This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരസിംഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരസിംഹം

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ നാലാമത്തേതായി കണക്കാക്കുന്ന അവതാരം. ഹിരണ്യകശിപുവിനെ വധിക്കുകയായിരുന്നു അവതാരോദ്ദേശ്യം.

ഇതിന്റെ പിന്നിലുള്ള പുരാണകഥ ഇങ്ങനെ സംഗ്രഹിക്കാം.

ദുഷ്ടന്മാരായി വളര്‍ന്ന ഇരട്ടകളില്‍ മൂത്തവനായ ഹിരണ്യാക്ഷനെ, വരാഹരൂപത്തില്‍ അവതരിച്ച മഹാവിഷ്ണു വധിച്ചു. മഹാവിഷ്ണുവിനോടു പകരം വീട്ടാന്‍ കൂടുതല്‍ ശക്തി സമ്പാദിക്കാനായി ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സുകൊണ്ടു പ്രത്യക്ഷനാക്കി വരങ്ങള്‍ വാങ്ങി. 'മനുഷ്യനോ മൃഗമോ കൊല്ലരുത്. പകലോ, രാത്രിയോ വീട്ടിനകത്തുവച്ചോ പുറത്തുവച്ചോ ആകാശത്തില്‍ വച്ചോ ഭൂമിയില്‍ വച്ചോ തന്നെ ആരും കൊല്ലരുത്' ഇതായിരുന്നു വരം. ഈ വരം ലംഘിക്കാതിരിക്കാനാണ് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹമായി മഹാവിഷ്ണു അവതരിച്ചത്.

വിഷ്ണുഭക്തനായ പ്രഹ്ളാദന്‍ എന്ന പുത്രനെ വധിക്കുന്നതിന് ഹിരണ്യകശിപു ശ്രമിക്കുന്നു. 'തൂണിലും തുരുമ്പിലുമെല്ലാം ആ ഭക്തവത്സലന്‍ സ്ഥിതി ചെയ്യുന്നുണ്ട് എന്ന പ്രഹ്ളാദവചനത്തില്‍ അടുത്തുനിന്ന തൂണില്‍ കോപിഷ്ഠനായ ഹിരണ്യകശിപു വാളുകൊണ്ട് ആഞ്ഞുവെട്ടി. (ഗദകൊണ്ട് ശക്തിയായി പ്രഹരിച്ചു എന്നും ചില ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.) അപ്പോള്‍ തൂണ് പിളര്‍ന്ന് നരസിംഹം പ്രത്യക്ഷനായി എന്നും വയര്‍പിളര്‍ന്ന് അയാളെ വധിച്ചു എന്നുമാണ് പുരാവൃത്തം. കുടല്‍മാലയണിഞ്ഞ് രൌദ്രഭാവത്തില്‍ ഇരുന്ന നരസിംഹത്തെ ശാന്തനാക്കുവാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. എന്നാല്‍ പ്രഹ്ളാദന്‍ അടുത്തു ചെന്നപ്പോള്‍ ഭഗവാന്‍ ശാന്തനായി. തെറ്റുകള്‍ പൊറുത്ത് പിതാവിനെ അനുഗ്രഹിക്കണമെന്ന് പ്രഹ്ളാദന്‍ അഭ്യര്‍ഥിച്ചു. അത് അംഗീകരിക്കപ്പെടുകയും ചെയ്തു.

ബ്രഹ്മാവു കൊടുത്ത വരം ലംഘിക്കാതെയാണ് നരസിംഹം ഹിരണ്യകശിപുവിനെ വധിച്ചത്. രാത്രിയോ പകലോ വധിക്കാന്‍ പാടില്ലല്ലോ. അതുകൊണ്ടാണ് വധം സന്ധ്യാസമയത്തു നടത്തിയത്. വധത്തിന് ആയുധമെടുത്തില്ല. നഖങ്ങള്‍ മാത്രമേ ഉപയോഗിച്ചുള്ളു. ആകാശത്തു വച്ചോ ഭൂമിയില്‍വച്ചോ അല്ല മടിയില്‍ കിടത്തിയാണു കൊന്നത്. മുറിക്കകത്തോ പുറത്തോ വച്ചല്ല ഉമ്മറപ്പടിയിലിരുന്നാണ് വധം നിര്‍വഹിച്ചത്. കൊന്നതു മനുഷ്യനല്ല മൃഗവുമല്ല, രണ്ടുമല്ലാത്ത അഥവാ രണ്ടും ചേര്‍ന്ന നരസിംഹമൂര്‍ത്തി.

നരസിംഹത്തിന്റെ കഥ ഭാഗവതം, പദ്മപുരാണം എന്നിവയിലുണ്ട്. നാരസിംഹോപപുരാണം അഥവാ പദ്മപുരാണത്തില്‍ ഈ ഭാഗം നൃസിംഹപുരാണം എന്നറിയപ്പെടുന്നു.

(ഡോ. മാവേലിക്കര അച്യുതന്‍; സ.പ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%82%E0%B4%B9%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍