This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധവളപത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധവളപത്രം

White paper

ഭരണകൂടങ്ങളും സ്വകാര്യ പൊതുമേഖലാ സംരംഭങ്ങളും തങ്ങളുടെ നയപരിപാടികള്‍ ജനങ്ങളെയോ സ്ഥാപനങ്ങളെയോ അറിയിക്കുന്ന ആധികാരികവും ഔപചാരികവുമായ റിപ്പോര്‍ട്ട്. ഭരണപരമായ പ്രാമാണിക റിപ്പോര്‍ട്ടാണ് ഇത്. സ്വകാര്യ-പൊതുമേഖലാ കമ്പനികള്‍ തങ്ങളുടെ ഉത്പന്നത്തെ സംബന്ധിച്ച് ഉപഭോക്താവിനെ അറിവുള്ളവരാക്കി അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുവാന്‍ അവരെ സഹായിക്കുന്ന രേഖയും ധവളപത്രം എന്ന പേരില്‍ അറിയപ്പെടുന്നു.

ആനുകാലിക സംഭവവികാസങ്ങളെയും സന്ദേഹങ്ങളെയും സംബന്ധിച്ച് തുടര്‍ന്നുവരുന്നതോ സ്വീകരിക്കാന്‍ പോകുന്നതോ നടപ്പിലാക്കേണ്ടതോ ആയ കാര്യങ്ങളെപ്പറ്റി ഭരണകൂടം പുറപ്പെടുവിക്കുന്ന നയരേഖയുടെ സ്വഭാവം ധവളപത്രത്തിനുണ്ട്. ഒരു പുതിയ നിയമനിര്‍മാണത്തെ സംബന്ധിച്ച ആശയവിനിമയത്തിനും കൂടിയാലോചനകള്‍ക്കും നിയമനിര്‍മാണത്തിന്റെ ആവശ്യകതയെ സംബന്ധിച്ച അടിയന്തര പശ്ചാത്തലം വെളിവാക്കുവാനും ഭരണകൂടങ്ങള്‍ ധവളപത്രം പുറപ്പെടുവിക്കാറുണ്ട്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഭരണസംബന്ധിയായ വിജ്ഞാപനങ്ങളടങ്ങിയ പാര്‍ലമെന്ററി രേഖകളെ ധവളപത്രങ്ങള്‍ എന്ന് അനൌപചാരികമായി വിളിച്ചുപോരുന്നു. ബ്രിട്ടണില്‍ ഇവ മിക്കവാറും 'ആജ്ഞാപന പത്രങ്ങ'ളാണ് (Command papers).

പില്ക്കാലത്ത് ഗവണ്മെന്റിതര സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും മേന്മകളെപ്പറ്റി പ്രതിപാദിക്കുന്ന ധവളപത്രങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി പുറത്തിറക്കിത്തുടങ്ങി. വാണിജ്യതാത്പര്യങ്ങള്‍മാത്രം മുന്‍നിര്‍ത്തിയുള്ള ഇത്തരം ധവളപത്രങ്ങള്‍ പ്രസ്തുത കമ്പനിയുടെ വിപണനതന്ത്രങ്ങളുടെ ഭാഗമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ ലക്ഷ്യംവയ്ക്കുന്ന ഇത്തരം ധവളപത്രങ്ങളില്‍ പ്രായോജക കമ്പനികളുടെയും ഉത്പന്നത്തിന്റെയും പരിമിതികളെ സംബന്ധിച്ച കാര്യങ്ങള്‍ മൂടിവച്ചിരിക്കും. എന്നിരുന്നാലും പ്രായോജക കമ്പനിയുടെ ആധികാരികത അവര്‍ ഇറക്കുന്ന വാണിജ്യ-ധവളപത്രങ്ങള്‍ക്കുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍