This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വാപരയുഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്വാപരയുഗം

ചതുര്‍യുഗങ്ങളില്‍ മൂന്നാമത്തേത്. ഈ യുഗത്തിന്റെ നാഥന്‍ ദ്വാപരനാണ്. 8,64,000 മനുഷ്യവര്‍ഷങ്ങള്‍ അതായത്, 2,400 ദിവ്യവര്‍ഷങ്ങള്‍ ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധര്‍മത്തിനും അധര്‍മത്തിനും ഈരണ്ട് പാദങ്ങള്‍ വീതം ദ്വാപരയുഗത്തിലുണ്ടായിരിക്കും. സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു. കൃതയുഗത്തിലെയും ത്രേതായുഗത്തിലെയും പോലെതന്നെയാണ് ദ്വാപരയുഗത്തിലും വര്‍ണാശ്രമ ധര്‍മങ്ങള്‍, വ്യവസ്ഥിതികള്‍ മുതലായവ.

ഓരോ മന്വന്തരത്തിലെയും (എഴുപത്തിയൊന്ന് ചതുര്‍യുഗങ്ങള്‍ അഥവാ മഹായുഗങ്ങള്‍ ചേരുന്നതാണ് ഒരു മന്വന്തരം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുര്‍യുഗങ്ങള്‍) ദ്വാപരയുഗത്തില്‍ മഹാവിഷ്ണു വ്യാസനായി അവതരിക്കുകയും വേദങ്ങള്‍ പകുക്കുകയും ഇതിഹാസപുരാണാദികള്‍ രചിക്കുകയും ചെയ്യുമെന്നാണ് ഹൈന്ദവ വിശ്വാസം.

ദ്വാപരയുഗത്തില്‍ നീതിന്യായങ്ങള്‍ തുലോം കുറഞ്ഞുപോയതായും 'ആ സ്ഥാനത്ത് അധര്‍മം നടമാടിയതായും രോഗങ്ങളും കഷ്ടതകളും മനുഷ്യര്‍ക്ക് കൃത, ത്രേതായുഗങ്ങളിലേതിനെക്കാള്‍ കൂടിയതായും പറയപ്പെടുന്നു. ഈ യുഗത്തില്‍ മഹാവിഷ്ണു ധര്‍മസംസ്ഥാപനത്തിനായി ശ്രീകൃഷ്ണനായി അവതരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ദ്വാപരയുഗത്തില്‍ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും വിശ്വാസമുണ്ട്. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വര്‍ണന കാണപ്പെടുന്നത്.

ജ്യോതിഷപരമായി, ഗ്രഹങ്ങള്‍ക്കെല്ലാം 'ഭൂമിക്കുചുറ്റും' പൂര്‍ണസംഖ്യാപരിക്രമണങ്ങള്‍ നടത്താന്‍ ആവശ്യമായ കാലയളവാണ് ഒരു ചതുര്‍യുഗം അഥവാ മഹായുഗം. 43,20,000 വര്‍ഷംവരുന്ന മഹായുഗത്തെ 4 തുല്യഭാഗങ്ങളായി കണക്കാക്കുന്ന രീതിയാണ് ആര്യഭടന്‍ സ്വീകരിച്ചത്. ഇതനുസരിച്ച് ഓരോ യുഗത്തിലും 10,80,000 വര്‍ഷംവീതം വരും. വര്‍ഷത്തിന്റെ നീളം 365 ദിവസം 6 മണിക്കൂര്‍ 12 മിനിറ്റ് 35.56 സെക്കന്‍ഡ് എന്നെടുത്താല്‍ (നിരയന വര്‍ഷം), പൂര്‍ണസംഖ്യാ സിവില്‍ ദിനങ്ങള്‍ ഉള്‍ ക്കൊള്ളുന്ന ഏറ്റവും ചെറിയ കാലയളവാണ് ഒരു യുഗം എന്ന് ബയോട്ട് എന്ന ചരിത്രകാരന്‍ കണക്കാക്കുന്നു.

മഹാഭാരതത്തിലും സൂര്യസിദ്ധാന്തത്തിലും മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. അതനുസരിച്ച് കൃതയുഗം 17,28,000 വര്‍ഷവും ത്രേതായുഗം 12,96,000 വര്‍ഷവും ദ്വാപരയുഗം 8,64,000 വര്‍ഷവും കലിയുഗം 4,32,000 വര്‍ഷവും ആണ്. ഈ വിഭജനത്തിന്റെ ജ്യോതിശ്ശാസ്ത്രപ്രാധാന്യം വ്യക്തമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍