This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനപാലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധനപാലന്‍

ധനപാലന്‍ എന്ന പേരില്‍ അറിയപ്പെട്ട പലരുണ്ട്. ഭവിസയത്തകഹ എന്ന കൃതിയുടെ രചയിതാവായ സംസ്കൃത പണ്ഡിതന്‍, അപഭ്രംശ ഭാഷാകവി, തിലകമഞ്ജരിയുടെ കര്‍ത്താവായ സംസ്കൃത ഗദ്യകാരന്‍, ബാഹുബലിചരിതം രചിച്ച കവി എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.

1. സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനും. സംസ്കൃതം, പ്രാകൃതം, അപഭ്രംശം എന്നീ മൂന്ന് ഭാഷകളിലും ഗ്രന്ഥരചന നടത്തിയിരുന്നു. ധാരയിലെ ആസ്ഥാനകവിയും ജൈന സംസ്കൃത പണ്ഡിതനുമായിരുന്ന ശോഭനന്റെ സഹോദരനായിരുന്നു ധനപാലന്‍. ഹലായുധന്‍, പദ്മഗുപ്തന്‍, ധനഞ്ജയന്‍, ദേവഭദ്രന്‍ എന്നിവരുടെ സമകാലികനായിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാന കൃതി ഭവിസയത്തകഹ (ഭവിസട്ടകഹ) ആണ്. ബോണ്‍ സര്‍വകലാശാലയിലെ ഹെര്‍മന്‍ യാക്കോബി 1918-ല്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. 1923-ല്‍ ഗെയ്ക്വാദ് ഓറിയന്റല്‍ സീരീസ്സില്‍നിന്ന് ഇത് പുനഃപ്രകാശനം ചെയ്തു. ധനപാലന്റെയും നേമിനാഥചരിത കര്‍ത്താവായ ഹരിഭദ്രന്റെയും ഭാഷാപ്രയോഗങ്ങളുടെ താരതമ്യപഠനവും യാക്കോബി നടത്തിയിട്ടുണ്ട്. ഈ സമാനതാ പഠനത്തില്‍ 10-ാം ശ.-ത്തിന്റെ ആദ്യഭാഗത്തിലാണ് ധനപാലന്‍ ജീവിച്ചിരുന്നതെന്ന് ഉറപ്പിക്കുന്നു. എച്ച്.സി. ഭയാനി, യാക്കോബി, സി.ഡി. ദലാല്‍, പി.ഡി. ഗുണെ, പരമാനന്ദശാസ്ത്രി മുതലായ പണ്ഡിതന്മാര്‍ ഈ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നവരാണ്. സ്വയംഭൂ രചിച്ച പൗമചരിതത്തിലെ ഭാഷാപ്രയോഗവും ഭവിസയത്തകഹയിലെ സമാന പ്രയോഗങ്ങളും ഭയാനി എടുത്തു പറഞ്ഞിട്ടുമുണ്ട്.

2. അപഭ്രംശ കവിയായിരുന്ന മറ്റൊരു ധനപാലനെക്കുറിച്ച് ഗംഗാറാം ഗാര്‍ഗ് സൂചിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം 10-ാം ശ.-ത്തിലാണ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ടോങ്ക ജില്ലയിലെ മേവാഡയിലാണ് ജനിച്ചത്. പിതാവ് മായേശ്വരനും മാതാവ് ധനശ്രീയും ആയിരുന്നു. മാള്‍വ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി. പ്രാകൃതം, അപഭ്രംശം എന്നീ ഭാഷകളില്‍ അവഗാഹം നേടിയ ഇദ്ദേഹം ഒട്ടേറെ ലഘു കവിതകള്‍ അപഭ്രംശഭാഷയില്‍ രചിച്ചിട്ടുണ്ട്.

3. സംസ്കൃത ഗദ്യകാരന്‍. ഇദ്ദേഹം ശ്വേതാംബര ജൈനവിഭാഗക്കാരനാണ്. സര്‍വദേവനാണ് പിതാവ്. ധാര ഭരിച്ചിരുന്ന പരമാര വംശത്തിലെ മുഞ്ജരാജന്റെ (10-ാം ശ.) ആശ്രിതനായിരുന്നു. തിലകമഞ്ജരി എന്ന ഗദ്യ കാല്പനിക കൃതിയാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1938-ല്‍ ബോംബെ എന്‍.എന്‍. പ്രസ്സില്‍നിന്ന് ഈ കൃതി പ്രകാശനം ചെയ്തു. തിലകമഞ്ജരിയുടെയും സമരകേതുവിന്റെയും പ്രണയകഥ വിവരിക്കുന്ന ഇതിന്റെ ഇതിവൃത്തം ബൃഹത്കഥയില്‍ നിന്നെടുത്തതാണ്. ധനപാലന്റെ രചനാരീതിയ്ക്ക് ബാണഭട്ടന്റെ രീതിയുമായി സാമ്യമുണ്ട്. മേരുതുംഗന്‍ തന്റെ പ്രബന്ധചിന്താമണിയില്‍ ധനപാലനെക്കുറിച്ചും അദ്ദേഹത്തിന്റെ കാല്പനിക കൃതിയെക്കുറിച്ചും പരാമര്‍ശിച്ചുകാണുന്നു. ധനപാലന്‍ ഒരു പ്രാകൃത കോശഗ്രന്ഥവും രചിച്ചിട്ടുണ്ട്. പൈയലച്ചി നാമമാല എന്നാണ് ഈ കൃതിയുടെ പേര്. കൂടാതെ ഋഷഭപഞ്ചാസിക എന്ന പ്രാകൃത കാവ്യവും ഇദ്ദേഹത്തിന്റേതാണ്. പ്രാകൃതകോശഗ്രന്ഥം തന്റെ സഹോദരി സുന്ദരിക്ക് പഠനസഹായത്തിനായി രചിച്ചതാണ്. ജൈനതീര്‍ഥങ്കരനായിരുന്ന ഋഷഭനെ വര്‍ണിച്ചുകൊണ്ടുള്ള 50 പ്രാകൃത ശ്ലോകങ്ങളാണ് ഋഷഭപഞ്ചാസികയിലെ ഉള്ളടക്കം.

ഭവിസയത്തകഹയുടെ രചയിതാവും തിലകമഞ്ജരി, ഋഷഭപഞ്ചാസിക, പൈയലച്ചി നാമമാല എന്നിവയുടെ രചയിതാവും ഒരാള്‍തന്നെ എന്ന് ചിലര്‍ കരുതുമ്പോള്‍ ഭവിസയത്തകഹയുടെ രചയിതാവ് മറ്റൊരു ധനപാലനാണെന്ന് സംസ്കൃതസാഹിത്യചരിത്ര രചയിതാവായ എം. കൃഷ്ണമാചാരി രേഖപ്പെടുത്തുന്നു. ഇദ്ദേഹം ധനസിരിയിലെ ധക്കാഡബോമ്യ കുടുംബാംഗമായിരുന്നു എന്നും തിലകമഞ്ജരി തുടങ്ങിയ കൃതികളുടെ രചയിതാവായ ധനപാലന്‍ ധാരയിലെ ഭരണാധികാരികളായ സിയാക, വാക്പതി എന്നിവരുടെ സദസ്യനായിരുന്നു എന്നും പറയുന്നു. ഭവിസയത്തകഹയുടെ രചയിതാവായ ധനപാലന്റെ മാതാവ് ധനശ്രീയും പിതാവ് മായേശ്വരനുമാണ് എന്നും പ്രസ്താവമുണ്ട്. തിലകമഞ്ജരി തുടങ്ങിയ കൃതികളുടെ രചയിതാവായ ധനപാലന്റെ പിതാവായ സര്‍വദേവന്‍ ശംകാസ്യഗ്രാമവാസിയും കശ്യപഗോത്രജനുമായിരുന്നു എന്നും ധാരാനഗരത്തില്‍ വന്നു നിവസിച്ചു എന്നും പറയുന്നു. ധാരാനഗരത്തില്‍ മാനവേന്ദ്ര രാജാവിന്റെ (മുഞ്ജരാജന്‍) കാലത്താണ് ഇദ്ദേഹം അവിടെ നിവസിച്ചിരുന്നുത് എന്നും പ്രസ്താവമുണ്ട്. ഹേമചന്ദ്രന്‍ അഭിധാനചിന്താമണിയില്‍ പൈയലച്ചി നാമമാലാ കര്‍ത്താവായ ധനപാലനെ 'വ്യുത്പര്‍ത്തിര്‍ ധനപാലതഃ' എന്ന് പ്രശംസാപരമായി പരാമര്‍ശിക്കുന്നുണ്ട്.

4. 14-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ജൈനധര്‍മാവലംബിയായ അപഭ്രംശ കവി. സുഭടദേവന്റെ പുത്രനായിരുന്ന ഇദ്ദേഹത്തിന്റെ ജന്മദേശം ഗുജറാത്തില്‍ പല്‍ഹാണ്‍പൂരാണ്. ഇദ്ദേഹത്തിന്റെ ബാഹുബലിചരിതം (1397) എന്ന കാവ്യം 18 സന്ധികളിലായി ജൈനസന്ന്യാസിയായിരുന്ന കാമദേവ ബാഹുബലിയുടെ ചരിതം വര്‍ണിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍