This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധ്രുപദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ധ്രുപദ്
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രധാന ഗാനരൂപം. ഭാരതീയസംഗീതത്തിന്റെതന്നെ ആദിരൂപങ്ങളിലൊന്നായ ധ്രുപദ് കര്‍ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങള്‍ക്കു സമാനമെന്നു പറയാം. ഇതിന് വേദകാലത്തോളം പഴക്കമുണ്ട്. സാമഗാനത്തിന്റെ രണ്ട് ശാഖകളിലൊന്നായ പ്രബന്ധമാണ് ധ്രുപദിന്റെ മൂലരൂപം. ഛന്ദസ്സ് ആണ് മറ്റൊരു ശാഖ. പ്രബന്ധത്തിന് ഉദ്ഗ്രഹം, മേളപാകം, ധ്രുവം, ആഭോഗം എന്നിങ്ങനെ നാല് ശാഖകളുണ്ട്. ഇതിലെ ധ്രുവമാണ് ധ്രുപദ് ആയി മാറിയതെന്നു കരുതപ്പെടുന്നു.
ധ്രുവ, പദ എന്നീ പദങ്ങള്‍ ചേര്‍ന്ന 'ധ്രുവപദ'മാണ് ധ്രുപദ് ആയിത്തീര്‍ന്നത് എന്നും അനുമാനിക്കപ്പെടുന്നു. 'ധ്രുവ' ശബ്ദത്തിന് ഉറച്ച, അചഞ്ചലമായ, സുസ്ഥിരമായ എന്നൊക്കെയാണര്‍ഥം. പദമെന്നാല്‍ സ്ഥാനം എന്നും അര്‍ഥമുണ്ട്. ധ്രുവപദം എന്നതിന് സംസ്കൃതത്തില്‍ ദേവസ്ഥാനം എന്നും വിവക്ഷയുണ്ട്. ധ്രുപദ് എന്ന സംഗീതസരണിക്ക് ആധ്യാത്മികഭാവവും അതിന്റെ ഘടനയ്ക്ക് സുസ്ഥിരതയും അചഞ്ചലതയും ഉണ്ട് എന്നതിനാല്‍ 'ധ്രുവപദ' നാമം ഇതിന് ഏറെ അനുയോജ്യമായിരിക്കുന്നു എന്നാണ് അഭിജ്ഞമതം.
ഭരതമുനിയുടെ നാട്യശാസ്ത്രത്തിലും 11-ാം ശ.-ത്തിലെ സംഗീതമകരന്ദത്തിലും 14-ാം ശ.-ത്തിലെ രാഗതരംഗിണിയിലും ധ്രുവത്തെപ്പറ്റിയും ധ്രുവപ്രബന്ധത്തെപ്പറ്റിയും പരാമര്‍ശമുണ്ട്. 12-ാം ശ.-ത്തിലെ സംഗീതരത്നാകരത്തില്‍ ധ്രുവപ്രബന്ധം ഒരു സവിശേഷ സംഗീതസരണി എന്ന രീതിയില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു.
ധ്രുപദ് ഒരുകാലത്ത് ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നു എന്നതിനു തെളിവാണ് ജയദേവന്റെ ഗീതഗോവിന്ദം (12-ാം ശ.). ധ്രുവം, ആഭോഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഗീതഗോവിന്ദം വിരചിതമായിരിക്കുന്നത്. അതില്‍ പല്ലവികളാണ് ധ്രുവവിഭാഗത്തിലുള്ളത്. ഇന്നും ഉത്തരേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളായ വൃന്ദാവനം, ദ്വാരക, പുരി എന്നിവിടങ്ങളില്‍ ധ്രുപദ് പാടുക പതിവാണ്. കേരളത്തിന്റെ തനതു സംഗീതശൈലിയായ സോപാനസംഗീതത്തിന് ധ്രുപദുമായി അടുപ്പമുണ്ടെന്നാണ് വിദഗ്ധമതം.
ക്ഷേത്രസന്നിധാനങ്ങളില്‍നിന്ന് ധ്രുപദ് ഹിന്ദുസ്ഥാനി സംഗീതത്തിലേക്കെത്തിയപ്പോള്‍ അത് കൂടുതല്‍ ലളിതമായിത്തീര്‍ന്നു എന്നതിനു തെളിവാണ് ആധുനിക ധ്രുപദ് സംഗീതം. ഭക്തിയോടൊപ്പം ശൃംഗാരഭാവം അതില്‍ കൂടിക്കലര്‍ന്നു. സംഘമായി ആലപിച്ചിരുന്ന രീതിയില്‍നിന്ന് അത് വ്യക്തിഗതമായിത്തീരുകയും ചെയ്തു.
15-ാം ശ. മുതലാണ് ധ്രുപദ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അവിഭാജ്യഘടകമെന്ന നിലയില്‍ വന്‍ പ്രചാരം നേടിത്തുടങ്ങിയത്. ബെജുബാവ്റ, ഗോപാല്‍, താന്‍സന്‍, ഗ്വാളിയറിലെ രാജാ മാന്‍സിങ്, സ്വാമി ഹരിദാസ് എന്നിവരാണ് ധ്രുപദിന്റെ പ്രചാരത്തിന് ആദ്യകാലത്ത് നേതൃത്വം കൊടുത്തത്. രാജാ മാന്‍സിങ് തോമറിന്റെ ഭരണകാലം ധ്രുപദിന്റെ വസന്തകാലമായാണ് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സംഗീതസദസ്സിലെ പ്രധാനിയായിരുന്നു ബെജുബാവ്റ. അദ്ദേഹത്തിന്റെ ശിഷ്യയും മാന്‍സിങ്ങിന്റെ ഭാര്യയുമായ മൃഗനയനിയായിരുന്നു അവിടത്തെ മറ്റൊരു സംഗീതനിപുണ. ഇവര്‍ മൂവരുമാണ് ധ്രുപദിന്റെ വസന്തകാലത്തിന് വരവേല്പൊരുക്കിയത്. സ്വാമി ഹരിദാസിന്റെ ശിഷ്യന്മാരായ നായക് ബക്ഷു, നായക് രാമദാസ്, ഛര്‍ജു തുടങ്ങിയവരിലൂടെ പില്ക്കാലത്ത് ധ്രുപദ് വികാസം പ്രാപിച്ചു. വിളംബിതലയത്തിന് പ്രാധാന്യം കൊടുത്ത് വിസ്തരിച്ച് ആലപിക്കുന്ന രീതിയാണ് ധ്രുപദിനുള്ളത്. 'ആലാപ്' എന്നറിയപ്പെടുന്ന രാഗാലാപനത്തോടെയാണ് ധ്രുപദ് ആരംഭിക്കുന്നത്. ശുദ്ധസംഗീതത്തിന്റെ ഏറ്റവും മികച്ച ഭാരതീയ മാതൃകയാണ് ധ്രുപദിലെ 'ആലാപ്' എന്നു പറയാം. രാഗഭാവത്തിന്റെ ആത്മസത്ത ആലാപിലൂടെ അതിന്റെ പാരമ്യത്തിലാണ് പ്രകാശിപ്പിക്കപ്പെടുക. ഇവിടെ വാക്കുകളില്ല. താളമേളങ്ങളുടെ അകമ്പടിയില്ല. രി, ധ, നി, നോം, തോം, ലി എന്നീ ശബ്ദവിശേഷങ്ങളുടെ മന്ദ്രവും മധ്യവും ശീഘ്രവുമായ പ്രവാഹഗതികളുണര്‍ത്തിവിട്ടുകൊണ്ടു മാത്രമാണ് ഗായകന്‍ രാഗത്തെ ഓജസ്സോടെ വിസ്തരിച്ച് അവതരിപ്പിക്കുന്നത്. 'ആലാപി'നു ശേഷം കൃതി അഥവാ 'ധ്രുപദം' അവതരിപ്പിക്കും. പഖാവജ് ആണ് അപ്പോള്‍ പക്കവാദ്യമായി ഉപയോഗിക്കുക. പദത്തിന് നാല് പാദങ്ങളുണ്ട്. സ്ഥായി, അന്തര, സഞ്ചാരി, ആഭോഗി എന്നിവയാണ് അവ. രചനയെയും രാഗഭാവത്തെയും 'സ്ഥാപിച്ചെടുക്കു'ന്നതാണ് സ്ഥായി. അന്തര, മധ്യതാരസ്ഥായികളിലേക്കാണ് കടക്കുന്നത്. സഞ്ചാരിയും ആഭോഗും അനര്‍ഗളമായ ആലാപന ഘട്ടങ്ങളിലൂടെ ശ്രോതാവിനെ നിര്‍വൃതിഘട്ടത്തിലേക്ക് ആനയിക്കാന്‍ പോന്നവയാണ്. പല്ലവി, അനുപല്ലവി, ചരണം എന്നിവയ്ക്കുശേഷം വീണ്ടും പല്ലവിയിലേക്കെത്തുന്ന കര്‍ണാടക സംഗീതശൈലിക്കു സമാനമായ ധ്രുപദും 'ആഭോഗി'നുശേഷം 'സ്ഥായി'യിലേക്കെത്തും.
സാധാരണ ഏക്താള്‍, ചൗതാള്‍, അഡചൗതാള്‍ എന്നീ താളങ്ങള്‍ ധ്രുപദില്‍ പ്രയോഗിക്കുന്നു. ധ്രുപദിന്റെ പദങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രധാനമായും ചൗതാളത്തിലാണ്. സൂര്‍ഭക്ത, ആദിതാളം, സുള്‍ത്താള്‍, സാദ്ര എന്നീ താളങ്ങളും ധ്രുപദിലുണ്ട്.
ഖയാലില്‍ ഉള്ളതുപോലുള്ള മനോധര്‍മപ്രകടനത്തിനൊന്നും ധ്രുപദില്‍ അവസരമില്ല. അത് ഊന്നല്‍ നല്കുന്നത് ശുദ്ധസംഗീതത്തിലാണ്. അതുകൊണ്ട് ധ്രുപദസംഗീതം ഖയാലിനെപ്പോലെ അലങ്കൃതമല്ല. പക്ഷേ രാഗശുദ്ധികൊണ്ടും താളാത്മകതകൊണ്ടും അത് സാത്വികമായ ഒരു സംഗീതാനുഭവം പകരുന്നു. കൃതികളിലും ഇത്തരമൊരു 'ശുദ്ധാത്മകത'ഉണ്ട്. അവയില്‍ അതിവൈകാരികത ഇല്ലെന്നുതന്നെ പറയാം. പ്രൗഢഗംഭീരമായ ആത്മീയഭാവമാണ് ധ്രുപദ രചനകളുടെ മുഖമുദ്ര. അതിന് അപവാദമായിട്ടുള്ള കൃതികള്‍ വളരെ കുറവാണ്. നായക് ബക്ഷു രചിച്ച സഹസ്രസ്വരം അത്തരത്തിലൊന്നാണ്. ശൃംഗാരത്തിന്റെ തീക്ഷ്ണത മാത്രമല്ല, ലൈംഗികതയുടെ അതിപ്രസരവും അതിലുണ്ട്.
ധ്രുപദ് പല ശൈലികളില്‍ ആലപിക്കപ്പെടുന്നു. ഓരോ ശൈലിയും 'വാണി' എന്നാണ് അറിയപ്പെടുന്നത്. ഖണ്ഡര്‍, ഗൗഡി, നൗഹര്‍, ഡാഗര്‍ എന്നിവയാണ് പ്രധാന വാണികള്‍.
18-ാം ശ.-ത്തോടെ ഖയാലിന് ജനപ്രീതി വര്‍ധിച്ചു. വൈകാരികത, ലൗകികത എന്നിവയോട് വിമുഖമായിരുന്ന ധ്രുപദില്‍ നിന്ന് ശ്രോതാക്കള്‍ ഖയാലിലേക്ക് എത്തിച്ചേരുന്നതിന് ആക്കം വര്‍ധിച്ചു. അങ്ങനെ 18-ാം ശ. മുതല്‍ ധ്രുപദ് 'പണ്ഡിതപ്രിയ' മാത്രമായിത്തുടങ്ങി. ഹിന്ദുസ്ഥാനി ഗായകരുടെ കഴിവിന്റെ അളവുകോലായി ധ്രുപദ് ആലപിക്കുവാനുള്ള പാടവം കണക്കാക്കിയിരുന്നു. സ്വാതിതിരുനാളിന്റെ ഹിന്ദി കൃതികളായ 'ജമുനാ കിനാരേ പ്യാരേ...', 'സാംവരോ തേരീ മുരളി...' തുടങ്ങിയവ ധ്രുപദ് ആണ്.