ്ഞാറന്‍ ദിശയില്‍ പ്രവഹിക്കുന്ന ഈ നദി 320 കിലോമീറ്ററോളം മാണ്ഡ്ലാ കുന്നുകള്‍ക്കിടയിലൂടെ ഒഴുകിയ ശേഷം ജബല്‍പൂരിനടുത്തുവച്ച് മാര്‍ബിള്‍ ശിലാഫലകങ്ങളാല്‍ രൂപംകൊണ്ട ഒരു ഇടുങ്ങിയ താഴ്വരയിലേക്ക് പ്രവേശിക്കുന്നു. ഇവിടെ ഭേഡാഘട്ടില്‍ സ്ഥിതിചെയ്യുന്ന മാര്‍ബിള്‍ ജലപാതം പ്രസിദ്ധവും നയനമനോഹരവുമാണ്. താഴ്വരപ്രദേശം കടന്ന്, വിന്ധ്യ-സത്പുര കുന്നുകള്‍ക്കിടയിലൂടെ പടിഞ്ഞാറന്‍ ദിശയിലൊഴുകി അറേബ്യന്‍ സമുദ്രശാഖയായ കാംബെ ഉള്‍ക്കടലില്‍ പതിക്കുന്ന നര്‍മദയുടെ അഴിമുഖപ്രദേശത്തിന് കിലോമീറ്ററുകളോളം വീതിയുണ്ട്.

നര്‍മദാ നദി സമുദ്രത്തില്‍ സംഗമിക്കുന്ന പ്രദേശം ജമദഗ്നി തീര്‍ഥമെന്ന പേരില്‍ പ്രസിദ്ധമാണ്. ഒരു പ്രമുഖ ഹൈന്ദവ തീര്‍ഥാടനകേന്ദ്രം കൂടിയാണ് ഈ പ്രദേശം. മഹാഭാരതം, പദ്മപുരാണം, യോഗിനിതന്ത്രം, മത്സ്യപുരാണം തുടങ്ങിയ ഹൈന്ദവപുരാണഗ്രന്ഥങ്ങളിലെല്ലാം നര്‍മദാനദിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്.

സത്പുരാ കുന്നുകളുടെ വടക്കന്‍ ചരിവുകളാണ് നര്‍മദാ നദിയുടെ മുഖ്യനീര്‍വാര്‍ച്ച പ്രദേശങ്ങളായി വര്‍ത്തിക്കുന്നത്. നദിയില്‍ രൂപംകൊണ്ടിട്ടുള്ള പാറക്കെട്ടുകളും നദിയുടെ ആഴക്കുറവും നര്‍മദയുടെ ഏറിയ ഭാഗങ്ങളും ഗതാഗതയോഗ്യമല്ലാതാക്കിമാറ്റുന്നു. നദിയുടെ സംഗമസ്ഥാനത്തോടടുത്ത ഭാഗങ്ങളില്‍ കുറച്ചു ദൂരത്തേക്കുമാത്രം ഗതാഗതം സാധ്യമാണ്. പശ്ചിമ തീരത്തിനും ഗംഗാസമതലത്തിനുമിടയിലുള്ള ഒരു നൈസര്‍ഗിക വാണിജ്യപാത എന്ന നിലയിലും നര്‍മദാനദീതടത്തിന് പ്രാധാന്യമുണ്ട്.

നര്‍മദയിലെ വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് 1969-ല്‍ നിയോഗിച്ച നര്‍മദാ ജലതര്‍ക്ക സമിതി ഈ മൂന്ന് സംസ്ഥാനങ്ങളിലെയും വ്യവസായങ്ങള്‍ക്കും കൃഷിക്കും നഗരാവശ്യങ്ങള്‍ക്കും വേണ്ടി നര്‍മദാ ജലം ഉപയോഗിക്കുന്നതിനു ഒരു പദ്ധതി മുന്നോട്ടുവച്ചു. അതിന്‍പ്രകാരമുള്ള ഒരു വന്‍വികസനപരിപാടിയാണ് നര്‍മദാതടത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. 30 വന്‍ അണക്കെട്ടുകളടക്കം ആകെ 3200 അണക്കെട്ടുകള്‍ നര്‍മദയില്‍ വിഭാവനം ചെയ്തിരിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനവും പൂര്‍ത്തിയായിവരുന്നതുമായ ഒന്നാണ് 'നര്‍മദാ സരോവര്‍ പദ്ധതി'. നോ: നര്‍മദ ബചാവോ ആന്ദോളന്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍