This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നര്‍ക്സ് സിദ്ധാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നര്‍ക്സ് സിദ്ധാന്തം

Nurkse Theory

ഒരു ധനതത്ത്വസിദ്ധാന്തം. വിയന്ന സര്‍വകലാശാലയില്‍ കാര്‍ണേജി ഫെല്ലോഷിപ്പ് നേടിയ റഗ്നാര്‍ നര്‍ക്സ് (Ragnar Nurkse) പ്രസിദ്ധീകരിച്ച കോസ് ആന്‍ഡ് ഇഫക്റ്റ് ഒഫ് ക്യാപിറ്റല്‍ മൂവ്മെന്റ്സ് എന്ന ലേഖനത്തില്‍ നിന്നാണ് 'നര്‍ക്സ് സിദ്ധാന്തം' എന്ന പേരില്‍ അറിയപ്പെടുന്ന ആശയങ്ങളുടെ ഉദ്ഭവം.

സാമ്പത്തിക വികസനത്തിന് ആവശ്യമായ ഘടകമാണ് മൂലധനം. അതിന്റെ ഉടവിടം മിച്ചസമ്പാദ്യമാണ്. വികസ്വര രാജ്യങ്ങളില്‍ വികസനത്തിന് തടസ്സമായി നില്ക്കുന്ന ഒരു പ്രതിഭാസമാണ് 'ദാരിദ്ര്യത്തിന്റെ ദൂഷിതവലയം' (Vicious Circle of Poverty) കുറഞ്ഞ വരുമാനം മിച്ചസമ്പാദ്യം കുറയുന്നതിനിടയാക്കുന്നു. കുറഞ്ഞ മിച്ചസമ്പാദ്യംമൂലം മൂലധനസ്റ്റോക്കും ഉത്പാദനവും കുറയുന്നു. അത് വീണ്ടും വരുമാനം കുറയുന്നതിന് കാരണമാകുന്നു. ഇതാണ് ദാരിദ്ര്യത്തിന്റെ ദൂഷിതവലയം. ഈ വലയം ഭേദിക്കണമെങ്കില്‍ വന്‍തോതില്‍ മൂലധനനിക്ഷേപം ഉണ്ടാകണം. ഇതിനുവേണ്ട മിച്ചസമ്പാദ്യം സ്വരൂപിക്കുന്നതിന് നര്‍ക്സ് നിര്‍ദേശിച്ചവഴി ഇതാണ്: വികസ്വര രാജ്യങ്ങളില്‍ വന്‍തോതിലുള്ള തൊഴിലില്ലാപ്പടയുണ്ട്. തൊഴിലില്ലാത്തവര്‍ കൂടുതലും കാര്‍ഷികമേഖലയിലാണ്. അവിടെ നിന്നും അധികപ്പറ്റുള്ളവരെ വ്യവസായ മേഖലയിലേക്ക് മാറ്റിയാലും കാര്‍ഷികമേഖലയിലെ ഉത്പാദനത്തില്‍ കുറവ് വരില്ല. അധികപ്പറ്റുള്ളവരുടെ ഉത്പാദനക്ഷമത പൂജ്യമായതാണ് അതിനു കാരണം. എന്നാല്‍ അതേസമയത്ത് കാര്‍ഷികമേഖലയില്‍ അധികപ്പറ്റുള്ളവര്‍ വ്യവസായ മേഖലയില്‍ എത്തിയാല്‍ അവര്‍ക്ക് ഉത്പാദനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയും. കാര്‍ഷികമേഖലയും വ്യവസായ മേഖലയും സമന്വയിപ്പിച്ച് വികസനം നടത്തുന്ന രീതിയാണ് വികസ്വരരാജ്യങ്ങള്‍ക്ക് യോജിക്കുക. ഇതിനെയാണ് 'സന്തുലിത വികസന സിദ്ധാന്തം' (Balanced Growth Theory) എന്ന് വിശേഷിപ്പിച്ചത്. ദാരിദ്ര്യത്തിന്റെ ദൂഷിതവലയം ഭേദിക്കാന്‍വേണ്ട വന്‍തോതിലുള്ള നിക്ഷേപം ഉപയോഗിക്കുന്ന പ്രക്രിയയെ 'ബിഗ് പുഷ്' (Big Push) എന്ന് വിശേഷിപ്പിച്ചു. ഈ ആശയങ്ങളാണ് 'നര്‍ക്സ് സിദ്ധാന്തം' എന്നറിയപ്പെടുന്നത്. ഈ ആശയം തന്നെയാണ് നര്‍ക്സിനോടൊപ്പം ആര്‍തര്‍ലൂയിസ് റോസന്‍സ്റ്റീന്‍ റോഡാനും, സാമ്പത്തിക വളര്‍ച്ചാസിദ്ധാന്തം വികസിപ്പിച്ചെടുത്ത മറ്റ് വിദഗ്ധരും മുന്നോട്ടു വച്ചത്.

നര്‍ക്സ് രചിച്ച ഇന്റര്‍നാഷണല്‍ കറന്‍സി എക്സ്പീരിയന്‍സ്: ലെസണ്‍സ് ഒഫ് ദ് ഇന്റര്‍ വാര്‍ പീരിയഡ്, കണ്‍ഡീഷന്‍സ് ഒഫ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഇക്വലിബ്രിയം (1945), പ്രോബ്ളംസ് ഒഫ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ ഇന്‍ അണ്ടര്‍ ഡെവലപ്മെന്റ് (1955) എന്നീ കൃതികള്‍ ശ്രദ്ധേയങ്ങളാണ്. നര്‍ക്സ് തയ്യാറാക്കിയ 'ദ് ട്രാന്‍സിഷന്‍ ഫ്രം വാര്‍ റ്റു പീസ് ഇക്കോണമി' എന്ന റിപ്പോര്‍ട്ടിലും സാമ്പത്തിക വികസനത്തിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 1946-ല്‍ ഐ.എം.എഫില്‍ ചേരാന്‍ ക്ഷണം കിട്ടിയിട്ടും അത് നിരസിച്ച് കൊളംബിയന്‍ സര്‍വകലാശാലയില്‍ അധ്യാപന-ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. 1959-ല്‍ അന്തരിക്കുമ്പോള്‍ 52 വയസ്സുമാത്രമേയായിരുന്നുള്ളു. അവസാനനാളുകളില്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

(പ്രൊഫ. കെ. രാമചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍