This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാര്‍മികനീതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധാര്‍മികനീതി

ധര്‍മത്തെ അടിസ്ഥാനമാക്കി വിഭിന്ന ജനസമുദായങ്ങള്‍ അനുഷ്ഠിക്കേണ്ട നിയമങ്ങള്‍. നല്ല പെരുമാറ്റം തന്നെയാണ് ധര്‍മം. 'ധര്‍മം' എന്ന പദത്തിന് മതം എന്നും അര്‍ഥമുണ്ട്. ഹിന്ദുധര്‍മം, ബുദ്ധധര്‍മം തുടങ്ങിയ പ്രയോഗങ്ങള്‍ അങ്ങനെ ഉണ്ടായതാണ്. ഹിന്ദുക്കളുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലിഖിത രൂപങ്ങളാണ് ധര്‍മസൂത്രവും ധര്‍മശാസ്ത്രവും മറ്റും. ബുദ്ധമതക്കാരുടെ മതഗ്രന്ഥമാണ് ധര്‍മപദം. പാലി ഭാഷയില്‍ ധമ്മപദം എന്നാണ് പറയുക. വ്യാസന്റെ അഭിപ്രായത്തില്‍ നല്ല ആചാരങ്ങളിലൂടെയാണ് ധര്‍മം ഉരുത്തിരിയുന്നത്. ധര്‍മം ആയുസ്സിനെ വര്‍ധിപ്പിക്കുന്നു.

'ആചാരപ്രഭവോ ധര്‍മഃ

ധര്‍മാദായുര്‍വിവര്‍ധതേ'

(മഹാഭാരതം: അനുശാസനപര്‍വം-107)

ധാര്‍മികമായ പ്രവൃത്തികള്‍ മാത്രമേ ചെയ്യാവൂ എന്ന് പഞ്ചതന്ത്രവും നിര്‍ദേശിക്കുന്നുണ്ട്.

'സത്കുലേ യോജയേത് കന്യാം

പുത്രം വിദ്യാസു യോജയേത്

വ്യസനേ യോജയേച്ഛത്രും

ഇഷ്ടം ധര്‍മേണ യോജയേത്'

(പഞ്ചതന്ത്രം: V 41)

(കന്യകയെ നല്ല കുടുംബത്തോടും പുത്രനെ വിദ്യയോടും ശത്രുവിനെ വ്യസനത്തോടും കര്‍ത്തവ്യകര്‍മത്തെ ധര്‍മത്തോടും യോജിപ്പിക്കണം.) ഏറ്റവും വലിയ ധര്‍മം അഥവാ ധര്‍മസര്‍വസ്വം എന്താണെന്ന കാര്യത്തിലും പഞ്ചതന്ത്രകാരന് വ്യക്തമായ അഭിപ്രായമുണ്ട്.

'ശ്രൂയതാം ധര്‍മസര്‍വസ്വം ശ്രുത്വാചൈവാവധാര്യതാം

ആത്മനഃ പ്രതികൂലാനിപരേഷാം ന സമാചരേത്'

(ധര്‍മസര്‍വസ്വം എന്താണെന്ന് കേട്ടുമനസ്സിലാക്കിയാലും. തന്നോട് മറ്റുള്ളവര്‍ ചെയ്യരുതെന്നു കരുതുന്ന കാര്യങ്ങള്‍ മറ്റുള്ളവരോടും ചെയ്യരുത്.) മഹത്തായ ഈ ആശയം വിദേശീയര്‍ പോലും അംഗീകരിച്ച് അവരുടെ ഭാഷകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മനുസ്മൃതി സനാതനമായ ധര്‍മത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:

'സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്

ന ബ്രൂയാത് സത്യമപ്രിയം

നാസത്യം ച പ്രിയം ബ്രൂയാത്

ഏഷധര്‍മഃ സനാതനഃ'

(മനുസ്മൃതി: IV 138)

(സത്യം പറയണം. എന്നാല്‍ ആ സത്യം കേള്‍ക്കുന്നവര്‍ക്ക് പ്രിയമുള്ളതായിരിക്കണം. അപ്രിയ സത്യം പറയാതിരിക്കയാണു നല്ലത്. കേള്‍ക്കുന്നവര്‍ക്ക് പ്രിയമുള്ളതാണെങ്കില്‍ക്കൂടി അസത്യ ഭാഷണം ഒരിക്കലും നടത്തരുത്. ഇതാണ് സനാതനമായ ധര്‍മം).

വാല്മീകിയുടെ അഭിപ്രായത്തില്‍ സനാതനമായ ധര്‍മം മറ്റൊന്നാണ്.

'കൃതേ ച പ്രതികര്‍ത്തവ്യം

ഏഷ ധര്‍മഃ സനാതനഃ'

(രാമായണം : സുന്ദരകാണ്ഡം-114)

(ഉപകാരത്തിന് പ്രത്യുപകാരം ചെയ്യാന്‍ മറക്കരുത്. ഇതാണ് സനാതന ധര്‍മം.) സാഗരലംഘനം നടത്തുന്ന ഹനുമാനോട് തന്റെ ശിഖരത്തില്‍ വിശ്രമിച്ച് ആതിഥ്യം സ്വീകരിച്ചു പോകാന്‍ മൈനാകം പറയുന്നതാണ് സന്ദര്‍ഭം. രാമന്റെ വംശക്കാരാണ് പണ്ട് സാഗരം വലുതാക്കിയത്. അതിനു പ്രത്യുപകാരമാണ് രാമദൂതനു നല്കുന്ന ഈ അതിഥിപൂജ. 'ഏഷ ധര്‍മഃസനാതനഃ' എന്ന വാക്യം ആദികവിയില്‍നിന്ന് മനുസ്മൃതികാരനായ ഭൃഗു മുനി കടമെടുത്തതാകാം.

മൃഗങ്ങളില്‍നിന്ന് മനുഷ്യനെ വേറിട്ടുനിര്‍ത്തുന്ന വിശിഷ്ടഗുണം ധര്‍മമാണെന്ന് താഴെച്ചേര്‍ക്കുന്ന ശ്ലോകം സമര്‍ഥിക്കുന്നു.

'ആഹാരനിദ്രാഭയമൈഥുനം ച

സാമാന്യമേതത്പശുഭിര്‍നരാണാം

ധര്‍മോ ഹി തേഷാമധികോ വിശേഷോ

ധര്‍മേണ ഹീനാഃ പശുഭിസ്സമാനാഃ'

(ഭക്ഷണം, ഉറക്കം, ഭയം, ഇണചേരല്‍ എന്നിവ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉള്ള പൊതുസ്വഭാവമാണ്. ധര്‍മാനുഷ്ഠാനം ഒന്നു മാത്രമത്രെ മൃഗങ്ങളില്‍നിന്ന് മനുഷ്യരെ വേര്‍തിരിക്കുന്ന ഗുണം. ധര്‍മഹീനര്‍ മൃഗതുല്യര്‍തന്നെ). സാധാരണ മനുഷ്യര്‍ മാത്രമല്ല ഭരണാധികാരികളും ധര്‍മനിഷ്ഠരായിരിക്കണം എന്ന് ധര്‍മ ശാസ്ത്രജ്ഞന്മാര്‍ അനുശാസിച്ചിരുന്നു. 'കിം ചിത്രം യദി രാജ

നീതികുശലോ രാജാ ഭവേദ്ധാര്‍മികഃ' (രാജനീതികുശലനായ രാജാവ് ധര്‍മിഷ്ഠനാണെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു). 'ധര്‍മോസ്മത് കുലദൈവതം' എന്ന മുദ്രാവാക്യം മുറുകെപ്പിടിച്ചിട്ട് ആദര്‍ശജീവിതം നയിച്ചിരുന്നവരാണ് വേണാട്ടരചന്മാര്‍. 'സ്വധര്‍മേ നിധനം ശ്രേയഃ' എന്ന ഗീതാവാക്യവും സ്മരണീയമാണ്.

ധര്‍മത്തെപ്പറ്റി അറിയാമെങ്കിലും ധര്‍മനിഷ്ഠരാകാന്‍ കഴിയാത്തതിലുള്ള കൗരവന്മാരുടെ ധര്‍മസങ്കടം മഹാഭാരതത്തില്‍ വ്യാസന്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു:

'ജാനാമിധര്‍മം ന ച മേ പ്രവൃത്തിഃ

ജാനാമ്യധര്‍മം ന ച മേ നിവൃത്തിഃ

കേനാപി ദേവേന ഹൃദിസ്ഥിതേന

യഥാ നിയുക്തോസ്മി തഥാ കരോമി'

(പാണ്ഡവഗീത- 57)

(ധര്‍മം എന്തെന്നറിയാം. പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ല. അധര്‍മം എന്തെന്നറിയാം. എന്നാല്‍ അത് ഒഴിവാക്കാന്‍ പറ്റുന്നില്ല. ഉള്ളിലിരുന്ന് ഏതോ ഒരു ദുഷ്ടദേവത ആജ്ഞാപിക്കുന്നതുപോലെ ഞാന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നുമാത്രം.) ഇത് ധൃതരാഷ്ട്രന്റെ മാത്രമല്ല, ധര്‍മധീരതയില്ലാത്ത ഓരോ ദുര്‍ബലചിത്തന്റെയും വിലാപമാണ്.

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍