This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാതുജലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധാതുജലം

Mineral water

ധാതുലവണങ്ങള്‍ നൈസര്‍ഗികമായി അലിഞ്ഞുചേര്‍ന്നിട്ടുള്ള ജലം. പാറകളിലും മറ്റും അടങ്ങിയിട്ടുള്ള ധാതുക്കള്‍ അരുവികളില്‍ അലിഞ്ഞുചേര്‍ന്നാണ് ധാതുജലം ഉണ്ടാകുന്നത്. തണുത്തതും ഇളം ചൂടുള്ളതും തിളയ്ക്കുന്നതുമായ ധാതുജലം ലഭിക്കുന്ന സ്രോതസ്സുകളുണ്ട്. താപനിലയും രാസയോഗവും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും പൊതുവേ ഉയര്‍ന്ന ഊഷ്മാവിലുള്ള ധാതുജലത്തിലാണ് കൂടുതല്‍ ലവണങ്ങള്‍ അടങ്ങിയിട്ടുള്ളത് എന്ന് കണ്ടുവരുന്നു.

അര്‍ക്കന്‍സാസ് ചുടരുവി

ചരിത്രാതീതകാലം മുതല്‍ ധാതുജലത്തിന്റെ ഔഷധഗുണത്തെക്കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നു. ഗ്രീസിലും റോമിലും മറ്റും പുരാതനകാലത്തുതന്നെ രോഗനിവാരണത്തിന് ധാതുജലം ഉപയോഗിച്ചിരുന്നു. ബി.സി. 400-ല്‍ ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് എയ്സ് വാട്ടര്‍സ് ആന്‍ഡ് പ്ലേസസ് എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഔഷധജല സ്രോതസ്സുകളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഏതാണ്ട് അഞ്ഞൂറു വര്‍ഷത്തിനുശേഷം 77-ാമാണ്ടില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള ധാതുജല അരുവികളെക്കുറിച്ച് പ്ളിനി പരാമര്‍ശിച്ചിട്ടുണ്ട്. ഇറ്റലിയിലെ ഉഷ്ണജല അരുവികള്‍ റോമാക്കാരാണ് കണ്ടെത്തിയത്. പിന്നീട് തങ്ങളുടെ സാമ്രാജ്യം വിപുലീകരിച്ചതോടെ യൂറോപ്പിലെ മറ്റു പ്രധാന ധാതുജല ഉറവകളും അരുവികളും ഇവര്‍ കണ്ടെത്തുകയുണ്ടായി. ജര്‍മനി (ബാഡന്‍-ബാഡന്‍), ബല്‍ജിയം (സ്പാ), ഇംഗ്ലണ്ട് (ബാത്ത്) തുടങ്ങിയവയാണ് ഇതില്‍ മുഖ്യം. ടൈബീരിയസിലെ (ഗലീലിയ) ചൂടുള്ള സള്‍ഫ്യൂറസ് അരുവികള്‍ ബൈബിള്‍ കാലഘട്ടത്തില്‍ത്തന്നെ ഉപയോഗപ്പെടുത്തിയിരുന്നു. ധാതുജല അരുവികള്‍ക്കു സമീപത്തായി വിശ്രമസങ്കേതങ്ങളും നഗരങ്ങള്‍തന്നെയും നിര്‍മിച്ചിരുന്നു. സെല്‍ത്സര്‍ (Seltzer), വിച്ചി തുടങ്ങിയ അരുവികളിലെ ജലം ലോകപ്രശസ്തമായതോടെ ആ പേരുകള്‍ സാധാരാണ ഉപയോഗത്തില്‍ പ്രചാരം നേടി. സാറടോള (യു.എസ്.)യിലെ റോക്ക് സ്പ്രിങ് 1776-ലും വൈറ്റ് സള്‍ഫര്‍ സ്പ്രിങ് 1778-ലും വെള്ളക്കാര്‍ കുളിക്കുവാനായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ ധാതുജലം ശേഖരിക്കുന്നതിനായി അരുവികളില്‍ പ്രത്യേക സ്ഥാനം നിര്‍ണയിക്കപ്പെട്ടുതുടങ്ങി. യു.എസ്സിലെക്കാളേറെ യൂറോപ്പിലാണ് ധാതുജല അരുവികള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. 1821-ല്‍ പോണ്‍ ഡി ലിയോണ്‍ അര്‍ക്കന്‍സാസ് ചൂടരുവി പ്രദേശം ദേശീയ പാര്‍ക്കായി വികസിപ്പിച്ചെടുത്തു. ഈ അരുവി 'യുവത്വത്തിന്റെ ഫൗണ്ടന്‍' എന്ന പേരില്‍ വിഖ്യാതമാണ്.

കൃത്രിമമായി ധാതുജലം ഉത്പാദിപ്പിച്ചവരില്‍ അഗ്രഗാമിയാണ് ലിയോണാര്‍ഡ് തുര്‍ണീസിയര്‍ (Leonhard Thurneissier) എന്ന ഭൌതികശാസ്ത്രജ്ഞന്‍. ഇദ്ദേഹം 1572-ല്‍ സള്‍ഫര്‍ ജലം ഉത്പാദിപ്പിച്ചു. പിന്നീട് സാധാരണ ജലത്തില്‍ ലവണങ്ങള്‍ ചേര്‍ത്ത് കൃത്രിമമായി ധാതുജലം ഉത്പാദിപ്പിക്കുന്ന അനവധി വ്യവസായങ്ങള്‍ ആരംഭിക്കുകയുണ്ടായി. ആരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള അവബോധം കുടിവെള്ളമായി ധാതുജലം ഉപയോഗിക്കുന്നതിന് കാരണമായിട്ടുണ്ട്. ജലോഢരോഗങ്ങള്‍ വ്യാപകമായതോടെ ഇന്ത്യയിലും ധാതുജലത്തിന്റെ ഉപയോഗം വര്‍ധിച്ചു. കേരളത്തില്‍ പൊന്മുടി, വര്‍ക്കല തുടങ്ങിയ പലയിടങ്ങളിലും ധാതുജല സ്രോതസ്സുകളുണ്ട്.

ധാതുജലം സാധാരണനിലയില്‍ തെളിഞ്ഞതാണ്. എന്നാല്‍ ചിലപ്പോള്‍ കാല്‍സിയം കാര്‍ബണേറ്റ്, സള്‍ഫര്‍ പ്ലവങ്ങള്‍ എന്നിവ മൂലം വെള്ളനിറത്തിലും ചെളി അഥവാ സ്ലേറ്റിന്റെ സാന്നിധ്യത്തില്‍ നീലനിറത്തിലും ഇരുമ്പിന്റെ ഓക്സൈഡോ ചുവന്ന ആല്‍ഗേകളോ ഉണ്ടായിരിക്കുകമൂലം ചുവപ്പുനിറത്തിലും ധാതുജലം കാണപ്പെടാറുണ്ട്. ഹൈഡ്രജന്‍ സള്‍ഫൈഡ് അടങ്ങിയിട്ടുള്ള ധാതുജലത്തിന് ചീഞ്ഞമുട്ടയുടെ രൂക്ഷഗന്ധമുണ്ടായിരിക്കും. മഗ്നീഷ്യം സള്‍ഫേറ്റോ സോഡിയം സള്‍ഫേറ്റോ അടങ്ങിയിട്ടുള്ള ധാതുജലം കയ്പ്പുള്ളതായിരിക്കും. ഇരുമ്പുകലര്‍ന്ന വെള്ളത്തിന് രക്ത സ്വാദുണ്ടായിരിക്കും. ഉപ്പുരസവും ക്ഷാരസ്വഭാവവുമുള്ള ധാതുജലവുമുണ്ട്. ദുര്‍ഗന്ധവും ദുസ്വാദും നിറവും നീക്കംചെയ്ത് ശുദ്ധീകരിച്ചാണ് നൈസര്‍ഗിക സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന ധാതുജലം കുടിക്കുവാനുപയോഗിക്കുന്നത്. ധാതുജലത്തിന്റെ സമാഹരണം, വിതരണം, ഉത്പാദനം എന്നിവയൊക്കെ ഇന്ന് വ്യാവസായികമായി നടന്നുവരുന്നു.

പ്രാചീനകാലത്ത് ഔഷധജല അരുവികളായി കണക്കാക്കിയിരുന്നവ യഥാര്‍ഥത്തില്‍ ധാതുജല അരുവികളാണ്. ഉദാഹരണത്തിന്:

i. വിച്ചി, സാറടാഗോ-ചുണ്ണാമ്പ്, കാര്‍ബോണിക് അമ്ലം എന്നിവ അടങ്ങിയിട്ടുള്ള ക്ഷാരജലം.

ii.സെഡിലിസ് (Sedlitz), കിസ്സിങ്ഗെന്‍ (Kissingen) എന്നീ കയ്പുജല അരുവികളില്‍ മഗ്നീഷ്യം സള്‍ഫേറ്റും സോഡയും അടങ്ങിയിട്ടുണ്ട്. ഈ ജലത്തിന് വിരേചന ഔഷധ ഗുണമുണ്ട്.

iii.വെയ്സ്ബാഡന്‍ (Weisbaden), ഹോംബര്‍ഗ് എന്നീ ലവണ ജല അരുവികള്‍.

iv.ബാത്ത്, ലൂക്ക (Lucca)എന്നീ സിലിക്ക കലര്‍ന്ന ജല അരുവികള്‍

v.ആഷന്‍ (Aachen), ഹരോഗേറ്റ് (Harrogate) എന്നിവ സള്‍ഫര്‍ അരുവികളാണ്.

vi.ആര്‍സനിക് ജലമുള്ള ഫ്രാന്‍സിലെ തെക്കന്‍ ടിറോളിലെ അരുവിയും ബേരിയം ജലമുള്ള ഹരോഗേറ്റ് അരുവിയും സവിശേഷമായ ഔഷധജല അരുവികളാണ്.

വിവിധ സ്രോതസ്സുകളില്‍നിന്നുള്ള ധാതുജലത്തില്‍ വ്യത്യസ്ത ധാതുക്കളാണ് അടങ്ങിയിട്ടുള്ളത്. ചുണ്ണാമ്പുകല്‍ പ്രദേശങ്ങളിലെ ധാതുജലത്തില്‍ കാല്‍സിയത്തിന്റെ കാര്‍ബണേറ്റോ സള്‍ഫേറ്റോ ഉണ്ടായിരിക്കും. ബാത്ത് (Bath), ബാഡന്‍ (Baden), കോണ്‍ ട്രെക്സിവീല്‍ (Contrexeville) എന്നീ അരുവികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഉപ്പുതലങ്ങളുടെ അടിത്തട്ടില്‍ നിന്ന് ഉദ്ഭവിക്കുന്ന ചെഷെയര്‍ (Cheshire), ബെക്സ് (സ്വിറ്റ്സര്‍ലണ്ട്) എന്നീ അരുവികളിലെ ലവണജലത്തില്‍ സോഡിയം ക്ലോറൈഡിനു പുറമേ പൊട്ടാസിയം, മഗ്നീഷ്യം, കാല്‍സിയം ക്ലോറൈഡുകളും കാല്‍സിയത്തിന്റെയും മറ്റു ലോഹങ്ങളുടെയും സള്‍ഫേറ്റുകള്‍, സിലിക്ക, ഫോസ്ഫേറ്റുകള്‍, നൈട്രേറ്റുകള്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. അഗ്നിപര്‍വത പ്രദേശങ്ങളിലെ ഉഷ്ണ അരുവികളില്‍ സിലിക്കയാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. കൂടാതെ ലോഹസള്‍ഫേറ്റുകള്‍, കാര്‍ബണേറ്റുകള്‍, ക്ലോറൈഡുകള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%BE%E0%B4%A4%E0%B5%81%E0%B4%9C%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍