This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനകാര്യ സേവനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധനകാര്യ സേവനങ്ങള്‍

Financial services

പുതിയ സംരംഭങ്ങള്‍ നിലവില്‍വരുന്നതിനും പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനും വ്യവസായ-വാണിജ്യ മേഖലകളെ ശക്തമാക്കുക, സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ധനസമാഹരണവും ധനവിനിയോഗവും ക്രിയാത്മകമാക്കുന്നതിനും ധനക്രമത്തിലെ ഇടനിലക്കാര്‍ ഉപയോഗപ്പെടുത്തുന്ന നിക്ഷേപ പദ്ധതികള്‍. മണിമാര്‍ക്കറ്റ്, മ്യൂച്ച്വല്‍ ഫണ്ട്, മര്‍ച്ചന്റ് ബാങ്കിങ്, ലീസിങ്, ഹയര്‍ പര്‍ച്ചേസ്, ഫാക്റ്ററിങ്, ഫോര്‍ഫെയ്റ്റിങ്, ഡെറിവേറ്റിവ്സ്, ക്രെഡിറ്റ് റേറ്റിങ്, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍, ഭവനവായ്പ, ഡെപ്പോസിറ്ററി തുടങ്ങി ധനകാര്യ സേവനങ്ങളുടെ പട്ടിക നീളുന്നു. ധനകാര്യ സേവനങ്ങള്‍ വ്യാപാര-വ്യവസായ സമൂഹത്തിനുപുറമേ സര്‍ക്കാരിനും വ്യക്തികള്‍ക്കും വ്യത്യസ്ത രീതികളില്‍ നിക്ഷേപം നടത്താനും വായ്പയെടുക്കാനും അവസരമൊരുക്കുന്നു. ധനകാര്യ സ്ഥാപനങ്ങള്‍, കൊമേഴ്സ്യല്‍ ബാങ്കുകള്‍, മര്‍ച്ചന്റ് ബാങ്കുകള്‍, ബ്രോക്കര്‍ ഹൌസുകള്‍, ധനകാര്യ ഉപദേഷ്ടാക്കള്‍ എന്നിങ്ങനെ വ്യത്യസ്ത ഇടനിലക്കാരാണ് ധനകാര്യസേവനങ്ങളുടെ ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. ഓഹരി, കമ്പനി കടപ്പത്രം, സര്‍ക്കാര്‍ കടപ്പത്രം, മ്യൂച്ച്വല്‍ ഫണ്ട് തുടങ്ങിയ ധനനിക്ഷേപ പത്രങ്ങളും അവയുടെ ക്രയവിക്രയസംബന്ധിയായ മൂലധന വിപണിയും ഏറെ സങ്കീര്‍ണമായ പ്രവര്‍ത്തനരീതികള്‍ കൈക്കൊണ്ടിട്ടുള്ള സന്ദര്‍ഭത്തിലാണ് ലോകവ്യാപകമായി ധനകാര്യ സേവനങ്ങള്‍ മധ്യനിരയിലും അതിനു താഴെതലത്തിലും വരുമാനമുള്ള നിക്ഷേപകരെ ലക്ഷ്യംവച്ച് ധനകാര്യ സേവനങ്ങള്‍ക്ക് വ്യാപകമായ പ്രചാരം നല്കുന്നത്.

സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ മധ്യ-ചെറുകിട സമ്പാദ്യങ്ങള്‍ മ്യൂച്ച്വല്‍ ഫണ്ടിലേക്കു സമാഹരിച്ച് മൂലധന വിപണികളിലെ ഓഹരികളിലും കടപ്പത്രങ്ങളിലും വായ്പകളിലും സൂക്ഷ്മതയോടെ നിക്ഷേപിക്കുന്നു. ഈ നിക്ഷേപങ്ങളിലൂടെ നേടുന്ന ലാഭവിഹിതം, പലിശ, മൂലധനനേട്ടം തുടങ്ങിയ വരുമാനം ആനുപാതികമായി മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് വിഹിതംവയ്ക്കും. ധനകാര്യ സേവനങ്ങളില്‍ മണിമാര്‍ക്കറ്റ് മ്യൂച്ച്വല്‍ ഫണ്ടിന് ഇന്ത്യയില്‍ പ്രചുരപ്രചാരം നേടാനായിട്ടുണ്ട്.

വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികളും കടപ്പത്രങ്ങളും പുറപ്പെടുവിച്ച് മൂലധസമാഹരണം നടത്തുന്നതിന് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ധനകാര്യ സേവനമാണ് മര്‍ച്ചന്റ് ബാങ്കിങ്. ഇഷ്യു മാനേജ്മെന്റ്, ക്രെഡിറ്റ് സിന്‍ഡിക്കേഷന്‍, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ്, വിദഗ്ധോപദേശം തുടങ്ങി മര്‍ച്ചന്റ് ബാങ്കിങ് സേവനങ്ങള്‍ എല്ലാതലങ്ങളിലും വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ലഭ്യമാകുന്നു.

വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് സാമ്പത്തികനേട്ടം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം നടത്തുവാനാവശ്യമായ യന്ത്ര സാമഗ്രികളും ഉപകരണങ്ങളും ദീര്‍ഘകാലയളവിലേക്കു പാട്ടത്തിനു നല്കുന്ന ധനകാര്യ സേവനമാണ് ലീസിങ്. പണം മുടക്കി ഇത്തരം സ്ഥാവര ആസ്തികളുടെ ഉടമാവകാശം നേടുന്നതിനു പകരമായി വാടകയ്ക്ക് ഇവ ലഭ്യമാകുന്നത് ചെറുകിട വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് സവിശേഷ പ്രയോജനം നല്കുന്നുണ്ട്. ലീസിങ് ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള ധനകാര്യസേവനമായി മാറിയിട്ടുണ്ട്.

യന്ത്രസാമഗ്രികളും ഉപകരണങ്ങളും തവണവ്യവസ്ഥയില്‍ വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് വാങ്ങുന്നതിനുള്ള സൗകര്യമാണ് ഹയര്‍ പര്‍ച്ചേസിങ് എന്ന ധനകാര്യ സേവനം ഒരുക്കുന്നത്. ആദ്യ തവണ കൊടുക്കുമ്പോള്‍ത്തന്നെ ബന്ധപ്പെട്ട യന്ത്രസാമഗ്രികളും ഉപകരണങ്ങളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനു ലഭ്യമാകുന്നു എന്നതാണ് ഹയര്‍ പര്‍ച്ചേസിങ്ങിന്റെ ആകര്‍ഷണീയത. എന്നാല്‍ അവസാന തവണ വരെയുള്ള തുക കൃത്യമായി അടച്ചുതീര്‍ത്തതിനുശേഷം മാത്രമേ വ്യവസായ-വാണിജ്യ സംരംഭത്തിന് ബന്ധപ്പെട്ട യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥാവകാശം നേടാനാകൂ.

വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ സാധനങ്ങളും സേവനങ്ങളും നിശ്ചിത ഇടപാടുകാര്‍ക്ക് കടമായി വില്ക്കുമ്പോള്‍ ഇടപാടുകാരുടെ ഋണബാധ്യത ഏറ്റെടുത്ത് വില്പന നടത്തിയ സ്ഥാപനത്തിന് രൊക്കം പണം നല്കുന്ന ധനകാര്യ സേവനമാണ് ഫാക്റ്ററിങ്. കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട ഇടപാടുകാരില്‍നിന്ന് പണം പിരിക്കുന്നതും തത്സംബന്ധമായ കണക്കുകള്‍ സൂക്ഷിക്കുന്നതും ഫാക്റ്ററിങ് ഏജന്‍സിയുടെ ചുമതലയാണ്. മറിച്ച്, വ്യവസ്ഥയില്ലെങ്കില്‍ കിട്ടാക്കടം ഫാക്റ്ററിങ് സ്ഥാപനത്തിന്റെ ചുമലിലാകും എന്ന പ്രത്യേകതയും ഫാക്റ്ററിങ്ങിനുണ്ട്. ഇന്ത്യയില്‍ കൊമേഴ്സ്യല്‍ ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും ഫാക്റ്ററിങ്ങില്‍ വ്യാപരിക്കുന്നുണ്ട്.

ഫ്രഞ്ച് ഭാഷയില്‍ അവകാശം വിട്ടുകൊടുക്കുക എന്നര്‍ഥമുള്ള 'ഫോര്‍ഫെയ്റ്റ്'ല്‍ നിന്നാണ് ഫോര്‍ഫെയിറ്റിങ് എന്ന പദം രൂപംപ്രാപിച്ചത്. ദീര്‍ഘകാല, മധ്യകാല ദൈര്‍ഘ്യമുള്ള കടമിടപാടുകളായി കരാര്‍ചെയ്ത് മൂലധന ആസ്തികള്‍ കയറ്റുമതി നടത്തുമ്പോള്‍ ഇറക്കുമതിക്കാരനില്‍നിന്ന് വില്പനമൂല്യം പിരിക്കുന്നതിനുള്ള അവകാശം വാങ്ങുകയും കയറ്റുമതിക്കാരന് രൊക്കം പണം നല്കുകയും ചെയ്യുന്ന ധനകാര്യ സേവനമാണ് ഫോര്‍ഫെയ്റ്റിങ്. കയറ്റുമതി വ്യാപാരിക്ക് രൊക്കം പണം ഉടന്‍ ലഭിക്കുമെന്നതും ഇറക്കുമതി ഇടപാടുകാരനില്‍നിന്ന് പണം പിരിയ്ക്കാനുള്ള അവകാശം പൂര്‍ണമായി ഫോര്‍ഫെയ്റ്റിങ് ഏജന്‍സിയില്‍ നിക്ഷിപ്തമാകും എന്നതുമാണ് ഈ ധനകാര്യ സേവനത്തിന്റെ ആകര്‍ഷണീയത.

ധനകാര്യ ആസ്തികള്‍ വരുംദിവസങ്ങളിലൊന്നില്‍ വാങ്ങാമെന്നോ, വില്ക്കാമെന്നോ സമ്മതിച്ചുകൊണ്ടുള്ള മുന്‍കൂര്‍ കരാറില്‍ ഏര്‍പ്പെടുന്ന സമ്പ്രദായം ധനവിപണിയില്‍ രൂപംകൊണ്ടിട്ടുണ്ട്. ഇവ്വിധം തയ്യാറാക്കുന്ന കരാറുകളെ ഡെറിവേറ്റിവ്സ് എന്നു വിളിക്കുന്നു. പ്രചാരം കൂടിക്കൊണ്ടിരിക്കുന്ന ഒരു ധനകാര്യ സേവനമാണിത്. മുന്‍കൂര്‍ ഉറപ്പിച്ച വിലയ്ക്ക് ഭാവിയിലെ നിശ്ചിത ദിവസം ധനകാര്യ ആസ്തികള്‍ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്‍ബന്ധിത വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഡെറിവേറ്റിവ്സിനെ ഫ്യൂച്ചേഴ്സ് കരാറുകള്‍ എന്നു വിളിക്കുന്നു. ഭാവിയിലെ നിശ്ചിത ദിവസം ധനകാര്യ ആസ്തികള്‍ വാങ്ങണമെന്നോ വില്ക്കണമെന്നോ ഉള്ള വ്യവസ്ഥ നിര്‍ബന്ധമാക്കാതെയുള്ള കരാറുകളെ ഓപ്ഷന്‍ കരാറുകള്‍ എന്നാണു വിളിക്കുന്നത്. ധനകാര്യ ആസ്തികള്‍ക്കു പുറമേ ചരക്കുവ്യാപാരത്തിലും അമൂല്യലോഹവ്യാപാരത്തിലും ഡെറിവേറ്റിവ്സ് പ്രചാരം നേടിയിട്ടുണ്ട്.

വായ്പയായും കടമായും പണം സ്വീകരിക്കാനുള്ള സ്ഥാപനങ്ങളുടെ പ്രാപ്തിയും ഗുണമേന്മയും അപഗ്രഥിച്ചു നടത്തുന്ന വിലമതിപ്പാണ് ക്രെഡിറ്റ് റേറ്റിങ് സാധാരണ നിക്ഷേപകരുടെ നഷ്ട സംഭാവ്യത ഒഴിവാക്കി, മെച്ചപ്പെട്ട ധനകാര്യ ആസ്തികളില്‍ പണം നിക്ഷേപിക്കാനുള്ള തീരുമാനമെടുക്കാന്‍ ക്രെഡിറ്റ് റേറ്റിങ് എന്ന ധനകാര്യ സേവനം ഏറെ ഫലപ്രദമാണ്. വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്കു പുറമേ വ്യക്തികള്‍, ഇതര സ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലെ വിലമതിപ്പ് വിശ്വാസയോഗ്യമായി നിര്‍ണയിക്കാന്‍ വൈദഗ്ധ്യം നേടിയ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാവിയില്‍ വന്‍ വികസനവും സാമ്പത്തികനേട്ടവും കൈവരിയ്ക്കാന്‍ സാധ്യതയുണ്ടെങ്കിലും ആരംഭത്തില്‍ ഏറെ നഷ്ടസംഭാവ്യതയുള്ള സംരംഭങ്ങള്‍ക്ക് ഓഹരി മൂലധനവും ദീര്‍ഘകാലവായ്പയും പ്രദാനംചെയ്യുന്ന ധനകാര്യ സേവനമാണ് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍. ഇത്തരം സാമ്പത്തിക പിന്തുണ സംരംഭത്തിന്റെ ആരംഭഘട്ടത്തിലും വളര്‍ച്ചാഘട്ടത്തിലും നല്കുകയും വികസനപ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഓഹരികളും കടപ്പത്രങ്ങളും മൂലധന വിപണിയുടെ സഹായത്തോടെ മറ്റുള്ളവര്‍ക്കു വിറ്റഴിച്ച് മൂലധനനേട്ടം കൈവരിക്കുകയുമാണ് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

മനുഷ്യസമൂഹത്തിന്റെ പ്രാഥമികാവശ്യങ്ങളിലൊന്നായ പാര്‍പ്പിടം നിര്‍മിക്കുന്നതിനുള്ള ധനകാര്യ സേവനമായ ഭവന വായ്പ പൊതുമേഖലയിലും സ്വകാര്യമേഖലയിലും സഹകരണ മേഖലയിലും ഉള്ള ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സാമൂഹിക പുരോഗതി ലക്ഷ്യമാക്കിയുള്ള ധനകാര്യ സേവനമാണിത്. ദീര്‍ഘകാലവായ്പയായി അനുവദിക്കുന്ന തുക തവണകളായി മുതലും പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഭവനവായ്പയ്ക്കുള്ളത്. സ്വന്തം താമസത്തിനുള്ള പാര്‍പ്പിട സൌകര്യം ഒരുക്കുന്നതിന് ഭവനവായ്പ എടുക്കുന്നവര്‍ക്ക് തിരിച്ചടവു തുകയില്‍ ആദായനികുതിയിളവ് നല്കുന്നുമുണ്ട്.

ഓഹരികള്‍, കടപ്പത്രങ്ങള്‍ മുതലായ ധനകാര്യ പത്രങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ സൂക്ഷിക്കുന്ന ധനകാര്യ സേവനമാണ് ഡെപ്പോസിറ്ററി. ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും കടപ്പത്ര സര്‍ട്ടിഫിക്കറ്റുകളും കടലാസ്സില്‍ തയ്യാറാക്കി സൂക്ഷിച്ചിരുന്ന പഴയ രീതി പാടേ ഒഴിവാക്കാന്‍ ഈ ധനകാര്യ സേവനം പ്രയോജനപ്പെടുത്താം. ഡെപ്പോസിറ്ററി ധനകാര്യസ്ഥാപനം നല്കുന്ന ഒരു സംരംഭത്തില്‍ അക്കൌണ്ട് തുടങ്ങിയാണ് നിക്ഷേപകന്‍ ഡെപ്പോസിറ്ററി സേവനവുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് നിക്ഷേപകനുവേണ്ടി ഡെപ്പോസിറ്ററിസംരംഭം ധനകാര്യ ആസ്തികളുടെ ക്രയവിക്രയ ഇടപാടുകളില്‍ ഏര്‍പ്പെടുകയും അക്കൌണ്ടില്‍ ബന്ധപ്പെട്ട കുറിപ്പുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ വ്യവസ്ഥയനുസരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഷെയര്‍ ബ്രോക്കര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഡെപ്പോസിറ്ററി സേവനം നടത്താനാകും.

ശാസ്ത്രസാങ്കേതികവിദ്യയുടെയും വിവരസാങ്കേതികവിദ്യയുടെയും വളര്‍ച്ചയ്ക്കനുസൃതമായി നൂതന ധനകാര്യ സേവനങ്ങള്‍ രൂപംപ്രാപിച്ചുവരുന്നുണ്ട്.

(ഡോ. എം. ശാര്‍ങ്ഗധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍