This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നന്നൂല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നന്നൂല്‍
തമിഴ് വ്യാകരണ ഗ്രന്ഥം. പവണന്തിയാര്‍ എന്നും പവണന്തി മുനിവര്‍ എന്നും അറിയപ്പെട്ടിരുന്ന പണ്ഡിതകവി സു. ഏഴു നൂറ്റാണ്ടുകള്‍ക്കു മുമ്പു രചിച്ചതാണെന്നു കരുതപ്പെടുന്നു. മൂന്നാം കുലോത്തുംഗ ചോഴന്റെ ഭരണകാലത്ത് സാമന്തനോ നാടുവാഴിയോ ആയിരുന്ന സീയഗംഗന്‍ എന്ന ഭാഷാ പ്രണയിയാണ് നന്നൂല്‍ എഴുതാന്‍ പവണന്തി മുനിവരെ പ്രേരിപ്പിച്ചതെന്ന് ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ പറഞ്ഞിട്ടുണ്ട്. പവണന്തിമുനിവര്‍ ജൈനമതവിശ്വാസിയായിരുന്നുവെന്നും പിതാവിന്റെ പേര് സന്മതിമാമുനി എന്നാണെന്നും ഇന്നത്തെ കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗവും സനനാഥപുരമെന്നോ സനകാപുരമെന്നോ സനകൈ എന്നോ അറിയപ്പെട്ടിരുന്നതുമായ സ്ഥലമാണ് അദ്ദേഹത്തിന്റെ ജന്മദേശമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
വ്യാകരണ നിയമങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുള്ള തമിഴിലെ ആദ്യത്തെ ആധികാരിക ഗ്രന്ഥമായ തൊല്കാപ്പിയം കഴിഞ്ഞാല്‍ ഏറ്റവും മുഖ്യമായ ഭാഷാശാസ്ത്രഗ്രന്ഥമാണ് നന്നൂല്‍ (നൂല്‍ എന്ന തമിഴ് പദത്തിന് ഗ്രന്ഥം എന്നാണര്‍ഥം. നന്നൂല്‍ എന്ന വാക്കിന് ഉത്തമഗ്രന്ഥം എന്ന് അര്‍ഥം പറയാം).
എഴുത്ത്, മൊഴി, അര്‍ഥം, കാവ്യം, അലങ്കാരം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളുടെ ലക്ഷണങ്ങളും ഇതില്‍ പ്രതിപാദിച്ചിരുന്നതായി ഗ്രന്ഥാരംഭത്തില്‍ സൂചനയുണ്ടെങ്കിലും പില്ക്കാലത്ത് അതില്‍ കുറേഭാഗം നഷ്ടപ്പെട്ടുപോയി. എഴുത്ത്, ചൊല്ല് (മൊഴി) എന്നു രണ്ടുഭാഗങ്ങള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. ആദ്യത്തേത് എഴുത്തധികാരം എന്നും രണ്ടാമത്തേത് ചൊല്ലധികാരം എന്നും അറിയപ്പെടുന്നു.
മൂന്നാം കുലോത്തുംഗ ചോഴന്റെ ഭരണകാലത്ത് സാമന്തനോ നാടുവാഴിയോ ആയിരുന്ന സീയഗംഗന്‍ എന്ന ഭാഷാ പ്രണയിയാണ് നന്നൂല്‍ എഴുതാന്‍ പവണന്തി മുനിവരെ പ്രേരിപ്പിച്ചതെന്ന് ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ പറഞ്ഞിട്ടുണ്ട്. അക്ഷരങ്ങള്‍, പദങ്ങള്‍, വാക്യങ്ങള്‍ എന്നിവയുടെ ഘടന, പ്രയോഗം, വചനം, ലിംഗപ്രത്യയങ്ങള്‍ മുതലായവയെല്ലാം നന്നൂലാല്‍ സോദാഹരണം വിവരിക്കുന്നു.
ഹൃദിസ്ഥമാക്കാനെളുപ്പമുള്ള സൂത്രങ്ങളായാണ് വ്യാകരണ നിയമങ്ങള്‍ പ്രതിപാദിച്ചിട്ടുള്ളത്. സ്വന്തം രചനയ്ക്കൊപ്പം തൊല്കാപ്പിയത്തിലെയും മറ്റുചില പുരാതന കൃതികളിലെയും വരികളും ഇതില്‍ കൂട്ടിക്കലര്‍ത്തിയിട്ടുള്ളതായി കാണാം. മയിലൈ നാഥര്‍, ശങ്കര നമശ്ശിവായ പുലവര്‍, രാമാനുജ കവിരായര്‍, വിശാഖപ്പെരുമാള്‍ അയ്യര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ നന്നൂലിനു വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്.
(എം.പി. സദാശിവന്‍)