This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നന്ദാദേവി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നന്ദാദേവി
Nanda Devi
തെക്കു കിഴക്കന്‍ ഹിമാലയത്തിലെ കുമായൂണ്‍ നിരകളില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊടുമുടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 23-ാമത്തെ കൊടുമുടിയായ നന്ദാദേവിക്ക് സു. 7817 മീ. ഉയരമുണ്ട്. നങ്ഗപര്‍വതത്തിനും നംചബറുവയ്ക്കും മധ്യേയായി സ്ഥിതി ചെയ്യുന്ന ഈ പര്‍വത ശൃങ്ഗം ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമാണ്.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ ഇന്ത്യ-നേപ്പാള്‍, അതിര്‍ത്തിയിലുള്ള കാഞ്ചന്‍ജങ്ഗ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം നന്ദാദേവിക്കാണ്. പൂര്‍ണമായും ഇന്ത്യയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമേറിയ കൊടുമുടി എന്ന നിലയിലും ശ്രദ്ധേയമാണ് നന്ദാദേവി. 'സായൂജ്യം പ്രദാനം ചെയ്യുന്ന ദേവത' എന്നര്‍ഥം വരുന്ന നന്ദാദേവിയെ ഉത്തര്‍ഖണ്ഡ് ഹിമാലയനിരകളുടെ 'പരിത്രാണകദേവത'യായും വിശേഷിപ്പിക്കാറുണ്ട്. നന്ദാദേവി, നന്ദാദേവി ഈസ്റ്റ് എന്നീ രണ്ടു ഗിരിശൃങ്ഗങ്ങളാണ് നന്ദാദേവിയിലുള്‍പ്പെടുന്നത്. ഇതില്‍ നന്ദാദേവി എന്നു പേരുള്ള പടിഞ്ഞാറന്‍ ശൃങ്ഗത്തിനാണ് ഉയരം കൂടുതല്‍.
നിരവധി ഹിമാവൃത കൊടുമുടികളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന നന്ദാദേവി പര്‍വതമേഖലയെ 1982-ല്‍ ഇന്ത്യാഗവണ്‍മെന്റ് നന്ദാദേവി ജൈവമണ്ഡലമായി പ്രഖ്യാപിച്ചു. 1988-ല്‍ യുനെസ്കൊയുടെ ലോക പൈതൃക പട്ടികയിലും നന്ദാദേവി സ്ഥാനം നേടിയിട്ടുണ്ട്.
കിഴുക്കാംതൂക്കായ പാര്‍ശ്വഭാഗങ്ങളും അഗാധ താഴ്വരകളും നന്ദാദേവിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാകുന്നു. ഈ പ്രത്യേകത ലോകകൊടുമുടികളില്‍ ഏറ്റവും ദുഷ്കരമായ കൊടുമുടി എന്ന വിശേഷണം നന്ദാദേവിക്ക് ചാര്‍ത്തിക്കൊടുക്കുന്നു. നന്ദാദേവി കൊടുമുടിയുടെ വ. ഭാഗത്താണ് ഉത്തരി നന്ദാദേവി എന്ന ഹിമാനി സ്ഥിതിചെയ്യുന്നത്; തെ.പ. ഖദിനി നന്ദാദേവി, കി. ഭാഗത്ത് പച്ചു, തെ. ഭാഗത്ത് പിന്താരി, തെ. കിഴക്ക് നന്ദഘുണ്ടി, ലഖാന്‍ എന്നീ ഹിമാനികളും സ്ഥിതിചെയ്യുന്നു.
അന്‍പതോളം വര്‍ഷങ്ങള്‍ നീണ്ടുനിന്ന സാഹസിക ശ്രമങ്ങള്‍ക്കൊടുവിലാണ് പര്‍വതാരോഹക സംഘങ്ങള്‍ക്ക് നന്ദാദേവി കീഴടക്കാന്‍ കഴിഞ്ഞത്. 1930-ല്‍ ഹ്യൂഗ് റട്ട്ലെഡ്ജിന്റെ (Hugh Ruttledge) നേതൃത്വത്തില്‍ നടന്ന പര്‍വതാരോഹണ ശ്രമവും വിഫലമായതിനെത്തുടര്‍ന്ന് 1934-ല്‍ എറിക് ഷിപ്ടണ്‍ (Eric Shipton), എച്ച്.ഡബ്ല്യു. റ്റില്‍മാന്‍ (H.W.Tilman) എന്നീ ബ്രിട്ടീഷ് പര്യവേക്ഷകരുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ ഋഷി ഗിരി കന്ദരത്തിലൂടെ ഒരു മലമ്പാത കണ്ടെത്തുന്നതില്‍ വിജയിച്ചു. 1936-ല്‍ റ്റില്‍മാന്റെയും നോയല്‍ ഓഡെല്ലി(Noel Odell)ന്റെയും നേതൃത്വത്തിലുള്ള ബ്രിട്ടീഷ്-അമേരിക്കന്‍ പര്യവേക്ഷക സംഘം നന്ദാദേവി കീഴടക്കി. 1957-ലും 1961-ലും നടന്ന ഇന്ത്യന്‍ പര്യവേക്ഷകശ്രമങ്ങള്‍ വിഫലമായെങ്കിലും 1964-ല്‍ എല്‍. കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിജയം കണ്ടെത്തി. 1939-ല്‍ ആദം കാര്‍പിന്‍സ്കി(Adam Karpinski)യുടെ നേതൃത്വത്തിലുള്ള പോളിഷ് പര്യവേക്ഷക സംഘമാണ് നന്ദാദേവി ഈസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത്. 1976-ല്‍ 21 അംഗങ്ങളടങ്ങുന്ന ഇന്തോ-ജാപ്പനീസ് പര്യവേക്ഷക സംഘത്തിന് നന്ദാദേവിയും ഈസ്റ്റ് നന്ദാദേവിയും ഒരേ ഉദ്യമത്തില്‍ കീഴടക്കാനായി. 1977-ല്‍ ഈ മേഖലിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് 1983 മുതല്‍ ഈ ഗിരി സങ്കേതത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.