This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നഗോയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നഗോയ
Nagoya
ജപ്പാനിലെ ഒരു നഗരം. മധ്യ ഹോണ്‍ഷൂവിലെ നോബി സമതലത്തില്‍, ഇസീ ഉള്‍ക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നഗോയ ഹോണ്‍ഷൂ/ചുബു പ്രദേശത്തിലെ മുഖ്യ നഗരവും ഐകീപ്രവിശ്യയുടെ തലസ്ഥാനവുമാണ്. ജപ്പാനിലെ നഗരങ്ങളില്‍ വലുപ്പത്തില്‍ നാലാം സ്ഥാനമാണ് നഗോയയ്ക്കുള്ളത്. ഒസാകാ നഗരത്തില്‍നിന്ന് സു. 136 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഈ നഗരം രാജ്യത്തിലെ ഒരു പ്രധാന വ്യാവസായിക-ഗതാഗത കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ്. ജപ്പാനിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നുകൂടിയായ നഗോയയില്‍ വാണിജ്യപ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളവും പ്രവര്‍ത്തിക്കുന്നുണ്ട്.
1939-ല്‍ സ്ഥാപിതമായ നഗോയ സര്‍വകലാശാലയുടെ ആസ്ഥാനം നഗോയയാണ്. അത്സൂതാദേവാലയം, നഗോയ കൊട്ടാരം, തോകുഗാവ മ്യൂസിയം, ഹിഗാഷിയാമ സസ്യോദ്യാനം, മൃഗശാല, സയന്‍സ് മ്യൂസിയം തുടങ്ങിയവയാണ് നഗരത്തിലെ മുഖ്യ ആകര്‍ഷണങ്ങള്‍. 1907-ഓടെയാണ് നഗോയ ആധുനിക വികസനപ്രക്രിയയ്ക്കും ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിനും വിധേയമായത്. ഇപ്പോള്‍ നിരവധി വന്‍ വ്യവസായസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. യന്ത്രസാമഗ്രികള്‍, ഗതാഗതോപകരണങ്ങള്‍, രാസവസ്തുക്കള്‍ മുതലായവയുടെ ഉത്പാദനം, ഇരുമ്പുരുക്ക് വ്യവസായം എന്നിവയാണ് ഈ നഗരത്തിലെ മുഖ്യ വ്യവസായങ്ങള്‍. ഭക്ഷ്യോത്പന്നങ്ങള്‍, ഘടികാരങ്ങള്‍, വസ്ത്രം, പ്ലൈവുഡ്, പോഴ്സലീന്‍ തുടങ്ങിയവയുടെ ഉത്പാദന-വിപണനത്തെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളും ഗണ്യമായ പുരോഗതി നേടിയിരിക്കുന്നു.
1891-ലെ ശക്തമായ ഭൂചലനവും രണ്ടാം ലോകയുദ്ധവും നഗോയ നഗരത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും സമഗ്രമായ നഗര ആസൂത്രണത്തിലൂടെ വളരെപ്പെട്ടെന്നുതന്നെ ഈ നഗരം പുനര്‍ നിര്‍മിക്കപ്പെട്ടു. 'ബുള്ളറ്റ് ട്രെയിന്‍' എന്നു വിളിക്കുന്ന അതിവേഗ തീവണ്ടിയും ടോക്യോ നഗരത്തെ നഗോയയുമായി ബന്ധിപ്പിക്കുന്ന ടോമി എക്സ്പ്രസ് വേയും കോബി നഗരവുമായി നഗോയയെ ബന്ധിപ്പിക്കുന്ന മീഷീന്‍ ഹൈവേയും നഗര പുനര്‍നിര്‍മിതിയുടെ ഭാഗമായാണ് നിര്‍മിക്കപ്പെട്ടത്.