This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനബില്ലുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധനബില്ലുകള്‍

ബജറ്റിന്റെ ഒരു പ്രധാന ഘടകം. ബജറ്റുകളില്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ നികുതികള്‍, നിലവിലുള്ള നികുതിഘടനയിലെ മാറ്റങ്ങള്‍, പാര്‍ലമെന്റ് അംഗീകരിച്ച പഴയ നികുതികള്‍ അവതരിപ്പിക്കപ്പെട്ട സമയത്തിനുശേഷവും തുടരാനുള്ള ഉദ്ദേശ്യം എന്നിവ ധനബില്ലില്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റിലോ നിയമസഭയിലോ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ധനബില്ലില്‍ നടത്തിയിരിക്കുന്ന നികുതിനിര്‍ദേശങ്ങള്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനുവേണ്ടി ഒരു സംക്ഷിപ്ത വിവരണം ബില്ലിനോടൊന്നിച്ച് തയ്യാറാക്കുന്ന വിജ്ഞാപനത്തില്‍ നല്കേണ്ടതാണ്.

ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തില്‍, കേന്ദ്രത്തിന്റെ സഞ്ചിതനിധിയില്‍നിന്ന് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതും പാര്‍ലമെന്റിന്റെ അനുമതി ആവശ്യമായതുമായ ചെലവിനങ്ങളും ധനാഭ്യര്‍ഥനകളുടെ രൂപത്തിലാണ് അവതരിപ്പിക്കേണ്ടത്. പണസംബന്ധമായ എല്ലാ ബില്ലുകളും ആദ്യം ലോക്സഭയിലാണ് അവതരിപ്പിക്കേണ്ടത്. ഓരോ വകുപ്പിനും പ്രത്യേകം ധനാഭ്യര്‍ഥനകള്‍ തയ്യാറാക്കുകയാണ് പതിവ്. ഒരു വകുപ്പുതന്നെ ഒന്നിലധികം പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അവ ഓരോന്നിനും പ്രത്യേകം ധനാഭ്യര്‍ഥനകള്‍ ആവശ്യമാണ്. ഒരു പ്രത്യേക വകുപ്പിന്റെ ധനാഭ്യര്‍ഥനയില്‍ ആ വകുപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട റവന്യൂചെലവ്, മൂലധനചെലവ്, പ്രസ്തുത സേവനത്തിന്റെ ഭാഗമെന്നോണം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കേണ്ടിവരുന്ന സഹായധനം, മുന്‍കൂര്‍ തുടങ്ങിയ എല്ലാ ആവശ്യങ്ങളും അടങ്ങിയിരിക്കണം. നിയമസഭകള്‍ ഇല്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങള്‍ ഓരോന്നിനായും പ്രത്യേകം ധനാഭ്യര്‍ഥനകള്‍ അവതരിപ്പിക്കേണ്ടതാണ്. സഞ്ചിതനിധിയിന്മേലുള്ള 'ചാര്‍ജ്' ആയിട്ടുള്ള ചെലവിനങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ ഭൂരിപക്ഷാനുമതി ആവശ്യമില്ലെങ്കിലും, ധനാഭ്യര്‍ഥനയില്‍നിന്ന് അല്പം വ്യത്യസ്തമായ രീതിയില്‍ പ്രസ്തുത ചെലവിനങ്ങളെയും നിയമസഭയുടെ പരിഗണനയ്ക്കായി വയ്ക്കേണ്ടതാണ്.

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെപ്പറ്റി വസ്തുനിഷ്ഠമായ വിവരം ലഭ്യമാക്കാനും ധനകാര്യ ക്രമീകരണത്തിനുള്ള കാര്യക്ഷമമായ ഉപകരണമായി ബജറ്റിനെ മാറ്റാനുംവേണ്ടി വിവിധ വകുപ്പുകള്‍ സ്വന്തം നിര്‍വഹണ ബജറ്റുകള്‍ തയ്യാറാക്കാറുണ്ട്. ഓരോ വകുപ്പിന്റെയും ഘടന, പ്രവര്‍ത്തനലക്ഷ്യം, കൈവരിച്ച നേട്ടങ്ങള്‍, ഓരോ പ്രവര്‍ത്തനത്തിനും വേണ്ട തുക, ഉദ്യോഗസ്ഥരുടെ കാര്യക്ഷമത മുതലായവയെക്കുറിച്ച് പാര്‍ലമെന്റംഗങ്ങളെ ധരിപ്പിക്കുകയാണ് ഈ ബജറ്റിന്റെ ലക്ഷ്യം.

ധനവിനിയോഗ ബില്‍. ബജറ്റുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന രേഖയാണ് ധനവിനിയോഗ ബില്‍. ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കിക്കഴിഞ്ഞാല്‍, അതുപ്രകാരമുള്ള തുകകള്‍ സഞ്ചിതനിധിയില്‍നിന്ന് പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി തേടുന്നത് ധനവിനിയോഗ ബില്‍ വഴിയാണ്. ഭരണഘടനയുടെ 114 (3) നിബന്ധന അനുസരിച്ച് ധനവിനിയോഗ ബില്‍ പാര്‍ലമെന്റ് പാസ്സാക്കാതെ യാതൊരു തുകയും സഞ്ചിതനിധിയില്‍നിന്ന് പിന്‍വലിക്കാന്‍ പാടില്ല. സാധാരണഗതിയില്‍ ധനാഭ്യര്‍ഥനകളെക്കുറിച്ചുള്ള പരിഗണനയും ചര്‍ച്ചയും മേയ് മാസത്തിലെ ആദ്യത്തെ ആഴ്ചയോടെ പാര്‍ലമെന്റ് തീര്‍ക്കുകയാണ് പതിവ്. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ധനവിനിയോഗ ബില്‍ പാസ്സാക്കുന്നതുവരെയുള്ള കാലയളവിലെ ചെലവ് നിര്‍വഹിക്കാനാവശ്യമായ തുക സഞ്ചിതനിധിയില്‍നിന്ന് പിന്‍വലിക്കാനുള്ള അവകാശം പാര്‍ലമെന്റിന്റെ അനുമതിയോടെ സര്‍ക്കാരിനു ലഭിക്കുന്നത് 'ധനവിനിയോഗ വോട്ട് ഓണ്‍ അക്കൗണ്ട്' വഴിയാണ്. ധനവിനിയോഗ ബില്‍ പാസ്സാക്കുന്നതോടെയാണ് ബജറ്റ് സംബന്ധമായ നടപടികള്‍ പൂര്‍ത്തിയാകുന്നത്. ധനകാര്യനിയമം വഴി ബജറ്റില്‍ കാണിക്കുന്ന പുതിയ നികുതി നിര്‍ദേശങ്ങളും മറ്റും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാനും ധനവിനിയോഗ നിയമം വഴി ബജറ്റില്‍ കാണിച്ച ഇനങ്ങള്‍ക്കായുള്ള ചെലവിനു വേണ്ട തുക സഞ്ചിതനിധിയില്‍നിന്ന് പിന്‍വലിക്കാനുമുള്ള അവകാശവും സര്‍ക്കാരിന് ലഭിക്കുന്നു. ഈ സമ്പ്രദായവും നടപടിക്രമവും തന്നെയാണ് ഇന്ത്യയിലെ സംസ്ഥാന നിയമസഭകളിലും ഉള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍