This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്രുവക്കുറുക്കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധ്രുവക്കുറുക്കന്‍

Arctic fox

ധ്രുവപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരിനം കുറുക്കന്‍. കാനിഡെ(Candiae) ജന്തുകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: അലോപെക്സ് ലാഗോപ്പസ് ( Alopex lagopus ). ധ്രുവക്കുറുക്കന് സാധാരണ കുറുക്കനെ അപേക്ഷിച്ച് വലുപ്പം കുറവാണ്. കുറുക്കന്റേതിനെക്കാള്‍ നീളം കൂടിയ കാലുകളും നായയുടേതിനു സദൃശമായ തലയും പല്ലും ഇവയുടെ സവിശേഷതയാണ്.
ധ്രുവക്കുറുക്കന്‍
യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ തുന്ദ്ര പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഐസ്ലന്‍ഡിലെ കരയില്‍ ജീവിക്കുന്ന ഏക സസ്തനി ധ്രുവക്കുറുക്കനാണ്; അവിടെ ഇവ സാധാരണയാണുതാനും. -70oC വരെയുള്ള തണുപ്പ് അതിജീവിക്കാന്‍ ധ്രുവക്കുറുക്കനു കഴിയും.

അലോപെക്സ് കോര്‍സാക് ( Alopex corsac ) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മറ്റൊരിനം ധ്രുവക്കുറുക്കന്‍ മംഗോളിയ, വടക്കന്‍ ചൈന എന്നിവിടങ്ങളില്‍ കണ്ടുവരുന്നു.

ആണ്‍മൃഗത്തിന് തലയും ഉടലും കൂടി 46-68 സെ.മീ. നീളം വരും; വാലിന് 30-40 സെന്റിമീറ്ററും. തോളറ്റംവരെ 30 സെ.മീ. ഉയരവും നാലര കിലോഗ്രാമോളം തൂക്കവുമുണ്ടായിരിക്കും. പെണ്‍മൃഗത്തിന്റെ തലയ്ക്കും ഉടലിനും കൂടി 53 സെന്റിമീറ്ററും വാലിന് 30 സെന്റിമീറ്ററും നീളവും മൂന്നു കിലോഗ്രാം തൂക്കവും ഉണ്ടായിരിക്കും. ശീതകാലത്ത് ഇവയ്ക്ക് വെളുത്ത നിറമാണ്; വേനല്‍ക്കാലത്ത് ഇളം നീലയും. അതിനാല്‍ ഇവയെ നീലക്കുറുക്കന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.

ഒരു ആണ്‍മൃഗവും ഒന്നോ രണ്ടോ പെണ്‍മൃഗങ്ങളും അടങ്ങിയ ചെറുകൂട്ടങ്ങളായാണ് ഇവയെ കാണുക. കുന്നിന്‍ചരിവുകളില്‍ എക്കല്‍മണ്ണും മണലും ഉപയോഗിച്ചുണ്ടാക്കുന്ന ചെറു ഗുഹകളാണ് ഇവയുടെ വാസസ്ഥലം.

എലികള്‍, പ്രാണികള്‍, ധ്രുവക്കരടികള്‍ ഉപേക്ഷിച്ചുപോയ മാംസക്കഷണങ്ങള്‍, ചത്തടിഞ്ഞ മത്സ്യങ്ങള്‍ തുടങ്ങിയവ ധ്രുവക്കുറുക്കന്‍ ആഹാരമാക്കുന്നു. മേയ്-ജൂണ്‍ മാസക്കാലമാണ് ധ്രുവക്കുറുക്കന്റെ പ്രജനനകാലം. ഗര്‍ഭകാലം 51-57 ദിവസങ്ങളാണ്. ഒരു പ്രസവത്തില്‍ 4 മുതല്‍ 11 വരെ കുഞ്ഞുങ്ങളുണ്ടാകും. പെണ്‍കുറുക്കനും കുഞ്ഞുങ്ങള്‍ക്കും ആഹാരം സമ്പാദിച്ചുകൊടുക്കുന്നതും അവയെ ശത്രുക്കളില്‍നിന്നു സംരക്ഷിക്കുന്നതും കുടുംബത്തിലെ ആണ്‍കുറുക്കനാണ്. വന്‍തോതിലുള്ള വേട്ടയാടല്‍മൂലം ധ്രുവക്കുറുക്കന്‍ ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍