This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിസന്ധാനകാവ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്വിസന്ധാനകാവ്യം

ഒരു കാവ്യവിഭാഗം. ഒരേ പദങ്ങളിലും വരികളിലും നിബന്ധിക്കുന്ന വര്‍ണനയിലൂടെ രണ്ട് കഥ വിവരിക്കുന്ന കാവ്യം. ഒരു കഥയുടെ വിവരണം നടത്തുന്ന പദങ്ങളില്‍ ഒരു ശാസ്ത്രവിഷയംകൂടി പ്രതിപാദിക്കുന്ന കാവ്യവും ദ്വിസന്ധാനകാവ്യം എന്ന പേരിലറിയപ്പെടുന്നു. ധനഞ്ജയന്‍, കവിരാജന്‍ എന്നിവര്‍ രചിച്ച രാഘവപാണ്ഡവീയം, ഹരദത്തസൂരിയുടെ രാഘവനൈഷധീയം, വിദ്യാമാധവന്‍ രചിച്ച പാര്‍വതീരുക്മിണീയം, സന്ധ്യാകരനന്ദിയുടെ രാമചരിതം എന്നീ സംസ്കൃത കാവ്യങ്ങള്‍ രണ്ട് കഥ വര്‍ണിക്കുന്നതിനും ഹേമചന്ദ്രന്റെ ദ്വ്യാശ്രയകാവ്യം, വാസുദേവന്റെ വാസുദേവവിജയം നാരായണന്റെ ധാതുകാവ്യം എന്നിവ ഒരു കഥയുടെ അവതരണപദങ്ങളില്‍ത്തന്നെ വ്യാകരണശാസ്ത്രം പ്രതിപാദിക്കുന്നതിനും ഉദാഹരണമാണ്.

ധനഞ്ജയന്റെയും കവിരാജന്റെയും രാഘവപാണ്ഡവീയ കാവ്യങ്ങളില്‍ രാമായണകഥയും മഹാഭാരതകഥയുമാണ് ദ്വിസന്ധാന രീതിയില്‍ നിബന്ധിച്ചിട്ടുള്ളത്. രാഘവനൈഷധീയത്തില്‍ ശ്രീരാമന്റെയും നളന്റെയും കഥയും പാര്‍വതീരുക്മിണീയത്തില്‍ ശിവപാര്‍വതികഥയും കൃഷ്ണന്റെയും രുക്മിണിയുടെയും കഥയും രാമചരിതത്തില്‍ ശ്രീരാമന്റെ കഥയോടൊപ്പം പാലരാജവംശത്തിലെ രാജാവായ രാമപാലന്റെ (11-ാം ശ.) കഥയും വര്‍ണിക്കുന്നു. 12-ാം ശ.-ത്തില്‍ രാജ്യഭരണം നടത്തിയ ചാലൂക്യരാജാവായ കുമാരപാലന്റെ ചരിതത്തോടൊപ്പം വ്യാകരണശാസ്ത്രവും വിശദീകരിക്കുന്ന കാവ്യമാണ് ദ്വ്യാശ്രയകാവ്യം. വാസുദേവവിജയത്തിലും ധാതുകാവ്യത്തിലും ശ്രീകൃഷ്ണന്റെ കഥയോടൊപ്പം വ്യാകരണശാസ്ത്രം പ്രതിപാദിക്കുന്നു.

ആചാര്യ ദണ്ഡി രചിച്ച ഒരു ദ്വിസന്ധാനകാവ്യത്തെപ്പറ്റി ഭോജരാജന്റെ ശൃംഗാരപ്രകാശം എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ട്. ഈ കാവ്യം കണ്ടുകിട്ടിയിട്ടില്ല. രാമായണകഥയും മഹാഭാരതകഥയും ഒരേസമയം വര്‍ണിച്ചിരുന്ന ഇതിലെ പദ്യങ്ങള്‍ ഉദ്ധൃതമായിട്ടുണ്ട്. ഒരു പദ്യമിതാണ്:

'ഉദാരമഹിമാരാമഃ പ്രജാനാം ഹര്‍ഷവര്‍ദ്ധനഃ

ധര്‍മപ്രഭവ ഇത്യാസീത് ഖ്യാതോ ഭരതപൂര്‍വജഃ'

ഇതിലെ അര്‍ഥനിര്‍ണയം ശ്രീരാമനും യുധിഷ്ഠിരനും യോജിച്ച നിലയില്‍ പദച്ഛേദവും അര്‍ഥകല്പനയും ചെയ്താണ് രണ്ട് ഇതിവൃത്തം ഒരേ സമയത്ത് സാധ്യമാകുന്നത്. ഉദാരമഹിമാ എന്നും രാമഃ എന്നും പദച്ഛേദം ചെയ്ത് രാമന്റെ കഥയും, ഉദാരമഹിമയുടെ ആരാമം-ഇരിപ്പിടമായ ധര്‍മപ്രഭവന്‍-യമധര്‍മന്റെ പുത്രന്‍-യുധിഷ്ഠിരന്‍ എന്ന് അര്‍ഥം നല്കി യുധിഷ്ഠിരന്റെ കഥയും പറയുന്നു. ധര്‍മപ്രഭവന്‍ എന്ന പദത്തിന് ധര്‍മത്തിനു വിളനിലമായവന്‍ എന്ന് അദ്യത്തെ കഥയില്‍-രാമന്റെ വിശേഷണമായി-അര്‍ഥം പറയുന്നു. ഭരതപൂര്‍വജഃ എന്ന പദവും ഭരതന്റെ ജ്യേഷ്ഠന്‍-ശ്രീരാമന്‍ എന്നും ഭരതന്‍ എന്ന വിശ്രുതനായ രാജാവ് പൂര്‍വികനായുള്ളവന്‍-യുധിഷ്ഠിരന്‍ എന്നും രണ്ട് കഥയിലും അര്‍ഥം യോജിപ്പിക്കുന്നു. പ്രജകളുടെ പ്രിയങ്കരന്‍ എന്നത് രണ്ട് കഥയിലും യോജിക്കുന്നു. ഈ രീതിയിലാണ് കാവ്യത്തിലെ എല്ലാ പദ്യങ്ങളിലെയും പദനിബന്ധനം. ഉദ്ധൃതമായ ഈ പദ്യത്തില്‍നിന്നുതന്നെ ദണ്ഡിയുടെ കാവ്യം ലളിതവും അര്‍ഥകല്പനയ്ക്ക് അല്പംപോലും ക്ലേശമില്ലാത്തതുമായിരുന്നുവെന്ന് അനുമാനിക്കാം.

കാവ്യശാസ്ത്രകാരനായ ആനന്ദവര്‍ധനന്‍ കാവ്യത്തെ ധ്വനികാവ്യം, ഗുണീഭൂതവ്യംഗ്യം, ചിത്രകാവ്യം എന്ന് മൂന്നായി വിഭജിച്ചിട്ടുണ്ട്. ശബ്ദാലങ്കാരം, അര്‍ഥാലങ്കാരം, ഏകാക്ഷരം, നിരനുനാസികം, ചിത്രകാവ്യനിബന്ധം തുടങ്ങിയവ കവിപ്രതിഭ കുറവുള്ള നിബന്ധനമായാണ് അദ്ദേഹം കാണുന്നത്. എന്നാല്‍ കാളിദാസന്‍ തുടങ്ങിയ പ്രഗല്ഭ കവികളുടെ കാവ്യങ്ങളില്‍ ഒന്നോ അതിലധികമോ സര്‍ഗം ശബ്ദാലങ്കാരപ്രധാനമായ ചിത്രനിബന്ധത്തോടുകൂടി കാണപ്പെടുന്നുണ്ട്. പ്രതിഭാധനന്മാരായ കവികളുടെ ഇപ്രകാരമുള്ള അലങ്കാരനിബന്ധനം തെറ്റല്ല എന്ന് ധ്വന്യാലോകകാരന്‍ പറയുന്നുണ്ട്. രാഘവപാണ്ഡവീയത്തിന്റെ രചയിതാവായ കവിരാജന്‍ ദ്വിസന്ധാനകാവ്യത്തിന്റെ മാഹാത്മ്യത്തെ ചിത്രീകരിക്കുന്നതിങ്ങനെയാണ്-'ശിവപാര്‍വതിമാര്‍ പ്രത്യേകം നില്ക്കുമ്പോള്‍ സുന്ദരംതന്നെ. എന്നാല്‍ അര്‍ധനാരീശ്വര രൂപമാകട്ടെ സുന്ദരതരമാണ്. ഇതുപോലെയത്രെ രാമായണകഥയും ഭാരതകഥയും പ്രത്യേകം വര്‍ണിക്കുന്നതും രണ്ടും ഒരേ പദങ്ങളില്‍ വര്‍ണിക്കുന്നതും.'

സംസ്കൃത കാവ്യങ്ങളില്‍ നഗരവര്‍ണന, സമുദ്രവര്‍ണന, ഋതുവര്‍ണന തുടങ്ങിയവ നിബന്ധിക്കുന്ന പതിവുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദ്വിസന്ധാനകാവ്യങ്ങളില്‍ പ്രത്യേക ശ്രമം ആവശ്യമായി വരുന്നില്ല. ഉദാഹരണമായി ധനഞ്ജയന്റെ രാഘവപാണ്ഡവീയത്തില്‍ ഒന്നാം സര്‍ഗത്തില്‍ രാമകഥയുടെ ഭാഗമായി അയോധ്യയും ഭാരതകഥയുടെ ഭാഗമായി ഹസ്തിനപുരിയും വര്‍ണിക്കുന്നത് രണ്ടുരീതിയില്‍ അര്‍ഥകല്പന ആവശ്യമില്ലാത്ത സന്ദര്‍ഭമാണ്. പതിനെട്ടാം സര്‍ഗത്തില്‍ രാവണവധം, ജരാസന്ധവധം എന്നിവയും രാമനും കൃഷ്ണനും സുസമൃദ്ധമായ നിലയില്‍ രാജ്യപരിപാലനം നടത്തുന്നതിന്റെ വര്‍ണനവും സമാനമായ പ്രകരണമായതിനാല്‍ പദനിബന്ധനത്തിലും അര്‍ഥഗ്രഹണത്തിലും പ്രത്യേക ശ്രമം ആവശ്യമായി വരുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍