This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നന്ദനാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നന്ദനാര്‍
തമിഴ് ഭക്തകവി. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ മെര്‍ക്കാട്ടതനൂരില്‍ (ഇന്നത്തെ മേളനല്ലൂര്‍) പറയ സമുദായത്തില്‍ ജനിച്ചു. കടുത്ത ശിവഭക്തനായിട്ടാണ് അദ്ദേഹം വളര്‍ന്നത്. പക്ഷേ അടുത്തുള്ള പുരാതന ക്ഷേത്രത്തിന് പുറത്ത്, വളരെ ദൂരെ നിന്നു മാത്രമേ അദ്ദേഹത്തിന് ആരാധന നടത്താന്‍ കഴിഞ്ഞിരുന്നുള്ളു. മെര്‍ക്കാട്ടതനൂരില്‍ അയിത്തക്കാരുടെ വാസസ്ഥലമായ പുലിയപ്പാടി ചേരിയിലായിരുന്നു അദ്ദേഹം വസിച്ചിരുന്നത്.
ഒരു ജന്മിയുടെ അടിമയായി ജോലിചെയ്തുവന്ന നന്ദനാര്‍ സത്യസന്ധനും കഠിനാധ്വാനിയുമായിരുന്നു. ദിവസവും പണികഴിഞ്ഞ് പ്രാര്‍ഥന നടത്തുക പതിവായിരുന്നു. തോല്‍കൊണ്ട് സ്വന്തമായുണ്ടാക്കിയ ചെണ്ടയും വീണയും മറ്റുമുപയോഗിച്ച് ഭക്തിഗീതങ്ങള്‍ പാടുകയും, ക്ഷേത്രത്തിനകലെ നിന്നിട്ടാണെങ്കിലും, ചിലപ്പോള്‍ ഉന്മാദത്തോടെ നൃത്തം ചെയ്യുകയും ചെയ്യും.
ഒരിക്കല്‍ അദ്ദേഹം തിരുപ്പുങ്കൂറിലെ ശിവലോകനാഥസ്വാമി ക്ഷേത്രത്തില്‍ പോയി. താഴ്ന്ന ജാതിക്കാരനെന്ന കാരണത്താല്‍ ക്ഷേത്രത്തിനു പുറത്തുനിര്‍ത്തി. അവിടെനിന്നുകൊണ്ട് വിഗ്രഹം ദര്‍ശിക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ശ്രീകോവിലിനു മുന്നിലുള്ള നന്ദിയുടെ പ്രതിഷ്ഠ കാരണം ശിവപ്രതിഷ്ഠ കാണാനായില്ല. നന്ദനാര്‍ മനമുരുകി പ്രാര്‍ഥിച്ചപ്പോള്‍ ശിവന്‍ നന്ദിയോട് മാറിക്കിടക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് ഐതിഹ്യം. പതിനഞ്ചടി നീളവും ഏഴടി വീതിയും ഏഴടി ഉയരവുമുള്ള നന്ദിയുടെ കരിങ്കല്‍ വിഗ്രഹം വലത്തേക്ക് രണ്ടടി മാറുകയും അദ്ദേഹത്തിന് ശിവദര്‍ശനം സാധ്യമാവുകയും ചെയ്തുവെന്ന് ഐതിഹ്യം പറയുന്നു. അവിടെ ഇന്നും നന്ദി വലത്തേക്ക് മാറിയാണത്രെ കിടക്കുന്നത്. നന്ദിയെ മാറ്റിയ ഭക്തനായതിനാലാണ് അദ്ദേഹം നന്ദനാരായത്. ദര്‍ശനം സാധിച്ചതിനു പ്രത്യുപകാരമായി, ഉപയോഗശൂന്യമായിക്കിടന്ന ക്ഷേത്രക്കുളത്തെ വിനായകന്റെ സഹായത്തോടെ അദ്ദേഹം പുനരുദ്ധരിച്ചു. ക്ഷേത്രത്തിനകത്ത് 'കുളംവെട്ടിയ വിനായക'ന്റെ പ്രതിഷ്ഠയുണ്ട്. ഇവിടെ 1959 മേയ് 13-ന് നന്ദനാര്‍ ക്ഷേത്രം സ്ഥാപിതമാവുകയും ചെയ്തു.
തുടര്‍ന്ന് നടരാജ പ്രതിഷ്ഠയുള്ള തില്ലൈ (ചിദംബരം)യിലേക്കു പോകാനാണ് നന്ദനാര്‍ ആഗ്രഹിച്ചത്. എന്നാല്‍ ജന്മി അദ്ദേഹത്തെ പോകാന്‍ അനുവദിച്ചില്ല. ഉന്നത ജാതിക്കാരുടെ ക്ഷേത്രത്തില്‍ താഴ്ന്നവനെന്തിന് പോകുന്നുവെന്ന് ചോദിച്ച് പാടത്തെ പണി തീര്‍ക്കുവാനാവശ്യപ്പെട്ടു. തില്ലൈയില്‍ എന്നു പോകുമെന്നു ചോദിക്കുന്നവരോടെല്ലാം 'നാളൈ' എന്നു പറഞ്ഞു നടന്ന അദ്ദേഹത്തിന് 'നാളൈപ്പോവര്‍' (തിരുനാളൈപ്പോവര്‍) എന്ന പേരും ഉണ്ടായി. സവര്‍ണരുടെ ദൈവമായ നടരാജനുപകരം അവര്‍ണരുടെ ദൈവങ്ങളായ കറുപ്പന്‍, മുനിയന്‍, മൂക്കന്‍ തുടങ്ങിയവരെ ആരാധിച്ചാല്‍ മതിയെന്നു ജന്മി നന്ദനാരോടു പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങള്‍ ഉപേക്ഷിക്കരുതെന്നു ബന്ധുജനങ്ങളും അദ്ദേഹത്തെ ഉപദേശിച്ചു. നന്ദനാര്‍ ഒന്നും ചെവിക്കൊണ്ടില്ല. വീണ്ടും ജന്മിയെക്കണ്ട് അഭ്യര്‍ഥന നടത്തി. 40 വെല്ലി (250 ഏക്കര്‍) നിലം ഒരുദിവസംകൊണ്ട് ഉഴുതുമറിച്ചിട്ട് തില്ലൈയിലേക്കു പോയ്ക്കൊള്ളാന്‍ ജന്മി പറഞ്ഞു. അസാധ്യമായ ആ കാര്യം അന്നു രാത്രി ശിവന്‍ തന്റെ ഭക്തനുവേണ്ടി ചെയ്തുതീര്‍ത്തത്രെ. ജന്മി നന്ദനാരുടെ കാല്‍ക്കല്‍ വീണ്, അദ്ദേഹത്തിന്റെ ആരാധകനായി എന്നതാണ് മറ്റൊരൈതിഹ്യം.
ചിദംബരത്തിലെത്തിയ നന്ദനാര്‍, അയിത്തഭയത്താല്‍ ഓരോ തെരുവിലും നിന്ന് 'വരുകലാമാ' (വരാമോ) എന്നു വിളിച്ചുചോദിക്കേണ്ടിയിരുന്നു. അതുകേട്ട് ഉന്നതജാതിക്കാര്‍ വാതിലുകള്‍ കൊട്ടിയടച്ച് അകത്തിരിക്കുമ്പോള്‍ തെരുവു മുറിച്ചു കടക്കുകയായിരുന്നു ഉദ്ദേശ്യം. അങ്ങനെ ക്ഷേത്രദര്‍ശനം നടത്തിയും ദൈവനാമമുരുവിട്ടും കീര്‍ത്തനങ്ങള്‍ ചൊല്ലിയും ഭക്തിപരവശനായി നൃത്തം ചെയ്തും നന്ദനാര്‍ ക്ഷേത്രപരിസരത്ത് പല ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ഒരു ദിവസം നന്ദനാരുടെയും ക്ഷേത്രദീക്ഷിതരുടെയും (ബ്രാഹ്മണ പുരോഹിതര്‍) സ്വപ്നത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടു. അഗ്നിസ്നാനം നടത്തിയാല്‍ നന്ദനാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നായിരുന്നു സ്വപ്നം. ബ്രാഹ്മണപുരോഹിതര്‍ ഒരുക്കിയ തീക്കുണ്ഡത്തില്‍ നന്ദനാര്‍ 'സ്നാനം' നടത്തി. കണ്ടുനിന്ന മൂവായിരം ബ്രാഹ്മണ പുരോഹിതര്‍ തൊഴുകൈകളോടെ നന്ദനാരെ ക്ഷേത്രത്തിലേക്കാനയിച്ചു. ക്ഷേത്രത്തിനുള്ളില്‍ ഭക്തിനൃത്തം ചവിട്ടിയ നന്ദനാര്‍ ശിവനില്‍ ലയിച്ച് അപ്രത്യക്ഷനായി എന്നാണു വിശ്വാസം.
പെരിയ പുരാണത്തിലെ ശിവഭക്തന്മാരായ 63 നായനാര്‍മാരില്‍ ഒരാളും ദക്ഷിണേന്ത്യയിലാദ്യമായി അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ട ചരിത്രപുരുഷനുമാണ് നന്ദനാര്‍.
(മേഘാപദ്മന്‍)