This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രാവിഡ വൃത്തങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്രാവിഡ വൃത്തങ്ങള്‍

മലയാള പദ്യസാഹിത്യത്തിലെ വൃത്തങ്ങളില്‍ ഒരു വിഭാഗം. കേരളപാണിനി സംസ്കൃതവൃത്തങ്ങളെ വിവരിച്ചതിനുശേഷം മലയാളത്തിലുള്ള വൃത്തങ്ങളെപ്പറ്റി പറയുന്നുണ്ട്. ഭാഷാവൃത്തശാസ്ത്രത്തിന് പൊതുവേയുള്ള ചില വിധികള്‍ അദ്ദേഹം വിശദമാക്കുന്നു.

'പ്രായേണ ഭാഷാവൃത്തങ്ങള്‍ തമിഴിന്റെ വഴിക്കുതാന്‍

അതിനാല്‍ ഗാനരീതിക്കു ചേരുമീരടിയാണിഹ'

തമിഴിന്റെ വഴിയാണ് പ്രായേണ ഭാഷാവൃത്തങ്ങള്‍ക്കുമുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

1. തമിഴ് മുറ. ദ്രാവിഡഗോത്രത്തില്‍ പ്പെട്ടതാകയാല്‍ മലയാളത്തിന്റെ കവിതാരീതി തമിഴിലുള്ളതുപോലെയാകുന്നു. ഈരടികള്‍ എന്ന് തീര്‍ത്തുപറയാനാവില്ല, തമിഴില്‍ നാലടിവൃത്തങ്ങളുമുണ്ട്. 'തമിഴില്‍ സംസ്കൃതത്തിലെപ്പോലെ ഗുരുലഘു നിയമമോ മാത്രാ നിയമമോ അക്ഷര നിയമമോ ഇല്ല. സംസ്കൃതത്തിലെ മാത്രയുടെ സ്ഥാനത്ത് തമിഴ്ക്കവി - ഇലക്കണത്തില്‍ 'അശ' എന്നൊന്നു കാണുന്നുണ്ട്. എന്നാല്‍ ഇതിന്റെ സ്വഭാവം വേറെയാണ്. നേരശ എന്നും നിരയശ എന്നും അശ രണ്ടുവിധം. പ, പല്‍, പാ, പാല്‍ എന്നിങ്ങനെ ഒന്നിലധികം സ്വരമില്ലാത്ത വര്‍ണസമുദായത്തിന് 'നേരശ' എന്നും പര, പരല്‍, പരാ, പരാല്‍ എന്നിങ്ങനെ രണ്ട് സ്വരം ചേര്‍ന്ന വര്‍ണസമുദായത്തിന് 'നിരയശ' എന്നും പേര്‍. ഈ അശകളെക്കൊണ്ടാണ് തമിഴര്‍ ഗണം (ചീര്‍) ഉണ്ടാക്കുന്നത്. ഇത്രയുംകൊണ്ട് തമിഴിലും സംസ്കൃതത്തിലും ഉള്ള വൃത്ത വ്യവസ്ഥ ഭിന്നമാണെന്നു സ്പഷ്ടമാകുന്നു. എന്നാല്‍ ഭാഷയില്‍ വര്‍ണ നിയമമോ മാത്രാ നിയമമോ രണ്ടാലൊന്ന് ഒരു വിധത്തില്‍ കാണുന്നുണ്ട്. അതിനാലാണ് സൂത്രത്തില്‍ 'പ്രായേണ' എന്നു പറഞ്ഞത്. ഭാഷാവൃത്തങ്ങള്‍ മുഖ്യമായി തമിഴ്രീതിയെ അനുസരിക്കുന്നത്, രണ്ടും പാട്ടുകളായി പാടാനുള്ള വരികളാണെന്നുള്ള അംശത്തിലാകുന്നു' (വൃത്തമഞ്ജരി). കോവുണ്ണി നെടുങ്ങാടിയുടെ കേരളകൗമുദി(1878)യെ പിന്തുടര്‍ന്നാണ് ഏ. ആര്‍. വൃത്തമഞ്ജരി രചിച്ചിട്ടുള്ളത്. തമിഴിനെ മലയാളത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നിടത്ത് നെടുങ്ങാടിക്കു തെറ്റുപറ്റിയിട്ടുണ്ടെന്നാണ് എന്‍.വി. കൃഷ്ണവാരിയര്‍ പറയുന്നത്. കാരണം തമിഴിലും മലയാളത്തിലും ഒരേ മാതിരിയിലല്ല കാവ്യപരിണാമം. അതത് ഭാഷയുടെ സ്വത്വമനുസരിച്ചാണ് കാവ്യപരിണാമവും സംഭവിക്കുന്നത്.

തമിഴ് വൃത്തശാസ്ത്രത്തിന്റെ വഴിക്കല്ല മലയാളവൃത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ശീര്, അശ, അശകള്‍ തമ്മിലുള്ള ബന്ധം, അശബന്ധത്തിന്റെ വിഭാഗങ്ങള്‍ (വെന്തള, കലിത്തള, വഞ്ചിത്തള, ആചരിയത്തള), ശീരുകളുടെ എണ്ണമനുസരിച്ചുള്ള വര്‍ഗങ്ങള്‍ (കുരള്‍ = രണ്ട് ശീര്‍, ചിന്ത് = മൂന്ന് ശീര്‍, അളവ് = നാല് ശീര്‍, നെടിന്‍ = അഞ്ച് ശീര്‍) - ചുരുക്കത്തില്‍ ഇതാണ് തമിഴ് വൃത്തശാസ്ത്രത്തിന്റെ അടിത്തറ. നാനാവിധമായ ശീരുകളോ തളകളോ മലയാളഛന്ദശ്ശാസ്ത്രത്തില്‍ ഇല്ല. മലയാളത്തില്‍ ഈരടികള്‍ക്കു പ്രാമുഖ്യമുണ്ട്. എന്നാല്‍ എത്രതരത്തിലുള്ള 'അടി'കളും അനുവദനീയമാണ്.

2. ഭാഷാവൃത്തങ്ങള്‍. ഭാഷാവൃത്തങ്ങള്‍ സ്വതന്ത്രമായി ഉദ്ഭവിച്ച് പരിണാമദശകള്‍ പിന്നിട്ടവയാണെന്ന് അപ്പന്‍ തമ്പുരാന്‍ വ്യക്തമാക്കുന്നുണ്ട് (ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും).

മാത്രയ്ക്കു നിയമം കാണും

ഗാനം താളത്തിനൊക്കുകില്‍

അല്ലെങ്കില്‍ വര്‍ണ്ണസംഖ്യക്കു

നിയമം മിക്ക ദിക്കിലും

എന്ന് വൃത്തമഞ്ജരി പറയുന്നു. 'കിളിപ്പാട്ടു പ്രായേണ താളമിട്ടു പാടാത്തതാകയാല്‍ അതില്‍ അക്ഷരനിയമം കാണുന്നുണ്ട്; തുള്ളല്‍പ്പാട്ടു മുതലായവയില്‍ അതുപോലെ മാത്രാനിയമവുമുണ്ട്.' എന്നു വിശദമാക്കിയിട്ടുണ്ട്. 'താളമിട്ടോ ഇടാതെയോ പാടുക, പാടുന്നവന്റെ ഇച്ഛാധീനമായ കാര്യം; താളത്തിനൊക്കുക എന്നത് ശീലിന്റെ സ്വതഃസിദ്ധമായ പ്രകൃതി' എന്നാണ് കെ. കെ. വാധ്യാരുടെ പ്രതികരണം (വൃത്തവിചാരം: പുറം 26). മലയാളവൃത്തങ്ങള്‍ക്ക് ആധാരമായത് താളഗണങ്ങളാണെന്ന് വാധ്യാര്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, എല്ലാ വൃത്തഭേദങ്ങളും താളാശ്രിതമാണെന്നോ വൃത്തരൂപവത്കരണത്തിന് താളമല്ലാതെ മറ്റു സമീപനമില്ലെന്നോ അദ്ദേഹം വാദിക്കുന്നില്ല. മാരാരുടെ വൃത്തശില്പത്തെ ആധാരമാക്കി അദ്ദേഹം പറയുന്നത്, 'താളാന്തരവര്‍ണ സമൂഹമാണ് ഗണം; താളത്തിന്റെ മാത്രതന്നെ ഗണമാത്ര' എന്നാണ്. വര്‍ണവിന്യാസക്രമവും കൂടി യോജിപ്പിക്കുന്ന ചൊല്‍വടിവിനെ അടിസ്ഥാനമാക്കിയാകണം ഗണമാത്രാനിയമം എന്ന് വാധ്യാര്‍ വിധിക്കുന്നു. ഒരു പദ്യത്തിനുതന്നെ പല വൃത്തം ഉണ്ടാകില്ലെ എന്നും അക്ഷരത്തിലോ മാത്രയിലോ ഭേദംകാണുന്ന ശീലുകളെയൊക്കെ വെവ്വേറെ വൃത്തമായിക്കരുതുക ശാസ്ത്രീയമല്ലെ എന്നും വാധ്യാര്‍ ചോദിക്കുന്നുണ്ട്.

39 ഭാഷാവൃത്തങ്ങള്‍ക്കാണ് ഏ. ആര്‍. ലക്ഷണം പറഞ്ഞത്. ഇവയില്‍ പത്തെണ്ണം സംസ്കൃതത്തിലുമുള്ള വൃത്തങ്ങളാണ്. ഓരോ സാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയാണ് (കിളിപ്പാട്ട്, തുള്ളല്‍ എന്നിങ്ങനെ) ഇവ അറിയപ്പെടുന്നത്. മാത്രകളുടെ എണ്ണം, വിന്യസനക്രമം, അക്ഷരസംഖ്യ, യതി എന്നിവയെ വൃത്താടിസ്ഥാനമാക്കി എടുക്കണം. അങ്ങനെ അവ തമ്മിലുള്ള സാജാത്യവൈജാത്യങ്ങള്‍ കണ്ടറിഞ്ഞ് ഓരോ ഗോത്രമായി തിരിക്കാവുന്നതാണ്.

ഗണമാത്രവച്ച് നോക്കുമ്പോള്‍ ത്രിമാത്രാഗണവൃത്തങ്ങള്‍, ചതുര്‍മാത്രാഗണവൃത്തങ്ങള്‍, പഞ്ചമാത്രാഗണവൃത്തങ്ങള്‍, ഷണ്‍ മാത്രാഗണവൃത്തങ്ങള്‍, സപ്തമാത്രാഗണവൃത്തങ്ങള്‍ എന്നീ അഞ്ച് വര്‍ഗങ്ങളാണ് കെ. കെ. വാധ്യാര്‍ കണ്ടെത്തുന്നത്. എന്നാല്‍ മാത്രയുടെ കണക്കിനും അക്ഷരങ്ങളുടെ കണക്കിനും പ്രാധാന്യമുള്ള കേകയെപ്പോലുള്ള വൃത്തങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതുണ്ട്. മാത്രയഞ്ച്, അക്ഷരം മൂന്ന്, മാത്രാഗണമോ താളഗണമോ ആയി പരിഗണിക്കാവുന്ന എട്ടുഗണം - കാകളിഛന്ദസ്സാണിത്. കിളിപ്പാട്ടുകളിലെയും ശീതങ്കന്‍തുള്ളലിലെയും പല വൃത്തങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടും. തുടര്‍ന്ന് സജാതീയമെന്നു കാണുന്ന വൃത്തങ്ങളെയെല്ലാം ഒരു വിഭാഗത്തില്‍പ്പെടുത്തുക എന്ന നയപ്രകാരം കേകാഛന്ദസ്സ്, തരംഗിണീഛന്ദസ്സ്, നതോന്നതാഛന്ദസ്സ് എന്നിങ്ങനെ വൃത്തഗോത്രം നിര്‍ണയിക്കാം.

3.കാകളിഛന്ദസ്സ് . കാകളി, കളകാഞ്ചി, മണികാഞ്ചി, ദണ്ഡകം, സ്തിമിത, അതിസ്തിമിത, ഊനകാകളി, സമ്പുടിതം, ഇന്ദുവദന, മാരകാകളി, വടക്കന്‍പാട്ട് (മാവേലിവൃത്തം), മഞ്ജരി, ഊനമഞ്ജരി, താരാട്ടുപാട്ട്, കുമ്മിപ്പാട്ട്, ദ്രുതകാകളി (പാന), ഭുജംഗപ്രയാതം, മിശ്രകാകളി - ഇങ്ങനെയുള്ള വൃത്തങ്ങളെല്ലാം കാകളിഛന്ദസ്സിന്റെ വിഭിന്നരൂപങ്ങളാണ് എന്ന് മാത്രയും താളവും ചൊല്‍വടിവും നോക്കിയാലറിയാം. കാകളി എന്ന മൂലരൂപത്തിന്റെ ഇരട്ടിപ്പുകളാണ് കളകാഞ്ചി, മണികാഞ്ചി, ദണ്ഡകം, സ്തിമിത, അതിസ്തിമിത എന്നിവ. കാകളിയില്‍ മാത്രയ്ക്കോ അക്ഷരത്തിനോ ഊനം വന്നിട്ടുണ്ടായവയാണ് ഊനകാകളി, മാരകാകളി, ദ്രുതകാകളി, സമ്പുടിതം, ഇന്ദുവദന, വടക്കന്‍പാട്ട്, മഞ്ജരി, ഊനമഞ്ജരി മുതലായവ. ഭുജംഗപ്രയാതവും മിശ്രകാകളിയുമെല്ലാം കാകളിയോട് ചാര്‍ച്ചയും ചേര്‍ച്ചയും ഉള്ളവയാണ്.

സംസ്കൃതവൃത്തങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്രഗ്വിണിക്കും ഭുജംഗപ്രയാതത്തിനും കാകളിഛന്ദസ്സിന്റെ ഊനം, ഇരട്ടിപ്പ്, മിശ്രം എന്നീ പല സ്വഭാവങ്ങളും ഉണ്ടെന്നാണ് പണ്ഡിതമതം.

4. കേകാഛന്ദസ്സ് . കേകാഛന്ദസ്സില്‍ കേകയാണ് മൂലരൂപം.

'മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍

പതിനാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോല്‍

ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും

നടുക്ക് യതി, പാദാദിപ്പൊരുത്തമിതു കേകയാം'

ഓരോ പാദത്തിലും പതിനാല് അക്ഷരം വേണം. 3, 2, 2 / 3, 2, 2 എന്ന് താളാശ്രിതമായ ഖണ്ഡങ്ങള്‍ ഓരോ പാദത്തിലും ഉണ്ടായിരിക്കും. അങ്ങനെ ആറുഗണം. ഏഴക്ഷരം കഴിഞ്ഞാല്‍ യതി. സുശ്രവമായ വിധത്തില്‍ പാദാദികള്‍ തമ്മിലുള്ള രഞ്ജനയാണ് പാദാദിപ്പൊരുത്തം.

രാമചരിതത്തിലും ഈ വൃത്തമുണ്ട്; അവിടെ അക്ഷരസംഖ്യാസൂചന പാലിച്ചിട്ടില്ലെന്നുമാത്രം. തോറ്റംപാട്ടുകളിലും പാണപ്പാട്ടുകളിലും മുടിയേറ്റുപാട്ടുകളിലും ഇത് ശ്ലഥമായി പ്രയോഗിച്ചുകാണുന്നു. ശ്ലഥകേക എന്നൊരു പേര് ഇവയ്ക്കു ചേരും. എന്നാല്‍ ഒരു വൃത്തമായി നില്ക്കത്തക്ക ദൃഢനിയമം ശ്ലഥകേകയ്ക്ക് ഇല്ല. ശുദ്ധമായ കേകയുടെ അക്ഷരകാലത്തെ കൂട്ടിയും മാത്രയാക്കിയുമാണ് ശ്ലഥകേക രചിക്കുന്നതെന്നുപറയാം. ശ്ലഥകേകയില്‍ മാത്ര കൂടിക്കൂടിവരുന്ന അവസ്ഥയെ 'അധികേക' എന്നു പറയാം. മാത്രകള്‍ കൂട്ടുന്നതിനുപകരം കുറയ്ക്കുന്നതിലൂടെ കേകയ്ക്ക് ഊനം സംഭവിച്ചത് എന്ന അര്‍ഥത്തില്‍ 'ഊനകേക' എന്നു പറയാം. ഒരു സ്വതന്ത്രവൃത്തമെന്ന പദവി ഇതിനില്ല. 'അര്‍ധകേക'യ്ക്കും ഒരു സ്വതന്ത്ര പദവിയില്ല. 'കേകയ്ക്ക് രണ്ടുയതിയുള്ളതിനാല്‍ ആദ്യത്തെ യതിയില്‍ത്തന്നെ പാദം നിര്‍ത്തിയാല്‍ അര്‍ധകേക'.

5. തരംഗിണിഛന്ദസ്സ് . ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നു വകഭേദങ്ങളിലാണ് തുള്ളല്‍പ്പാട്ടുവൃത്തങ്ങള്‍ എന്ന് വൃത്തമഞ്ജരി പറയുന്നു. ഇവയിലെ വൃത്തങ്ങള്‍ വെവ്വേറെയാണെങ്കിലും ചിലത് സാമാന്യമായിട്ടും കാണുന്നുണ്ടെന്നുകൂടി വൃത്തമഞ്ജരിയില്‍ പറയുന്നുണ്ട്. പൊതുവേ ഇവയെ തരംഗിണിഛന്ദസ്സില്‍ ഉള്‍ പ്പെടുത്താം. നാല് മാത്രകള്‍ വീതമുള്ള താളഗണങ്ങള്‍ ആണ് തരംഗിണിയുടെ പ്രത്യേകത. ഓട്ടന്‍തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാരാണ് ഇത് ഏറെ വിനിയോഗിച്ചത്. കണ്ണശ്ശരാമായണത്തില്‍ തരംഗിണി - ദീര്‍ഘതരംഗിണി - ആണ് ഉപയോഗിച്ചിട്ടുള്ളത്. ചമ്പുക്കളിലെ ഗദ്യത്തില്‍ തരംഗിണി സ്പന്ദിക്കുന്നു. തൊല്കാപ്പിയ സൂത്രങ്ങളിലും തേവാരംപാട്ടുകളിലും ഈ വൃത്തം സന്നിഹിതമാണ്. തത്തുല്യമായ കന്നഡവൃത്തം 'മന്ദാനിലരഗളെ' എന്നറിയപ്പെടുന്നു. ചതുരശ്ര താളഗതിയാണ് തരംഗിണിക്കുള്ളത്.

പല മട്ടിലുള്ള ഊനങ്ങള്‍ സംഭവിച്ച തരംഗിണികളും ഉണ്ട്. മാത്രകളുടെ കുറവനുസരിച്ചാണ് ഊനതരംഗിണികള്‍. ഇങ്ങനെ തരംഗിണിക്ക് പന്ത്രണ്ടിലേറെ ഊനരൂപങ്ങള്‍ കണ്ടെത്താമെന്നു കണക്കാക്കിയിരുന്നു. സംസ്കൃതവൃത്തമായി പ്രയോഗിച്ചുപോരുന്ന 'അജഗരഗമനം' പാദാദിയിലോ പാദാന്ത്യത്തിലോ ഊനം വന്നിട്ടുള്ള തരംഗിണിയാണ് എന്ന് വൃത്തശാസ്ത്രകാരന്‍ ചൂണ്ടിക്കാട്ടുന്നു. സംസ്കൃതത്തിലെ 'മദമന്ഥര'യും ഊനതരംഗിണിയാകാനാണ് സാധ്യത.

6. നതോന്നതാഛന്ദസ്സ് . നതോന്നതയെ മൂലഛന്ദസ്സായി പരിഗണിച്ച് ഈ വിഭാഗത്തില്‍ ഏതാനും വൃത്തങ്ങളെ പരികല്പനം ചെയ്യുന്നു. നതോന്നതാഛന്ദസ്സിന്റെ അടിസ്ഥാനം ദ്വ്യക്ഷരഗണമാണ്.

'ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാം പാദത്തില്‍, മറ്റതില്‍

ഗണമാറര; നില്‍ക്കേണം രണ്ടുമെട്ടാമതക്ഷരേ,

ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിന്‍പേര്‍ നതോന്നത'

ആദ്യവരിയില്‍ എട്ട് ദ്വ്യക്ഷരഗണങ്ങള്‍; നടുക്ക് യതി; രണ്ടാം പാദത്തില്‍ നാല് ദ്വ്യക്ഷരഗണങ്ങള്‍; അതിനുശേഷം യതി; യതിക്കുശേഷം രണ്ട് ഗണവും ഒരു ദീര്‍ഘാക്ഷരവും - ഇതാണ് നതോന്നതാരൂപം. വെറും വഞ്ചിപ്പാട്ടിന്റെ അവസ്ഥയില്‍നിന്ന് ഈ ഛന്ദസ്സിനെ ഉദാത്തകവിതയുടെ വാഹകമാക്കിത്തുടങ്ങിയത് ആധുനിക കവിതാകാലം മുതല്ക്കാണ്. ഭാവാനുസൃതം യതിസ്ഥാനം മാറ്റുന്നതോടെ നിയതലക്ഷണത്തില്‍നിന്നു മാറിയുള്ള വ്യതിയാനങ്ങള്‍ അഥവാ വൃത്തഭേദങ്ങള്‍ വരുത്താന്‍ സാധിക്കുന്നു. ഉന്നത, ഹംസപ്ലതം, കളവാണി എന്നിവയാണ് ഇപ്രകാരമുണ്ടായിട്ടുള്ള വൃത്തങ്ങള്‍

നതോന്നതാഛന്ദസ്സിലുള്ള മറ്റൊരു വൃത്തമാണ് അന്നനട. അന്നനടയുടെ രണ്ടാം പാദത്തില്‍ അക്ഷരക്കുറവു വരുത്തി ഉണ്ടാക്കുന്ന 'ഊന അന്നനട' സമാസമം എന്ന വൃത്തത്തിനോട് സാധര്‍മ്യമുള്ളതാണ്. അന്നനടയും ഓമനക്കുട്ടനും കുറത്തിയും ഏറെ അടുപ്പമുള്ള വൃത്തങ്ങളാണ്. സംസ്കൃതത്തിലെ ഗാനാത്മക വൃത്തമായ പഞ്ചചാമരം ദ്വ്യക്ഷരഗണാടിസ്ഥാനത്തില്‍ നതോന്നതാഛന്ദസ്സില്‍ ഉള്‍ പ്പെടുത്താവുന്നതാണ്.

7. വായ്ത്താരിവൃത്തങ്ങള്‍. മലയാളത്തില്‍ ഏറെ പാട്ടുരീതികള്‍ ഉണ്ട്. വായ്ത്താരികൊണ്ടുമാത്രമേ അവയുടെ വൃത്തരൂപം പറയാന്‍ പറ്റൂ. മാത്രയുടെയും ഗണത്തിന്റെയും വ്യവസ്ഥ കൊണ്ടു നിര്‍ണയിക്കാന്‍ പറ്റുന്നവയല്ല വായ്ത്താരിവൃത്തങ്ങള്‍.

ഉദാ. 'തന്നാനായ് തനൈ തന്തന്താന

താനനതാ നനൈ തന്തന്താനാ'

എന്ന വായ്ത്താരിയിലാണ്

'ഉണ്ടോടാ കൊച്ചന്‍ ഉറങ്ങിയോടാ

ഉണ്ടപഴത്തിന്റെ കിറുക്കമോടാ'

എന്ന കുത്തിയോട്ടപ്പാട്ട്. വായ്ത്താരികൊണ്ടേ പലപാട്ടുകളും തിരിച്ചറിയാനാകൂ. ലക്ഷ്മി, കാരിക, കുണ്ടനാച്ചി, മര്‍മം, കുംഭം എന്നീ താളങ്ങളിലുള്ള വായ്ത്താരിവൃത്തങ്ങളെ അടിസ്ഥാനമാക്കിയുള്ള, അയ്യപ്പപ്പണിക്കരുടെ അഭിപ്രായം ഇപ്രകാരമാണ്: 'ആഢ്യസംസ്കൃതം, ആഢ്യദ്രാവിഡം, നാടോടി എന്നു മൂന്നു പ്രധാന വിഭാഗങ്ങളാണ് ഭാഷാവൃത്തങ്ങള്‍ക്കുള്ളത്. ഇവയെ സംഖ്യ, അക്ഷരം, മാത്ര, ലയം, സ്വരം എന്നീ അഞ്ചു മേളങ്ങളില്‍ ഒതുക്കിയെടുക്കാം. ആഢ്യസംസ്കൃതവൃത്തങ്ങള്‍ക്ക് അക്ഷരമേളമാണ്. ഇതില്‍ത്തന്നെ അക്ഷരമേളമില്ലാതെ മാത്രാമേളത്തിലുള്ള വൃത്തങ്ങളുമുണ്ട്. ആഢ്യദ്രാവിഡ വൃത്തങ്ങളില്‍ സ്വരലയമില്ലാതെ മാത്രാമേളത്തിലുള്ള വൃത്തങ്ങളുമുണ്ട്. നാടോടിവൃത്തങ്ങളാകട്ടെ സ്വരലയമേളങ്ങള്‍ രണ്ടും അനുസരിക്കുന്നവയാണ്. ലയമേളത്തിലുള്ള നാടോടി വൃത്തങ്ങളിലെ ഒരു വിഭാഗമാണ് വായ്ത്താരിവൃത്തങ്ങള്‍. തോറ്റംപാട്ടുകളിലും പടയണിപ്പാട്ടുകളിലും വായ്ത്താരിവൃത്തങ്ങളുണ്ട്'. മിക്ക വായ്ത്താരികളെയും കാകളി, കുറത്തി, പറയന്‍, നിരണം മുതലായ വൃത്തകുടുംബങ്ങളില്‍പ്പെടുത്തി യതിയുടെ സ്ഥാനംകൂടി എടുത്തു പറഞ്ഞാല്‍ അവയുടെ വൃത്തനിര്‍ണയം ഏതാണ്ടു സാധ്യമാകുമെന്ന് പി. നാരായണക്കുറുപ്പും അഭിപ്രായപ്പെടുന്നു. എന്നാല്‍ വായ്ത്താരിവൃത്തങ്ങള്‍ക്കു ലക്ഷണം പറയുക ശ്രമകരമാണ്. കാരണം, ഗാനരീതിക്കൊത്ത് വൃത്തനിര്‍ണയനം ശരിയാവില്ല എന്നതുതന്നെ. ഒരേ നാടന്‍പാഠത്തിന് ഒരിടത്തുള്ള ഗാനരീതിയാവില്ല മറ്റൊരിടത്ത്. ഒന്നിലേറെയുള്ള ഗാനരീതികള്‍ വച്ചുകൊണ്ട് വൃത്തനിയമമുണ്ടാക്കാന്‍ പറ്റില്ല.

(ദേശമംഗലം രാമകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍