This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍ക്കര്‍, ഇംതിയാസ് (1954 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധര്‍ക്കര്‍, ഇംതിയാസ് (1954 - )

Dharker,Imtiaz

ഇന്തോ-ആംഗ്ളിയന്‍ കവയിത്രി. 1954-ല്‍ ലാഹോറില്‍ ജനിച്ചു. ബ്രിട്ടനില്‍ വളര്‍ന്ന ഇവര്‍ പിന്നീട് മുംബൈയില്‍ താമസമാക്കി. ദൃശ്യ-ശ്രാവ്യ കൃതികള്‍ (audio-visuals) രചിക്കുന്നതിലും സംവിധാനം ചെയ്യുന്നതിലും ഇവര്‍ പ്രതിഭ തെളിയിച്ചു. 1975-85 കാലഘട്ടത്തില്‍ ഡെബെനേര്‍ എന്ന പ്രസിദ്ധീകരണത്തിന്റെ കവിതാവിഭാഗം എഡിറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. ഇതില്‍ പ്രസിദ്ധീകരിച്ച പല കവിതകള്‍ക്കും ചിത്രം നല്കിയത് ഇംതിയാസ് ധര്‍ക്കര്‍തന്നെ ആയിരുന്നു. പ്രസിദ്ധ ഇന്തോ-ആംഗ്ളിയന്‍ കവിയായ നിസിം എസെക്കീലിന്റെ ചിത്രം 1978-ല്‍ പ്രസിദ്ധീകരിച്ചത് ഇവര്‍ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തു.

ധര്‍ക്കര്‍, ഇംതിയാസ്

പര്‍ദ (1989), പോസ്റ്റ്കാര്‍ഡ്സ് ഫ്രം ഗോഡ് (1994) എന്നിവയാണ് ധര്‍ക്കറിന്റെ പ്രധാന കവിതാസമാഹാരങ്ങള്‍. ഇസ്ലാമിക സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഒരു സ്ത്രീയുടെ വിവിധങ്ങളായ അനുഭവവിശേഷങ്ങള്‍ പര്‍ദയിലെ കവിതകളില്‍ ആവിഷ്കരിച്ചിരിക്കുന്നു. പര്‍ദാ സമ്പ്രദായത്തിന്റെ ആക്ഷേപഹാസ്യാത്മകമായ ചിത്രീകരണം 'പര്‍ദ II' എന്ന കവിതയില്‍ കാണാം. 'എ വുമണ്‍സ് പ്ളെയ്സ്' എന്ന കവിതയിലാകട്ടെ, ഒരു സ്ത്രീ അലര്‍ച്ചയും ഒപ്പം പുഞ്ചിരിയും അമര്‍ത്തിവയ്ക്കണമെന്ന മാമൂല്‍പാഠം കവയിത്രിയുടെ രൂക്ഷമായ പരിഹാസത്തിനു ശരവ്യമാകുന്നു. 'ദ് ചൈല്‍ഡ് സിങ്സ്', 'നോ-മാന്‍സ് ലാന്‍ഡ്' എന്നിവയാണ് ഈ സമാഹാരത്തിലെ മറ്റു പ്രധാന കവിതകള്‍.

ഇന്ത്യയിലും വിദേശത്തും ധാരാളം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഇംതിയാസ് ധര്‍ക്കറിന്റെ പോസ്റ്റ്കാര്‍ഡ്സ് ഫ്രം ഗോഡ് എന്ന കവിതാസമാഹാരത്തില്‍ കവിതകള്‍ക്കൊപ്പം ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കവിതയും ചിത്രകലയും തമ്മിലുള്ള പരസ്പരപൂരകത്വത്തിന് ഉത്തമ നിദര്‍ശനമാണ് 'ലിവിങ് സ്പെയ്സ്' എന്ന കവിത. പര്‍ദയിലെ കവിതകളില്‍ കവയിത്രിയുടെ വൈയക്തികാനുഭൂതികള്‍ക്കാണ് മുന്‍തൂക്കമെങ്കില്‍ ഈ സമാഹാരത്തില്‍ സാമൂഹികാംശം കേന്ദ്രബിന്ദുവായി മാറുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍