This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍മപാലന്‍ (ഭ.കാ. 780 - 815)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധര്‍മപാലന്‍ (ഭ.കാ. 780 - 815)

പാലരാജവംശത്തിലെ രാജാവ്. പാലരാജവംശ സ്ഥാപകനായ ഗോപാലന്റെ പുത്രനായിരുന്നു ധര്‍മപാലന്‍. ഇദ്ദേഹത്തിന്റെ കീഴില്‍ ബംഗാള്‍ ഇന്ത്യയിലെ വന്‍ സാമ്രാജ്യശക്തിയായിത്തീര്‍ന്നു. 9-ാം ശ.-ത്തില്‍ കനൌജിലെ ഇന്ദ്രരാജനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് തന്റെ ആശ്രിതനായ ചക്രായുധനെ അവിടെ പ്രതിഷ്ഠിച്ചതിലൂടെ വടക്കേ ഇന്ത്യയിലെ അജയ്യശക്തിയായി ഇദ്ദേഹം മാറി. കനൌജില്‍വച്ചു നടന്ന ദര്‍ബാറില്‍ വടക്കേ ഇന്ത്യയുടെ ചക്രവര്‍ത്തിയായി ധര്‍മപാലന്‍ അഭിഷിക്തനായി. ഭോജ, മത്സ്യ, കുരു, യദു, യമന, അവന്തി, ഗാന്ധാര എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ മേല്ക്കോയ്മ അംഗീകരിച്ച പ്രധാന രാജ്യങ്ങള്‍. വടക്ക് ഹിമാലയം മുതല്‍ തെക്ക് ഗോകര്‍ണംവരെയുളള രാജ്യങ്ങള്‍ ഇദ്ദേഹം ആക്രമിച്ചു കീഴടക്കിയതായി രേഖകളുണ്ട്.

വടക്കേ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിച്ച പ്രതിഹാരന്മാരും രാഷ്ട്രകൂടരും ധര്‍മപാലന്റെ മുഖ്യ പ്രതിയോഗികളായിരുന്നു. പ്രതിഹാര രാജാവ് നാഗഭടന്‍ II, ചക്രായുധനെ പുറത്താക്കിക്കൊണ്ട് കനൗജ് പിടിച്ചെടുത്തത് വടക്കേ ഇന്ത്യയിലെ പാല രാജാക്കന്മാരുടെ ആധിപത്യത്തിന് ഭീഷണിയുളവാക്കി. മോംഗീറില്‍വച്ച് ധര്‍മപാലനെ പരാജയപ്പെടുത്തിയ നാഗഭടന്‍ (9-ാം ശ.) മാള്‍വ, മത്സ്യ എന്നീ പ്രദേശങ്ങള്‍ പാലരില്‍നിന്ന് പിടിച്ചെടുത്തെങ്കിലും ഈ കാലയളവില്‍ രാഷ്ട്രകൂടര്‍ നാഗഭടനെ ആക്രമിച്ച അവസരം മുതലെടുത്തുകൊണ്ട് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

ബുദ്ധമത വിശ്വാസിയായിരുന്നു ധര്‍മപാലന്‍. വിക്രമശില സര്‍വകലാശാല ഉള്‍പ്പെടെ നിരവധി പഠനകേന്ദ്രങ്ങള്‍ ഇദ്ദേഹം സ്ഥാപിച്ചതായി തിബത്തന്‍ ചരിത്രകാരനായ താരാനാഥ് രേഖപ്പെടുത്തിയിരിക്കുന്നു. 815-ല്‍ ധര്‍മപാലന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍