This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാര്‍വാര്‍ ശിലാക്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധാര്‍വാര്‍ ശിലാക്രമം

ദക്ഷിണേന്ത്യയിലെ ആര്‍ക്കിയന്‍ ശിലാസഞ്ചയം. ധാര്‍വാര്‍ ശിലാവ്യൂഹത്തിന്റെ ഏറ്റവും വികസിത രൂപങ്ങള്‍ മൈസൂറിലും ദക്ഷിണ മുംബൈയിലുമാണ് ഉപസ്ഥിതമായിട്ടുള്ളത്. അവസാദജന്യ മെറ്റമോര്‍ഫൈറ്റ്സ് (Metamorphites) അഥവാ പാര ഓര്‍തോഷിസ്റ്റുകളുടെ സമ്മിശ്രമായ ധാര്‍വാര്‍ ശിലാവ്യൂഹം പൊതുവേ ധാര്‍വാറിയന്‍ ശിലകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രായത്തിലും ഘടനയിലും ഐകരൂപ്യമുണ്ടെങ്കിലും ധാതുസംയോഗത്തില്‍ ആര്‍ക്കിയന്‍ ശിലകള്‍ക്ക് ധാര്‍വാറിയന്‍ ശിലകളില്‍നിന്ന് ഏറെ വൈജാത്യമുണ്ട്. തത്ഫലമായി ഇവയെ നീസിക് കോംപ്ലക്സ്, ബേസിക് കോംപ്ലക്സ് അഥവാ അടിസ്ഥാന നീസ് എന്നീ പേരുകളില്‍ വിവക്ഷിക്കാറുണ്ട്. ഫോസിലുകളുടെ അഭാവമാണ് ആര്‍ക്കിയന്‍ ശിലാസമൂഹത്തിന്റെ മറ്റൊരു പ്രത്യേകത.

വികാസം പ്രാപിച്ച ആര്‍ക്കിയന്‍ ശിലാവ്യൂഹം കാണപ്പെടുന്ന മൈസൂറിലും ദക്ഷിണ മുംബൈയിലും ആര്‍ക്കിയന്‍ ശിലകള്‍ ധാര്‍വാര്‍ ശിലാക്രമം അഥവാ ധാര്‍വാറിയന്‍ ശിലകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഷിസ്റ്റ്-നീസ്-ഗ്രാനൈറ്റ് സഞ്ചയം ഈ മേഖലകളില്‍ ധാരാളമായി കാണാം. വലനവിധേയമായ ഇവിടത്തെ ഷിസ്റ്റോസ് ശിലകള്‍ കിഴക്കോട്ട് അവനമനം (dip) പ്രദര്‍ശിപ്പിക്കുന്നു. വടക്ക്, വടക്കുപടിഞ്ഞാറ്, തെക്ക്, തെക്കുകിഴക്ക് എന്ന ക്രമത്തിലാണ് ആനതി.

19-ാം ശ.-ത്തിന്റെ അവസാനം ബ്രിട്ടിഷ് ഭൂവിജ്ഞാനിയായ ബ്രൂസ്ഫൂട്ട് (Brucefoot) ആണ് ആദ്യമായി ധാര്‍വാര്‍ ശിലാക്രമത്തെപ്പറ്റി പഠനം നടത്തിയത്. 1915-ല്‍ മൈസൂര്‍ മേഖലയിലെ ആര്‍ക്കിയന്‍ ശിലകളുടെ ശ്രേണിയെ വിശദീകരിച്ച സ്മീത്ത് (Smeeth) മൈസൂറിലെതന്നെ ഏറ്റവും പ്രായംചെന്ന ശിലാവിതാനമായിരിക്കാം ധാര്‍വാര്‍ ശിലാക്രമമെന്ന് അഭിപ്രായപ്പെട്ടു. ആഗ്നേയശിലകള്‍ക്ക് കായാന്തരീകരണം സംഭവിച്ചുണ്ടായ ഓര്‍തോഷിസ്റ്റുകളും നീസുകളും ഉള്‍ പ്പെട്ട ധാര്‍വാര്‍ ശിലാക്രമത്തെ അധോ ഹോണ്‍ ബ്ലെന്‍ഡിക് അഥവാ ഹോണ്‍ ബ്ലെന്‍ഡിക്, ഉപരി ക്ലോറിറ്റിക് എന്നിങ്ങനെ രണ്ടായി വര്‍ഗീകരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഹോണ്‍ ബ്ലെന്‍ഡ് ഷിസ്റ്റ്, കാല്‍ക് ഗ്രാനുലൈറ്റ്സ്, ഹീമറ്റൈറ്റ്, ക്വാര്‍ട്ട്സൈറ്റ്സ്, മാഗ്നെറ്റൈറ്റ് എന്നിവ അടങ്ങിയതാണ് അധോ ധാര്‍വാര്‍. ക്ലോറൈറ്റ്, മൈക്കാ-ഷിസ്റ്റ്, ക്വാര്‍ട്ട്സൈറ്റ്, മാര്‍ബിള്‍ കണ്‍ ക്ലോമറൈറ്റ്, ഇരുമ്പിന്റെ അംശം എന്നിവ അടങ്ങിയ പാളികൃത ക്വാര്‍ട്ട്സൈറ്റ്സ്, സ്റ്റാറോലൈറ്റ്-ഷിസ്റ്റുകള്‍ മുതലായവ ഉള്‍ പ്പെടുന്നതാണ് ഉപരി ധാര്‍വാര്‍. എന്നാല്‍ പില്ക്കാല ഗവേഷണങ്ങള്‍ ധാര്‍വാര്‍ ശിലകളുടെ ഉദ്ഭവം, വര്‍ഗീകരണം തുടങ്ങിയ പരികല്പനങ്ങളെ പരിഷ്കരിച്ചു. ബി. രാമറാവു നിരന്തര ഗവേഷണങ്ങളിലൂടെ ധാര്‍വാര്‍ ശിലകളുടെ ഒരു ഭാഗം അവസാദശിലകളുടെ കായാന്തരീകരണം മൂലം രൂപംകൊണ്ടതാണെന്ന് സ്ഥാപിച്ചു. ധര്‍വാര്‍ ശിലാവ്യൂഹത്തില്‍ കണ്ടെത്തിയ അവസാദശിലാഘടനകള്‍ രാമറാവുവിന്റെ കണ്ടെത്തലുകളെ സാധൂകരിച്ചു. ധാര്‍വാറിയന്‍ ശിലാക്രമത്തിന്റെയും അനുബന്ധശിലകളുടെയും വിശദമായ പഠനാനന്തരം രാമറാവു മൈസൂറിലെ ആര്‍ക്കിയന്‍ ശിലാശ്രേണികളെ ക്രമപ്പെടുത്തി.

മൈസൂര്‍മേഖലയില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന ധാര്‍വാര്‍ ശിലകളെ രാമറാവു അഞ്ച് വ്യത്യസ്ത മേഖലകള്‍ അഥവാ സമൂഹങ്ങളായി വര്‍ഗീകരിച്ചു. ഇതില്‍ പൂര്‍വമേഖല കോളാര്‍ ഷിസ്റ്റ് ബല്‍റ്റിനെ പ്രതിനിധാനം ചെയ്യുന്നു. ഹോണ്‍ ബ്ലെന്‍ഡിന്റെ സാന്നിധ്യം ഇവിടത്തെ ശിലകളുടെ പ്രത്യേകതയാണ്. സ്വര്‍ണം അടങ്ങിയ ക്വാര്‍ട്ട്സ് നാളികള്‍ ഈ ശിലാക്രത്തിന്റെ സാമ്പത്തിക പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വ്യത്യസ്ത ധാതുസംഘടനം പ്രദര്‍ശിപ്പിക്കുന്ന ഷിസ്റ്റുകള്‍, ഗ്രാനുലൈറ്റുകള്‍, നീസുകള്‍ എന്നിവയ്ക്കു പുറമേ കായാന്തരീകരണത്തിനു വിധേയമായ ആഗ്നേയ ശിലകള്‍ കൂടി ഉള്‍ പ്പെടുന്നതാണ് മധ്യമേഖല. ഇരുമ്പിന്റെയും മാംഗനീസിന്റെയും ധാത്വാംശങ്ങള്‍ അടങ്ങിയ ശിലകള്‍ക്കാണ് പശ്ചിമ-മധ്യ മേഖലയില്‍ ആധിക്യം. ഹോണ്‍ ബ്ലെന്‍ഡ് ഷിസ്റ്റില്‍ ഹീമറ്റൈറ്റ്-ക്വാര്‍ട്ട്സൈറ്റ് വിതാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് പശ്ചിമ മേഖല. ഇവ കൂടാതെ സവിശേഷമായ മറ്റു ചില ശിലകളുടെയും ഉപസ്ഥിതി ധാര്‍വാര്‍ ശിലാക്രമത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.

ധാര്‍വാര്‍ ശിലാവ്യൂഹത്തെക്കാള്‍ പ്രായം കുറഞ്ഞ ശിലയാണ് ചാമ്പിയന്‍ നീസ്. കോളാര്‍ ഷിസ്റ്റ് ബല്‍റ്റിന്റെ പൂര്‍വഭാഗത്താണ് ഇത് ഉപസ്ഥിതമായിട്ടുള്ളത്. മൈസൂറിലും ദക്ഷിണേന്ത്യയിലെ മറ്റു ചില ഭാഗങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ശിലയാണ് പെനിന്‍സുലാര്‍ നീസ്. വിവിധയിനം നീസുകള്‍, ഗ്രാനൈറ്റുകള്‍, ഗ്രാനോഡയൊറ്റൈറ്റുകള്‍ എന്നിവ അടങ്ങിയ പെനിന്‍സുലാര്‍ നീസിന് ചാമ്പിയന്‍ നീസിനെക്കാള്‍ പ്രായം നന്നേ കുറവാണ്. പെനിന്‍സുലാര്‍ നീസിനെക്കാള്‍ പ്രായം കുറഞ്ഞ ചാര്‍ണൊക്കൈറ്റിന് ആഗ്നേയശിലകളുടെയും അവസാദശിലകളുടെയും സവിശേഷതകള്‍ കാണാം. മുംബൈയിലെ ധാര്‍വാര്‍ ശിലകള്‍ കായാന്തരീകരണത്തിന്റെ ഏറ്റവും താഴ്ന്ന ഗ്രേഡ് പ്രദര്‍ശിപ്പിക്കുമ്പോള്‍ ദക്ഷിണാഗ്രത്തിലെ ശിലകള്‍ കായാന്തരീകരണത്തിന്റെ ഉയര്‍ന്ന ഗ്രേഡില്‍ രൂപപ്പെട്ടവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍