This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഗാവോന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നഗാവോന്‍

Nagaon

അസം സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. ബ്രഹ്മപുത്രാ നദിക്കരയിലെ അസം താഴ്വരയില്‍ സ്ഥിതിചെയ്യുന്ന നഗാവോന്‍ ജില്ലയ്ക്ക് 2,374 ച.കി.മീ. വിസ്തീര്‍ണമുണ്ട്. 'നവഗാവോന്‍' എന്ന ഹിന്ദിപദത്തില്‍ നിന്നാണ് ജില്ലാനാമം നിഷ്പന്നമായിട്ടുള്ളത്. നഗാവോന്‍ ജില്ലയുടെ അതിരുകള്‍: വ. ബ്രഹ്മപുത്രാനദി, പ. മറിഗാവോന്‍ ജില്ല, തെക്കും കിഴക്കും കര്‍ബി ആങ്ലോങ് ജില്ല. ജില്ലയുടെ ആസ്ഥാനപട്ടണമായ നഗാവോന്‍ സ്ഥിതിചെയ്യുന്നത് കലോങ് (Kulong) നദിക്കരയിലാണ്.

ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും എക്കല്‍ നിറഞ്ഞ സമതലപ്രദേശങ്ങള്‍ കാണാം. ഇവയുടെ അതിര്‍ത്തികളോടു ചേര്‍ന്നുകാണുന്ന ചെറു കുന്നുകളും അവിടവിടെയായി കാണപ്പെടുന്ന ചതുപ്പുനിലങ്ങളുമാണ് മറ്റൊരു പ്രത്യേകത. ബ്രഹ്മപുത്രാ നദീതീരത്തെ നിമ്നതടം പുല്‍മേടുകളാല്‍ സമ്പന്നമാണ്. ചിലയിടങ്ങളില്‍ നിബിഡവനങ്ങളും കാണാം.

ബര്‍ദോവ: വൈഷ്ണവാചാര്യനായ ശങ്കരദേവന്റെ (1449-1568)സ്മാരകം

ബ്രഹ്മപുത്രയാണ് ജില്ലയിലെ പ്രധാന നദി. ബ്രഹ്മപുത്രയ്ക്കുപുറമേ ദിഫുലു (Diphulu), ഗതോങ്ഗ (Gatonga), ദിയോപാനി (Deopani), കലോങ്, കോപിലി തുടങ്ങിയ നദികളും നഗാവോന്‍ ജില്ലയെ ജലസിക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. നെല്ലാണ് മുഖ്യ വിള. ചോളം, ഗോതമ്പ്, തേയില, മറ്റു ഭക്ഷ്യധാന്യങ്ങള്‍, തിന, എണ്ണക്കുരുക്കള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയും ജില്ലയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. തദ്ദേശീയരുടെ മുഖ്യ ഉപജീവനമാര്‍ഗം കൃഷിയാണ്. കന്നുകാലിവളര്‍ത്തലിനും അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്കും കൈത്തറിനെയ്ത്തിനും ജില്ലയുടെ സമ്പദ്ഘടനയില്‍ നിര്‍ണായകസ്ഥാനമാണുള്ളത്.

നഗാവോന്‍ ജില്ലയിലെ പ്രധാന ഭാഷ അസമിയ ആണ്. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ജില്ലയിലെ മൊത്തം 1,419 ഗ്രാമങ്ങളില്‍ 44 എണ്ണത്തില്‍ ജനവാസമില്ല. കലോങ് നദിക്കരയിലെ ഗ്രാമങ്ങളാണ് ജനസാന്ദ്രതയില്‍ മുന്നില്‍. എന്നാല്‍ കോപിലി താഴ്വരയിലെ ആദിവാസിഗ്രാമങ്ങളില്‍ ജനസാന്ദ്രത പൊതുവേ കുറവാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗുവാഹത്തിക്ക് 123 കി.മീ. അകലെ സ്ഥിതിചെയ്യുന്ന നഗാവോന്‍ പട്ടണം റോഡ് മാര്‍ഗം സംസ്ഥാനത്തിലെ മറ്റു ജില്ലകളും ഇതര പട്ടണങ്ങളുമായി ബന്ധപ്പിക്കപ്പെട്ടിരിക്കുന്നു. ഈ പട്ടണത്തില്‍നിന്ന് 53 കി.മീ. അകലെ സ്ഥിതിചെയ്യുന്ന സില്‍ഘട്ട് അസമിലെ ഒരു പ്രധാന നദീ തുറമുഖമാണ്. ലുംദിങ്ങും പചാര്‍മുഖുമാണ് ജില്ലയിലെ പ്രധാന റെയില്‍ ജങ്ഷനുകള്‍. പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ കൂടിയാണിവ. ജില്ലയിലെ ബര്‍ദോവ, ചാപല്‍ ദല്ല, കാംപൂര്‍, റാഹ, ഫുലാഗുരി, ദാബാക, ആകാശി ഗംഗ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍