This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്ദികേശ്വരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നന്ദികേശ്വരന്‍

പുരാണ കഥാപാത്രം. ശിവന്റെ ഭൂതഗണങ്ങളില്‍ പ്രമുഖന്‍. നന്ദി, നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ശിവപാര്‍ഷദന്‍ കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരന്‍ ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നതിപ്രകാരമാണ്:

ശാലങ്കായന്റെ പുത്രനായ ശിലാദനന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്‍. കൈകള്‍ നാല്. ശിരസ്സില്‍ ജടാമകുടങ്ങള്‍. ശിലാദനന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹമഭ്യര്‍ഥിച്ചു. 'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി 'ദീര്‍ഘായുസ്സു നല്‍കണം' എന്നഭ്യര്‍ഥിച്ചു. 'ദീര്‍ഘായുസ്സുമാത്രമല്ല, കൈലാസത്തില്‍വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്‍ഘജീവിതസുഖം അനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.

നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.

നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്‍ത്തിരുന്നു. തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി ശിവനെ അഭയം പ്രാപിച്ചു.

കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്. ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന്‍ തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന്‍ തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്‍ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല്‍ രുഷ്ടനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന്‍ സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.

മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍