This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നനകിഴങ്ങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
=നനകിഴങ്ങ് =
ഡയസ്ക്കോറിയേസീ (Dioscoriaceae) സസ്യകുടുംബത്തില്‍പ്പെടുന്ന കാച്ചില്‍വര്‍ഗവിള. ശാ.നാ.: ഡയസ്ക്കോറിയ എസ്ക്കുലെന്റ (Dioscorea esculenta). ഉഷ്ണമേഖലാ കിഴങ്ങുവിളയായ നനകിഴങ്ങ് അഥവാ ചെറുകിഴങ്ങ് ഏഷ്യന്‍ രാജ്യങ്ങള്‍, വെസ്റ്റ് ഇന്‍ഡീസ്, തെക്കെ അമേരിക്ക, പസിഫിക് ദ്വീപുകള്‍, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു പ്രധാന ഭക്ഷ്യവിളയാണ്. കേരളത്തിലും ഇത് സാധാരണയായി കൃഷിചെയ്തു വരുന്നു.
നനകിഴങ്ങ് പടര്‍ന്നുകയറുന്ന ദുര്‍ബലസസ്യമാണ്. തണ്ട് ബലം കുറഞ്ഞതായതിനാല്‍ കുറ്റികള്‍ നാട്ടിയോ കയറുകെട്ടിയോ താങ്ങുകളിലോ വൃക്ഷങ്ങളിലോ പടര്‍ത്തുന്നു. തണ്ടിന് നാലു കോണുകളുണ്ട്. തണ്ടില്‍ ഏകാന്തരന്യാസത്തിലോ സമ്മുഖമായോ ഇലകള്‍ വ്യന്യസിച്ചിരിക്കുന്നു. ഇലകള്‍ വലുപ്പം കൂടിയതും ഹൃദയാകാരത്തിലുള്ളതുമാണ്. വളരെ അപൂര്‍വമായേ ഇത് പുഷ്പിക്കാറുള്ളൂ. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് നീണ്ടുനേര്‍ത്ത പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ വളരെച്ചെറുതും ഏകലിംഗിയുമാണ്. ആറ് പരിദളപുടങ്ങള്‍ രണ്ട് നിരകളിലായി ക്രമീകരിച്ചിരിക്കുന്നു. പെണ്‍പുഷ്പങ്ങള്‍ക്ക് മൂന്ന് വര്‍ത്തികളും ഒരു അധസ്ഥിത അണ്ഡാശയവുമുണ്ട്. ആണ്‍ പുഷ്പങ്ങള്‍ക്ക് ആറുകേസരങ്ങളും ഒരു വന്ധ്യ അണ്ഡാശയവുമുണ്ട്. കായ് സംപുടമോ ബെറിയോ ആയിരിക്കും. കായ്കള്‍ പരന്നതും 2.5 സെ.മീ. നീളവും 4 സെ.മീ. വീതിയും ഉള്ളവയുമാണ്. വിത്തുകളുടെ അരിക് ചിറകുപോലുള്ള അവയവമായി രൂപാന്തരപ്പെട്ടിരിക്കുന്നു. അണ്ഡാകൃതിയിലുള്ള വിത്തിന്റെ ഒരറ്റം കൂര്‍ത്തതും കാറ്റില്‍ പറന്ന് വിത്തുവിതരണം നടത്തുന്നതുമാണ്.
നനകിഴങ്ങിന്റെ വേരുകള്‍ കിഴങ്ങുകളായി രൂപപ്പെടുന്നു. 8-10 മാസങ്ങള്‍കൊണ്ട് കിഴങ്ങുകള്‍ പാകമാകുന്നു. കിഴങ്ങില്‍ ഡയോസ്കോറിന്‍ എന്ന ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. നോ: ചെറുകിഴങ്ങ്