This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമീബിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമീബിയ

Namibia

തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. മുമ്പ് തെക്കുപടിഞ്ഞാറന്‍ ആഫ്രിക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നമീബിയ ഒന്നാം ലോകയുദ്ധകാലത്ത് (1915) ദക്ഷിണാഫ്രിക്കയുടെ ആധിപത്യത്തിന്‍കീഴിലായി. 1990 മാ.-ല്‍ സ്വാതന്ത്ര്യം നേടി. ഔദ്യോഗിക നാമം: റിപ്പബ്ലിക് ഒഫ് നമീബിയ; അതിരുകള്‍: വ. അംഗോള, പ. അത് ലാന്തിക് സമുദ്രം; തെ.-ഉം തെ.കി.-ഉം ദക്ഷിണാഫ്രിക്ക; കി. ബോട്സ്വാന; വിസ്തൃതി: 8244892 ച.കി.മീ.; ഏറ്റവും കൂടിയ നീളം: കി.പ. 1420 കി.മീ., തെ.വ. 1320 കി.മീ., തീരദേശ ദൈര്‍ഘ്യം: 1489 കി.മീ.; ഔദ്യോഗികഭാഷ: ഇംഗ്ലീഷ്; തലസ്ഥാനം: വിന്ധോക്; ജനസംഖ്യ: 20,88,669 (2008); നാണയം: നമീബിയന്‍ ഡോളര്‍.

ഭരണസൗകര്യാര്‍ഥം നമീബിയയെ 13 മേഖലകളായി വിഭജിച്ചിരിക്കുന്നു. വിന്‍ഡ്ഹോക്, വാല്‍ വിസ്ബേ, ഭഷകതി തുടങ്ങിയവയാണ് ജനസംഖ്യയില്‍ മുന്നില്‍ നില്ക്കുന്ന നമീബിയന്‍ നഗരങ്ങള്‍.

ഭൂപ്രകൃതി. ഭൂപ്രകൃതിയനുസരിച്ച് നമീബിയയെ രണ്ട് നൈസര്‍ഗിക മേഖലകളായി വിഭജിക്കാം. നമീബ് മരുഭൂമി ഉള്‍പ്പെടുന്ന തീരദേശ വലയവും മധ്യപീഠഭൂമിയും. മധ്യ ഉന്നതതടവും കലഹാരി വലയവും ഉള്‍പ്പെടുന്നതാണ് മധ്യപീഠഭൂമിപ്രദേശം. നോ: നമീബ് മരുഭൂമി

നൈസര്‍ഗികമായി നദികളാല്‍ അതിരുകള്‍ നിര്‍ണയിക്കുന്ന ഒരു ഭൂപ്രദേശം എന്ന പ്രത്യേകത നമീബിയയ്ക്കുണ്ട്. കുനെനെ, ഒകവാന്‍ഗോ എന്നീ വമ്പന്‍ നദികള്‍ നമീബിയയുടെ ഉത്തര അതിര്‍ത്തിയിലൂടെ ഒഴുകുമ്പോള്‍ കവാന്‍ഡോ നദി കപ്രിവി മുനമ്പിനെ മുറിച്ചുകടന്നൊഴുകുന്നു. സാംബസി നദി രാജ്യത്തിന്റെ വ. കിഴക്കന്‍ അതിര്‍ത്തിയിലൂടെ പ്രവഹിക്കുമ്പോള്‍ ഓറഞ്ചു നദി നമീബിയയുടെ ദക്ഷിണാതിര്‍ത്തിയിലൂടെ ഒഴുകുന്നു. തീരദേശത്തോടടുത്ത പ്രദേശങ്ങളില്‍ ഉയര്‍ന്നുനില്ക്കുന്ന വമ്പന്‍മണല്‍ക്കൂനകള്‍ (ഡ്യൂണ്‍) നമീബിയയുടെ തീരദേശഭൂപ്രകൃതിയെ വ്യത്യസ്തമാക്കുന്നു. തീരദേശത്തുനിന്നകന്നു സ്ഥിതിചെയ്യുന്ന ഉള്‍പ്രദേശങ്ങള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് സു. 1,200 മീ. വരെ ഉയരമുണ്ട്. ഇവിടങ്ങളിലെ പുല്‍മേടുകള്‍ കാലിമേയ്ക്കലിന് അത്യന്തം അനുയോജ്യമാണ്. ചോളമാണ് ഈ മേഖലയിലെ പ്രധാന വിള.

നമീബിയയുടെ ഉള്‍പ്രദേശങ്ങളില്‍, പ്രത്യേകിച്ചും വിസ്തൃതമായ സമതലപ്രദേശങ്ങളില്‍ വലുപ്പമേറിയ മാനുകള്‍ സര്‍വസാധാരണമാണ്. രാജ്യത്തിന്റെ വ.പടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ മരുഭൂമിയിലെ ആവാസവ്യവസ്ഥയോട് ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്ന ആഫ്രിക്കന്‍ ആനക്കൂട്ടങ്ങളെയും കാണാന്‍ കഴിയും. ഉത്തര-മധ്യ നമീബിയയിലെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ ഏറ്റോഷ ഗെയിം പാര്‍ക്ക് വന്യജീവികളുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്. ആഫ്രിക്കന്‍ ആന, ജിറാഫ്, സിംഹം, മാന്‍, വരയന്‍കുതിര തുടങ്ങിയ ഒട്ടുമിക്ക വന്യമൃഗങ്ങളെയും ഇവിടെ കാണാന്‍ കഴിയും.

രണ്ടുവിധത്തിലുള്ള ഹരിതപ്രകൃതിയാണ് മുഖ്യമായും നമീബിയയില്‍ പ്രകടമാകുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ കലഹാരി മേഖലകളില്‍ മരുപ്രദേശ, അര്‍ധ മരുപ്രദേശ സസ്യകുടുംബത്തില്‍ ഉള്‍പ്പെട്ട, വരള്‍ച്ചയെ അതിജീവിക്കാന്‍ ശേഷിയുള്ള കുറ്റിച്ചെടികളും പുല്‍വര്‍ഗങ്ങളുമാണ് കാണപ്പെടുന്നത്. എന്നാല്‍ രാജ്യത്തിന്റെ വ. കിഴക്കന്‍ മേഖലകളില്‍ പ്രധാനമായും സാവന്ന മാതൃകയില്‍ ഉള്‍പ്പെട്ട സസ്യ പ്രകൃതിയാണ് പൊതുവേ ദൃശ്യമാകുന്നത്.

സഹാറയ്ക്ക് തെക്ക് സ്ഥിതിചെയ്യുന്ന മരുപ്രദേശമായതിനാല്‍ ചൂടേറിയ വരണ്ട കാലാവസ്ഥയാണ് പൊതുവേ നമീബിയയില്‍ അനുഭവപ്പെടുന്നത്. പകല്‍സമയതാപനിലയുടെ ശരാശരി 24° C -നും (ജനുവരി), 20°C -നും (ജൂണ്‍) മധ്യേയാണ്. ഡിസംബറിനും ജൂണിനും മധ്യേയാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ വര്‍ഷത്തില്‍ 50 സെ.മീ.-ഉം മധ്യമേഖലകളില്‍ 20 സെ.മീ. മുതല്‍ 50 സെ.മീ. വരെയും ശരാശരി മഴലഭിക്കുമ്പോള്‍ നമീബിയയുടെ ദക്ഷിണഭാഗങ്ങളില്‍ വര്‍ഷത്തില്‍ 2.5 സെ.മീ. മുതല്‍ 15 സെ.മീ. വരെ മാത്രമേ മഴ ലഭിക്കാറുള്ളു.

ജനങ്ങള്‍. ബോട്സ്വാനയില്‍ നിന്നു കുടിയേറിയ നമ ഭാഷ സംസാരിച്ചിരുന്ന ഖോയ്സാന്‍ നായാടികളായിരുന്നു നമീബിയയില്‍ ആദ്യം അധിവാസമുറപ്പിച്ച ജനവിഭാഗം എന്നു കരുതുന്നു. അത്ലാന്തിക്കിനും, കലഹാരിക്കും മധ്യേയുള്ള മധ്യ നമീബിയന്‍ മേഖലകളിലാണ് ഇവര്‍ മുഖ്യമായും കേന്ദ്രീകരിച്ചത്. 17-ഉം, 18-ഉം ശ.-ങ്ങളില്‍ ഇവര്‍ ഓര്‍ലം ജനവിഭാഗങ്ങളുമായി ഇടകലര്‍ന്നു.

ആധുനിക നമീബിയന്‍ ജനസമൂഹത്തില്‍ കറുത്തവര്‍ക്കാണ് ഭൂരിപക്ഷം (90 ശ.മാ.). ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ഒവാംബോ വിഭാഗമാണ് കറുത്തവരില്‍ കൂടുതല്‍. ഡമാര, ഹെരേരോ; കവാന്‍ഗോ എന്നിവ മറ്റു പ്രബല വിഭാഗങ്ങളാണ്. ജനസംഖ്യയുടെ 72 ശ.മാ. ഗ്രാമങ്ങളിലും 28 ശ.മാ. നഗരങ്ങളിലും നിവസിക്കുന്നു. നിരവധി ഗോത്രവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നമീബിയയിലെ കറുത്തവര്‍. രാജ്യത്തിന്റെ വ. അംഗോളയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് ഒവാംബോ വിഭാഗക്കാര്‍ കുടുതലും തിങ്ങിപ്പാര്‍ക്കുന്നത്. ഈ പ്രദേശം പൊതുവേ ഒവാംബോലന്‍ഡ് അഥവാ ഒവാംബോ എന്ന പേരില്‍ അറിയപ്പെടുന്നു. രാജ്യത്തിന്റെ വ. ഒകവാന്‍ഗോ നദീതടത്തിലാണ് കവാന്‍ഗോ, കാപ്രിവിയന്‍സ് വിഭാഗങ്ങള്‍ അധികവും നിവസിക്കുന്നത്. ധമാര, ഹെരേരോ ഗോത്രവിഭാഗങ്ങള്‍ മധ്യനമീബിയന്‍ പ്രദേശങ്ങളിലും സന്‍ (ബുഷ്മെന്‍) ഗോത്രവും ടിസ്വാനയുമാണ് രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിവസിക്കുന്ന പ്രബല ഗോത്രവിഭാഗങ്ങള്‍.

കൊളോണിയലിസത്തിന്റെ കാലഘട്ടത്തില്‍ കച്ചവടത്തിനും മതപ്രചാരണത്തിനും മറ്റുമായി നമീബിയയിലെത്തിയ ഡച്ച്, ഇംഗ്ലീഷ്, ജര്‍മന്‍ വംശജരുടെ പിന്‍ഗാമികളാണ് ആധുനിക നമീബിയയിലെ വെള്ളക്കാര്‍. ഇവര്‍ നമീബിയന്‍ ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരും. വര്‍ണവര്‍ (coloured) എന്ന പേരില്‍ അറിയപ്പെടുന്ന ചെറിയൊരു വിഭാഗം വംശജരും നമീബിയയിലുണ്ട്. വെള്ളക്കാരില്‍ ഭൂരിഭാഗവും വര്‍ണവരില്‍ നല്ലൊരു ഭാഗവും നഗരങ്ങളിലോ പട്ടണങ്ങളിലോ ആണ് നിവസിക്കുന്നത്. നമീബിയയിലെ വെള്ളക്കാര്‍ പൊതുവേ ആഫ്രിക്കന്‍സ്, ജര്‍മന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളാണ് പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്.

മത്സ്യബന്ധനം, കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയാണ് ഉത്തര നമീബിയയിലെ ജനങ്ങളുടെ മുഖ്യഉപജീവനമാര്‍ഗങ്ങള്‍. ഒവാംബോ, കന്‍വാന്‍ഗോ വിഭാഗങ്ങളില്‍പ്പെട്ട പുരുഷന്മാരില്‍ നല്ലൊരു ഭാഗം ചെമ്പുഖനികളിലും വജ്രഖനികളിലും തൊഴില്‍ ചെയ്യുന്നു. ഒവാംബോലന്‍ഡിന്റെ തെക്കന്‍ പ്രദേശങ്ങളിലെ ഗ്രാമീണരിലധികവും കൃഷിയെയും കന്നുകാലി വളര്‍ത്തലിനെയും ആശ്രയിച്ചാണ് ഉപജീവനം സാധ്യമാക്കുന്നത്. എന്നാല്‍ വെള്ളക്കാര്‍ പൊതുവേ സര്‍ക്കാര്‍ ഉദ്യോഗം ഉള്‍പ്പെടെയുള്ള സര്‍വീസ് മേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്. ജീവിതനിലവാരത്തിലും വിദ്യാഭ്യാസത്തിലും വെളുത്തവര്‍ കറുത്തവരെക്കാള്‍ മുന്നിലാണെന്ന പ്രത്യേകതയും നമീബിയയിലുണ്ട്, കറുത്തവരുടെ ജീവിതനിലവാരം ഓരോ വിഭാഗത്തിനും വ്യത്യസ്തമാണ്. വലിയൊരു വിഭാഗം കറുത്തവരും ദാരിദ്ര്യ രേഖയ്ക്കു താഴെയുമാണ്. സ്വാതന്ത്ര്യാനന്തരം കറുത്തവരുടെ വികസനത്തിനും സാമ്പത്തിക നിലവാരവും ഉയര്‍ത്തുന്നതിനും ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു.

നമീബിയയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണെങ്കിലും കറുത്തവര്‍ അധികവും തങ്ങളുടെ തനതായ ആഫ്രിക്കന്‍ ഭാഷകളാണ് പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. പതിനഞ്ചോളം ആഫ്രിക്കന്‍ ഗോത്രഭാഷകള്‍ ഇപ്പോള്‍ നമീബിയയില്‍ പ്രചാരത്തിലുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ജനസംഖ്യയുടെ 90 ശതമാനവും ക്രിസ്തുമതവിശ്വാസികളാണ്. ക്രിസ്തുമതവിശ്വാസികള്‍ക്കിടയില്‍ ലൂഥറെന്‍സ് വിഭാഗത്തിനാണു മുന്‍തൂക്കം. റോമന്‍ കതോലിക്കര്‍, ആംഗ്ലിക്കന്‍സ്, ഡച്ച് റിഫോര്‍മിസ്റ്റ് ചര്‍ച്ച് തുടങ്ങിയ സഭകളും നമീബിയയില്‍ പ്രചാരത്തിലുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ആധിപത്യകാലഘട്ടത്തില്‍ വെളുത്തവര്‍ക്കുമാത്രം നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്ന വിദ്യാഭ്യാസ പദ്ധതികളാണ് നമീബിയയില്‍ നടപ്പിലാക്കിയിരുന്നത്. ഇക്കാരണത്താല്‍ ഈ കാലഘട്ടത്തില്‍ ആഫ്രിക്കന്‍ വംശജര്‍ക്കിടയില്‍ നിരക്ഷരതയുടെ തോത് വളരെ കൂടുതലായിരുന്നു. 1958-ലാണ് നമീബിയയില്‍ ഒരു കറുത്ത വംശജന് ഹൈസ്കൂള്‍ ഡിപ്ലോമ ലഭിക്കുന്നത്. 1980 വരെ നമീബിയയില്‍ കറുത്തവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം നിലവില്‍വന്ന ഭരണകൂടം വര്‍ഗ-വര്‍ണഭേദമില്ലാതെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു. ഇപ്പോള്‍ നമീബിയയിലെ സ്റ്റേറ്റ് സ്കൂളുകളെല്ലാം സൗജന്യവിദ്യാഭ്യാസം പ്രദാനം ചെയ്യുന്നു. നമീബിയ സര്‍വകലാശാലയാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം.

സമ്പദ്ഘടന. പ്രധാനമായും കയറ്റുമതിയെ കേന്ദ്രീകരിച്ചുള്ള ഒരു സമ്പദ്ഘടനയാണ് നമീബിയയുടേത്. ഖനനവും മത്സ്യബന്ധനവും നമീബിയന്‍ സമ്പദ്ഘടനയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു. രാജ്യത്തെ പ്രധാന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഖനനത്തിനാണ് പ്രഥമസ്ഥാനം. മത്സ്യബന്ധനം രണ്ടാംസ്ഥാനത്ത്. വജ്രം, യുറേനിയം, ചെമ്പ്, ലെഡ്ഡ്, സിങ്ക് എന്നിവയാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം ചെയ്യപ്പെടുന്ന പ്രധാന ഖനിജങ്ങള്‍. രാജ്യത്തിന്റെ മൊത്തം പ്രതിശീര്‍ഷ വരുമാനത്തിന്റെ 25 ശതമാനത്തിലധികം ഖനനവ്യവസായത്തില്‍ നിന്നു ലഭിക്കുന്നു. പരമ്പരാഗത ധനാഗമമാര്‍ഗങ്ങളില്‍ കൃഷിക്കും കന്നുകാലി വളര്‍ത്തിലിനുമാണ് പ്രാമുഖ്യം.

നമീബിയയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും നിത്യോപയോഗത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മാത്രം ഉത്പാദിപ്പിക്കുന്ന കൃഷിരീതിയാണ് അവലംബിച്ചുകാണുന്നത്. ചോളം, മില്ലെറ്റ്, പച്ചക്കറികള്‍ എന്നിവ മുഖ്യവിളകളില്‍പ്പെടുന്നു. കൃഷിക്കൊപ്പം കന്നുകാലി വളര്‍ത്തലും വ്യാപകമായിട്ടുണ്ട്. നമീബിയയുടെ കാലിസമ്പത്തില്‍ കന്നുകാലികളും ചെമ്മരിയാടുകളുമാണ് കൂടുതല്‍.

രാജ്യത്തിന്റെ വിദേശനാണയ വരുമാനത്തില്‍ 75 ശതമാനവും ഖനിജങ്ങളുടെ കയറ്റുമതിയില്‍നിന്നു ലഭിക്കുന്നു. വജ്രം, യുറേനിയം ഓക്സൈഡ്, ചെമ്പ്, ലെഡ്ഡ്, സിങ്ക് എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഖനിജങ്ങള്‍. കയറ്റുമതി ചെയ്യുന്ന വജ്രത്തിന്റെ നല്ലൊരു ശതമാനവും ആഭരണനിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ഇറക്കുമതി വിഭാഗങ്ങളില്‍ ഗോതമ്പ്, സംസ്കരിച്ച ആഹാര പദാര്‍ഥങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്ന് നമീബിയ വന്‍തോതില്‍ വൈദ്യുതിയും വിലയ്ക്കു വാങ്ങുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ജപ്പാന്‍, അമേരിക്ക. ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായാണ് നമീബിയ വിദേശവാണിജ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന, ഡബ്ള്യു. ടി.ഒ., കോമണ്‍വെല്‍ത്ത്, ആഫ്രിക്കന്‍ യൂണിയന്‍, ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്ക് തുടങ്ങിയ അന്തര്‍ദേശീയ സംഘടനകളില്‍ അംഗം കൂടിയാണ് നമീബിയ.

വാല്‍വിസ്ബേ ആണ് നമീബിയയിലെ മുഖ്യതുറമുഖം. നമീബിയന്‍ വിദേശവാണിജ്യത്തിന്റെയും മത്സ്യവ്യവസായത്തിന്റെയും സിരാകേന്ദ്രവും വാല്‍വിസ്ബേ തന്നെ. നമീബിയയുടെ നിയന്ത്രണത്തിലുള്ള ലുഡറിസ്റ്റ് തുറമുഖം അവികസിതമാണ്. രാജ്യത്തെ നഗരങ്ങള്‍ തമ്മിലും ദക്ഷിണാഫ്രിക്കയുമായും ബന്ധിപ്പിക്കുന്ന നമീബിയന്‍ റെയില്‍ ശൃംഖലയ്ക്ക് 2,330 കി.മീ. ദൈര്‍ഘ്യമുണ്ട്. വിന്ധോക്കാണ് അന്താരാഷ്ട്ര വിമാനത്താവളം.

ഭരണകൂടം. 1990-ല്‍ നിലവില്‍ വന്ന ഭരണഘടന അനുസരിച്ചാണ് റിപ്പബ്ളിക്കിന്റെ ഭരണം നിര്‍വഹിക്കപ്പെടുന്നത്. അതു പ്രകാരം പ്രസിഡന്‍ഷ്യല്‍ രീതിയിലധിഷ്ഠിതമായ പ്രാതിനിധ്യജനാധിപത്യ ഭരണ സംവിധാനമാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രത്തിന്റെ അധികാരം ഭരണനിര്‍വാഹകസമിതി, നിയമനിര്‍മാണസഭ, നീതിന്യായ ഭരണസമിതി എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു.

റിപ്പബ്ലിക്കിന്റെ ഭരണനിര്‍വാഹകാധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. ഭൂരിപക്ഷം കിട്ടുന്ന രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധികളെ ചേര്‍ത്ത് പ്രസിഡന്റ് മന്ത്രിസഭയുണ്ടാക്കുന്നു. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും അടങ്ങുന്ന മന്ത്രിസഭയെ നിയമിക്കുന്നത് പ്രസിഡന്റാണ്. പ്രസിഡന്റ് രാഷ്ട്രത്തിന്റെയും ഗവണ്‍മെന്റിന്റെയും തലവനാണ്. അഞ്ച് വര്‍ഷമാണ് ഗവണ്‍മെന്റിന്റെ കാലാവധി.

നിയമനിര്‍മാണ അധികാരങ്ങള്‍ ദേശീയ അസംബ്ലി, ദേശീയ കൗണ്‍സില്‍ എന്നീ ദ്വിമണ്ഡലങ്ങള്‍ ഉള്‍പ്പെട്ട പാര്‍ലമെന്റില്‍ നിക്ഷിപ്തമാണ്. 78 അംഗങ്ങളാണ് ദേശീയ അസംബ്ലിയുടെ അംഗസംഖ്യ. ഇതില്‍ 72 പേര്‍ ആനുപാതിക പ്രാതിനിധ്യത്തിലൂടെയും ആറു പേര്‍ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലും നിയമിക്കപ്പെടുന്നു. 26 അംഗങ്ങളുള്ള ദേശീയ കൗണ്‍സിലിന്റെ കാലാവധി ആറ് വര്‍ഷമാണ്. ദേശീയ കൗണ്‍സിലേക്ക് രാജ്യത്തെ 13 പ്രവിശ്യകള്‍ ഓരോന്നും രണ്ടംഗങ്ങളെ വീതം തെരഞ്ഞെടുക്കുന്നു. ഭരണസൗകര്യാര്‍ഥം 13 പ്രവിശ്യകള്‍ക്കു കീഴില്‍ 102 മണ്ഡലങ്ങളായി നമീബിയയെ വിഭജിച്ചിട്ടുണ്ട്.

അന്‍പതുകളില്‍ നമീബിയന്‍ തൊഴിലാളികള്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലൂടെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. നമീബിയയിലെ രാഷ്ട്രീയ പ്രക്രിയയില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ കോണ്‍ഗ്രസ്സ് ഒഫ് ഡെമോക്രാറ്റ്സ്, ഡെമോക്രാറ്റിക് ടേണ്‍ഹാള്‍ അലയന്‍സ്, ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയവയാണ് പ്രധാന രാഷ്ട്രീയ കക്ഷികള്‍.

റോമന്‍-ഡച്ച് നിയമസംഹിതകളുടെയും രാജ്യത്തെ പരമ്പരാഗത നിയമാവലിയുടെയും അടിസ്ഥാനത്തിലാണ് നീതി നിര്‍വഹണം നടത്തുന്നത്. സ്വതന്ത്രമായി വര്‍ത്തിക്കുന്ന ഒരു നീതിന്യായ ഭരണസംവിധാനം ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി, ഹൈക്കോടതി, കീഴ്ക്കോടതി എന്നിവ അടങ്ങിയ ഒരു ത്രിതല നിയമസംവിധാനമാണ് ഇവിടെ നിലവിലുള്ളത്.

ചരിത്രം. നമീബിയയിലെ തദ്ദേശീയര്‍ പ്രധാനമായും സാന്‍, നാമ, ദമാര എന്നീ വംശജരാണ്. പോര്‍ച്ചുഗീസ് പര്യവേക്ഷകനായ ബര്‍ത്തിലോമിയോ ഡയസായിരുന്നു നമീബിയയില്‍ എത്തിയ ആദ്യത്തെ യൂറോപ്യന്‍ (15-ാം ശ.). മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കും വ്യാപാരാവശ്യങ്ങള്‍ക്കുമായി ബ്രിട്ടന്‍, ജര്‍മനി എന്നിവിടങ്ങളില്‍നിന്നും നിരവധി വിദേശികള്‍ തുടര്‍ന്ന് ഇവിടെ എത്തിയിരുന്നു. 1878-ല്‍ ബ്രിട്ടന്‍ വാല്‍വിസ് ബേ പ്രദേശം പിടിച്ചെടുത്തതോടെ യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ ഇരുണ്ട അധ്യായത്തിനു തുടക്കമായി, 1883-ല്‍ അഡോള്‍ഫ് ലൂഡറിട്ട്സ് എന്ന ജര്‍മന്‍കാരന്റെ ഉടമസ്ഥതയിലുള്ള വ്യാപാരക്കമ്പനി ഒരു പ്രാദേശിക ഗോത്രത്തലവനുമായി നടത്തിയ ഇടപാടുകളുടെ ഫലമായി വാല്‍വിസ്ബേ ഒഴിച്ചുള്ള തീരപ്രദേശങ്ങള്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ വന്നു. 1884-ല്‍ ബിസ്മാര്‍ക്കിന്റെ നേതൃത്വത്തിലുള്ള ജര്‍മന്‍ ഗവണ്‍മെന്റ് ഈ പ്രദേശത്തെ ഒരു ജര്‍മന്‍ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കുകയുണ്ടായി. തങ്ങളുടെ സ്വാധീന മണ്ഡലം ക്രമേണ വിപുലപ്പെടുത്തിയ ജര്‍മന്‍കാര്‍ വാല്‍വിസ്ബേ ഒഴികെയുള്ള നമീബിയയിലെ എല്ലാ പ്രദേശങ്ങളും അധീനപ്പെടുത്തി.

1904-ല്‍ ജര്‍മന്‍ അധിനിവേശത്തിനെതിരെ കലാപത്തിനു മുതിര്‍ന്ന ഹിറെറോ (Herero) വര്‍ഗക്കാരെ ജര്‍മന്‍സേന കൊന്നൊടുക്കി. 20-ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ എന്ന് വിശേഷിക്കപ്പെട്ട ഹിറെറോ കൂട്ടക്കൊലയില്‍ ഏതാണ്ട് 80,000 പേര്‍ വധിക്കപ്പെട്ടു എന്നാണു കരുതപ്പെടുന്നത് (2004-ല്‍ 100 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഈ വംശഹത്യയില്‍ ജര്‍മനി ഖേദം പ്രകടിപ്പിക്കുകയും നമീബിയയോട് ഔദ്യോഗികമായി മാപ്പുപറയുകയും ചെയ്തു).

ഒന്നാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികള്‍ക്കുവേണ്ടി പൊരുതിയ ദക്ഷിണാഫ്രിക്കന്‍ സേന നമീബിയ അധീനപ്പെടുത്തിയതോടെ നമീബിയയിലെ ജര്‍മന്‍ ഭരണം അവസാനിച്ചു (1915). യുദ്ധാനന്തരം നമീബിയയില്‍ ഭരണം നിര്‍വഹിക്കാനുള്ള മാന്‍ഡേറ്റ് ലീഗ് ഒഫ് നേഷന്‍സ് ദക്ഷിണാഫ്രിക്കയ്ക്കു നല്കി (മുന്‍ ജര്‍മന്‍ കോളനികളുടെ ഭരണം നിര്‍വഹിക്കുവാനായി അംഗരാഷ്ട്രങ്ങള്‍ക്കു ലീഗ് നല്കിയ അധികാരത്തെയാണ് മാന്‍ഡേറ്റ് എന്ന് വിശേഷിപ്പിക്കുന്നത്).

ലീഗ് പിരിച്ചുവിട്ടശേഷം നിലവില്‍വന്ന ഐക്യരാഷ്ട്രസഭയെ അംഗീകരിക്കുവാന്‍ വിസമ്മതിച്ച ദക്ഷിണാഫ്രിക്ക, നമീബിയയെ ഐക്യരാഷ്ട്രസഭയ്ക്കു കൈമാറാന്‍ തയ്യാറായില്ല. 1966-ല്‍ ദക്ഷിണാഫ്രിക്കയ്ക്കു നല്കിയ ലീഗ് മാന്‍ഡേറ്റ് റദ്ദാക്കിയ ഐക്യരാഷ്ട്രസഭ നമീബിയയില്‍നിന്നും ഉടനടി പിന്മാറണമെന്ന് ആ രാജ്യത്തോടു ആവശ്യപ്പെട്ടു. എന്നാല്‍ ഐക്യരാഷ്ട്രസഭയ്ക്കെതിരെ നിഷേധാത്മക നിലപാട് സ്വീകരിച്ച ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ നമീബിയയുടെ ഭരണച്ചുമതല ഏല്ക്കുകയും അവിടെ അപാര്‍തീഡ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നമീബിയയിലെ സ്വാപോ (സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍) എന്ന സംഘടന നമീബിയന്‍ സ്വാതന്ത്ര്യത്തിനായി സായുധ പോരാട്ടം ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇവരുടെ പോരാട്ടത്തിന് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കിയത് അങ്കോളയിലെ മാര്‍ക്സിസ്റ്റ് സര്‍ക്കാരാണ്. ദക്ഷിണാഫ്രിക്കന്‍ സേന അങ്കോളയിലെ തങ്ങളുടെ താവളങ്ങള്‍ ആക്രമിച്ചതിനുപകരമായി നമീബിയയിലെ വെള്ളക്കാര്‍ക്കെതിരെ സ്വാപോ പ്രതികാര നടപടികള്‍ സ്വീകരിച്ചത് 80-കളെ പ്രക്ഷുബ്ധമാക്കിയിരുന്നു.

1973-ല്‍ സ്വാപോയെ നമീബിയന്‍ ജനതയുടെ യഥാര്‍ഥ പ്രതിനിധിയായി അംഗീകരിച്ച ഐക്യരാഷ്ട്രസഭ സ്വാപോയുടെ അഭ്യര്‍ഥനപ്രകാരം തെക്കു പടിഞ്ഞാറന്‍ ആഫ്രിക്കയുടെ പേര് നമീബിയ എന്നാക്കി മാറ്റി. 1971-ല്‍ അന്താരാഷ്ട്ര കോടതി നമീബിയയിലെ ദക്ഷിണാഫ്രിക്കന്‍ അധിനിവേശം അനധികൃതമാണെന്നും ഉടനടി ആ രാജ്യത്തുനിന്നു പിന്മാറണമെന്നും നിര്‍ദേശിച്ചെങ്കിലും ദക്ഷിണാഫ്രിക്ക അവിടെ നിന്നും ഒഴിയാന്‍ തയ്യാറായില്ല. നമീബിയന്‍ പ്രശ്നം പരിഹരിക്കുന്നതിനായി 1977-ല്‍ ഐക്യരാഷ്ട്രസഭ യു.എസ്., കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഫെഡറല്‍ റിപ്പബ്ളിക് ഒഫ് ജര്‍മനി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പ് രൂപീകരിച്ചു. നമീബിയയുടെ സ്വാതന്ത്ര്യത്തിനായി ഇവര്‍ മുന്നോട്ടുവച്ച പദ്ധതി ഐക്യരാഷ്ട്രസഭയുടെ 435-ാം പ്രമേയമായി അംഗീകരിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ നമീബിയയില്‍ തെരഞ്ഞെടുപ്പു നടത്താനുള്ള ഈ പദ്ധതി നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്വാപോയും ദക്ഷിണാഫ്രിക്കയും അംഗീകരിച്ചത്. പദ്ധതിയുടെ വിജയത്തിന് സഹകരിക്കാമെന്ന് ദക്ഷിണാഫ്രിക്ക വാഗ്ദാനം ചെയ്തെങ്കിലും യു.എന്‍. പദ്ധതിയെ നിരാകരിച്ചുകൊണ്ട് ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തിയത് പ്രശ്നപരിഹാരത്തിന് പ്രതിബന്ധമായി. സ്വാപോ ഈ തിരഞ്ഞെടുപ്പിനെ ബഹിഷ്കരിക്കുകയുണ്ടായി. നമീബിയന്‍ പ്രശ്നത്തില്‍ ഉള്‍പ്പെട്ട കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ 1978-88 കാലയളവില്‍ തുടര്‍ന്നു. ഈ ചര്‍ച്ചകളില്‍ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി മാര്‍ത്തി അഹ്തിസാരി വഹിച്ച പങ്ക് സുപ്രധാനമായിരുന്നു. യു.എസ്സിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി ഒടുവില്‍ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭയുടെ 435-ാം നമ്പര്‍ പ്രമേയം നടപ്പിലാക്കാന്‍ ദക്ഷിണാഫ്രിക്ക തയ്യാറായി. അങ്കോളയില്‍ നിന്നും ക്യൂബന്‍ സേനയെ പിന്‍വലിക്കുന്ന പക്ഷം നമീബിയയ്ക്ക് സ്വാതന്ത്യ്രം നല്കാം എന്ന ഉപാധിയാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടു വച്ചത്. (ക്യൂബന്‍ സേനയുടെ പിന്തുണയോടെയാണ് അങ്കോളയിലെ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലിരുന്നത്). വര്‍ധിച്ചുവന്ന സൈനിക ചെലവിന്റെ പശ്ചാത്തലത്തില്‍ നമീബിയയിലും അങ്കോളയിലും യുദ്ധം തുടര്‍ന്നു കൊണ്ടുപോകുന്നതിലുള്ള ആശങ്കയായിരുന്നു സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുവാന്‍ ദക്ഷിണാഫ്രിക്കയെ പ്രേരിപ്പിച്ചത്. 1988-ല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരും അങ്കോളന്‍ സര്‍ക്കാരും യുദ്ധവിരാമം പ്രഖ്യാപിച്ചതോടെ നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സേനയെയും അങ്കോളയില്‍നിന്നും ക്യൂബന്‍ സേനയെയും പിന്‍വലിക്കാന്‍ തീരുമാനമായി.

1989 ഏ. 1-ന് യു.എന്‍. മേല്‍നോട്ടത്തില്‍ നമീബിയയില്‍ തെരഞ്ഞെടുപ്പു നടത്താനുള്ള പ്രക്രിയ ആരംഭിച്ചു. യു.എന്‍. നിരീക്ഷണ സമിതിയുടെ തലവന്‍ മാര്‍ട്ടി അഹ്തിസാരിയായിരുന്നു. (നമീബിയ, കൊസോവ, ആച്ചെ (ഇന്തോനേഷ്യ) എന്നിവിടങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ മാര്‍ത്തി അഹ്തിസാരി വഹിച്ച മധ്യസ്ഥശ്രമങ്ങള്‍ കണക്കിലെടുത്ത് ഇദ്ദേഹത്തിന് 2008-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നല്‍കി).

1989 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണഘടനാ നിര്‍മാണസമിതിയിലെ 57 ശ.മാ. സീറ്റുകള്‍ സ്വാപോ നേടി. ഭരണഘടനയ്ക്കു രൂപം നല്കിയശേഷം ഭരണഘടനാ നിര്‍മാണസമിതി രാജ്യത്തെ ആദ്യത്തെ പാര്‍ലമെന്റായി മാറി. പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ബഹുകക്ഷി ജനാധിപത്യമാണ് ഭരണഘടന വിഭാവന ചെയ്തത്. അസംബ്ളി സ്വാപോ നേതാവായ സാം നുജോമയെ നമീബിയയുടെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 1990 മാ. 21-ന് നമീബിയ സ്വതന്ത്രരാജ്യമായി നിലവില്‍വന്നു. കൊളോണിയല്‍ ഭരണത്തില്‍ നിന്നും വിമോചനം നേടിയ അവസാനത്തെ ആഫ്രിക്കന്‍ രാജ്യമാണ്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%AE%E0%B5%80%E0%B4%AC%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍