This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധൂലെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധൂലെ

Dhule

മഹാരാഷ്ട്ര സംസ്ഥാനത്തിലെ വടക്കുപടിഞ്ഞാറന്‍ജില്ലയും അതിന്റെ ആസ്ഥാനപട്ടണവും. ജില്ലയുടെ വിസ്തീര്‍ണം: 8,063 ച.കി.മീ; ജനസംഖ്യ: 17,08,993 (2001); ജനസാന്ദ്രത: 212/ ച.കി.മീ. (2001); സാക്ഷരതാനിരക്ക് 72.08(2001). അതിരുകള്‍: വ. നന്ദര്‍ബാര്‍ജില്ല, കി. ജല്‍ഗാവോന്‍ ജില്ല, തെ. നാസിക്, പ. നന്ദര്‍ബാര്‍ ജില്ലയും ഗുജറാത്ത് സംസ്ഥാനവും.

പൊതുവേ പടിഞ്ഞാറോട്ട് ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. കിഴക്കുപടിഞ്ഞാറു ദിശയില്‍ സ്ഥിതിചെയ്യുന്ന വ്യക്തമായ മൂന്ന് ഭൂഭാഗങ്ങള്‍ ജില്ലയിലുണ്ട്; സത്പുരാ നിരകള്‍, തപിതടം, സഹ്യാദ്രി നിരകള്‍ അതിരിടുന്ന നിരകളും തടങ്ങളും. കരിമണ്ണിനെക്കൂടാതെ ജോവര്‍, ബജ്റ, നിലക്കടല, പരുത്തി തുടങ്ങിയ വിളകളുടെ കൃഷിക്കനുയോജ്യമായ മണ്ണും നദീതടങ്ങളിലെ മണല്‍കലര്‍ന്ന മണ്ണുമാണ് ജില്ലയിലെ പ്രധാന മണ്ണിനങ്ങള്‍. തപി നദിയും പോഷകനദികളും ജില്ലയിലെ ഭൂരിഭാഗം പ്രദേശത്തെയും ജലസിക്തമാക്കുന്നു.

ജില്ലയുടെ സു. 1/5 ഭാഗം വനാവൃതമാണ്. സഹ്യാദ്രി-സത്പുര നിരകളിലെ ചരിവുകളിലാണ് പ്രധാനമായി ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. ജില്ലയിലെ കാടുകളില്‍ മിശ്ര-ഇലപൊഴിയും കാടുകള്‍ക്കാണ് ഏറ്റവും പ്രാമുഖ്യം. തേക്ക് മുഖ്യ വൃക്ഷമാണ്. ബീഡി വ്യവസായം, മദ്യ വ്യവസായം, പശ നിര്‍മാണം, കടലാസ് വ്യവസായം തുടങ്ങിയവയ്ക്ക് വനവിഭവങ്ങള്‍ ഉപയുക്തമാകുന്നു. വനങ്ങളില്‍ സമൃദ്ധമായി വളരുന്ന മുളങ്കാടുകളാണ് കടലാസ് വ്യവസായത്തിന്റെ അടിത്തറ.

ജോവര്‍, ഗോതമ്പ്, നെല്ല് തുടങ്ങിയവയാണ് ധൂലെ ജില്ലയിലെ മുഖ്യ വിളകള്‍. ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും ജില്ലയില്‍ പ്രാധാന്യമുണ്ട്. എന്നാല്‍ ഖനിജങ്ങളും വന്‍ വ്യവസായങ്ങളും ജില്ലയിലില്ല. ധൂലെയിലെ പരുത്തിമില്ലിനെ കൂടാതെ ബീഡിതെറുപ്പ്, എണ്ണ ഉത്പാദനം, തുകല്‍പ്പണി, പഞ്ചസാര ഉത്പാദനം തുടങ്ങിയവയും ജില്ലയിലെ മുഖ്യ വ്യവസായങ്ങളാണ്. കൂടാതെ കൈത്തറി, ചായപ്പണി, ലോഹപ്പണി, മരപ്പണി, ചൂരല്‍ വ്യവസായം, ഇഷ്ടിക-സോപ്പ് നിര്‍മാണം തുടങ്ങിയ ചെറുകിട-കുടില്‍ വ്യവസായങ്ങളും ക്ഷീര ഫാക്റ്ററികളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ധൂലെ ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന മതവിഭാഗങ്ങളും ജില്ലയിലുണ്ട്. മറാഠി, ഹിന്ദി, ഗുജറാത്തി, ഉര്‍ദു തുടങ്ങിയ ഭാഷകള്‍ക്കാണ് ജില്ലയില്‍ കൂടുതല്‍ പ്രചാരം. ജവാഹര്‍ മെഡിക്കല്‍ ഫൌണ്ടേഷന്‍ മെഡിക്കല്‍ കോളജ്, ലളിത്കലാ മഹാവിദ്യാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്, കാര്‍ഷിക കോളജ്, എന്‍ജിനീയറിങ് കോളജ് തുടങ്ങി ഒട്ടനവധി കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ധൂലെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. സത്പുരാ നിരകളിലെ തോറന്‍മല്‍, ഷഹാദെ തഹസിലിലെ ദത്തത്രേയ ക്ഷേത്രം, പ്രമുഖ തീര്‍ഥാടന കേന്ദ്രമായ പ്രകാശഗ്രാമം തുടങ്ങിയവ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B5%82%E0%B4%B2%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍