This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധന്യാസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധന്യാസി

എട്ടാം മേളകര്‍ത്താ രാഗമായ ഹനുമത്തോഡിയുടെ ജന്യരാഗം. കഥകളിയിലും നൃത്തനാടകങ്ങളിലും ഉപയോഗിക്കുന്ന പ്രധാന രാഗങ്ങളിലൊന്നാണിത്. കഥകളിയില്‍ ധനാശിരാഗം എന്ന പേരിലും ഈ രാഗം പ്രസിദ്ധമാണ്. ആകസ്മിക സംഭവങ്ങള്‍ കഥയില്‍ വരുമ്പോഴും അദ്ഭുതം തുടങ്ങിയ ഭാവങ്ങള്‍ വര്‍ണിക്കുമ്പോഴും കഥകളില്‍ ഏറ്റവും കൂടുതല്‍ യോജ്യമായി അനുഭവപ്പെടുന്നത് ധന്യാസി(ധനാശി)രാഗമാണ്.

ആരോഹണം : സ ഗ മ പ നി സ

അവരോഹണം: സ നി ധ പ മ ഗ രി സ

ഗ, നി എന്നിവയാണ് ധന്യാസിയുടെ ജീവസ്വരങ്ങള്‍. ശുദ്ധഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധ മധ്യമം, ശുദ്ധ ധൈവതം, കൈശികി നിഷാദം എന്നിവ ധന്യാസി രാഗത്തിലെ വികൃതിസ്വരങ്ങളാണ്. കോമള ഗാന്ധാരം, കോമള ഋഷഭം, കോമള ധൈവതം, കോമള നിഷാദം എന്നിവയും ഈ രാഗത്തില്‍ ഉള്‍പ്പെടുന്ന സ്വരങ്ങളാണ്. വിരുത്തം, പദ്യം, ശ്ളോകം എന്നിവ ആലപിക്കുന്നതിന് ഏറ്റവും ഉത്തമ രാഗമായി പരിഗണിക്കുന്നത് ധന്യാസിയെയാണ്. ഏതുകാലത്തും പാടാവുന്ന രാഗമെന്ന പ്രത്യേകതയും ഇതിനുണ്ട്. എങ്കിലും പകല്‍-ആദ്യയാമം ധന്യാസി പാടാന്‍ ഉത്തമകാലമാണ്. സംഗീതക്കച്ചേരികളില്‍ 'മംഗള'ങ്ങള്‍ ചിട്ടപ്പെടുത്താന്‍ ധന്യാസിരാഗം ധാരാളമായി ഉപയോഗിക്കാറുണ്ട്. ഭക്തിരസത്തിന് പ്രാധാന്യമുള്ള അവസരങ്ങളില്‍ ഈ രാഗം ഉചിതമാണ്.

പുരന്ദരദാസകൃതിയായ 'ഗജവദന'; ത്യാഗരാജകൃതികളായ 'ധ്യാനമെ', 'രാമാഭിരാമ', 'സംഗീതജ്ഞാനമു'; മുത്തുസ്വാമിദീക്ഷിതരുടെ കൃതിയായ 'മംഗള ദേവതയ'; ശ്യാമശാസ്ത്രി കൃതിയായ 'മീനലോചന' തുടങ്ങിയവ ഈ രാഗത്തിലുള്ളവയാണ്.

ധന്യാസിയിലെ പഞ്ചമത്തില്‍നിന്ന് സ്ഥായി താഴേക്കു മാറുമ്പോള്‍ ജനിക്കുന്ന മാരധനാശി എന്ന രാഗം കഥകളിയില്‍ ഉപയോഗിക്കാറുണ്ട്. ധന്യാസിയിലെ നിഷാദത്തെ ആധാരഷഡ്ജമായി സ്വീകരിച്ചുകൊണ്ട് ശ്രുതി മാറ്റിയാല്‍ സാളകഭൈരവി രാഗം ഉണ്ടാകും.

(വി.എന്‍. അനില്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍