This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്ദഗോപര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നന്ദഗോപര്‍

ഒരു ഭാരതീയ പുരാണ കഥാപാത്രം. മഥുരാവസിയായ ഗോപരാജാവും ഉഗ്രസേനന്റെ സാമന്തനുമായ ഇദ്ദേഹം ശ്രീകൃഷ്ണന്റെ വളര്‍ത്തച്ഛനാണ്.

നന്ദഗോപരുടെ പൂര്‍വജന്മത്തെപ്പറ്റി രണ്ടു കഥകളുണ്ട്. അഷ്ടവസുക്കളില്‍ ഒരാളായ ദ്രോണരും ഭാര്യയായ ധരയുംകൂടി ഒരിക്കല്‍ ദേവോചിതമല്ലാത്ത ഒരു തെറ്റു ചെയ്തു. ആ തെറ്റ് കണ്ടെത്തിയ ബ്രഹ്മാവ് അവര്‍ ഗോപന്മാരുടെ വംശത്തില്‍ പോയി ജനിക്കട്ടെ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി ദ്രോണരും ധരയും ബ്രഹ്മാവിനോട് കേണപേക്ഷിച്ചു. വിഷ്ണുഭഗവാന്‍ അവരുടെ പുത്രനായി ശ്രീകൃഷ്ണന്‍ എന്ന പേരില്‍ ജനിക്കുമെന്നും, ആ ജന്മത്തിനുശേഷം അവര്‍ക്ക് ശാപമോക്ഷം ലഭിക്കുമെന്നും ബ്രഹ്മാവ് അനുഗ്രഹിച്ചു. അങ്ങനെ ദ്രോണര്‍ നന്ദഗോപരും ധര യശോദയുമായി ജന്മമെടുത്തു.

മറ്റൊരു കഥ ഇതാണ്. ഒരിക്കല്‍ ചന്ദ്രസേനന്‍ എന്നൊരു രാജാവ് ഉജ്ജയിനിയിലുള്ള മഹാകാള ക്ഷേത്രത്തില്‍ തപസ്സിരുന്നു. തപസ്സില്‍ പ്രസാദിച്ച ശിവന്‍ അദ്ദേഹത്തിന് തന്റെ എല്ലാ ഇംഗിതങ്ങളും നിറവേറ്റിക്കൊടുക്കുന്ന ഒരു രത്നം സമ്മാനിച്ചു. അന്യരാജാക്കന്മാര്‍ ഈ രത്നത്തിനുവേണ്ടി ചന്ദ്രസേന രാജാവിനെതിരായി പടവെട്ടി. രാജാവ് വീണ്ടും വന്നു ക്ഷേത്രത്തില്‍ അഭയംപ്രാപിച്ചു. ആ ഘട്ടത്തില്‍ ഉജ്ജയിനിയിലുള്ള ഒരു ഗോപികയ്ക്ക് ശ്രീകരന്‍ എന്ന ഒരു പുത്രന്‍ ജനിച്ചു. ബാല്യത്തില്‍ ത്തന്നെ ഈശ്വരഭക്തനായിത്തീര്‍ന്ന ശ്രീകരന്‍ മഹാകാളക്ഷേത്രത്തില്‍ വന്ന് ഭജനമിരിക്കുകയും ശിവപ്രസാദം കൈവരിക്കുകയും ചെയ്തു. ചന്ദ്രസേനനെ അന്വേഷിച്ചുവന്ന ശത്രുരാജാക്കന്മാര്‍ക്ക് ശ്രീകരന്റെ അഭൌമിക പ്രകാശം നിമിത്തം അങ്ങോട്ടടുക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ അദ്ഭുതപരതന്ത്രരായ അവരുടെ മുമ്പില്‍ ഹനുമാന്‍ പ്രത്യക്ഷപ്പെട്ട് ശ്രീകരന്‍ വെറുമൊരു കാലിച്ചെറുക്കനല്ലെന്നും ഈശ്വരന്‍ അവനില്‍ പ്രസാദിച്ചിരിക്കുന്നു എന്നും പറഞ്ഞു. കൂടാതെ, അവന്‍ എട്ടാം ജന്മത്തില്‍ അമ്പാടിയില്‍ നന്ദഗോപര്‍ എന്ന പേരില്‍ ജനിക്കുമെന്നും അന്ന് നന്ദഗോപരുടെ പുത്രനായി മഹാവിഷ്ണു ജനിക്കുമെന്നുംകൂടി അരുള്‍ചെയ്തു. ഈ ശ്രീകരന്റെ എട്ടാം ജന്മമാണ് നന്ദഗോപര്‍ എന്ന് കരുതപ്പെടുന്നു.

പിന്നീട് നന്ദഗോപരുടെ മകളായി ജനിച്ച മായാഭഗവതിയെ വസുദേവന്‍ ദേവകിയുടെ സമീപത്തും ശ്രീകൃഷ്ണനെ യശോദയുടെ സമീപത്തും കിടത്തി. ശ്രീകൃഷ്ണന്‍ യശോദയുടെയും വസുദേവരുടെയും മകനായി ഗോകുലത്തില്‍ വളര്‍ന്നു. അക്രൂരന്‍ വന്നു കംസന്റെ രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോകുംവരെ കൃഷ്ണന്‍ അവരോടൊപ്പമാണ് വസിച്ചിരുന്നത്. മകനോടൊപ്പം മഥുരയില്‍ എത്തിയ നന്ദഗോപര്‍ കംസവധത്തിനുശേഷം മാത്രമേ ശ്രീകൃഷ്ണന്‍ വസുദേവപുത്രനാണ് എന്ന യാഥാര്‍ഥ്യ മറിഞ്ഞുള്ളൂ.

(മേഘാപദ്മന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍