This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്രുവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധ്രുവന്‍

പുരാണപ്രസിദ്ധനായ രാജാവ്. അഞ്ചുവയസ്സുമാത്രമുള്ളപ്പോള്‍ മഹാവിഷ്ണുവിനെ തപസ്സുചെയ്ത് പ്രത്യക്ഷനാക്കി വരം നേടിയ ഇദ്ദേഹം പില്ക്കാലത്ത് സര്‍വ ഐശ്വര്യങ്ങളോടും കൂടിയ ചക്രവര്‍ത്തിയായി ദീര്‍ഘകാലം ഭരണം നടത്തുകയും അതിനുശേഷം മാതാവിനോടൊപ്പം സര്‍വോത്കൃഷ്ടമായ വിഷ്ണുപദത്തില്‍ എത്തിച്ചേരുകയും ഏറ്റവും ഉത്തരവും ഉത്കൃഷ്ടവും ഉന്നതവുമായ ധ്രുവപദത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു.

ബ്രഹ്മാവിന്റെ പുത്രനായ സ്വായംഭൂവമനുവിന്റെ രണ്ട് പുത്രന്മാരിലൊരാളായിരുന്നു ഉത്താനപാദ മഹാരാജാവ്. സുരുചി, സുനീതി എന്ന് രണ്ട് പത്നിമാര്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. രാജാവ് ധര്‍മിഷ്ഠനും സമഭാവനനുമായിരുന്നെങ്കിലും സ്വാര്‍ഥതത്പരയായിരുന്ന സുരുചി സുനീതിയെ രാജാവില്‍നിന്ന് അകറ്റിനിര്‍ത്താന്‍ നിരന്തരം ശ്രമിച്ചുവന്നു. സുരുചിക്കും സുനീതിക്കും തുല്യപ്രായക്കാരായ ഓരോ പുത്രന്മാരുണ്ടായിരുന്നു. ഉത്തമന്‍ എന്നും ധ്രുവന്‍ എന്നുമായിരുന്നു യഥാക്രമം ഇവരുടെ പേര്. ഒരിക്കല്‍ ശിശുവായ ഉത്തമന്‍ പിതാവിന്റെ മടിയിലിരിക്കുമ്പോള്‍ അതു കണ്ട് അടുത്തുവന്ന ധ്രുവനും പിതാവിന്റെ മടിയില്‍ കയറി ഇരുന്നു. സുരുചിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. സുരുചി ധ്രുവനെ പിതാവിന്റെ മടിയില്‍നിന്ന് പിടിച്ചിറക്കി 'നീ സുരുചിയമ്മയുടെ മകനായി ജനിച്ചിട്ട് പിതാവിന്റെ മടിയില്‍ ഇരുന്നാല്‍ മതി' എന്നു പറഞ്ഞ് അധിക്ഷേപിച്ചു. പത്നീവശഗനായിരുന്ന രാജാവിന്, സുരുചിയുടെ സാന്നിധ്യത്തില്‍ ധ്രുവനെ സാന്ത്വനപ്പെടുത്താന്‍ കഴിഞ്ഞില്ല. കരഞ്ഞുകൊണ്ട് സുനീതി നിവസിക്കുന്ന ഗൃഹത്തിലെത്തിയ ധ്രുവനെ സുനീതി സ്വാന്ത്വനപ്പെടുത്തുകയും ദുഃഖപരവശയായി, ഈശ്വരഭജനമാണ് എല്ലാ ദുഃഖങ്ങള്‍ക്കും ശമനം നല്കുന്നതെന്ന് ഉപദേശിക്കുകയും ചെയ്തു. അഞ്ചുവയസ്സുമാത്രമുള്ള ധ്രുവന്‍, തന്റെയും തന്റെ മാതാവിന്റെയും കഷ്ടപ്പാടു മാറണം എന്ന ആഗ്രഹത്തോടെ മഹാവിഷ്ണുവിനെ തപസ്സു ചെയ്യുന്നതിന് കാട്ടിലേക്കു യാത്രതിരിച്ചു. മാര്‍ഗമധ്യേ നാരദമഹര്‍ഷി ധ്രുവനെ കാണുകയും ധ്രുവന്റെ ആഗ്രഹം മനസ്സിലാക്കുകയും ശിശുവായ ധ്രുവനെ തപസ്സനുഷ്ഠിക്കുന്നതിനുണ്ടാകുന്ന ക്ലേശത്തെപ്പറ്റി ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ധ്രുവന്‍ തന്റെ തീരുമാനത്തില്‍നിന്നു പിന്തിരിയുന്നില്ലെന്നു കണ്ട നാരദമുനി തപസ്സനുഷ്ഠിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശവും അനുഗ്രഹവും നല്കി. യമുനാനദിയുടെ തീരത്തുള്ള മധുവനത്തില്‍ ആറുമാസം നിഷ്ഠയോടെ തപസ്സനുഷ്ഠിച്ച ധ്രുവന്റെ മുമ്പില്‍ മഹാവിഷ്ണു പ്രത്യക്ഷനായിട്ട് ദീര്‍ഘകാലം ചക്രവര്‍ത്തിപദം അലങ്കരിച്ചശേഷം മാതാവിനോടുകൂടി സര്‍വോത്കൃഷ്ടമായ ധ്രുവപദത്തില്‍ ധ്രുവനക്ഷത്രമായി സ്ഥിരപ്രതിഷ്ഠിതനാകും എന്നും സുനീതിയും ധ്രുവന്റെ സമീപത്ത് ഒരു നക്ഷത്രമായി കല്പാന്തകാലം പ്രശോഭിതയാകും എന്നും അനുഗ്രഹിച്ചു. തിരികെ കൊട്ടാരത്തിലെത്തിയ ധ്രുവനെ രാജാവും പ്രജകളും ആദരവോടെ സ്വീകരിക്കുകയും രാജാവ് ധ്രുവനെ തന്റെ പിന്‍ഗാമിയായി അംഗീകരിക്കുകയും ചെയ്തു. ഉത്തമനും ഇതില്‍ സന്തുഷ്ടനായിരുന്നു. രാജാവ് രാജ്യഭാരം ധ്രുവനെ ഏല്പിച്ച് വാനപ്രസ്ഥാശ്രമം സ്വീകരിച്ചശേഷം ധ്രുവന്‍ മുപ്പത്തിയാറായിരം സംവത്സരം ചക്രവര്‍ത്തിയായി ഭരണം നടത്തി.

ശിശുമാരന്‍ എന്ന പ്രജാപതിയുടെ പുത്രിയായ ബ്രാഹ്മിയെ ധ്രുവന്‍ വിവാഹം ചെയ്തു. ഇവര്‍ക്ക് കല്പന്‍, വത്സരന്‍ എന്നീ രണ്ട് പുത്രന്മാരുണ്ടായി. പിന്നീട് വായുദേവന്റെ പുത്രിയായ ഇളയെ വിവാഹം ചെയ്യുകയും ഇളയില്‍ ജനിച്ച പുത്രന്‍ ഉത്കലന്‍ എന്ന പേരില്‍ പ്രസിദ്ധനാവുകയും ചെയ്തു. ശംഭു എന്ന പത്നിയില്‍ ധ്രുവനു ജനിച്ചവരായിരുന്നു ശിഷ്ടി, ഭവ്യന്‍ എന്നിവര്‍. ഇവരുടെ വംശത്തില്‍ ജനിച്ച പൃഥുമഹാരാജാവ് ഭൂമിയെ ഫലഭൂയിഷ്ഠവും സര്‍വാഭീഷ്ടദായകവുമാക്കിത്തീര്‍ത്ത പുരാണപ്രസിദ്ധനായ ചക്രവര്‍ത്തിയാണ്.

ധ്രുവന്റെ സഹോദരസ്ഥാനീയനായിരുന്ന ഉത്തമന്‍ ഒരിക്കല്‍ നായാട്ടിനു പോയ സന്ദര്‍ഭത്തില്‍ വനത്തില്‍വച്ച് ഒരു യക്ഷനാല്‍ ഹനിക്കപ്പെട്ടു. ഇതറിഞ്ഞ് ധ്രുവന്‍ വിപുലമായ സൈന്യവ്യൂഹവുമായെത്തി യക്ഷന്മാരോടു യുദ്ധം ചെയ്ത് യക്ഷവംശത്തെത്തന്നെ ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞു. ഒരു യക്ഷന്‍ ചെയ്ത അപരാധത്തിന് തങ്ങളുടെ വംശംതന്നെ ഇല്ലായ്മ ചെയ്യുന്നത് അന്യായമാണെന്ന് യക്ഷരാജാവായ കുബേരന്‍ അഭിപ്രായപ്പെടുകയും ക്ഷമായാചനം ചെയ്യുകയുമുണ്ടായി. യുദ്ധം അവസാനിപ്പിച്ച് ധ്രുവന്‍ തിരികെ പോന്നു. ദീര്‍ഘകാലം ചക്രവര്‍ത്തിപദം അലങ്കരിച്ചശേഷം വിഷ്ണുപാര്‍ഷദന്മാര്‍ നയിച്ച വിമാനത്തില്‍ മാതാവുമൊത്ത് ധ്രുവപദത്തിലെത്തിയ ധ്രുവന്‍ അവിടെ മാതാവിനോടൊപ്പം വിഷ്ണുപദത്തില്‍ മഹാവിഷ്ണുവിനെ തപസ്സുചെയ്ത് എല്ലാ ദേവന്മാരാലും ഋഷിമാരാലും ആദരണീയനായി സ്ഥിതിചെയ്യുന്നു. ധ്രുവനക്ഷത്രം ഏറ്റവും വടക്കുദിക്കില്‍ (ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത്) കാണപ്പെടുന്നു. ധ്രുവന്‍ എന്ന പേരില്‍ വേറെയും അനേകം കഥാപാത്രങ്ങള്‍ പുരാണപ്രസിദ്ധരായുണ്ട്.

ധ്രുവചരിതം കഥ ഇതിവൃത്തമായി സംസ്കൃതത്തിലും എല്ലാ ഭാരതീയ ഭാഷകളിലും സാഹിത്യകൃതികള്‍ രചിതമായിട്ടുണ്ട്. കോഴിക്കോട് മാനവിക്രമ ഏട്ടന്‍ തമ്പുരാന്‍, തഞ്ചാവൂര്‍ ഗണപതിശാസ്ത്രി എന്നിവര്‍ സംസ്കൃതത്തില്‍ രചിച്ച ധ്രുവചരിതം കാവ്യങ്ങളും എസ്. ശ്രീനിവാസയ്യങ്കാറുടെ ധ്രുവചരിതം നാടകവും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പതിനാറുവൃത്തവും കെ.പി. കറുപ്പന്റെ സംഗീതനാടകവും വി.കൃഷ്ണന്‍തമ്പി ഹരികഥാകഥനത്തിനനുയോജ്യമായി തയ്യാറാക്കിയ ഗദ്യഗേയസമ്മിളിതമായ കൃതിയും വീരകേരളവര്‍മ, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, കുഞ്ഞിക്കുട്ടിമാസ്റ്റര്‍, മാക്കോത്തു കൃഷ്ണമേനോന്‍ തുടങ്ങിയവര്‍ രചിച്ച ആട്ടക്കഥകളും ഈ കഥയുടെ പ്രചുരപ്രചാരത്തിന് ഉദാഹരണങ്ങളാണ്. ശ്രീമദ്ഭാഗവതപുരാണത്തിലും മറ്റു വൈഷ്ണവപുരാണങ്ങളിലും ഭക്തിയുടെ അപരിമേയമായ മഹത്ത്വം വിശദമാക്കുന്ന കഥയായി ഇത് അവതരിപ്പിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍