This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നചികേതസ്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നചികേതസ്സ്
കഠോപനിഷത്തിലെ കഥാനായകനായ മുനികുമാരന്‍. തപസ്സും ബ്രഹ്മചര്യവും പരാവിദ്യയും കാരണം ഇദ്ദേഹം ജ്വലിക്കുന്ന അഗ്നിക്കു തുല്യനാണെന്ന് ഉപനിഷത്കാരന്‍ വിലയിരുത്തുന്നു. യമപുരത്തില്‍ അതിഥിയായി വന്നെത്തിയതായിരുന്നു ആ യുവാവ്. സര്‍വസ്വദാനത്തിലൂടെ മുക്തി നേടാനാഗ്രഹിച്ച ഉദ്ദാലകന്‍ തന്റെ പക്കലുള്ള പശുക്കളെയെല്ലാം അര്‍ഥികള്‍ക്കു ദാനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ധര്‍മനിഷ്ഠനായ പുത്രന്‍-നചികേതസ്സ്- കറവ വറ്റിയ ചാവാലിപ്പശുക്കളെ ദാനത്തിലൂടെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പിതാവിനോട് ഇങ്ങനെ പറഞ്ഞു. 'എന്നെ ആര്‍ക്കാണ് അങ്ങ് കൊടുക്കാനുദ്ദേശിക്കുന്നത് ?' ഇതുകേട്ട് പിതാവിനു കലി കയറി 'നിന്നെ ഞാന്‍ കാലനു കൊടുക്കാനാണുദ്ദേശിക്കുന്നത്' എന്നു പറഞ്ഞുപോയി. ഉടനെ നചികേതസ്സ് കാലപുരിയിലേക്കു ഗമിച്ചു. പിതാവിന്റെ വാക്ക് വീണ്‍വാക്കാകരുതല്ലോ. ഇങ്ങനെയാണ് നചികേതസ്സ് യമപുരിയില്‍ ആഗതനായത്. അവിടെ ചെന്നപ്പോള്‍ യമദേവന്‍ സ്ഥലത്തില്ലായിരുന്നു. മൂന്നുദിവസം പച്ചവെള്ളംപോലും കഴിക്കാതെ പടിക്കല്‍ നില്ക്കേണ്ടിവന്നു. യമന്‍ മടങ്ങിയെത്തിയപ്പോള്‍ യമപത്നി ഓടിച്ചെന്ന് വരാന്‍പോകുന്ന അപകടത്തെപ്പറ്റി ഇങ്ങനെ സൂചന നല്കി. 'അതാ അഗ്നിപോലെ ജ്വലിച്ചുനില്ക്കുന്ന ഒരു ബ്രാഹ്മണാതിഥി. മൂന്ന് നാളായി ജലപാനംപോലും കഴിച്ചിട്ടില്ല. പെട്ടെന്നു ചെന്ന് അര്‍ഘ്യപാദ്യാദികള്‍ നല്കി അദ്ദേഹത്തെ ശാന്തനാക്കിയാലും.' യമന്‍ അതിഥിയെ എതിരേല്ക്കാന്‍ ഓടിച്ചെന്നു. 'ആദരണീയനായ അതിഥി ശ്രേഷ്ഠാ, അങ്ങേക്കു നമസ്കാരം. എന്റെ സത്കാരം സദയം സ്വീകരിച്ചാലും. മൂന്നുദിവസമായി ഒന്നും നല്കാതിരുന്നതിനു പ്രായശ്ചിത്തമായി അങ്ങേക്ക് ഇഷ്ടമുള്ള മൂന്ന് വരങ്ങള്‍ നല്കാം. അവ സദയം ചോദിച്ചാലും'. നചികേതസ്സ് ശാന്തനായി പറഞ്ഞു : 'ഞാന്‍ തിരിച്ചു ചെല്ലുമ്പോള്‍ പിതാവ് എന്നെ സസ്നേഹം സ്വീകരിക്കണം. ഇതാകട്ടെ ആദ്യത്തെ വരം'.
അപ്പോള്‍ യമന്‍ 'ശരി. അത് അങ്ങനെതന്നെ ആവട്ടെ. ഇനി രണ്ടാമത്തെ വരം ചോദിച്ചുകൊണ്ടാലും' എന്നു പറഞ്ഞു. നചികേതസ്സിന്റെ രണ്ടാമത്തെ ആവശ്യം സ്വര്‍ഗപ്രാപ്തിക്കുതകുന്ന അഗ്നിതത്ത്വത്തെ പഠിപ്പിച്ചുകൊടുക്കണമെന്നതായിരുന്നു. യമന്‍ ആ അഭ്യര്‍ഥനയും അംഗീകരിച്ചു. ഒടുവില്‍ ഈ അഗ്നിവിദ്യ നചികേതസ്സിന്റെ പേരില്‍ മേലില്‍ അറിയപ്പെടുമെന്നുള്ള വരവും നല്കി. മൂന്നാം വരം ചോദിച്ചപ്പോഴാണ് യമന്‍ വിഷമത്തിലായത്. മരണാനന്തരം ജീവികള്‍ ഏതവസ്ഥയെ പ്രാപിക്കുന്നു എന്നറിയിക്കാനായിരുന്നു മുനികുമാരന്‍ ആവശ്യപ്പെട്ടത്. അധ്യാത്മവിദ്യയെപ്പറ്റി സംശയച്ഛേദിയായ സമ്പൂര്‍ണജ്ഞാനമാണ് നചികേതസ്സിനു വേണ്ടിയിരുന്നത്. 'ദേവന്മാര്‍ക്കുപോലും മനസ്സിലാവാത്ത വിഷയമാണിത്. ഇതു പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഇതു പിന്‍വലിച്ച് മറ്റൊന്നു ചോദിച്ചുകൊള്ളൂ. ഭൂമിയില്‍ നേടാവുന്ന സര്‍വൈശ്വര്യങ്ങളും ചിരകാലജീവിതവും ചോദിച്ചാല്‍ നല്കാം. മരണാനന്തരജീവിതത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ എനിക്ക് അനാവരണം ചെയ്യാനാവില്ല. പകരം മറ്റേതു വരം ചോദിച്ചാലും തരാം.' ദൃഢചിത്തനായ നചികേതസ്സ് ഇതു കേട്ടു പിന്മാറിയില്ല. ഇതൊഴിച്ച് മറ്റൊന്നും വേണ്ടാ എന്ന തീരുമാനത്തില്‍ കുമാരന്‍ ഉറച്ചുനിന്നു. യമന്‍ നിസ്സഹായനായി. വാഗ്ദാനലംഘനം ഭയന്ന് അധ്യാത്മവിദ്യ മുഴുവന്‍ പഠിപ്പിച്ചുകൊടുക്കേണ്ടിവന്നു. ഇക്കാര്യത്തെപ്പറ്റി എല്ലാം അറിയാമെന്നു ഭാവിക്കുന്ന പണ്ഡിതന്മാരെ അപഹസിക്കാന്‍ യമന്‍ ഇവിടെ സമയം കാണുന്നുണ്ട്. പ്രസ്തുത ഭാഗം താഴെ ചേര്‍ക്കുന്നു.
'അവിദ്യായാമന്തരേ വര്‍ത്തമാനാഃ
സ്വയം ധീരാഃ പണ്ഡിതമ്മന്യമാനാഃ
ദന്ദ്രമ്യമാണാഃ പരിയന്തിമൂഢാഃ
അന്ധേനൈവനീയമാനാ യഥാന്ധാഃ'
(അവിദ്യയില്‍ കുടുങ്ങിക്കിടക്കുന്നവരും ബുദ്ധിമാന്മാരും പണ്ഡിതന്മാരുമാണെന്നു ഭാവിക്കുന്നവരുമായ ഉപദേഷ്ടാക്കള്‍, അന്ധന്മാര്‍ അന്ധന്മാരെ എന്നപോലെ സത്യാന്വേഷികളായ സാമാന്യജനങ്ങളെ അപഥത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.)
മൃത്യുദേവനില്‍നിന്ന് ബ്രഹ്മത്തിന്റെ സത്യം പൂര്‍ണമായി ഉള്‍ക്കൊണ്ട നചികേതസ്സിന് പിന്നെ ഭൂമിയിലേക്കു മടങ്ങിപ്പോകേണ്ടിവന്നില്ല എന്നും മൃത്യുപാശത്തില്‍നിന്നു വിമുക്തമായിത്തീര്‍ന്ന അദ്ദേഹം ബ്രഹ്മസ്വരൂപമായിത്തീര്‍ന്നു എന്നും പറയുന്നുണ്ട്.
നചികേതസ്സ് വാജശ്രവസ്സിന്റെ പുത്രനാണെന്ന് തൈത്തിരീയ ബ്രാഹ്മണത്തില്‍ കാണുന്നു. വാജശ്രവസ്സിന്റെ പുത്രനായ ഉദ്ദാലകന്റെ പുത്രനാണെന്ന് കഠോപനിഷത്തില്‍ പറയുന്നു. ഈ ഉദ്ദാലകന്‍ മറ്റൊരു പുത്രനായ ശ്വേതകേതുവിന് തത്ത്വമസി എന്ന മഹാവാക്യം ഉപദേശിച്ചുകൊടുത്തതായി ഛാന്ദോഗ്യോപനിഷത്തില്‍ കാണുന്നു. ഋഗ്വേദം 10-ാം മണ്ഡലത്തില്‍ 135-ാം സൂക്തത്തില്‍ 'യം കുമാരം' എന്നു തുടങ്ങുന്ന മൂന്നാം മന്ത്രത്തില്‍ പരാമൃഷ്ടനായ കുമാരന്‍ നചികേതസ്സാണെന്ന് സായണാചാര്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാഹപുരാണത്തില്‍ 170 മുതല്‍ 176 വരെയുള്ള അധ്യായങ്ങളില്‍ നചികേതസ്സിന്റെ കഥ കാണാം. മഹാഭാരതത്തിലെ അനുശാസനപര്‍വത്തില്‍ 71-ാം അധ്യായത്തിലും അല്പവ്യത്യാസത്തോടുകൂടി നചികേതസ്സിന്റെ കഥ ഉപവര്‍ണിതമായിട്ടുണ്ട്. 'നചികേതോപാഖ്യാനം' എന്നാണ് ആ അധ്യായത്തിന്റെ പേര്. ഉദ്ദാലകന്‍ മകനായ നചികേതസ്സിനോട് 'കാലപുരിയില്‍ പൊയ്ക്കോ' എന്നു കോപിച്ചു പറഞ്ഞപ്പോള്‍ തപശ്ശക്തികൊണ്ട് ആ ഋഷികുമാരന്‍ യമനെ സമീപിച്ച് വരം വാങ്ങി തിരിച്ചുവരുന്നതായിട്ടാണ് മഹാഭാരത കഥ.
(ഡോ. മാവേലിക്കര അച്യുതന്‍)