This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമസ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമസ്കാരം

ഒരു ഹൈന്ദവാചാരം. താണുവണങ്ങല്‍, വന്ദനം, അഭിവാദ്യം എന്നീ അര്‍ഥങ്ങളിലാണ് ഈ പദം ഉപയോഗിച്ചുവരുന്നത്. ക്ഷേത്രത്തില്‍ പ്രഭാതപൂജയ്ക്കു ശേഷം ബ്രാഹ്മണര്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചടങ്ങിനും ഈ പേരുണ്ട്. ദേവന്മാരെയും ബഹുമാന്യ വ്യക്തികളെയും കീര്‍ത്തിക്കുവാനും വന്ദിക്കുവാനുമായി നമഃ, നമസ്തേ തുടങ്ങിയ പദപ്രയോഗങ്ങള്‍ സമൂഹം ശീലിച്ചുപോരുന്നു.

ഹൈന്ദവാചാരങ്ങളില്‍ പ്രഥമസ്ഥാനമാണ് നമസ്കാരത്തിനുള്ളത്. രണ്ട് കൈപ്പത്തികളും ചേര്‍ത്തുപിടിച്ച് നല്കുന്ന അഭിവാദ്യനമസ്കാരവും കുനിഞ്ഞ് പാദങ്ങളില്‍ തൊട്ടുവന്ദിക്കുന്ന പാദനമസ്കാരവുമുണ്ട്. നമസ്കരിക്കുന്നയാള്‍ നമസ്തേ എന്നു പറയാറുണ്ട്. നമസ്തേ എന്നാല്‍ താങ്കളെ (തേഃ) ഞാന്‍ നമിക്കുന്നു (നമഃ) എന്നാണര്‍ഥം. കൈകൂപ്പി ആചരിക്കുന്ന നമസ്കാരത്തിന് ഊര്‍ധ്വം, മധ്യം, ബാഹ്യം എന്നീ മൂന്നു സ്ഥാനങ്ങളുണ്ട്. കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നായിച്ചേര്‍ത്ത് ശിരസിന് മുകളില്‍ വയ്ക്കുന്നതാണ് ഊര്‍ധ്വനമസ്കാരം. ഗുരുദര്‍ശനം നടത്തുമ്പോഴും ശ്രാദ്ധം (ശ്രാദ്ധമൂട്ടിന് ദക്ഷിണ നല്കിക്കഴിഞ്ഞാല്‍ ബന്ധുക്കള്‍ തെക്കോട്ടു തിരിഞ്ഞിരുന്നു നമസ്കരിക്കണമെന്നാണ് നിയമം), ബലികര്‍മം, യോഗാസനമുറകള്‍ എന്നിവ അനുഷ്ഠിക്കുമ്പോഴും ഊര്‍ധ്വനമസ്കാരം ഉപയോഗിക്കുന്നു. മധ്യനമസ്കാരത്തില്‍ കൈപ്പത്തികളുടെ സ്ഥാനം ഹൃദയഭാഗത്താണ്. ക്ഷേത്രദര്‍ശനം, തീര്‍ഥാടനം തുടങ്ങിയ മുഹൂര്‍ത്തങ്ങളിലാണ് ഈ നമസ്കാരം അനുയോജ്യം. ബാഹ്യനമസ്കാരത്തില്‍ താമരമൊട്ടിന്റെ ആകൃതിയിലാണ് കൈപ്പത്തികള്‍ ഒത്തുചേര്‍ക്കുന്നത്. സമൂഹസദസ്സില്‍ ഈ നമസ്കാരമാണ് നല്ലത്.

കായികം, വാചികം, മാനസികം എന്നീ മൂന്നുവിധത്തില്‍ നമസ്കാരക്രിയയുണ്ടെന്ന് കാളികാപുരാണം പറയുന്നു. ഈ മൂന്നുവിധ നമസ്കാരത്തിനും ഉത്തമ-മധ്യമ-അധമ ഭേദവുമുണ്ട്. ദണ്ഡനമസ്കാരത്തെ ഉത്തമകായികനമസ്കാരമായി കണക്കാക്കുന്നു. മുട്ട് നിലത്തുമുട്ടിച്ചുള്ള നമസ്കാരം മധ്യമവും കൈകൂപ്പല്‍ മാത്രം അനുഷ്ഠിക്കുന്നത് അധമവുമാകുന്നു. പ്രാര്‍ഥനയായോ പദ്യകീര്‍ത്തനമായോ നടത്തുന്ന സ്തുതിയാണ് വാചികനമസ്കാരം. സ്വയം സ്തുതികള്‍ രചിച്ചു വന്ദിക്കുന്നത് ഉത്തമവാചികനമസ്കാരം. പ്രസിദ്ധമായ സ്തോത്രങ്ങളിലൂടെ നമസ്കരിക്കുന്നത് മധ്യമം. നമസ്തേ തുടങ്ങിയ പദങ്ങള്‍ മാത്രമുപയോഗിച്ച് ആദരിക്കുന്നത് അധമം. മാനസിക നമസ്കാരത്തിന് ജീവിതമുഹൂര്‍ത്തങ്ങള്‍ക്കനുസരിച്ച് ഭേദം വരാം.

ജ്ഞാനേന്ദ്രിയങ്ങളുടെയും കര്‍മേന്ദ്രിയങ്ങളുടെയും പ്രതീകമാണ് കൈപ്പത്തികളെന്ന ഒരു സങ്കല്പമുണ്ട്. കൈകൂപ്പുന്നതിനെ നമസ്കാരമെന്ന് പൊതുവേ പറയാറുണ്ടെങ്കിലും ശരിയായ അര്‍ഥത്തില്‍ വന്ദനം മാത്രമാണത് എന്നാണ് ഹൈന്ദവശാസ്ത്രമതം. കുനിഞ്ഞുവണങ്ങുന്നതിനെയാണ് നമസ്കാരമെന്ന് പറയുന്നതത്രെ. നാലുതരം നമസ്കാരങ്ങളെക്കുറിച്ച് ഹൈന്ദവധര്‍മശാസ്ത്രം പറയുന്നുണ്ട്. സൂര്യനമസ്കാരം, സാഷ്ടാംഗനമസ്കാരം, ദണ്ഡനമസ്കാരം, പാദനമസ്കാരം എന്നിവയാണവ. ക്ഷേത്രദര്‍ശനവേളയിലോ സ്വകാര്യപൂജകള്‍ക്കിടയിലോ മുട്ടുകുത്തിയിരുന്ന് നെറ്റി തറയില്‍ മുട്ടിച്ച് അഞ്ജലി കൂപ്പുന്നതിനാണു പാദനമസ്കാരം എന്നു പറയുന്നത്. നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാല്‍മുട്ട്, കൈപ്പത്തി, കാല്‍വിരല്‍ എന്നീ അഷ്ടാംഗങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിച്ചുനടത്തുന്ന നമസ്കാരമാണ് സാഷ്ടാംഗനമസ്കാരം. കൈപ്പത്തികള്‍ ശിരസിനു മുകളില്‍ ചേര്‍ത്തുകൊണ്ട് ദണ്ഡാകൃതിയില്‍ ശയനവന്ദനം നടത്തുന്നതിനെ ദണ്ഡനമസ്കാരം എന്നു വിളിക്കുന്നു. സൂര്യനമസ്കാരം ഏറെ പ്രശസ്തമായ വൈദികകര്‍മമായും സമ്പൂര്‍ണയോഗാഭ്യാസമായും വിലയിരുത്തപ്പെടുന്നു. പ്രഭാതത്തില്‍ സൂര്യന് അഭിമുഖമായി നിന്ന് സൂര്യമന്ത്രങ്ങളോടെ അനുഷ്ഠിക്കുന്ന യോഗവിദ്യയാണ് ഇത്. ശാരീരികമായ പരിമിതികളാല്‍ സ്ത്രീകള്‍ക്ക് ദണ്ഡ-സൂര്യ-സാഷ്ടാംഗ നമസ്കാരങ്ങള്‍ പാടില്ല എന്നാണ് നിയമം. കാല്‍മുട്ടുകള്‍, കൈപ്പടം, നെറ്റി ഇവ മാത്രം നിലത്തു സ്പര്‍ശിച്ചുകൊണ്ടുള്ള പഞ്ചാംഗനമസ്കാരം സ്ത്രീകള്‍ക്ക് അനുവദനീയമാണ്. ഗര്‍ഭപാത്രത്തിനു ബലം നല്കുന്ന ഉത്തമവ്യായാമമത്രെ അത്. സൂര്യനമസ്കാരത്തോടെയാണ് ഒരു ഹിന്ദുവിന്റെ ഓരോ ദിവസവും ആരംഭിക്കേണ്ടതെന്നാണ് ഹൈന്ദവശാസ്ത്രപരാമര്‍ശം. എങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ഭൂമിയെ നമസ്കരിക്കേണ്ടതുണ്ടെന്നും വിധി കാണാം. പ്രഭാതത്തിലും സന്ധ്യയിലും ആചരിച്ചുവരുന്ന നാമം ചൊല്ലി നമസ്കരിക്കല്‍ മറ്റൊരു പ്രധാന നിത്യകര്‍മമാണ്. മാതാവ്, പിതാവ്, ഗുരു, ദൈവം എന്നീ സങ്കല്പങ്ങളെ നമസ്കാരമന്ത്രങ്ങളോടെ പൂജിച്ചശേഷം ഇഷ്ടദേവതയെയും ഭരദേവതയെയും ധ്യാനപൂര്‍വം നമസ്കരിക്കുന്നു. ദിക്കുകളെയും അവയുടെ അധിദേവന്മാരെയും അഷ്ടദിക്പാലകരെയും നമസ്കരിക്കുന്ന ആചാരവും നിലവിലുണ്ട്. ശിവന്‍, മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, ദുര്‍ഗ, ഭദ്രകാളി, ഗണപതി, സുബ്രഹ്മണ്യന്‍ തുടങ്ങിയ ദേവസങ്കല്പങ്ങളെ നമസ്കരിക്കുന്നതിന് പ്രത്യേകസ്തുതിമന്ത്രങ്ങളുണ്ട്. രാത്രിയില്‍ നമസ്കരിക്കരുത് എന്നും നിയമമുണ്ട്.

നമസ്കാരത്തിന്റെ ഒരു ഭാഗം മാത്രമാണ് വന്ദനമെന്നു പറയാം. മസ്തിഷ്കം, ഹൃദയം, കുണ്ഡലി എന്നിവയെ നമസ്കാരവന്ദനങ്ങള്‍ ഏകീകരിക്കുന്നു എന്നാണ് വിശ്വാസം. രണ്ടു കൈകളും ശരീരമധ്യത്തില്‍ ഹൃദയത്തിനടുത്തോ ശിരോഭാഗത്തോ ചേര്‍ത്തുവച്ച് അനുഷ്ഠിക്കുന്ന നമസ്കാരക്രിയകളുടെ വൈദികമതപ്രകാരമുള്ള അര്‍ഥം ഇതാണ്-വിരലുകള്‍ പഞ്ചേന്ദ്രിയങ്ങളെയും പഞ്ചഭൂതങ്ങളെയും സൂചിപ്പിക്കുമ്പോള്‍ കൈകൂപ്പി ഒന്നാകുന്നതിലൂടെ ഏകാത്മബോധം അനുഭവവേദ്യമാകുന്നു. വേദാന്തം, യോഗം, ആചാരശാസ്ത്രം തുടങ്ങിയ പല വൈജ്ഞാനിക ശാസ്ത്രങ്ങളും നമസ്കാരത്തിന്, അവരുടേതായ നിര്‍വചനവും വിശദീകരണവും നല്കിയിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന അനുഷ്ഠാനചടങ്ങുകളുമായി ബന്ധപ്പെട്ടും നമസ്കാരം പ്രസിദ്ധമാണ്. അമ്പലങ്ങളിലെ നിത്യനിദാനത്തില്‍ അഭിഷേകം, നിവേദ്യം, നമസ്കാരം, ശ്രീബലി എന്നീ ചടങ്ങുകളാണുള്ളത്. നിവേദ്യം സംബന്ധിച്ചുള്ള ക്രിയാംഗമായി നടത്തുന്ന ബ്രാഹ്മണഭോജനമാണ് നമസ്കാരം എന്ന പേരിലറിയപ്പെടുന്നത്. അന്നം കൊണ്ടും ആചാരബഹുമാനം കൊണ്ടും ബ്രാഹ്മണരെ തൃപ്തിപ്പെടുത്തുന്ന നമസ്കാരക്രിയ ഇന്നും ക്ഷേത്രങ്ങളില്‍ ചടങ്ങായി തുടരുന്നുണ്ട്. ക്ഷേത്രദേവനുള്ള നിവേദ്യപൂജ കഴിഞ്ഞിട്ടാണ് ബ്രാഹ്മണരെ ഊട്ടിയിരുന്നത്. ജല-ഗന്ധ പുഷ്പങ്ങള്‍ അര്‍പ്പിച്ചശേഷം മേല്‍ശാന്തി ഇലയിട്ട് ചോറുവിളമ്പി കുടിക്കുനീര്‍ വീഴ്ത്തുന്നു. ഊണിനുശേഷവും കുടിക്കുനീര്‍ വീഴ്ത്തേണ്ടതുണ്ട്. ഓരോ ക്ഷേത്രത്തിലും ഓരോ ദിവസവും ഇത്രപേര്‍ക്ക് നമസ്കാരം ഏര്‍പ്പെടുത്തണമെന്നു നിശ്ചയിക്കപ്പെട്ടിരുന്നു. പഴയകാലങ്ങളില്‍ ബ്രാഹ്മണരായ തീര്‍ഥാടകര്‍ ക്ഷേത്രങ്ങളിലെത്തി കുളിച്ചുതൊഴുത് നമസ്കാരം കഴിച്ച് യാത്ര തുടരുക പതിവായിരുന്നു. ആറന്മുള നമസ്കാരം, ഗുരുവായൂര്‍ നമസ്കാരം എന്നീ പേരുകളില്‍ ബ്രാഹ്മണഗൃഹങ്ങളില്‍ വച്ച് കാല്‍കഴുകിച്ചൂട്ടും നടത്തിയിരുന്നു. മറ്റു സവര്‍ണഗൃഹങ്ങളില്‍ വച്ച് കാല്‍കഴുകിച്ചൂട്ട് നടത്താറുണ്ടെങ്കിലും പാചകവും പൂജാദികര്‍മങ്ങളും നടത്തുന്നത് ബ്രാഹ്മണര്‍ തന്നെയായിരിക്കും.

യാഗം, യജ്ഞം, മന്ത്രവാദം തുടങ്ങിയ ക്രിയകളിലും നമസ്കാരക്രിയ പ്രധാനപ്പെട്ടതാണ്. ക്ഷേത്രത്തിന്റെ നാലമ്പലത്തിലേക്കു പ്രവേശിക്കുംമുമ്പ് പടിവാതിലില്‍ ഒരു തവണ നമസ്കരിക്കണമെന്നാണ് നിയമം. ഗണപതിയുടെ മുന്നില്‍ ഏത്തമിട്ടാണ് നമസ്കരിക്കേണ്ടത്. പന്ത്രണ്ട് ഏത്തനമസ്കാരമാണ് ഉത്തമം. ശിവനെ പൂര്‍ണപ്രദക്ഷിണം നടത്തി നമസ്കരിക്കുവാന്‍ പാടില്ല. മൂന്നുപ്രാവശ്യം ശിവന് പാദനമസ്കാരം നടത്താം. വിഷ്ണുക്ഷേത്രങ്ങളില്‍ നാലുപ്രാവശ്യവും ദേവീക്ഷേത്രങ്ങളില്‍ ഏഴുപ്രാവശ്യവും നമസ്കരിക്കണം. പൂര്‍ണപ്രദക്ഷിണത്തോടു കൂടിയുള്ള ഈ നമസ്കാരം ചില പ്രധാനക്ഷേത്രങ്ങളില്‍ നേര്‍ച്ചവഴിപാടായി ആചരിച്ചുവരുന്നു.

(എം. സുരേഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍