This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഗര നികുതികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നഗര നികുതികള്‍

നഗരപ്രദേശങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളായ നഗര പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ അവയുടെ ഭരണച്ചെലവിനും വികസനച്ചെലവിനും വേണ്ടി ചുമത്തുന്ന നികുതികള്‍. സാധാരണയായി ജനസംഖ്യ, ജനസംഖ്യാ സാന്ദ്രത, റവന്യൂ വരുമാനം, കാര്‍ഷികേതരമേഖലയിലെ തൊഴിലെടുക്കുന്നവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരപ്രദേശങ്ങളെ നിര്‍വചിക്കുന്നത്. ഇന്ത്യയില്‍ ഭരണഘടനയുടെ 74-ാം ഭേദഗതി നഗരപ്രദേശത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധര്‍മങ്ങളും ചുമതലകളും വിശദമായി സൂചിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചെലവുകള്‍ക്കായി വരുമാനം സ്വരൂപിക്കേണ്ടതുണ്ട്.

പ്രധാന വരുമാനസ്രോതസ്സുകള്‍ ഇവയാണ്: വസ്തു-കെട്ടിട നികുതി, തൊഴില്‍ നികുതി, വിനോദ നികുതി, പരസ്യ നികുതി, മാര്‍ക്കറ്റ് നികുതി, വിവിധതരം ഫീസുകള്‍, സംസ്ഥാന സര്‍ക്കാരില്‍നിന്നു കിട്ടുന്ന ഗ്രാന്റുകള്‍. ഇവയില്‍ വസ്തു-കെട്ടിട നികുതിയാണ് ഏറ്റവും പ്രധാനം. കേരളത്തില്‍ ഇത് 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം സെക്ഷന്‍ 233 അനുസരിച്ചാണ് ചുമത്തിയിരിക്കുന്നത്. നഗരപ്രദേശത്ത് നിലനില്ക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും (വാസഗൃഹം, ഫ്ളാറ്റുകള്‍, കൊമേര്‍ഷ്യല്‍ കെട്ടിടങ്ങള്‍ എന്നിവയുടെ) മേലാണ് ഇത് ചുമത്തുന്നത്. മുനിസിപ്പല്‍ പ്രദേശത്ത് ഇതിന്റെ നിരക്ക് കെട്ടിടത്തിന്റെ വാര്‍ഷിക വാടക മൂല്യത്തിന്റെ 10-25 ശതമാനവും കോര്‍പ്പറേഷന്‍ പ്രദേശത്ത് 15-25 ശതമാനവും ആണ്. കെട്ടിടം വാടകയ്ക്കു കൊടുത്താല്‍ എന്തു തുക കിട്ടും എന്നു കണക്കാക്കിയാണ് കെട്ടിടത്തിന്റെ വാര്‍ഷിക വാടകമൂല്യം കണക്കാക്കുക. ഉടമസ്ഥന്റെ പരാതി കേട്ട് ഇളവുകള്‍ നല്കാന്‍ റവന്യൂ ഓഫീസര്‍ക്കും ജനപ്രതിനിധികളടങ്ങിയ സ്റ്റാന്‍ഡിങ് സമതികള്‍ക്കും അധികാരമുണ്ട്. ചുമത്തുന്ന നികുതി അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ പുനര്‍നിര്‍ണയം ചെയ്യും. സാധാരണയായി വസ്തു-കെട്ടിട നികുതിക്ക് രണ്ട് ഭാഗങ്ങള്‍ കാണും. (1) അടിസ്ഥാന നിരക്ക്; (2) സേവന നിരക്ക്. കുടിവെള്ളം, ഡ്രെയിനേജ്, ഖരമാലിന്യ സംസ്കരണം, വഴിവിളക്കുകള്‍ എന്നീ പ്രത്യേക സേവനങ്ങള്‍ പരിഗണിച്ചാണ് സേവന നികുതി ഘടകം കണക്കാക്കുന്നത്. വസ്തു-കെട്ടിട നികുതി വാര്‍ഷികാടിസ്ഥാനത്തിലാണെങ്കിലും അത് രണ്ട് അര്‍ധ വാര്‍ഷിക ഗഡുക്കളായിട്ടാണ് ഈടാക്കാറ്.

ബിസിനസ്സ്, തൊഴില്‍, വ്യാപാരം എന്നിവയില്‍ ഏര്‍ പ്പെടുന്നവരുടെമേല്‍ ചുമത്തുന്നതാണ് തൊഴില്‍ നികുതി. തൊഴില്‍ദായകന്‍ ഈ നികുതി തന്റെ കീഴില്‍ പണിയെടുക്കുന്നവരുടെ കൈയില്‍നിന്നു പിരിച്ച് അടയ്ക്കാന്‍ ചിലപ്പോള്‍ നിര്‍ദേശിക്കാറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന വരുമാന നികുതിയില്‍ (Income Tax) തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വ്യക്തികള്‍ നല്കുന്ന തൊഴില്‍ നികുതി(Profession Tax)ക്ക് കിഴിവ് നല്കുന്നുണ്ട്. 60 ദിവസമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി ഒരു തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നികുതി ബാധകമാണ്.

വിനോദ നികുതി സാധാരണയായി സിനിമാശാലകള്‍ വസൂലാക്കുന്ന ടിക്കറ്റ് ചാര്‍ജിന്റെ കൂടെയാണ് പിരിക്കുക. ടിക്കറ്റ് ചാര്‍ജിന്റെ 15%-ത്തില്‍ കുറയാതെയും 30%-ത്തില്‍ കൂടാതെയുമുള്ള നിരക്കിലാണ് ഈ നികുതി ചുമത്തുന്നത്. തിയെറ്റര്‍ ഉടമകളാണ് ഈ നികുതി പിരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നല്കുക. ഈ നികുതിയുടെമേല്‍ ഒരു സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താനും നഗരസഭകള്‍ക്ക് അധികാരമുണ്ട്. ഇതിനുപുറമേ സര്‍ക്കസ്, നാടകങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റുതരത്തിലുള്ള ആഘോഷപ്രകടനങ്ങള്‍ എന്നിവയുടെമേലും നികുതി ചുമത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ട്.

പരസ്യ നികുതികളാണ് നഗരസഭകളുടെ മറ്റൊരു വരുമാനം. നഗരവീഥികളുടെ ഇരുവശങ്ങളിലും പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കമാനങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന രീതി ഇന്ന് വളരെ വ്യാപകമാണ്. ഇവ സ്ഥാപിക്കുന്നതിന് നികുതിക്കുപുറമേ പ്രത്യേക ലൈസന്‍സ് ഫീസും ചില നഗരസഭകള്‍ ചുമത്താറുണ്ട്. പലപ്പോഴും പരസ്യബോര്‍ഡുകള്‍ ദീര്‍ഘകാലം നഗരവീഥികളില്‍ കാണുക പതിവാണ്. കാലദൈര്‍ഘ്യമനുസരിച്ച് നികുതി നിരക്കുകള്‍ ക്രമീകരിക്കാം.

കേരള മുനിസിപ്പാലിറ്റീസ് നിയമം 1994 സെക്ഷന്‍ 270 അനുസരിച്ച് വസ്തു ഇടപാടുകളില്‍ സ്റ്റേറ്റ് രജിസ്റ്റ്രേഷന്‍ വകുപ്പ് ചുമത്തുന്ന സ്റ്റാമ്പ് ഡ്യൂട്ടിയുടെമേല്‍ ഒരു സര്‍ചാര്‍ജ് ചുമത്തുന്ന പതിവുണ്ട്. ഇങ്ങനെ പിരിക്കുന്ന സര്‍ചാര്‍ജ് നഗരസഭകള്‍ക്കും മുനിസിപ്പിലാറ്റികള്‍ക്കും വിട്ടുകൊടുക്കുന്നു. പിരിക്കുന്ന ചെലവ് കിഴിച്ചാണ് ഇതു ചെയ്യുക.

നഗരപ്രദേശങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മറ്റു ചില വരുമാന സ്രോതസ്സുകള്‍കൂടി ഉണ്ട്. നഗരപ്രദേശത്ത് അതിന്റെ അതിര്‍ത്തിക്കു വെളിയില്‍നിന്നു പ്രവേശിക്കുന്ന ചരക്കുകളിന്മേല്‍ ഒക്ട്രോയ് (Octroi) നികുതി ചുമത്താറുണ്ട്. നഗരപ്രദേത്ത്, അധികാരികള്‍ സ്ഥാപിച്ച് സംരക്ഷിക്കുന്ന മാര്‍ക്കറ്റുകള്‍ ഉപയോഗിക്കുന്ന കച്ചവടക്കാരില്‍നിന്നും മാര്‍ക്കറ്റ് നികുതി പിരിക്കും. പൊതുജനങ്ങള്‍ക്കുവേണ്ടി സ്ഥാപിച്ച് സംരക്ഷിക്കുന്ന കക്കൂസുകള്‍, കുളിസ്ഥലങ്ങള്‍, പൊതു ടാപ്പുകള്‍, പാര്‍ക്കുകള്‍, ആംബുലന്‍സ് വാഹനങ്ങള്‍, സേവനങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ക്കു (ടാക്സി, ഓട്ടോറിക്ഷകള്‍) നല്കുന്ന പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയുടെമേല്‍ ചുമത്തുന്ന സേവന നികുതികള്‍, ഫീസുകള്‍ എന്നിവയും നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കുന്നു.

(പ്രൊഫ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍