This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നയീ കഹാനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നയീ കഹാനി

ഹിന്ദിയിലെ നവീനകഥാപ്രസ്ഥാനം. 1950-നുശേഷമാണ് ഇത് ഉദയം ചെയ്തത്. പുതിയ ഭാവബോധം, ആധുനിക ബോധത്തില്‍ അധിഷ്ഠിതമായ ജീവിത യാഥാര്‍ഥ്യങ്ങളുടെ ചിത്രീകരണം, വേറിട്ട ഒരു പുതിയ സ്വരം എന്നിവ ഈ പ്രസ്ഥാനത്തിന്റെ സവിശേഷതകളാണ്.

ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയിലുള്ള കാലയളവില്‍ മാനവികബോധത്തിന് കാതലായ പരിവര്‍ത്തനം സംഭവിച്ചു. സ്വാതന്ത്യ്രാനന്തരവും ഇന്ത്യാ-പാക് വിഭജനത്തിനുശേഷവും ജീവിതമൂല്യങ്ങളില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാവുകയും ചെയ്തു. മാനുഷികബന്ധങ്ങളിലുണ്ടായ മാറ്റം പുതിയൊരു യുഗബോധം സൃഷ്ടിച്ചു. പുതിയ പരിതഃസ്ഥിതികള്‍ 'നയീ കഹാനി'യെ സൃഷ്ടിക്കുകയായിരുന്നു. പുത്തന്‍ മാനവിക വീക്ഷണം, ആധുനികത, ജീവിതസംഭവങ്ങളെ പുതിയ പരിപ്രേക്ഷ്യത്തില്‍ വീക്ഷിക്കല്‍ എന്നിവയാണ് 'നയീ കഹാനി' ഉണ്ടാവാനുള്ള പ്രധാന കാരണങ്ങള്‍. പുതിയ കഥാകാരന്മാര്‍ പഴയ കാഴ്ചപ്പാടില്‍നിന്നും ഭിന്നമായി ചട്ടക്കൂടുകള്‍ ഉപേക്ഷിച്ചു. സ്വതന്ത്രമായ പുത്തന്‍ ഭാവബോധത്തോടെ ജീവിതത്തെ വീക്ഷിച്ചു. മനുഷ്യജീവിതത്തിലെ വിരോധാഭാസങ്ങള്‍, പൊരുത്തക്കേട്, വിഘടനം എന്നിവയില്‍നിന്നാണ് പുതിയ സമീപനം ഉടലെടുത്തത്. അനുഭവത്തിന്റെയും അനുഭൂതിയുടെയും പ്രാമാണികത, വിശ്വസനീയത, സാമൂഹികതയുടെ സ്ഥാനത്ത് വ്യക്തിസ്വാതന്ത്യ്രത്തിന് ലഭിച്ച വര്‍ധിച്ച പ്രാധാന്യം, ലഭ്യമായ സത്യങ്ങളെ പ്രാമാണികമെന്ന് മുദ്രകുത്തല്‍, പുതിയ മൂല്യങ്ങളോടൊപ്പം പുതിയ കണ്ടെത്തലുകള്‍ക്കുള്ള പ്രാധാന്യം എന്നിവ 'നയീ കഹാനി'യുടെ പ്രത്യേകതകളാണ്.

'നയീ കഹാനി' എന്ന പേര് ഹിന്ദിയിലെ പ്രശസ്ത കഥാകാരന്മാരായ ജൈനേന്ദ്ര്, യശ്പാല്‍, ഇലാചന്ദ്ര ജോഷി, ഉപേന്ദ്രനാഥ് അശ്ക്, അജ്ഞേയ് തുടങ്ങിയവര്‍ക്കുശേഷം വരുന്ന തലമുറയുടെ കഥകള്‍ക്കാണ് ലഭ്യമായിട്ടുള്ളത്. ഇവരാകട്ടെ സ്വാതന്ത്യ്രലബ്ധിക്കുശേഷമാണ് സാഹിത്യലോകത്ത് ശ്രദ്ധേയരായത്. രാജേന്ദ്രയാദവ്, നിര്‍മല്‍വര്‍മ, കമലേശ്വര്‍, മോഹന്‍ രാകേശ്, ഉഷാപ്രിയംവദ, മന്നു ഭണ്ഡാരി എന്നിവര്‍ ഈ പ്രസ്ഥാനത്തിലെ പ്രമുഖരാണ്.

'നയീ കഹാനി' എന്ന പേരിന്റെ തുടക്കം 1956 ജനു.-യിലെ കല്പന മാസികയില്‍ ദുഷ്യന്ത്കുമാര്‍ എഴുതിയ 'നയീ കഹാനി: പരമ്പരാ ഔര്‍ ശീര്‍ഷക്' എന്ന ലേഖനത്തില്‍ നിന്നാണെന്ന് കരുതാം. എങ്കിലും പേരിനെക്കുറിച്ചുള്ള യുക്തിസഹമായ ഒരു വിശ്ളേഷണം ഇവിടെ കാണാന്‍ കഴിയില്ല. ഡോ. നാംവര്‍സിങ് 1956 ജനു.-ല്‍ത്തന്നെ കഹാനി മാസികയില്‍ എഴുതിയ 'ആജ് കീ ഹിന്ദി കഹാനി' എന്ന ലേഖനത്തിലും ഈ പേര് സമര്‍ഥിക്കുന്നുണ്ട്. അതിനുമുമ്പുതന്നെ ഹിന്ദിയില്‍ 'നയീ കവിതാ' പ്രസ്ഥാനം ഉടലെടുത്തിരുന്നുവെങ്കിലും അക്കാലത്തെ കഥകളില്‍ പുതുമ കുറവല്ലെന്നും അതുകൊണ്ട് 'നയീ കഹാനി' എന്ന പേര് സ്വീകരിച്ചുകൂടേ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. പിന്നീട് അദ്ദേഹം സാങ്കേതികത്വത്തെയും, സൂക്ഷ്മമായ ചുറ്റുപാടുകളെയും, സംഗീതാത്മകതയെയും, പുതിയ കാഴ്ചപ്പാടിനെയും അടിസ്ഥാനപ്പെടുത്തി 'നയീ കഹാനി'യെ വിലയിരുത്തിക്കൊണ്ടിരുന്നു. നാംവര്‍സിങ്ങിന്റെ അഭിപ്രായത്തില്‍ നിര്‍മല്‍വര്‍മയുടെ പരിന്ദെയാണ് നയീ കഹാനിയിലെ ആദ്യകഥ. ഹിന്ദിയിലെ പ്രശസ്ത കഥാകൃത്ത് മോഹന്‍ രാകേഷിന്റെ അഭിപ്രായത്തില്‍ ഇത് നയീ കവിതയില്‍നിന്നും വേറിട്ടുനില്ക്കുന്ന പ്രസ്ഥാനമാണ്. കമലേശ്വര്‍ 'നയീ കഹാനി'യെ 'നയീ കവിത'യുടെ സമാന്തരപ്രസ്ഥാനമായി കണക്കാക്കുന്നു. അതേസമയം 'നയീ കവിത'യെന്നത് 'നയീ കഹാനി'ക്കുമുന്‍പ് ഒരു പ്രസ്ഥാനമായി ഉദയം ചെയ്തിട്ടില്ലെന്നാണ് രാജേന്ദ്രയാദവിന്റെ പക്ഷം.

ഈ പ്രസ്ഥാനക്കാര്‍ കഥയെ ജീവിതയാഥാര്‍ഥ്യങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുവാന്‍ ശ്രമിച്ചു. പ്രസ്ഥാനത്തിന്റെ സ്വരം വിപ്ളവത്തിന്റേതായിരുന്നില്ല. മറിച്ച് വ്യക്തിസ്വത്വത്തെ സാമൂഹ്യചുറ്റുപാടില്‍, അതിന്റെ യാഥാര്‍ഥ്യത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു അതിന്റെ പ്രധാന ദൗത്യം. കഥാകാരന്മാര്‍ സമൂഹത്തിന്റെയോ, ഏതെങ്കിലും പരമ്പരാഗത വ്യവസ്ഥിതിയുടെയോ ആദര്‍ശവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. അവര്‍ തങ്ങളോടുതന്നെ പ്രതിബദ്ധതയുള്ളവരാണ്. കഥയില്‍ അവര്‍ ബാഹ്യതത്ത്വത്തെയൊ പ്രത്യയശാസ്ത്രത്തെയോ ഉപദേശത്തെയോ സ്വീകരിക്കുന്നില്ല. രാജേന്ദ്രയാദവിന്റെ അഭിപ്രായത്തില്‍ 'മാനവീയത, ദേശീയത, സത്യം, ധര്‍മം, സദാചാരം, പ്രാചീന മഹത്ത്വം തുടങ്ങിയവ വഞ്ചനയാണ്, ഇതിനോട് ഏതെങ്കിലും കലാകാരന്‍ തത്പരനാകുന്നത് അനുചിതമാണ്.' പുതിയ കഥാകാരന്മാര്‍ ഗതകാല ആദര്‍ശവുമായോ ഭാവി സ്വപ്നങ്ങളുമായോ, ബന്ധപ്പെടുന്നില്ല. അവര്‍ വര്‍ത്തമാന കാലത്തില്‍, അതില്‍ത്തന്നെ, സ്വയം അനുഭവിച്ച യാഥാര്‍ഥ്യങ്ങളെയാണ് കേന്ദ്രബിന്ദുവാക്കുന്നത്. ഇപ്രകാരം 'നയീ കഹാനി'യില്‍ വ്യക്തിവാദം, യഥാര്‍ഥവാദം, അനുഭൂതിവാദം, ആധുനികത എന്നിവയെയാണ് മുഖ്യമായും പ്രതിഷ്ഠിച്ചിരിക്കുന്നത്. പരിണതഫലമായി അവര്‍ ജീവിതം, സമൂഹം, രാഷ്ട്രം എന്നിവയുടെ വ്യാപകമായ പരിപ്രേക്ഷ്യത്തില്‍നിന്നും വേറിട്ട് കഥാകൃത്തുക്കളുടെ വ്യക്തിജീവിതത്തിന്റെ സ്വകാര്യപരിധികളില്‍ മുഴുകി. അതിനാല്‍ 'നയീ കഹാനി'യില്‍ വ്യക്തിയിലധിഷ്ഠിതമായ കാമുകത്വം, കാമവാസന, ലൈംഗികത, സ്ത്രീപുരുഷബന്ധങ്ങള്‍ എന്നിവ വ്യാപകമായി ചിത്രീകരിക്കപ്പെട്ടു. പുതിയ കഥാകാരന്മാര്‍ മുഖ്യമായും ആധുനികമായ ഉയര്‍ന്ന തട്ടിലുള്ള ഇടത്തരക്കാരെയാണ് ഇതിവൃത്തമാക്കുന്നത്. അവരില്‍ പരമ്പരാഗത വിശ്വാസവും സദാചാരമൂല്യങ്ങളും തകര്‍ന്നതിന്റെ ഫലമായി ദാമ്പത്യത്തിന്റെ ഏതാണ്ട് എല്ലാ അവസ്ഥകളും, കുടുംബജീവിതത്തിന്റെ പൊരുത്തമില്ലായ്മയും അനുഭൂതിതലത്തില്‍ത്തന്നെ കാണാന്‍ കഴിയും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍