This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്പീശന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമ്പീശന്‍

കേരളത്തിലെ ഒരു ഹിന്ദുസമുദായം. നമ്പി, ആശാന്‍ എന്നീ പദങ്ങള്‍ ചേര്‍ന്നതാണ് നമ്പീശന്‍ എന്നൊരു സങ്കല്പമുണ്ട്. ചില പ്രദേശങ്ങളില്‍ ആശാന്‍ സ്ഥാനം ഉണ്ടായിരുന്നുവെങ്കിലും ക്ഷേത്രത്തിലേക്കു വേണ്ട മാലകള്‍ കെട്ടുക, പൂജയ്ക്കു പൂക്കള്‍ ഒരുക്കുക എന്നിവയാണ് കുലത്തൊഴില്‍. ക്ഷേത്രങ്ങളിലെ കഴകം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള ഇവര്‍ പൂണൂലുള്ള അമ്പലവാസികളുടെ വിഭാഗത്തില്‍പ്പെടുന്നു. ഇവര്‍ക്ക് പുഷ്പകനമ്പ്യാര്‍ സമുദായവുമായി വളരെ സമാനതകളുണ്ട്.

നമ്പീശന്‍ എന്നു വിളിക്കുന്നത് പുരുഷന്മാരെയാണ്. സ്ത്രീകളെ ബ്രാഹ്മണികളെന്നും പുഷ്പിണികളെന്നും വിളിക്കും. ഗൃഹത്തെ ഭവനം, പുഷ്പകം, മഠം എന്നിങ്ങനെയാണു പറയാറ്. നമ്പീശന്മാര്‍ക്ക് ഉപനയനവും സമാവര്‍ത്തനവും സന്ധ്യാവന്ദനങ്ങളുമുണ്ട്. കോഴിക്കോടിന് വടക്ക് ഇവര്‍ മരുമക്കത്തായികളാണ്. മറ്റു പ്രദേശങ്ങളില്‍ മക്കത്തായം അനുഷ്ഠിച്ചുവരുന്നു. അടുത്ത കാലംവരെ ദായക്രമത്തില്‍ വ്യത്യാസം ഉള്ളവര്‍ തമ്മില്‍ വിവാഹം ഉണ്ടായിരുന്നില്ല. സ്ത്രീയുടെ ചമയങ്ങള്‍ ഏതാണ്ട് ആഢ്യവിഭാഗത്തില്‍പ്പെടുന്ന അന്തര്‍ജനങ്ങളുടേതുപോലെ തന്നെയായിരുന്നു. എന്നാല്‍ ഓട്ടുവള അണിഞ്ഞിരുന്നില്ല. വസ്ത്രങ്ങള്‍ ചുറ്റി ഉടുക്കുകയായിരുന്നു പതിവ്. നീണ്ടവസ്ത്രം ഉടുത്തു ബാക്കി ഭാഗംകൊണ്ട് ഉടുത്തതിന്മേല്‍ വീണ്ടും ചുറ്റുന്ന രീതിയാണിത്. എന്നാല്‍ കഴകത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഞൊറിഞ്ഞ് ഉടുക്കണമത്രെ. സ്ത്രീകള്‍ വിധവകളായാല്‍ പുനര്‍വിവാഹം അനുവദനീയമാണ്. എന്നാല്‍ ഇങ്ങനെ നടക്കുന്ന രണ്ടാം വിവാഹം നമ്പൂതിരിമാരുമായി മാത്രമേ അനുവദിക്കപ്പെട്ടിരുന്നുള്ളു. വിധവയെ നമ്പൂതിരി സംബന്ധം ചെയ്തുണ്ടാകുന്ന കുട്ടിയെ അമ്മയുടെ ആദ്യഭര്‍ത്താവിന്റെ സ്വജാതിയില്‍പ്പെടുത്തിയിരുന്നു. തിരുവിതാംകൂറില്‍ മാത്രം നമ്പീശന്മാര്‍ കളരികള്‍ സ്ഥാപിച്ച് കുട്ടികളെ ആയുധവിദ്യ അഭ്യസിപ്പിച്ചിരുന്നു.

ബ്രാഹ്മണികളുടെ തൊഴിലില്‍ പ്രാദേശികമായ വ്യത്യാസമില്ലായിരുന്നു. കഴകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതിനുപുറമേ സവര്‍ണ സമുദായക്കാരുടെ തിരണ്ടുകല്യാണം, കെട്ടുകല്യാണം, വേളി തുടങ്ങിയ ചടങ്ങുകളില്‍ പുരാണങ്ങളെ ആസ്പദമാക്കിയ ബ്രാഹ്മണിപ്പാട്ടുകള്‍ എന്ന സ്വയംവരപ്പാട്ടുകള്‍ പാടുന്നത് ബ്രാഹ്മണികളുടെ അവകാശമായിരുന്നു.

നമ്പീശകന്യകളെ സാധാരണയായി നമ്പൂതിരിമാര്‍ സംബന്ധം ചെയ്യില്ലായിരുന്നു. ആഭിജാതനായര്‍ കുടുംബത്തില്‍ നിന്നും സംബന്ധം ചെയ്യാന്‍ നമ്പീശനും അനുവാദമില്ലായിരുന്നു.

എന്നാല്‍ ആധുനികതയുടെ മാറ്റങ്ങള്‍ക്കൊത്ത് വിദ്യാഭ്യാസം സ്വീകരിക്കാനും പൊതുസമൂഹവുമായി ഇണങ്ങിച്ചേരുവാനും നമ്പീശ സമുദായത്തിനു പെട്ടെന്നുകഴിഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍