This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനകാര്യസ്ഥാപനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധനകാര്യസ്ഥാപനങ്ങള്‍

ഒരു രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ധനവിഭവസമാഹരണവും ധനവിനിയോഗവും യഥാക്രമം കാര്യക്ഷമവും ക്രിയാത്മകവും ആക്കുന്നതിനു ചുമതലപ്പെട്ട സ്ഥാപനങ്ങള്‍. സമ്പാദ്യമുള്ളവരെയും സംരംഭകരെയും കൂട്ടിയിണക്കുന്നതിനുള്ള കണ്ണിയായി പ്രവര്‍ത്തിച്ചാണ് ധനകാര്യസ്ഥാപനങ്ങള്‍ ഈ ചുമതല നിര്‍വഹിക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ രക്തചംക്രമണം നിര്‍വഹിക്കുന്നത് ധനക്രമമാണെങ്കില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുന്ന തലച്ചോറായാണ് ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഫലപ്രദമായി വിനിയോഗിക്കുന്നതിനായി ധനവിഭവം എവിടെ, എപ്പോള്‍ എത്തണമെന്ന് നിശ്ചയിക്കുന്നത് ധനകാര്യസ്ഥാപനങ്ങളാണ്.

ധനകാര്യസ്ഥാപനങ്ങള്‍ സംരംഭകനും ഉപഭോക്താവിനും ഒരേസമയം പിന്തുണ നല്കുന്നു എന്ന സവിശേഷതയും ഉണ്ട്. സംരംഭം കെട്ടിപ്പടുക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമുള്ള മനുഷ്യവിഭവത്തെയും ഭൗതികവിഭവത്തെയും സമാഹരിക്കുന്നതിനാവശ്യമായ ധനവിഭവമാണ് ധനകാര്യസ്ഥാപനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. ഒപ്പം ഭാവിവരുമാനം മുന്‍നിര്‍ത്തി ധനവിനിയോഗം നടത്താനുള്ള അവസരം ഉപഭോക്താവിന് ഒരുക്കുന്നതും ഇവ തന്നെ.

കാര്‍ഷിക-വ്യവസായ-സേവന മേഖലകളിലെയും അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലെയും പ്രവര്‍ത്തനം പുഷ്ടിപ്പെടുത്തുക, ധനവിനിയോഗത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സംരംഭകരുടെ സൃഷ്ടികതയും നൈപുണ്യവും വികസിപ്പിക്കുക, ഗ്രാമീണവികസനം ത്വരിതപ്പെടുത്തുക, സാമൂഹികാടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പാര്‍പ്പിടനിര്‍മാണവായ്പ ലഭ്യമാക്കുക,
ലോകബാങ്ക് ഹെഡ്ക്വാര്‍ ട്ടേഴ്സ് : വാഷിങ്ടണ്‍ ഡി.സി.
ചെറുകിടവ്യവസായ മേഖലയ്ക്ക് സവിശേഷ പരിഗണന ഉറപ്പുവരുത്തുക, വ്യത്യസ്ത വികസന ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, ശാസ്ത്രീയവും സാങ്കേതികത്തികവുമാര്‍ന്ന വികസനപദ്ധതികള്‍ക്ക് നേതൃത്വം നല്കുക, വികസന സംബന്ധിയായ സാധ്യതാപഠനം നടത്തുക തുടങ്ങി വൈവിധ്യവും വൈപുല്യവുമായ ചുമതലകള്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാനാവും.

അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക തലങ്ങളില്‍ ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകബാങ്ക് എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് (IBRD), ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് (IMF) എന്നിവ അന്തര്‍ദേശീയ ധനകാര്യസ്ഥാപനങ്ങളാണ്.

ഇന്ത്യയില്‍ ദേശീയതലത്തില്‍ ബാങ്കിങ് സ്ഥാപനങ്ങള്‍, വികസന ധനകാര്യസ്ഥാപനങ്ങള്‍, മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ഹൌസിങ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇത്യാദി തരംതിരിവുകളോടെയാണ് ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും സഹകരണമേഖലയിലും ഉള്ള ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ബാങ്കിങ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയ്ക്കു പുറമേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശബാങ്കുകളും ഈ ഗണത്തില്‍ പ്പെടും.

ദേശീയതല ധനകാര്യസ്ഥാപനങ്ങളായ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (IFCI), ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (IDBI), സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (SIDBI), ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് (IDFC), ഇന്‍ഡസ്ട്രിയല്‍ ഇന്‍വസ്റ്റ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (IIBI), നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (NABARD), എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഒഫ് ഇന്ത്യ (Exim Bank), നാഷണല്‍ ഹൗസിങ് ബാങ്ക് (NHB) എന്നിവയും സംസ്ഥാനതല ധനകാര്യസ്ഥാപനങ്ങളായ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ (SFCS), സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുകള്‍ (SIDCS) എന്നിവയും വികസന ധനകാര്യസ്ഥാപനങ്ങളാണ്. ഇവയ്ക്കു പുറമേ എക്സ്പോര്‍ട്ട് ക്രഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ(ECGC)യും ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗാരന്റി കോര്‍പ്പറേഷനും (DICGC) വികസന ധനകാര്യസ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനികളായ മറ്റു സ്വകാര്യമേഖലയിലെ നിരവധി ധനകാര്യ സ്ഥാപനങ്ങളും ഈ വിഭാഗത്തില്‍ ഉള്‍ പ്പെടുന്നു.

യൂണിറ്റ് ട്രസ്റ്റ് ഒഫ് ഇന്ത്യ (UTI) ഉള്‍പ്പെടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള മ്യൂചല്‍ ഫണ്ടുകള്‍ ധനകാര്യസ്ഥാപനങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (LIC), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (GIC) എന്നിവ ഉള്‍ പ്പെടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും അതേ രീതിയിലുള്ള ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും ഇന്ത്യയില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്.

ധനകാര്യസ്ഥാപനങ്ങള്‍ (Financial institutions), ധനകാര്യരേഖകള്‍ (Financial instruments), ധനകാര്യസേവനങ്ങള്‍ (Financial services), ധനകാര്യവിപണി (Financial Markets) എന്നീ നാല് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധനക്രമം (Financial system) ആണ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും വികാസവും നിര്‍ണയിക്കുന്നത്. മിച്ചം ധനം ഉള്ളവരുടെ പക്കല്‍നിന്നും സമാഹരിക്കുന്ന ധനവിഭവം പ്രയോഗക്ഷമമാക്കുന്നവരുടെ പക്കല്‍ എത്തിക്കുന്ന മധ്യവര്‍ത്തിയാണ് ധനകാര്യസ്ഥാപനങ്ങള്‍. ധനനിക്ഷേപം നടത്തിയ വ്യക്തിക്കും സ്ഥാപനത്തിനും മുടക്കുമുതലും ലാഭവിഹിതവും/പലിശയും തിരികെ ലഭിക്കും എന്ന അവകാശം ഉറപ്പുവരുത്തുന്ന രേഖയാണ് ധനകാര്യരേഖകള്‍. ഓഹരി, കടപ്പത്രം തുടങ്ങിയ ധനകാര്യരേഖകള്‍ പ്രൈമറി സെക്യൂരിറ്റികളും, ബാങ്ക് നിക്ഷേപം, മ്യൂച്വല്‍ ഫണ്ട് യൂണിറ്റ്, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയ ധനകാര്യരേഖകള്‍ സെക്കന്‍ഡറി സെക്യൂരിറ്റികളും ആണ്.

വ്യവസായ-വാണിജ്യ-സേവന രംഗങ്ങളുടെ വികാസത്തോടൊപ്പം രൂപംപ്രാപിച്ച താരതമ്യേന നൂതന ഇനങ്ങളാണ് ധനകാര്യസേവനങ്ങള്‍. മര്‍ചന്റ് ബാങ്കിങ്, ഡിപ്പോസിറ്ററീസ്, ഫാക്റ്ററിങ്, ഫോര്‍ഫെയിറ്റിങ്, ലീസിങ്, ഹയര്‍ പര്‍ച്ചേസ്, ക്രഡിറ്റ് റേറ്റിങ് തുടങ്ങിയവ ധനകാര്യസേവനങ്ങളുടെ പട്ടികയില്‍പ്പെടുന്നു.

ധനകാര്യ ആസ്തികളുടെ ക്രയവിക്രയം നടത്തുന്നതിനുള്ള ക്രമീകരണമാണ് ധനവിപണി ഒരുക്കുന്നത്. ഹ്രസ്വകാല ആസ്തികള്‍ കൈകാര്യംചെയ്യുന്ന ധനകാര്യവിപണിയെ മണിമാര്‍ക്കറ്റ് എന്നും ദീര്‍ഘകാല ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ധനവിപണിയെ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് എന്നും തരംതിരിച്ചിട്ടുണ്ട്. ട്രഷറി ബില്ലുകള്‍, കൊമേഴ്സ്യല്‍ ബില്ലുകള്‍, കൊമേഴ്സ്യല്‍ പേപ്പറുകള്‍, സര്‍ട്ടിഫിക്കറ്റ് ഒഫ് ഡിപ്പോസിറ്റ്സ് തുടങ്ങിയവയാണ് മണിമാര്‍ക്കറ്റില്‍ കൈകാര്യംചെയ്യപ്പെടുന്ന ധനകാര്യ ആസ്തികള്‍.

ഓഹരികളും കടപ്പത്രങ്ങളും ക്രയവിക്രയം നടത്തുന്ന ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് പ്രൈമറി മാര്‍ക്കറ്റ് എന്നും സെക്കന്‍ഡറി മാര്‍ക്കറ്റ് എന്നുമുള്ള രണ്ട് തട്ടുകളില്‍ പ്രവര്‍ത്തിക്കുന്നു. നേരിട്ട് കമ്പനികളില്‍നിന്നും സര്‍ക്കാരില്‍നിന്നും ഓഹരികളും കമ്പനി-സര്‍ക്കാര്‍ കടപ്പത്രങ്ങളും നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്നതാണ് പ്രൈമറി മാര്‍ക്കറ്റ്. ഇവയുടെ പിന്നീടുള്ള ക്രയവിക്രയം സാധുവാക്കുന്ന സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, മറ്റു സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ തുടങ്ങിയ മധ്യവര്‍ത്തികളുടെ സേവനം ലഭ്യമാണ്. ധനകാര്യ ആസ്തികളുടെ വിലനിര്‍ണയം, എളുപ്പത്തിലുള്ള കൈമാറ്റം, കൈമാറ്റഇടപാടുകളിലെ വ്യയനിയന്ത്രണം എന്നിവ കാര്യക്ഷമമായി നിര്‍വഹിക്കുകയാണ് ധനവിപണിയുടെ മുഖ്യ ധര്‍മം.

ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് ഹെഡ്ക്വാര്‍ ട്ടേഴ്സ്:വാഷിങ്ടണ്‍ ഡി സി

ധനകാര്യ സ്ഥാപനങ്ങള്‍, ധനവിപണി, ധനകാര്യരേഖകള്‍, ധനകാര്യസേവനങ്ങള്‍ എന്നിവയ്ക്ക് സ്വതന്ത്രമായ നിലനില്പ്പില്ല. ഈ നാല് ഘടകങ്ങളും സമഞ്ജസമായി സമ്മേളിക്കുമ്പോഴാണ് സമ്പദ്വ്യവസ്ഥയില്‍ ധനക്രമം ഫലപ്രദമാകുന്നത്. ഇതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ഇവയുടെ ഏകോപനത്തിനും പ്രയോഗക്ഷമതയ്ക്കുമായി നിയതമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ധനമന്ത്രാലയം (MOF), റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (RBI), സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (SEBI) എന്നിവയും വ്യത്യസ്ത റഗുലേറ്ററി അതോറിറ്റികളും/ഏജന്‍സികളും ധനക്രമീകരണം നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.

(ഡോ. എം. ശാര്‍ങ്ഗധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍