This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നക്കീരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നക്കീരന്‍

തമിഴ് സംഘകാല (ബി.സി. 500 - എ.ഡി. 200) കവി. പ്രാചീന തമിഴ് സാഹിത്യകൃതികളെ പത്തുപാട്ട്, എട്ടുതൊകൈ, പതിനെണ്‍ കിഴ്കണക്ക് എന്ന് തരംതിരിച്ചിട്ടുണ്ട്. പത്തുപാട്ടില്‍ ആദ്യത്തെ പാട്ടായ തിരുമുരുകാറ്റുപ്പടൈയും ഏഴാമതായ നെടുനല്‍വാടൈയും രചിച്ചത് കുമരവേളൈ മധുര കണക്കായനാര്‍ മകനാര്‍ നക്കീരനാര്‍ ആണ്. മുരുകഭഗവാന്റെ അനുഗ്രഹം സിദ്ധിച്ച ഒരാള്‍ ആ ഭക്തിപാരവശ്യം മറ്റൊരാള്‍ക്ക് ലഭിക്കാന്‍വേണ്ടി മുരുകന്റെ സമീപത്തേക്ക് ആനയിക്കുന്ന രൂപത്തില്‍ രചിച്ച കൃതിയാണ് ആദ്യത്തേത്. (ആറ്റുപ്പട എന്നതില്‍ ആറു=വഴി; പടൈ=കൂട്ടിച്ചേര്‍ക്കുക, ബന്ധിപ്പിക്കുക. അതായത് വഴികാണിച്ച് മുരുകനുമായി കൂട്ടിച്ചേര്‍ക്കുന്ന പാട്ട് എന്നാണ് അര്‍ഥം).

317 വരികളുള്ള ഈ കാവ്യമാണ് സംഘകാല സാഹിത്യത്തിലെ ഭക്തിരസം നിറഞ്ഞ സമ്പൂര്‍ണ കൃതി എന്നു പറയാറുണ്ട്. മുരുകന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍, വഴിപാടുരീതികള്‍, പ്രകൃതി വര്‍ണന, വിഗ്രഹമേന്മ, ശൂരപദ്മന്‍ - മുരുകന്‍ യുദ്ധവിവരണം, മലനാട്ടു ജനതയുടെ മുരുകാരാധനാ സമ്പ്രദായം എന്നിവയെല്ലാം ഈ കൃതിയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. നെടുനല്‍വാടൈയില്‍ 188 വരികളുണ്ട്. നെടു=നെടിയ, നല്‍=നല്ലത്, വാടൈ=വാടൈകാറ്റ്, തണുത്ത കാറ്റ്. പടകുടീരത്തില്‍ കഴിയുന്ന നായകനും അന്തഃപുരത്തില്‍ വിരഹാകുലയായി കഴിയുന്ന നായികയ്ക്കും ഉള്ള ദുഃഖം വര്‍ണിക്കുന്ന ഈ കവിത മുഴുവനും പേരു സൂചിപ്പിക്കുന്നതുപോലെ തണുത്ത കാറ്റിന്റെ തേര്‍വാഴ്ചയാണ്. ഇവ കൂടാതെ ഇറൈയനാര്‍ രചിച്ച കളവിയല്‍ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവും നക്കീരനാണ്. പതിനെണ്‍ കീഴ്കണക്ക് കാവ്യങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തെപ്പറ്റി നല്ലവണ്ണം അറിവുണ്ടായിരുന്ന ഇദ്ദേഹം അതിനു മുമ്പ് മൂന്ന് സംഘങ്ങള്‍ നിലനിന്നിരിക്കണമെന്നും അകത്തിയം, തൊല്കാപ്പിയം മുതലായവ ആ സംഘങ്ങളാല്‍ രചിക്കപ്പെട്ടവയായിരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിനു മുമ്പ് മാതാപിതാക്കളും ബന്ധുജനങ്ങളും അറിയാതെയുള്ള രഹസ്യമായ പ്രേമത്തെപ്പറ്റി പ്രതിപാദിക്കുന്ന 60 സൂത്രങ്ങള്‍ അടങ്ങിയ കളവിയല്‍ എന്ന ഗ്രന്ഥത്തെക്കാള്‍ അതിന് നക്കീരന്‍ എഴുതിയ വ്യാഖ്യാനമാണ് അധികം പ്രകീര്‍ത്തിക്കപ്പെടുന്നത്. അകനാനൂറ്, പുറനാനൂറ്, കുറന്തൊകൈ, നറ്റിണൈ എന്നീ സംഘകൃതികളില്‍ ഉദ്ധൃതമായ നക്കീരന്റെ ശ്ലോകങ്ങള്‍ ആശയഗംഭീരവും ചിന്താമധുരവുമാണ്. സംഘകാലത്ത് പാണ്ഡ്യരാജാവിന്റെ വിദ്വത്സഭയില്‍വച്ച് സാക്ഷാല്‍ ശിവഭഗവാനാല്‍ രചിക്കപ്പെട്ട ഒരു ശ്ലോകത്തില്‍ നക്കീരന്‍ 'പൊരുള്‍കുറ്റം' (അര്‍ഥത്തില്‍ തെറ്റ്) കണ്ടുപിടിച്ച് ഉരചെയ്തപ്പോള്‍ ശിവന്‍ കുപിതനായി തന്റെ മൂന്നാം കണ്ണ് - നെറ്റിക്കണ്ണ് തുറന്ന് ഭയപ്പെടുത്തിയിട്ടും 'നെറ്റിക്കണ്‍ തിറപ്പിനും കുറ്റം കുറ്റമേ' എന്ന് ആത്മധൈര്യം കൈവെടിയാതെ നക്കീരന്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നതായും ശിവന്‍ നെറ്റിക്കണ്ണില്‍നിന്ന് അഗ്നി പടര്‍ത്തി നക്കീരനെ ഭസ്മീകരിച്ചതായും പിന്നീട് നക്കീരന്റെ ജ്ഞാനതൃഷ്ണയില്‍ സന്തുഷ്ടനായി അദ്ദേഹത്തിന് മോക്ഷം നല്കി ആദരിച്ചതായും കഥ പ്രചാരത്തിലുണ്ട്.

(നീല പദ്മനാഭന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍