This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നകേനവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നകേനവാദം

ഹിന്ദിഭാഷയിലെ ഒരു പ്രസ്ഥാനം. ആധുനിക ഹിന്ദി കവിതയുടെ ചരിത്രത്തില്‍ ഒട്ടേറെ 'വാദ'ങ്ങള്‍ (കവിതാപ്രവണതകള്‍) ഉണ്ടായിട്ടുണ്ട്. ഛായാവാദം, രഹസ്യവാദം, പ്രഗതിവാദം, നവസ്വച്ഛന്ദതാവാദം എന്നിവ 20-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ പ്രചാരംനേടിയ കവിതാപ്രസ്ഥാനങ്ങളായിരുന്നു.

ഈ 'വാദ'ങ്ങളെ സംബന്ധിച്ച ഒരു സവിശേഷത ഇത്തരം പ്രവണതകളൊന്നും വളരെക്കാലം നീണ്ടുനിന്നില്ല എന്നതാണ്. ഒരു രീതിയില്‍ കുറേക്കൊല്ലം എഴുതിക്കഴിയുമ്പോഴേക്കും അതില്‍ നിന്നു മാറി പുതിയ ഒരു ധാര വേണമെന്ന ആശയത്തിനു പ്രചാരം കിട്ടിയിരുന്നു. ഈ മാറ്റം ചിലപ്പോള്‍ വളരെ വേഗം തന്നെ സംഭവിച്ചിരുന്നു. ഒരു വ്യക്തിയുടെ കവിതകളെ ആശ്രയിച്ച് ഒരു പുതിയ വാദത്തിനു രൂപംകൊടുക്കുന്ന പതിവും ഉണ്ടായിട്ടുണ്ട്. ഉദാഹരണം ഹരിവംശറായ് ബച്ചന്റെ 'ഹാലാവാദം'.

1943-ല്‍ സച്ചിദാനന്ദ ഹീരാനന്ദ് വാത്സ്യായന്‍ 'അജ്ഞേയ്' അവതരിപ്പിച്ച 'പ്രയോഗവാദ'ത്തിന്റെ പ്രചാരത്തിനുശേഷം ബിഹാറിലെ മൂന്ന് പ്രശസ്ത കവികളും നിരൂപകരും ചേര്‍ന്ന് ഒരു പുതിയ വാദത്തിനു രൂപംനല്കി. അതാണ് 'നകേനവാദം' അഥവാ 'പ്രപദ്യവാദം'. നളിന്‍ വിലോചന ശര്‍മ, കേസരികുമാര്‍, നരേശ് കുമാര്‍ എന്നീ മൂന്നുപേര്‍ അവരുടെ പേരുകളിലെ ന, കേ, ന എന്നീ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത് 'നകേന' എന്ന നാമധേയം ഈ കാവ്യധാരയ്ക്കു സമ്മാനിച്ചു. അവര്‍ അതിന് പന്ത്രണ്ട് അടിസ്ഥാനസൂത്രങ്ങളും നല്കി. 'ദ്വാദശതി' എന്ന പേരില്‍ തയ്യാറാക്കിയ അവയുടെ ഏകദേശ വിവര്‍ത്തനം താഴെ നല്കുന്നു.

1.നകേനവാദം ആശയത്തിന്റെയും വ്യഞ്ജനയുടെയും ശില്പമാണ്.

2.ഇത് സര്‍വതന്ത്രസ്വതന്ത്രമാണ്. ഇതിനൊരു ശാസ്ത്രമോ ഗ്രൂപ്പോ ഇല്ല.

3. ഇത് മഹാന്മാരായ പൂര്‍വസൂരികളുടെ പാതകളെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നില്ല.

4.ഇത് മറ്റുള്ളവരുടെ അനുകരണമെന്നപോലെ സ്വന്തം അനുകരണത്തെയും വര്‍ജ്യമായി കരുതുന്നു.

5.നകേനവാദത്തിന് മുക്തകം അഥവാ സ്വച്ഛന്ദകാവ്യത്തിന്റെ സ്ഥിതിയാണ് കൂടുതല്‍ യോജിക്കുന്നത്.

6.ഇത് പരീക്ഷണത്തെ സാധനയായും പ്രപദ്യവാദിയെ സാധ്യമായും കരുതുന്നു.

7.നകേനവാദത്തിന്റെ രീതി വാക്യപദീയമാണ്.

8.നകേനവാദത്തിന് ജീവിതവും സമ്പത്തും അസംസ്കൃത വസ്തുക്കളുടെ നിധിയാണ്.

9.പ്രപദ്യവാദി താന്‍ പ്രയോഗിക്കുന്ന ഓരോ പദത്തിന്റെയും ഛന്ദസ്സിന്റെയും നിര്‍മാണം സ്വയം നടത്തുന്നു; ചിത്രകാരന്‍ വര്‍ണവിന്യാസത്തിന്റെയും പ്രതിമാശില്പി ശിലയുടെയും എന്നപോലെ.

10.പ്രപദ്യവാദം പ്രത്യേക വീക്ഷണത്തിന്റെയും ഗവേഷണമാണ്.

11.പദ്യത്തില്‍ ഉത്കൃഷ്ടമായ കേന്ദ്രീകരണം നടക്കുന്നുവെന്നും പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം അതാണ് എന്നും പ്രപദ്യവാദം കരുതുന്നു. പദ്യത്തിന്റെ ലയാത്മകവും സംഗീതാത്മകവുമായ ഘടകങ്ങളുടെ ഫലമായി അത്യാവശ്യമായ പദങ്ങള്‍ക്കൊണ്ടുതന്നെ പദ്യത്തില്‍ രാഗാത്മകമായ ഘനത്വം സന്നിഹിതമായിരിക്കും.

12.ഈ പ്രസ്ഥാനത്തിന്റെ ശരിയായ പേര് പ്രപദ്യവാദം എന്നു മാത്രമാണ്. ഏകമാത്രം എന്നാണ് ഫ്ളാബര്‍ട്ട് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഈ പന്ത്രണ്ട് സൂത്രങ്ങള്‍ ഉത്കൃഷ്ടാശയങ്ങള്‍ ഉള്‍ ക്കൊള്ളുന്നവയാണെങ്കിലും തുടര്‍ന്നുവന്ന ഒരു കാവ്യപരമ്പരയായി 'നകേനവാദം' മുന്നേറിയില്ല.

(ഡോ. എന്‍.ഇ. വിശ്വനാഥയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍