This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നരിമീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നരിമീന്‍
Sea Perch
പെര്‍സിഡെ (Percidae) മത്സ്യകുടുംബത്തില്‍പ്പെടുന്ന വളര്‍ത്തുമത്സ്യം. ശാ.നാ. ലാറ്റെസ് കാല്‍ക്കാരിഫെര്‍ (Lates calcarifer). ഒരു ഉത്തമഭക്ഷ്യമത്സ്യമായ നരിമീന്‍ നായര്‍മീന്‍, കാളാഞ്ചി എന്നീ പേരുകളിലും അറിയപ്പെടുന്നു.
പാകിസ്താന്‍, ശ്രീലങ്ക, മലയ, തായ്ലന്‍ഡ്, വിയറ്റ്നാം, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സമുദ്രതീരങ്ങളിലാണ് നരിമീനിനെ സാധാരണ കണ്ടുവരുന്നത്. കായലുകളും നദീമുഖങ്ങളുമാണ് ഇഷ്ടവാസസ്ഥലം. ഇരതേടി നദീമുഖങ്ങളില്‍നിന്ന് നദികളിലേക്ക് 100 കി.മീ. ദൂരംവരെ ഇവ സഞ്ചരിക്കാറുണ്ട്. ശുദ്ധജലത്തിലും ലവണജലത്തിലും ജീവിക്കാന്‍ കഴിവുള്ളവയാണ് ഇവ.
മുതുകുഭാഗത്തിന് പച്ചയോ, ചാരനിറമോ ആയിരിക്കും; വയര്‍ഭാഗം വെള്ളിനിറവും. ശരീരത്തില്‍ അവിടവിടെ മഞ്ഞപ്പൊട്ടുകളും മുതുകിനു മുന്‍ഭാഗത്തായി വെളുത്ത പാളികളും കാണപ്പെടാറുണ്ട്. ശരീരത്തിന് പൊതുവേ ദീര്‍ഘാകൃതിയാണ്. ശരീരത്തിന്റെ പാര്‍ശ്വഭാഗം പതിഞ്ഞിരിക്കുന്നു. വായ, മോന്തയില്‍ കുറുകേ കീറിയതുപോലെയാണ്. കീഴ്ത്താടി മുമ്പോട്ടു തള്ളിയിരിക്കും. വായ്ക്കകത്ത് ധാരാളം പല്ലുകളുണ്ട്. ആദ്യത്തെ മുതുച്ചിറകില്‍ മൂര്‍ച്ചയുള്ള ഏഴോ-എട്ടോ മുള്ളുകളും ഗുദച്ചിറകില്‍ മൂര്‍ച്ചയുള്ള മൂന്നു മുള്ളുകളുമുണ്ട്. ചെതുമ്പലുകള്‍ താരതമ്യേന വലുപ്പം കൂടിയതാണ്. പാര്‍ശ്വരേഖയില്‍ 52-61 ചെതുമ്പലുകളാണ് സാധാരണയായി കാണപ്പെടുന്നത്. നരിമീന്‍ 170 സെ.മീ. നീളത്തില്‍ വളരും. ശുദ്ധജലതടാകങ്ങളിലാണ് ഇവ വളരുന്നത്.
ഭക്ഷണത്തില്‍ 75 ശ.മാ.-വും ചെറിയ മത്സ്യങ്ങളും ചെമ്മീനുകളുമാണ്. ജലത്തിലെ ഒച്ചുകളെയും ഇവ ഭക്ഷിക്കുന്നു. മള്ളറ്റുകള്‍, പൂമീന്‍, പൂവന്‍ മത്സ്യം, നെതോലി തുടങ്ങി നദീമുഖങ്ങളില്‍ കാണുന്ന നിരവധി മത്സ്യങ്ങളെയും നരിമീന്‍ ഭക്ഷിക്കും.
നരിമീനുകള്‍ ശീതകാലത്ത് നദീമുഖങ്ങളോടടുത്ത കായല്‍ത്തീരങ്ങളിലും ആയിരിക്കാം പ്രജനനം നടത്തുന്നതെന്ന് കരുതപ്പെടുന്നു. തിരുത, കരിമീന്‍, പൂമീന്‍, കാര്‍പ്പുകള്‍ തുടങ്ങിയ മത്സ്യങ്ങളോടൊപ്പം നരിമീനുകളെ വളര്‍ത്താറില്ല. രുചിയുള്ള നരിമീനുകള്‍ പോഷകമൂല്യമേറിയതുമാണ്. ഇതിന്റെ മാംസത്തില്‍ ജലാംശം (74.9 ശ.മാ.), മാംസ്യം (14.8 ശ.മാ.), കൊഴുപ്പ് (2.8 ശ.മാ.), ഫോസ്ഫറസ് (.3 ശ.മാ.), കാല്‍സ്യം, ഇരുമ്പ് (.70 മി.ഗ്രാം) എന്നിവ അടങ്ങിയിരിക്കുന്നു.