This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്പൂതിരിപ്പാട്, ഇ.എം.എസ്. (1909 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമ്പൂതിരിപ്പാട്, ഇ.എം.എസ്. (1909 - 98)

കേരള സംസ്ഥാനത്തിന്റെ പ്രഥമമുഖ്യമന്ത്രി. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുടെ സമുന്നത നേതാവ്.

1909 ജൂണ്‍ 13-ന് ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള എലംകുളം ഗ്രാമത്തില്‍ എലംകുളം മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തര്‍ജനത്തിന്റെയും നാലാമത്തെ പുത്രനായി ജനിച്ചു. സ്കൂളില്‍ ചേരുന്നതുവരെ മനയ്ക്കല്‍വച്ചുതന്നെയാണ് പഠനം നടന്നത്. എട്ടാം വയസ്സില്‍ ഉപനയനത്തെത്തുടര്‍ന്ന് വേദപഠനം നടത്തി. 1923-ല്‍ നമ്പൂതുരിമാരുടെ സംഘടനയായ യോഗക്ഷേമസഭയുടെ വള്ളുവനാട് ഉപസഭാസെക്രട്ടറിയായി. പെരിന്തല്‍മണ്ണ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്കൂള്‍ വിദ്യാഭ്യാസം നടത്തിയത്. 1927 ഡി.-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മദിരാശി സമ്മേളനത്തിലും 1928 ഏ.-ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയസമ്മേളനത്തിലും പങ്കെടുക്കുകയുണ്ടായി. 1929 ജൂണില്‍ തൃശ്ശൂര്‍ സെന്റ്തോമസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. ഉണ്ണിനമ്പൂതിരി മാസികയുടെ ഉപപത്രാധിപരായി പ്രവര്‍ത്തിച്ചതും അക്കാലത്താണ്. 1931-ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായി ബി.എ.യ്ക്ക് ചേര്‍ന്നെങ്കിലും മുഴുവന്‍ സമയ സ്വാതന്ത്ര്യസമര ഭടനാകുന്നതിനുവേണ്ടി പഠനം നിര്‍ത്തി. ജനു. 17-ന് കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടത്തിയ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു (പി. കൃഷ്ണപ്പിള്ളയെ കണ്ടുമുട്ടുന്നത് അവിടെവച്ചാണ്). കണ്ണൂരിലെ ജയില്‍വാസത്തിനിടയ്ക്കാണ് എ.കെ.ജി. യുമായി പരിചയപ്പെട്ടത്. ഗാന്ധിജി നിയമലംഘന പ്രസ്ഥാനം പിന്‍വലിച്ചതിനെത്തുടര്‍ന്ന് 1933 സെപ്. 9-ന് കെ.പി.സി.സി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് എ.ഐ.സി.സി. അംഗമാകുകയും ചെയ്തു. 1937-38 കാലത്ത് കെ.പി.സി.സി. ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 1935 ജനു. 9-ന് ഷൊര്‍ണൂരില്‍ നിന്ന് പ്രഭാതം മാസിക ആരംഭിക്കുകയും അതില്‍ ഞാന്‍ പറയാം എന്ന ചോദ്യോത്തരപങ്ക്തി എഴുതിത്തുടങ്ങുകയും ചെയ്തു.

1936 ജനു.-ല്‍ പി. സുന്ദരയ്യയും എസ്.വി. ഘാട്ടെയും ഇ.എം.എസ്സുമായി ചര്‍ച്ചകള്‍ നടത്തുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാക്കുകയും ചെയ്തു. 1937 ജൂണില്‍ കോഴിക്കോട്ടുവച്ച് പി. കൃഷ്ണപ്പിള്ള സെക്രട്ടറിയായി കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഘടകം രൂപവത്കരിച്ചപ്പോള്‍ ഇ.എം.എസ്. അതില്‍ അംഗമായി. എന്‍.സി. ശേഖര്‍, കെ. ദാമോദരന്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍.

1937 ഒ. 17-ന് ഇ.എം.എസ് ആര്യാ അന്തര്‍ജനത്തെ വിവാഹം ചെയ്തു. 1939-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പ്രഭാതത്തിന്റെ പത്രാധിപരായി. അക്കൊല്ലം ഡിസംബറില്‍ കണ്ണൂര്‍ ജില്ലയിലെ പിണറായിക്കടുത്തുള്ള പാറപ്പുറത്തു ചേര്‍ന്ന കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യസമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍ ഇ.എം.എസ്സായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ പൂര്‍ണമായും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ആ സമ്മേളനമാണ്. അക്കൊല്ലം ഇ.എം.എസ്. മദിരാശി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1940-42 കാലത്ത് ഒളിവുജീവിതം നയിച്ചു. ആയിടയ്ക്ക് പി. കൃഷ്ണപ്പിള്ള അറസ്റ്റിലായതിനെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുണ്ടായി. 1940-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇ.എം.എസ്സിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചു.

1941-ല്‍ ഇ.എം.എസ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗമായി. അടുത്ത കൊല്ലം കോഴിക്കോട്ടുനിന്ന് വാരികയായി ആരംഭിച്ച ദേശാഭിമാനിയുടെ പ്രധാന ജോലികളെല്ലാം ചെയ്തത് ഇദ്ദേഹമായിരുന്നു. അക്കാലത്താണ് ഇദ്ദേഹം തന്റെ തറവാട്ടുസ്വത്തു മുഴുവന്‍ വിറ്റ് പാര്‍ട്ടിക്ക് സംഭാവന ചെയ്തത്.

1943 മേയില്‍ മുംബൈയില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിന്റെ തീരുമാനമനുസരിച്ച് കേന്ദ്രത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഇ.എം.എസ്. അന്നത്തെ പാര്‍ട്ടി ആസ്ഥാനമായ മുംബൈയിലേക്ക് താമസം മാറ്റി.

1946 ജനു. 18-ന് ദേശാഭിമാനി ദിനപത്രമായി പ്രസിദ്ധീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് ഇ.എം.എസ്. ആണ്. അടുത്ത കൊല്ലം ജനു.-ല്‍ ഇദ്ദേഹത്തെ അറസ്റ്റുചെയ്ത് ഏഴുമാസം തടവിലിട്ടു.

1948 ഫെ.-ല്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാസ്സാക്കിയ കൊല്‍ക്കത്ത തീസ്സിസ്സിന്റെ പേരില്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1948-52 കാലത്ത് ഇ.എം.എസ്സിന് വീണ്ടും ഒളിവില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു. 1950 ഡി.-ല്‍ കൊല്‍ക്കത്തയില്‍ കൂടിയ വിശേഷാല്‍ സമ്മേളനത്തില്‍ ഇദ്ദേഹത്തെ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുത്തു. 1952-ല്‍ നടന്ന മദിരാശി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒളിവിലിരുന്നുകൊണ്ട് കോഴിക്കോട്ടുനിന്ന് മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. 1953-56 കാലത്ത് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയ ഇ.എം.എസ്. പാര്‍ട്ടിമുഖപത്രമായ ന്യൂ ഏജന്റിന്റെ പത്രാധിപരായിരുന്നു. 1956-ല്‍ ഇദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാം കോണ്‍ഗ്രസ്സില്‍ സഹോദരപ്രതിനിധിയായി പങ്കെടുത്തു. കേരളസംസ്ഥാനപ്പിറവിക്കുശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ജയിക്കുകയും 1957 ഏ. 5-ന് ഇ.എം.എസ്. സംസ്ഥാനത്തിലെ പ്രഥമമുഖ്യമന്ത്രിയായി അധികാരമേല്ക്കുകയും ചെയ്തു. 1959 ജൂല. 31-ന് കേന്ദ്രഗവണ്‍മെന്റ് 356-ാം വകുപ്പ് ഉപയോഗിച്ച് ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിട്ടു. പിന്നീട് ഇദ്ദേഹം 1960, 65, 67, 70, 77 എന്നീ വര്‍ഷങ്ങളില്‍ നടന്ന എല്ലാ നിയമസഭാതെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും 1967 മാ. 6 മുതല്‍ 1969 ഒ. 24 വരെ സപ്തകക്ഷിമുന്നണിയുടെ നേതാവെന്ന നിലയില്‍ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. 1960-64 കാലത്തും 1970-80 കാലത്തും പ്രതിപക്ഷനേതാവായും സേവനമനുഷ്ഠിക്കുകയുണ്ടായി.

1962-ല്‍ അജയ്ഘോഷ് അന്തരിച്ചതിനെത്തുടര്‍ന്ന് ഇ.എം.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷകാലത്ത് ചൈനാച്ചാരനെന്നു മുദ്രകുത്തപ്പെട്ടു. 1964 ഒക്ടോബറില്‍ സി.പി.ഐ.(എം.) രൂപവത്കരിക്കപ്പെട്ടതുമുതല്‍ മരണംവരെ ഇ.എം.എസ്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. 1974-78 കാലത്ത് സി.പി.എം. മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ പത്രാധിപരായും 1978 മുതല്‍ 92 വരെ പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അനന്തരം ഇദ്ദേഹം പ്രവര്‍ത്തനം കേരളത്തില്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ-സാംസ്കാരികാദിപ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടേയിരുന്നു.

1926-ല്‍ ഉണ്ണിനമ്പൂതിരിയില്‍ എഴുതിയ ഫ്രഞ്ചുവിപ്ലവവും നമ്പൂതിരി സമുദായവും ആണ് ഇ.എം.എസ്സിന്റെ പ്രസിദ്ധീകൃതമായ ആദ്യലേഖനം. 1931-ല്‍ പുറത്തിറക്കിയ ജവഹര്‍ലാല്‍ നെഹ്റുവാണ് ആദ്യപുസ്തകം. എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ദി പെസന്റ് മൂവ്മെന്റ് ഇന്‍ കേരള (1943), ഒന്നേകാല്‍കോടി മലയാളികള്‍ (1946), കേരളം മലയാളികളുടെ മാതൃഭൂമി (1948), നാഷണല്‍ ക്വസ്റ്റ്യന്‍ ഇന്‍ കേരള (1951), മഹാത്മാ ആന്‍ഡ് ഹിസ് ഇസം (1958), ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്സ് ഒഫ് ഇന്ത്യാസ് സോഷ്യലിസ്റ്റ് പാറ്റേണ്‍ (1966), ഇന്ത്യ അണ്ടര്‍ കോണ്‍ഗ്രസ് റൂള്‍ (1967), ആത്മകഥ (1969), മാര്‍ക്സിസവും മലയാള സാഹിത്യവും (1974), ഇന്ത്യന്‍ സ്വാതന്ത്യ്രസമരം (1982), കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍-മൂന്നു ഭാഗങ്ങള്‍ (1984, 1986, 1987), റെമിനിസന്‍സ് ഒഫ് ആന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് (1987), നെഹ്റു: ഐഡിയോളജി ആന്‍ഡ് പ്രാക്ടീസ് (1988), ഒരു മുന്‍മുഖ്യമന്ത്രിയുടെ ഓര്‍മക്കുറിപ്പുകള്‍ (1995), തിരിഞ്ഞുനോക്കുമ്പോള്‍ (1998), ഇന്ത്യന്‍ കമ്യൂണിസ്റ്റുപ്രസ്ഥാനം (1998), ഇ.എം.എസ് സമ്പൂര്‍ണ കൃതികള്‍ - സഞ്ചികകള്‍ 1-56 (1999-2007) എന്നിവ ഇ.എം.എസ്സിന്റെ മുഖ്യകൃതികളില്‍പ്പെടുന്നു. ഇംഗ്ളീഷിലും മലയാളത്തിലുമായി ഇനിയും ധാരാളം പ്രബന്ധങ്ങള്‍ സമാഹരിക്കാനുണ്ട്.

ഒരു സമ്പൂര്‍ണരാഷ്ട്രീയജീവി എന്ന് ഇ.എം.എസ്സിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടുതന്നെ, സാമ്പത്തിക-സാമൂഹ്യ-സാംസ്കാരികമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

ഇ.എം.എസ്. എഴുതിയതെല്ലാം (പ്രസംഗിച്ചതും) രാഷ്ട്രീയപ്രചാരണം ലക്ഷ്യമാക്കിയാണ് എന്നത് ഇദ്ദേഹം ഒളിച്ചുവച്ചിട്ടുമില്ല. 1931-ല്‍ എഴുതിയ ജവഹര്‍ലാല്‍ നെഹ്റു എന്ന ജീവചരിത്രമാണ് ഇദ്ദേഹത്തിന്റെ പുസ്തകരൂപത്തിലുള്ള ആദ്യത്തെ കൃതി. ഇന്ത്യയില്‍ സോഷ്യലിസ്റ്റു ചായ്വുള്ള ഇടതുപക്ഷ കോണ്‍ഗ്രസ് രാഷ്ട്രീയം പ്രചരിപ്പിക്കുകയായിരുന്നു ആ രചനയുടെ ലക്ഷ്യം. അതിനു മുമ്പെഴുതിയ പല പ്രബന്ധങ്ങളും സാമൂഹ്യപരിഷ്കരണോദ്ദേശ്യം വച്ച് തയ്യാറാക്കിയവയാണെങ്കിലും വിശാലമായ അര്‍ഥത്തില്‍ അവയുടെയും ലക്ഷ്യം രാഷ്ട്രീയം തന്നെയെന്നു കാണാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം തികച്ചും കോണ്‍ഗ്രസ്സുകാരുടെ, ഏറിവന്നാല്‍ സോഷ്യലിസ്റ്റുപാര്‍ട്ടിക്കാരുടെയും, ആണെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് അതില്‍ ഒരു പങ്കുമില്ലെന്ന് മാത്രമല്ല, അവര്‍ സ്വാതന്ത്യ്രസമരത്തെ ഒറ്റിക്കൊടുത്തവര്‍കൂടിയാണെന്നുമുള്ള-പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വസ്തുതകള്‍ അണിനിരത്തി സ്ഥാപിക്കാനാണ് ഇന്ത്യന്‍ സ്വാതന്ത്യ്രസമരം എന്ന ബൃഹദ്ഗ്രന്ഥം രചിച്ചത്. കമ്യൂണിസ്റ്റുകാരും ദേശീയ പ്രസ്ഥാനവും എന്ന കൃതിയും ഇതേ ആശയമാണ് വ്യക്തമാക്കുന്നത്. ഐക്യകേരളരൂപവത്കരണത്തിന്റെ ആവശ്യകത മലയാളി ജനസാമാന്യത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യംവച്ചാണ് ഒന്നേകാല്‍ കോടി മലയാളികള്‍, അതിന്റെ വിപുലിതരൂപമായ കേരളം മലയാളികളുടെ മാതൃഭൂമി, കേരളത്തിന്റെ ദേശീയപ്രസ്ഥാനം എന്നീ ഗ്രന്ഥങ്ങളും ഒട്ടേറെ ലഘുപ്രബന്ധങ്ങളും രചിച്ചത്. പില്ക്കാലത്ത് മതവിശ്വാസികളെയും ഈശ്വരവിശ്വാസികളെയും കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍നിന്ന് അകറ്റാനുള്ള ബോധപൂര്‍വമായ ശ്രമം എതിരാളികളില്‍നിന്ന് ഉണ്ടായപ്പോള്‍, ആ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുടെ തെറ്റിദ്ധാരണ തിരുത്തുക എന്ന ലക്ഷ്യം മനസ്സില്‍ കണ്ടുകൊണ്ട് ഇ.എം.എസ്. രചിച്ചതാണ് യുക്തിവാദവും കമ്യൂണിസ്റ്റുകാരും (1984), ബൂര്‍ഷ്വായുക്തിവാദത്തില്‍നിന്ന് വൈരുധ്യാത്മഭൗതികതാവാദത്തിലേക്ക് (1993), ചിന്ത വാരികയിലെ ചോദ്യോത്തരപങ്ക്തിയില്‍ വന്ന യുക്തിവാദസംബന്ധിയായ ലേഖനങ്ങള്‍ (ഇ.എം.എസ്. സമ്പൂര്‍ണ കൃതികള്‍, സഞ്ചിക-42 പേജ് 25-140) എന്നീ ശ്രദ്ധേയമായ കൃതികള്‍.

രാഷ്ട്രീയാശയപ്രചാരണം ലക്ഷ്യമാക്കി ഏറ്റവുമധികം എഴുതിയത്, ലോകമാകെ നോക്കുമ്പോള്‍, ലെനിനാണെന്നാണ് പൊതുവിലുള്ള ധാരണ. ഇക്കാര്യത്തില്‍ ഇ.എം.എസ്. ലെനിനെയു മതിശയിപ്പിച്ചിട്ടില്ലേ എന്ന് ന്യായമായി സംശയിക്കാവുന്നതാണ്.

ഇ.എം.എസ്. രാഷ്ട്രീയമണ്ഡലത്തിന് (തീര്‍ച്ചയായും, ഇടതുപക്ഷപുരോഗമന രാഷ്ട്രീയപ്രസ്ഥാനത്തിന്, വിശേഷിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്) നല്കിയ സംഭാവനകള്‍ നിരവധിയാണ്. ഏറ്റവും മഹത്തായ സംഭാവന, ഏറ്റവും സമ്പന്നവും അഭിജാതവുമായൊരു ജന്മികുടുംബത്തില്‍ പിറന്ന ഇദ്ദേഹം ആ സൗഭാഗ്യമെല്ലാം കൈവെടിഞ്ഞ് തന്റെ സ്വത്ത് മുഴുവന്‍ പാര്‍ട്ടിക്ക് സംഭാവന ചെയ്ത്, 'തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്ര'നായി, പാര്‍ട്ടിയെ അമ്മയായി വരിച്ച്, സ്വമനസ്സാലെ സസന്തോഷം ആ അമ്മയുടെ രക്ഷ നിര്‍വഹിച്ചും ശിക്ഷ സ്വീകരിച്ചും, മരണംവരെ കമ്യൂണിസ്റ്റുകാരനായി ജീവിച്ചതുതന്നെ.

പാര്‍ട്ടി വിദ്യാഭ്യാസത്തിന് നല്കിയ മുന്‍ഗണനയാണ് മറ്റൊരു കനത്ത സംഭാവന. മറ്റു പാര്‍ട്ടികള്‍ക്കും പാര്‍ട്ടിവിദ്യാഭ്യാസം ആവശ്യമാണ്; അവ അത് ചെയ്യുന്നുമുണ്ട്. എന്നാല്‍ വിപ്ളവപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രാധാന്യം എത്രപറഞ്ഞാലും അധികമാവില്ല. നിലവിലുള്ള വ്യവസ്ഥ മാറ്റിയെടുക്കുകയാണല്ലോ അവയുടെ ലക്ഷ്യം. പാര്‍ട്ടിക്കുവേണ്ടിയാണ് ഇ.എം.എസ്. എഴുതിയതും പ്രസംഗിച്ചതുമെല്ലാം എന്ന വസ്തുത വ്യക്തമാക്കുന്നത് ഇദ്ദേഹം പാര്‍ട്ടിവിദ്യാഭ്യാസത്തിന് കല്പിച്ച പ്രാധാന്യമാണ്. സ്വയം പാര്‍ട്ടിയംഗങ്ങള്‍ക്ക് ക്ളാസ്സെടുക്കുക, മറ്റു പാര്‍ട്ടിയധ്യാപകര്‍ക്ക് ഉപകാരമാകത്തക്കവിധത്തില്‍ പാഠ്യപുസ്തകങ്ങളും പഠനഗവേഷണപ്രബന്ധങ്ങളും രചിക്കുക. പാര്‍ട്ടിയനുഭാവികള്‍ക്കും പൊതുജനങ്ങള്‍ക്കുംവേണ്ടി മാര്‍ക്സിസം-ലെനിനിസത്തെപ്പറ്റിയും മറ്റ് പ്രാദേശിക-ദേശീയ-അന്തര്‍ദേശീയരാഷ്ട്രീയകാര്യങ്ങളെക്കുറിച്ചും സാമ്പത്തിക-സാമൂഹ്യ-സാംസ്കാരികപ്രശ്നങ്ങളെക്കുറിച്ചും ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ലഘുലേഖകളും ചെറുതും വലുതുമായ ഗ്രന്ഥങ്ങളും എഴുതി പ്രസിദ്ധപ്പെടുത്തുക-ഇക്കാര്യങ്ങളിലെല്ലാം ഇ.എം.എസ്സിന് അതീവ നിഷ്കര്‍ഷയായിരുന്നു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ത്തന്നെ ദേശാഭിമാനി ദിനപത്രം, സാംസ്കാരികജിഹ്വ എന്ന നിലയില്‍ ദേശാഭിമാനി വാരിക, താത്ത്വികപ്രസിദ്ധീകരണമെന്ന നിലയില്‍ ചിന്ത വാരിക, പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ വര്‍ഗബഹുജനസംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രത്യേകം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പാര്‍ട്ടിപുസ്തകങ്ങളോടൊപ്പം കലാ-സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസിദ്ധരും അപ്രസിദ്ധരുമായ കമ്യൂണിസ്റ്റുകാരുടെയും അല്ലാത്തവരുടെയും കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി ചിന്ത പബ്ലിഷേഴ്സ് എന്ന പുസ്തകപ്രസിദ്ധീകരണ സ്ഥാപനം-ഇവയുടെയെല്ലാം വിജയകരമായ നടത്തിപ്പിന് മുന്‍കൈയെടുത്തത് ഇ.എം.എസ്സാണ്. ഇ.എം.എസ്സിന്റെ മിക്ക കൃതികളും ഈ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്നവയാണെന്നത് ഇദ്ദേഹത്തിന് ഈ വിഷയത്തിലുള്ള നിഷ്കര്‍ഷ എത്രത്തോളമായിരുന്നുവെന്നതിന് ഒന്നാംതരം തെളിവാണ്.

ഇ.എം.എസ്സിന്റെ രാഷ്ട്രീയരംഗത്തെ മൂന്ന് സംഭാവനകള്‍ എടുത്തുപറയേണ്ടതുണ്ട്.

1. ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയുടേതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധത്തെ ആശ്രയിക്കുകയല്ല, സമാധാനപരമായ ചര്‍ച്ചകള്‍ നടത്തുകയാണ് വേണ്ടത് എന്ന ആശയം.

2. കേരളത്തില്‍ കൂട്ടുകക്ഷിഭരണത്തെ സൈദ്ധാന്തികമായി ന്യായീകരിക്കുക മാത്രമല്ല, അതിന് നേതൃത്വം കൊടുക്കാന്‍ സ്വയം സന്നദ്ധനാവുകയും തന്റെ പാര്‍ട്ടിയെ മാത്രമല്ല, മറ്റു പാര്‍ട്ടികളെയും സൈദ്ധാന്തികമായും പ്രായോഗികമായും അതിന് സജ്ജമാക്കുകയും ചെയ്തു. കേരളത്തില്‍ മാത്രമല്ല, കേന്ദ്രത്തില്‍ത്തന്നെ ഏകകക്ഷിഭരണത്തിന്റെ കാലം അവസാനിച്ചുവെന്നും കൂട്ടുകക്ഷി ഭരണം വരാന്‍ പോവുകയാണെന്നും ഇ.എം.എസ്. വളരെ മുമ്പുതന്നെ പ്രവചിക്കുകയുണ്ടായി.

3. സോവിയറ്റുയൂണിയന്‍ തകര്‍ന്നതോടെ, ലോകത്തെമ്പാടുമുള്ള മിക്ക കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും തകരുകയോ തകര്‍ച്ചയുടെ വക്കിലെത്തുകയോ ചെയ്തപ്പോള്‍, സി.പി.എം. എടുത്തുപറയത്തക്ക പോറലേല്‍ക്കാതെ പിടിച്ചുനിന്നു. ഇതിനുപിന്നിലെ പ്രധാനശക്തി ഇ.എം.എസ്സിന്റെ അതിശക്തവും നിരന്തരവുമായ പ്രചാരണപ്രവര്‍ത്തനങ്ങളായിരുന്നു. മാര്‍ക്സിസം കാലഹരണപ്പെട്ടിട്ടില്ലെന്നും സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും പതനം അവിടങ്ങളിലെ ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങളാണെന്നും അണികളെയും അനുഭാവികളെയും ബോധ്യപ്പെടുത്തുന്നതില്‍ ഇദ്ദേഹം അദ്ഭുതാവഹമായ വിജയം കൈവരിച്ചു.

മാര്‍ക്സിയന്‍വീക്ഷണത്തിലുള്ള അര്‍ഥശാസ്ത്രസിദ്ധാന്തങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് ഇന്ത്യയിലെയും കേരളത്തിലെയും ചുറ്റുപാടുകളില്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഇ.എം.എസ്. സാമ്പത്തികമേഖലയില്‍ കൈക്കൊണ്ട നിലപാട്. വികേന്ദ്രീകൃതാസൂത്രണത്തിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തുക എന്ന നയം 1957 മുതല്‍ക്കുതന്നെ നടപ്പിലാക്കാന്‍ ഇദ്ദേഹം മുന്‍കൈയെടുക്കുകയുണ്ടായി. പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈ നിലനിര്‍ത്തിക്കൊണ്ടുള്ള വ്യവസായസമാരംഭങ്ങള്‍, സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കല്‍, ജില്ലാ കൗണ്‍സിലുകളുടെ രൂപവത്കരണം, സമ്പൂര്‍ണസാക്ഷരത, ജനകീയാസൂത്രണത്തിലൂടെ ത്രിതലപഞ്ചായത്തുകള്‍ വഴി ഭരണവികേന്ദ്രീകരണം മുതലായ വിജയകരമായ ചുവടുവയ്പുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിക്കു കഴിഞ്ഞത് ഇ.എം.എസ്സിന്റെ ഊര്‍ജസ്വലമായ ആശയപ്രചാരണത്തിന്റെ ഫലമായാണ്.

ഇ.എം.എസ്സിന്റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നതുതന്നെ നമ്പൂതിരിസമുദായ പരിഷ്കരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ്. 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന ദൌത്യമാണ് ഇദ്ദേഹം നിര്‍വഹിച്ചത്. സമുദായ പരിഷ്കരണപ്രവത്തനങ്ങളുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, കുറേക്കൂടി വിശാലമായ രാഷ്ട്രീയപ്രവര്‍ത്തനരംഗത്തേക്കിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്വാതന്ത്യ്രസമരത്തില്‍ ആകണ്ഠം മുഴുകുകയും ചെയ്തു. ഇതിനര്‍ഥം സമുദായപരിഷ്കരണ പ്രസ്ഥാനത്തിന് ഇ.എം.എസ്. പിന്നീട് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം വിവിധ ജാതിമതസമുദായ സംഘടനകളിലൂടെയാണ് നവോത്ഥാന-സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനങ്ങളില്‍ മിക്കതും നടന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുരനുഷ്ഠാനങ്ങള്‍ക്കും മറ്റു സാമൂഹ്യതിന്മകള്‍ക്കുമെതിരായ അത്തരം പോരാട്ടങ്ങള്‍ക്ക് ഇ.എം.എസ്. പില്ക്കാലത്തും എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും വമ്പിച്ച സംഭാവന നല്‍കുകയുണ്ടായി. ജാതിമത സമുദായ സംഘടനകള്‍ കാലക്രമത്തില്‍ ജാതിയുടെ രാഷ്ട്രീയവത്കരണമായ ജാതീയതയെയും മതത്തിന്റെ രാഷ്ട്രീയവത്കരണമായ വര്‍ഗീയതയെയും വളര്‍ത്തുന്ന വേദികളായി മാറിത്തുടങ്ങിയതോടെ, ആ പ്രവണതയെ ശക്തമായി എതിര്‍ക്കുകയാണ് സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരുടെ കടമ എന്നു തിരിച്ചറിഞ്ഞ് ഇ.എം.എസ്. തന്റെ ശ്രദ്ധ ആ വഴിക്കും തിരിച്ചുവിട്ടു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സംവരണം, സാമ്പത്തികനില സംവരണത്തില്‍ എത്രത്തോളം പരിഗണിക്കണം മുതലായ വിഷയങ്ങളിലും ഇദ്ദേഹം സജീവം ഇടപെട്ടു.

മതന്യൂനപക്ഷങ്ങളുടെയും ദലിതവിഭാഗങ്ങളുടെയും സംരക്ഷണം, ക്രീമിലെയര്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജാതി-മതസംവരണത്തിന്റെ ആവശ്യകത, ജാതീയതയെയും വര്‍ഗീയതയെയും നാമാവശേഷമാക്കിക്കൊണ്ട് ജാതിരഹിതവും മതനിരപേക്ഷവുമായൊരു കേരളം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ആശയങ്ങള്‍ നടപ്പിലാക്കുക എന്നത് തങ്ങളുടെ കര്‍മപരിപാടിയാണെന്ന പ്രബലമായ അവബോധം വിവിധ രാഷ്ട്രീയകക്ഷികളിലും സാധാരണജനങ്ങളിലും വളര്‍ത്താന്‍ ഒരളവോളം ഇ.എം.എസ്സിനു കഴിഞ്ഞിട്ടുണ്ടെന്നു വിലയിരുത്താവുന്നതാണ്.

കല, സാഹിത്യം, ഭാരതീയദര്‍ശനം, ചരിത്രം, സംസ്കാരം മുതലായവയുടെ രംഗത്ത് മൌലികമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാനും ഇ.എം.എസ്സിനു കഴിഞ്ഞിട്ടുണ്ട്. ഇ.എം.എസ്സിന്റെ മുന്‍കൈയോടെയാണ് ആദ്യം ജീവത്സാഹിത്യസംഘം, അതിന്റെ പിന്‍ഗാമികളായി പുരോഗമനസാഹിത്യസംഘടനയും ദേശാഭിമാനി സ്റ്റഡി സര്‍ക്കിളും, ഒടുവില്‍ പുരോഗമനകലാസാഹിത്യസംഘം എന്നിവയും ജന്മംകൊണ്ടത്. അഖിലേന്ത്യാതലത്തില്‍ ഇപ്റ്റയും കേരളതലത്തില്‍ കെ.പി.എ.സി.യും ഈ പുരോഗമന സാംസ്കാരികപ്രസ്ഥാനത്തിന്റെ ഭാഗം തന്നെയായിരുന്നു. കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ അഭേദ്യഭാഗമാണ് ഇ.എം.എസ്സിന്റെ സാംസ്കാരികരംഗത്തെ പ്രവര്‍ത്തനങ്ങള്‍. ശുദ്ധകലാവാദം, രൂപഭദ്രതാവാദം മുതലായ എത്രയോ കലാസാഹിത്യസംബന്ധികളായ സംവാദങ്ങളില്‍ ഭാഗഭാഗിത്വം വഹിച്ചുകൊണ്ട് ഇദ്ദേഹം രചിച്ച പ്രബന്ധങ്ങളും പുസ്തകങ്ങളും, നടത്തിയ പ്രഭാഷണങ്ങളും ഏറെയാണ്. ഇവ മലയാളത്തില്‍ കലാസാഹിത്യരംഗത്തെ സര്‍വതോമുഖമായ അഭിവൃദ്ധിക്ക് വഴി തെളിക്കുമാറ് ആരോഗ്യകരമായ ഒരു മാര്‍ക്സിയന്‍ സൌന്ദര്യദര്‍ശനം വളര്‍ത്തിയെടുക്കുന്നതില്‍ വഹിച്ച പങ്ക് നിസ്സാരമല്ല.

വര്‍ഗീയഫാസിസത്തിന്റെ വളര്‍ച്ച വ്യാപകമായതോടെയാണ് ഇ.എം.എസ്. ഭാരതീയദര്‍ശന പഠനത്തില്‍ കൂടുതല്‍ താത്പര്യം കാണിച്ചുതുടങ്ങിയത്. ഭാരതീയദര്‍ശനത്തിന്റെ പരമ്പരാഗതമായ നിര്‍വചനത്തെത്തന്നെ ഇദ്ദേഹം വിമര്‍ശനവിധേയമാക്കി. വേദോപനിഷത്തുകളിലും അദ്വൈതവേദാന്തത്തിലും അധിഷ്ഠിതമായതു മാത്രമല്ല ഭാരതീയദര്‍ശനം എന്ന് ഇദ്ദേഹം വാദിച്ചു. തീര്‍ച്ചയായും അത് ഭാരതീയ ദര്‍ശനത്തിന്റെ ഭാഗമാണ്-ഒരു ഭാഗം മാത്രം. ഹൈന്ദവമെന്നു പറയപ്പെടുന്ന ദര്‍ശനത്തില്‍ത്തന്നെ ആശയ-ആത്മീയവാദമെന്നപോലെ ഭൌതികവാദവും, കേവലവാദമെന്നപോലെ വൈരുധ്യവാദവും, ഈശ്വരവാദമെന്നപോലെ നിരീശ്വരവാദവുമുണ്ട്. ഇന്ത്യയില്‍ത്തന്നെ പിറന്നുവളര്‍ന്ന ബൌദ്ധ-ജൈനമതങ്ങളില്‍ പിറന്നവയെങ്കിലും പല കാലങ്ങളിലായി ഇവിടേക്ക് കടന്നുവന്ന ഇസ്ലാമിക-ക്രൈസ്തവദര്‍ശനങ്ങളും ആഗോളമായ മുതലാളിത്തത്തിന്റെയും മാര്‍ക്സിസത്തിന്റെയും ദര്‍ശനങ്ങളും ഭാതരതീയദര്‍ശനത്തിന്റെ ഭാഗമാണെന്ന് ഇ.എം.എസ്. സമര്‍ഥിച്ചു.

ചരിത്രം, സംസ്കാരം എന്നീ തുറകളില്‍ ഇ.എം.എസ്സിന്റെ സംഭാവന, ഒരു വേള, കൂടുതല്‍ മൌലികമാണ്. ജാതി-ജന്മി-നാടുവാഴിവ്യവസ്ഥയാണ് ഫ്യൂഡലിസത്തിന്റെ ഇന്ത്യന്‍ രൂപം എന്ന സിദ്ധാന്തമാണ് ഈ മണ്ഡലത്തില്‍ ഇ.എം.എസ്സിന്റെ ശ്രദ്ധേയസംഭാവന. കേരളത്തില്‍ ഇത് എങ്ങനെ നടപ്പിലായെന്ന് ഇദ്ദേഹം അഗാധസൂക്ഷ്മമായി വിവരിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയാണ് ഈ വ്യവസ്ഥയുടെ സാമൂഹ്യരൂപം; ജന്മിസമ്പ്രദായം സാമ്പത്തികരൂപം; നാടുവാഴിത്തം രാഷ്ട്രീയരൂപവും; ക്ഷേത്രമേധാവിത്തം ഈ വ്യവസ്ഥയുടെ സാംസ്കാരികരൂപവും - എന്ന് നിരീക്ഷിക്കാവുന്നതാണ്.

ഇപ്രകാരം രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ മണ്ഡലങ്ങളില്‍ ഏഴു പതിറ്റാണ്ടിലേറെക്കാലം സജീവമായി പ്രവര്‍ത്തിച്ച സമുന്നതനേതാവാണ് ഇ.എം.എസ്. ജീവിതാവസാനംവരെ കര്‍മനിരതനായിക്കഴിഞ്ഞ ഇ.എം.എസ്. 1998 മാ. 19-ന് അന്തരിച്ചു.

(ഡോ. എന്‍.വി.പി. ഉണിത്തിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍