This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരിവെങ്കായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരിവെങ്കായം

Indian Squill

ലില്ലിയെസീ (Liliaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാ.നാ. അര്‍ജിനിയ ഇന്‍ഡിക (Urginea indica). കാടുകളില്‍ സാധാരണയായി കാണപ്പെടുന്നതുകൊണ്ട് കാട്ടുള്ളി എന്നും ഇത് അറിയപ്പെടുന്നു. ആകര്‍ഷകമായ പുഷ്പങ്ങളുള്ളതിനാല്‍ ഇത് പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്താറുണ്ട്.

75 സെ.മീ.-ഓളം ഉയരത്തില്‍ വളരുന്ന ബഹുവര്‍ഷി സസ്യമാണ് നരിവെങ്കായം. വര്‍ഷംതോറും സസ്യത്തിന്റെ മണ്ണിനുമുകളിലുള്ള ഭാഗങ്ങള്‍ നശിച്ചുപോകുമെങ്കിലും പ്രകന്ദം മണ്ണിനടിയില്‍ നിലനില്ക്കും, വര്‍ഷകാലാരംഭത്തോടെ പ്രകന്ദത്തില്‍നിന്ന് വായവഭാഗം മുളച്ചുപൊങ്ങുന്നു. അണ്ഡാകൃതിയിലുള്ള പ്രകന്ദത്തിന് 5-10 സെ.മീ. വ്യാസമുണ്ടായിരിക്കും. രൂക്ഷഗന്ധമുള്ള പ്രകന്ദത്തിന് വെള്ളയോ വിളറിയ മഞ്ഞയോ നിറമാണ്. ഇലകള്‍ക്ക് 10-30 സെ.മീ. നീളവും 1.5-3 സെ.മീ. വീതിയുമുണ്ട്. ഇലകള്‍ ദീര്‍ഘാകാരമാണ്. അഗ്രം കൂര്‍ത്തിരിക്കുന്നു. പുഷ്പമഞ്ജരിക്ക് 15-32 സെ.മീ. നീളമുണ്ടായിരിക്കും. പുഷ്പവൃന്തം 2-4 സെ.മീ. നീളമുള്ളതാണ്. ഇളം തവിട്ടുനിറത്തിലുള്ള പുഷ്പങ്ങള്‍ കീഴോട്ട് തൂങ്ങിക്കിടക്കുന്നു. ആറ് കേസരങ്ങളുണ്ട്. അണ്ഡാശയത്തിന് മൂന്ന് അറകളാണുള്ളത്. രണ്ടറ്റവും നേര്‍ത്തുകൂര്‍ത്തിരിക്കുന്ന കായ 1.5-2 സെ.മീ. നീളമുള്ളതാണ്. വിത്തുകള്‍ക്ക് ആറ് മി.മീ. നീളവും മൂന്ന് മി.മീ. വീതിയുമുണ്ട്. വിത്തുകള്‍ പരന്നതും കറുപ്പുനിറത്തിലുള്ളതുമാണ്.

നരിവെങ്കായത്തിന്റെ പ്രകന്ദത്തില്‍ സില്ലിപിക്രിന്‍, സില്ലിടോക്സിന്‍ എന്നീ തിക്തപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ സില്ലാറെന്‍-എ (Scillaren-A) സില്ലാറെന്‍-ബി എന്നീ സ്ഫടിക രൂപത്തിലുള്ള ഗ്ലൂക്കോസൗഡും അടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തിലധികം പഴക്കമുള്ള പ്രകന്ദം ഔഷധമായി സാധാരണ ഉപയോഗിക്കാറില്ല.

പ്രകന്ദത്തിന് അണുനാശകശക്തിയുണ്ട്. ഇത് കൃമികളെ നശിപ്പിക്കുന്നു. ചര്‍മരോഗങ്ങള്‍, ഉദരക്കൃമി, മൂത്രാശയരോഗങ്ങള്‍, ജലദോഷം, ശ്വാസകോശരോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കും. ഇതിന് ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട്. നിശ്ചിത മാത്രയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് വിഷസ്വഭാവമുളവാക്കും.

പ്രകന്ദം ചതച്ച് അല്പം ചൂടാക്കി ശരീരവേദനയുള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ വേദനയും നീരും മാറും. കാല്പാദം വിണ്ടുകീറുന്നതും മഴക്കാലത്ത് വിരലുകള്‍ക്കിടയിലുണ്ടാകുന്ന വളംകടിയും ശമിക്കുന്നതിന് ഇത് ചതച്ച് ചൂടാക്കി വച്ചുകൊടുക്കാറുണ്ട്. ശ്വാസകോശരോഗങ്ങള്‍, കാല്പാദങ്ങളില്‍ നീര് മുതലായവയ്ക്ക് ഇതിന്റെ നീര് 30 തുള്ളി വീതം ദിവസവും സേവിക്കുന്നത് രോഗശമനമുണ്ടാക്കും. പഴകിയ കാസശ്വാസരോഗങ്ങള്‍ക്കും ഇത് നല്ല ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന അരിമ്പാറ നശിപ്പിക്കാന്‍ കാട്ടുള്ളിനീര് പതിവായി ലേപനം ചെയ്താല്‍ മതി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍