This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്നയ്യ (11-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നന്നയ്യ (11-ാം ശ.)

പ്രാചീന തെലുഗു കവി. ചാലൂക്യരാജാവായ രാജരാജ നരേന്ദ്രന്റെ (1022-63) സദസ്യകവിയും സുഹൃത്തും കുലഗുരുവും ആയിരുന്നു ഇദ്ദേഹം. രാജാവിന്റെ ആവശ്യപ്രകാരം പഞ്ചമവേദമെന്നറിയപ്പെടുന്ന മഹാഭാരതം വിവര്‍ത്തനം ചെയ്തു. സതീര്‍ഥ്യനും വിദ്വത്കവിയുമായ നാരായണഭട്ടന്റെ സഹായത്തോടുകൂടിയാണ് വിവര്‍ത്തനം നിര്‍വഹിച്ചത്.

തെലുഗുവില്‍ മഹാഭാരതം വിവര്‍ത്തനം ചെയ്ത ആദ്യത്തെ മൂന്നു കവികളില്‍ ഒന്നാമനാണ് ഇദ്ദേഹം. വ്യാകരണ നിയമാനുസാരിയും ശുദ്ധവുമായ ഭാഷയില്‍ ആദ്യമായി കാവ്യം രചിച്ചയാള്‍ എന്ന നിലയില്‍ നന്നയ്യയെ തെലുഗുവിലെ ആദ്യകവിയായി പരിഗണിക്കുന്നു. ആദിപര്‍വവും സഭാപര്‍വവും ആരണ്യപര്‍വത്തിന്റെ മൂന്നു സര്‍ഗങ്ങളും 143 വ്യാകരണങ്ങളുമാണ് നന്നയ്യയുടെ ഭാരതത്തിലുള്ളത്. ബാക്കിയുള്ളവ, വിവര്‍ത്തനത്തില്‍ ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന തിക്കനയും എര്‍റനയും പൂര്‍ത്തിയാക്കി.

നന്നയ്യയുടെ ആന്ധ്രമഹാഭാരതം അതില്‍ വരുത്തിയിട്ടുള്ള വ്യതിയാനങ്ങള്‍ കൊണ്ടു ശ്രദ്ധേയമാണ്. പല ഭാഗങ്ങളും വിട്ടുകളയുകയും ചിലത് സംഗ്രഹിക്കുകയും ചില വിവരണങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ദ്രൗപദി അര്‍ജുനനെ വരണമാല്യം അണിയിക്കുന്ന തിലെ കാവ്യഭംഗി വിവര്‍ത്തനത്തിലെ മൗലികതയ്ക്ക് ഒരുദാഹരണമാണ്. ദുര്യോധനന്‍ ദ്രൗപദിയെ സഭയില്‍ വിളിച്ചു വരുത്തി അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ദുര്യോധനനെ സഭയില്‍ നിന്നു നിഷ്കാസനം ചെയ്യാന്‍ ഗാന്ധാരി ധൃതരാഷ്ടരോടു പറയുന്ന ഭാഗം വിട്ടുകളഞ്ഞിട്ടുള്ള ഭാഗങ്ങള്‍ക്കുദാഹരണം. ഭാരതത്തില്‍ ഗാന്ധാരിയുടെ മഹത്ത്വം വെളിവാക്കപ്പെടുന്ന ചുരുക്കം ചില ഭാഗങ്ങളില്‍ ഒന്നാണിത്. ആദിപര്‍വത്തിലെ കചദേവയാനി, സഭാപര്‍വത്തിലെ ശിശുപാല വധം, ആരണ്യപര്‍വത്തിലെ നളചരിതം എന്നിവ ഏറെ ആസ്വാദ്യകരങ്ങളാണ്.

സംസ്കൃതപദബഹുലമാണ് നന്നയ്യയുടെ ഭാരതവിവര്‍ത്തനമെങ്കിലും ഒഴുക്കും ഗാംഭീര്യവും ഉള്ളതാണ് രചനാരീതി. ചമ്പകമാല ശാര്‍ദൂലം, മത്തേഭം, ഉത്പലമാല തുടങ്ങിയ വൃത്തങ്ങള്‍ക്കു പുറമേ, തരുവോജ, മധ്യാക്കര എന്നിങ്ങനെയുള്ള ദേശീ വൃത്തങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

തെലുഗു സാഹിത്യത്തില്‍ ആത്മകഥ, ജീവചരിത്രം എന്നിവയ്ക്ക് തുടക്കം കുറിച്ചതും നന്നയ്യയാണെന്നു പറയാം. ആന്ധ്രഭാരതത്തിന്റെ ആദിപര്‍വം ഒന്നാം കാണ്ഡത്തില്‍ തന്റെ ആത്മകഥാപരമായ ചരിത്രം ഏതാനും വരികളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെ രാജരാജനരേന്ദ്രരാജാവിന്റെ ജീവചരിത്രം 12 പദ്യങ്ങളിലായി വിവരിച്ചിരിക്കുന്നു. എന്തുകൊണ്ടും തെലുഗു ക്ലാസ്സിക് കൃതികളില്‍ ഉയര്‍ന്ന സ്ഥാനമാണ് ഈ കൃതിക്കുള്ളത്. വാല്മീകിയും വ്യാസനും സംസ്കൃത കാവ്യത്തിനു നല്കിയതുപോലുള്ള കാവ്യപാരമ്പര്യമാണ് നന്നയ്യ തെലുഗു സാഹിത്യത്തിന് നല്കിയിരിക്കുന്നതെന്നു പറയാം.

തെലുഗുവിലെ ആദ്യത്തെ വ്യാകരണഗ്രന്ഥമായ ആന്ധ്രശബ്ദസാമള്ളി നന്നയ്യയുടേതാണെന്ന് കരുതപ്പെടുന്നു. ലക്ഷണസാരമു, ഇന്ദ്രവിജയമു, ചാമുണ്ഡി വിലാസമു, രാഘവാദ്യുദയമു എന്നിവയാണ് നന്നയ്യ രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഇതര കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍