This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഗര രാഷ്ട്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നഗര രാഷ്ട്രങ്ങള്‍

City States

രണ്ടായിരത്തിമുന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് പുരാതന ഗ്രീസില്‍ നിലനിന്നിരുന്ന ചെറിയ രാഷ്ട്രങ്ങള്‍. ജനസംഖ്യയിലും സ്ഥല വിസ്തൃതിയിലും ഗ്രീസിലെ നഗര രാഷ്ട്രങ്ങള്‍ വളരെ ചെറുതായിരുന്നു. ഏറ്റവും വലിയ നഗര രാഷ്ട്രം എന്നറിയപ്പെട്ടിരുന്ന ആഥന്‍സില്‍ (Athens) മൂന്നുലക്ഷം ജനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരില്‍ അന്‍പതിനായിരം പേര്‍ക്കു മാത്രമേ പൗരത്വം നല്കിയിരുന്നുള്ളൂ. രാഷ്ട്രതന്ത്രത്തിന്റെ പഠനത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്കിയ സോക്രട്ടീസ്, പ്ളേറ്റോ, അരിസ്റ്റോട്ടല്‍ തുടങ്ങിയ ചിന്തകന്മാര്‍ ജീവിച്ചിരുന്നത് നഗര രാഷ്ട്ര സംവിധാനത്തിലായിരുന്നു. കോട്ടകെട്ടി സംരക്ഷിക്കപ്പെട്ട നഗരത്തോടൂകൂടിയതായിരുന്നു ഓരോ നഗര രാഷ്ട്രവും. പുരാതന ഗ്രീസിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് നഗര രാഷ്ട്ര സംവിധാനത്തിനു കാരണമായിത്തീര്‍ന്നത്. അവരുടെ മതപരമായ പ്രത്യേകതകളും നഗര രാഷ്ട്രസംവിധാനത്തിന് അനുകൂലമായിരുന്നു. പുരാതന ഗ്രീസിലെ ഓരോ താഴ്വരയും ഒരു ജനവാസകേന്ദ്രമായി. ഓരോ ജനവാസകേന്ദ്രവും കാലക്രമത്തില്‍ രാഷ്ട്രമായി രൂപാന്തരപ്പെട്ടു. രാഷ്ട്രം വളരെ ചെറുതായിരുന്നതിനാല്‍ ഓരോ ഗ്രീക്കുകാരനും തന്റെ സ്വന്തം കുടുംബത്തെ സ്നേഹിക്കുന്നതുപോലെ തന്റെ സ്വന്തം രാഷ്ട്രത്തെയും സ്നേഹിച്ചു. വ്യക്തിയും രാഷ്ട്രവും തമ്മില്‍ വളരെ അടുത്ത ബന്ധം അവിടെ നിലനിന്നിരുന്നു. ഓരോ നഗര രാഷ്ട്രത്തിനും സ്വന്തമായി തലസ്ഥാന നഗരിയും അതിനെച്ചുറ്റിയുള്ള കോട്ടയും സ്വന്തം ഗവണ്മെന്റും നിയമങ്ങളും ദൈവങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു. ആഥന്‍സ്, സ്പാര്‍ട്ട, കോറിന്ത്, ആര്‍ഗോസ്, തീബ്സ് എന്നിവയായിരുന്നു ഏറ്റവും വലിയ നഗര രാഷ്ട്രങ്ങള്‍. ആഥന്‍സ് ആയിരുന്നു ഏറ്റവും പ്രമുഖ രാഷ്ട്രം. മഹാനായ പെരിക്ലീസിന്റെ കാലത്ത് ആഥന്‍സിലെ ഗ്രീക്ക് സംസ്കാരം അതിന്റെ പാരമ്യതയില്‍ എത്തി. 'ഗ്രീസിലെ വിദ്യാലയം' (School of Hellas) എന്ന പദവി ആഥന്‍സിനു കൈവന്നത് പെരിക്ലീസിന്റെ കാലത്തായിരുന്നു. ജനങ്ങളുടെ സാംസ്കാരികവും മതപരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ എല്ലാ പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന്റെ തലസ്ഥാന നഗരി കേന്ദ്രീകരിച്ചുകൊണ്ടുള്ളവയായിരുന്നു.

പാര്‍ഥിനോണ്‍(ബി.സി.5-ാം ശ.):ആഥന്‍സ്,അക്രോപോളിസ്

രണ്ട് തത്ത്വശാസ്ത്രങ്ങളെ ആധാരമാക്കിയായിരുന്നു പുരാതന ഗ്രീസിലെ നഗര രാഷ്ട്രങ്ങള്‍ നിലനിന്നിരുന്നത്. ഒന്നാമതായി, ഓരോ നഗര രാഷ്ട്രവും സ്വാതന്ത്ര്യത്തോടുകൂടിയ, തങ്ങളുടെ സ്വാതന്ത്യ്രത്തില്‍ അഭിമാനം കൊണ്ടിരുന്ന പരമാധികാര സമൂഹമായിരുന്നു. രണ്ടാമതായി, ഓരോ നഗര രാഷ്ട്രവും ജനസംഖ്യയിലും സ്ഥലവിസ്തൃതിയിലും വളരെ ചെറുതായിരുന്നു. യാതൊരുവിധ ബാഹ്യനിയന്ത്രണത്തെയും അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതുപോലെതന്നെ മറ്റൊരു രാഷ്ട്രവുമായി കൂട്ടിച്ചേര്‍ക്കപ്പെടാനും അവര്‍ തയ്യാറായിരുന്നില്ല. ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും ബുദ്ധിപരവും ആയ ജീവിതം തലസ്ഥാന നഗരിയില്‍ കേന്ദ്രീകരിക്കണമെങ്കില്‍ രാഷ്ട്രത്തിന്റെ വലുപ്പം കഴിയുന്നിടത്തോളം കുറഞ്ഞിരിക്കണമെന്ന് ജനങ്ങള്‍ വിശ്വസിച്ചു. പുരാതന ഗ്രീസിലെ രാഷ്ട്രതന്ത്ര ചിന്തകരെല്ലാം-പ്ളേറ്റോയും അരിസ്റ്റോട്ടലും ഉള്‍പ്പെടെ-ഈ വിശ്വാസക്കാരായിരുന്നു. ജനങ്ങളുടെ രാഷ്ട്രീയജീവിതം സാമൂഹ്യജീവിതവുമായി ഇത്രയേറെ ഇണങ്ങിച്ചേര്‍ന്നിട്ടുള്ളതിന്റെ ഉദാഹരണം പുരാതന ഗ്രീസിലെ നഗര രാഷ്ട്രങ്ങളില്‍ ഉണ്ടായിരുന്നതുപോലെ മറ്റൊരു ഘട്ടത്തിലും ചരിത്രത്തില്‍ കണ്ടെത്തുവാന്‍ കഴിയുകയില്ല. പൗരന്മാരും ഗവണ്മെന്റും തമ്മിലുള്ള ബന്ധം നികുതി പിരിവിലോ വോട്ടുരേഖപ്പെടുത്തുന്നതിലോ മാത്രം ഒതുങ്ങിയിരുന്നില്ല. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പൌരത്വം എന്നത് രാഷ്ട്രത്തോടുള്ള കടമ നിറവേറ്റുന്നതിനുള്ള ഏറെക്കുറെ മുഴുവന്‍സമയ ശ്രമം ആയിരുന്നു. രാഷ്ട്രത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ പൗരന്മാര്‍ ഊര്‍ജിതവും പ്രത്യക്ഷവും ആയ പങ്കു വഹിച്ചിരുന്നു. പൗരന്മാര്‍ എല്ലാവരും സൈന്യത്തിലെ അംഗങ്ങളായും നീതിപാലകന്മാരായും ഭരണം നടത്തുന്ന മന്ത്രിമാരായും നിയമനിര്‍മാതാക്കളായും മാറിമാറി പ്രവര്‍ത്തിച്ചിരുന്നു. ഭരണകാര്യങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം പൗരന്മാര്‍ നിര്‍വഹിച്ചിരുന്നത് പ്രതിനിധികളിലൂടെയല്ല, പ്രത്യുത നേരിട്ടുതന്നെയായിരുന്നു. രാഷ്ട്രത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ക്ക് പ്രധാന സ്ഥാനം നല്കണമെന്നും തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ക്ക് രണ്ടാം സ്ഥാനം മാത്രമേ നല്കാവൂ എന്നും ഓരോ പൗരനും നിര്‍ബന്ധമുണ്ടായിരുന്നു. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അവന്റെ ദേവാലയവും വിദ്യാലയവും വിനോദ സങ്കേതവും അവന്റെ നഗര രാഷ്ട്രം തന്നെയായിരുന്നു. പൗരന്മാര്‍ക്ക് ഉത്തമജീവിതം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് രാഷ്ട്രം നിലകൊള്ളുന്നത് എന്ന് അവര്‍ വിശ്വസിച്ചു. ഇക്കാരണത്താല്‍ രാഷ്ട്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ളതാണെന്ന് പൗരന്മാര്‍ കരുതി. തങ്ങളുടെ മതപരവും സാംസ്കാരികവും ബുദ്ധിപരവും ആയ എല്ലാ സായൂജ്യവും രാഷ്ട്രത്തിന്റെ പ്രവര്‍ത്തനത്തിലുള്ള പങ്കാളിത്തത്തില്‍ അവര്‍ കണ്ടെത്തി. രാഷ്ട്രത്തെക്കൂടാതെ ഒരു പൗരന് തന്റെ വ്യക്തിത്വത്തിന്റെ പാരമ്യതയില്‍ എത്തിച്ചേരുവാന്‍ സാധ്യമല്ല എന്ന് അവര്‍ വിശ്വസിച്ചു.

പുരാതന നഗര രാഷ്ട്ര സംവിധാനത്തില്‍ ഒരു പ്രത്യേകതരം ഭരണ സംവിധാനമാണ് നിലനിന്നിരുന്നത്. ആദ്യം അവിടെ ഉദയം ചെയ്തത് രാജവാഴ്ചയായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ രാജവാഴ്ചയില്‍നിന്ന് കുലീനാധിപത്യത്തിലേക്കും (Aristocracy) ക്രമേണ ജനാധിപത്യത്തിലേക്കും ഭരണക്രമം മാറിക്കൊണ്ടിരുന്നു. ആഥന്‍സ് ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും പ്രത്യക്ഷ ജനാധിപത്യം (Direct democracy) സ്വീകരിച്ചു. ആഥന്‍സിലെ പ്രധാന നിയമനിര്‍മാണസഭയായ അസംബ്ലിയില്‍ (Ecclesia) എല്ലാ പൗരന്മാരും അംഗങ്ങളായിരുന്നു. അവിടത്തെ ഭരണനിര്‍വഹണഘടകം (Excutive) അഞ്ഞൂറുപേര്‍ അടങ്ങുന്ന കൗണ്‍സില്‍ ആയിരുന്നു. ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെയാണ് കൗണ്‍സിലിലെ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്. ചില നഗര രാഷ്ട്രങ്ങളില്‍ ജനാധിപത്യം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അവിടെ രാജവാഴ്ച പുനഃസ്ഥാപിതമായി. എന്നാല്‍ സ്പാര്‍ട്ടയില്‍ മാത്രം തികച്ചും യാഥാസ്ഥിതികമായ രാജവാഴ്ച തുടക്കംമുതല്‍ നിലനിന്നു.

പുരാതന ഗ്രീസിലെ നഗര രാഷ്ട്രങ്ങളില്‍ പല മേന്മകളും ഉണ്ടായിരുന്നു. ആധുനിക രാജ്യങ്ങള്‍ക്കു സങ്കല്പിക്കുവാന്‍കൂടി സാധിക്കാത്തവിധം ശക്തമായ ഐകമത്യബോധവും ദേശീയബോധവും തങ്ങളുടെ പൗരന്മാരുടെയിടയില്‍ വളര്‍ത്തിയെടുക്കാന്‍ ഓരോ നഗര രാഷ്ട്രത്തിനും സാധിച്ചു. വളരെ ഉന്നത നിലവാരത്തിലുള്ള സ്വരാജ്യസ്നേഹമാണ് ഓരോ നഗര രാഷ്ട്രത്തിലെയും പൌരന്മാരുടെയിടയില്‍ നിലനിന്നത്. രാജവാഴ്ച തുടങ്ങി പല തരത്തിലുള്ള ഭരണകൂടങ്ങള്‍ സ്ഥാപിച്ചുകൊണ്ട്, ഭരണരംഗത്ത് പലവിധ പരീക്ഷണങ്ങള്‍ നടത്തുന്നതിനും അവര്‍ക്കു കഴിഞ്ഞു. ഇതിനെല്ലാം പുറമേ രാഷ്ട്രതന്ത്ര ചിന്താമണ്ഡലത്തില്‍ വിലമതിക്കാനാവാത്ത തരത്തിലുള്ള സംഭാവനകള്‍ നല്കുവാന്‍ പുരാതന ഗ്രീക്ക് ചിന്തകന്മാര്‍ക്കു സാധിച്ചു. എന്നാല്‍ ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ പോരായ്മകളും ശ്രദ്ധേയമാണ്. ഓരോ നഗര രാഷ്ട്രവും സ്വതന്ത്രമായ, മറ്റൊരു രാഷ്ട്രവുമായും ബന്ധമില്ലാത്ത, നിലനില്പ് ആഗ്രഹിച്ചു. അതിന്റെ ഫലമായി ഓരോ നഗര രാഷ്ട്രവും വളരെ ദുര്‍ബല സമൂഹമായിത്തീര്‍ന്നു. അത് അവയുടെ നാശത്തില്‍ കലാശിച്ചു. മാസിഡോണിയായിലെ ഫിലിപ്പ് രാജാവും അദ്ദേഹത്തിന്റെ പുത്രനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയും സാമ്രാജ്യ വിസ്തൃതിക്കുള്ള ശ്രമം ആരംഭിച്ചപ്പോള്‍ നഗര രാഷ്ട്രങ്ങള്‍ ഒന്നൊന്നായി കീഴടങ്ങി മാസിഡോണിയന്‍ സാമ്രാജ്യത്തില്‍ ലയിച്ചു. എല്ലാ പൗരന്മാരും രാഷ്ട്രത്തിനുവേണ്ടി മാത്രം ജീവിച്ചിരുന്നതിനാല്‍ അവര്‍ക്ക് സ്വന്തമായ ഇച്ഛാശക്തി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ല. പൗരന്മാരുടെയിടയില്‍ രാജ്യസ്നേഹവും ജനാധിപത്യബോധവും വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച ഭരണാധികാരികള്‍, തങ്ങള്‍ ജനങ്ങളോടു കാണിക്കേണ്ട ദീനാനുകമ്പ പാടേ വിസ്മരിച്ചു. പൗരന്മാരല്ലാത്ത ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക്-സ്ത്രീകള്‍, അടിമകള്‍, വിദേശീയര്‍ എന്നിവര്‍ക്ക്-രാഷ്ട്രീയാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അടിമത്ത വ്യവസ്ഥിതി അംഗീകരിച്ചിരുന്ന നഗര രാഷ്ട്രങ്ങള്‍ 'ജനങ്ങളുടെ സമത്വം' എന്ന ആശയത്തിന് ഒരു പ്രാധാന്യവും നല്കിയില്ല.

മധ്യകാലഘട്ടത്തിലെ നഗര രാഷ്ട്രങ്ങള്‍. പുരാതന ഗ്രീക്ക് സംസ്കാരത്തിന്റെ തകര്‍ച്ചയ്ക്കുശേഷം മറ്റൊരു ഘട്ടത്തില്‍ക്കൂടി യൂറോപ്പില്‍ നഗര രാഷ്ട്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എ.ഡി. 11-ാം ശ.-ത്തില്‍ യൂറോപ്പില്‍ പ്രത്യക്ഷപ്പെട്ട ചില നഗര രാഷ്ട്രങ്ങളും സ്വതന്ത്ര ഭരണസംവിധാനത്തോടു കൂടിയവയായിരുന്നു. അവ അധികവും വാണിജ്യ വ്യവസായ കേന്ദ്രങ്ങളായിരുന്നു. കൊളോണ്‍, ലണ്ടന്‍, നോര്‍വിച്ച്, ട്രോയ്സ്, ജിനോവ, ഫ്ലോറന്‍സ്, വെനീസ്, ഓഗ്സ്ബര്‍ഗ്, ന്യൂറന്‍ബര്‍ഗ് തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെട്ട നഗരങ്ങളായിരുന്നു. ഇത്തരം നഗര രാഷ്ട്രങ്ങളിന്മേല്‍ ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്കോ രാജാക്കന്മാര്‍ക്കോ കാര്യമായ അധികാരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ നഗരങ്ങള്‍ പലപ്പോഴും യുദ്ധങ്ങളിലും ഏര്‍പ്പെട്ടിരുന്നു. പുരാതന ഗ്രീക്ക് നഗര രാഷ്ട്രങ്ങളില്‍ ഉണ്ടായിരുന്നതുപോലുള്ള സ്വാതന്ത്ര്യം മധ്യകാലഘട്ടത്തിലെ നഗര രാഷ്ട്രങ്ങള്‍ക്കില്ലായിരുന്നു. എങ്കിലും കുറേക്കാലം മധ്യകാല നഗര രാഷ്ട്രങ്ങളും ഒരുവിധത്തിലുള്ള പരമാധികാരം അനുഭവിച്ചു. ഓരോ നഗര രാഷ്ട്രത്തിനും അതിന്റേതായ സ്വതന്ത്ര ഭരണകൂടങ്ങളും ഉണ്ടായിരുന്നു. ഫ്യൂഡലിസം തകര്‍ക്കപ്പെട്ടതോടുകൂടി ഈ നഗര രാഷ്ട്രങ്ങളും അപ്രത്യക്ഷമായി.

(പ്രൊഫ. നേശന്‍ ടി.മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍